LIMA WORLD LIBRARY

അങ്ങനെയും ഒരു യാത്ര – രമാ പിഷാരടി

തിരക്കിന്‍ തീനാളങ്ങളാരവം

തണുപ്പത്ത് നെരിപ്പോടില്ലാ-

വഴിവക്കിലെ വാകച്ചോട്ടില്‍

ആള്‍ക്കൂട്ടമതേ പുതുവല്‍സരം

വരുന്നതീരാവിന്റെ നടുക്കാണ്

തിരക്കിന്നിടയ്ക്കാണ്

നാഴികമണി പന്ത്രണ്ടടിക്കേ

ആരെക്കെയോ പാടുന്നു

മെഴുതിരി കെടുത്തി

പുകയ്ക്കുന്നു

വീടിന്റെ മൗനത്തിന്റെ

നാലറയ്ക്കകത്തിതേ-

പോലൊരു ദിനത്തിലാണമ്മ

പോയ് മറഞ്ഞത്

ശുഭ്രമാം പുതപ്പിന്റെ

മഞ്ഞുതുള്ളികള്‍

ഘോഷമത്രയും നിരത്തിലെ

കതിനാ,പ്പൂക്കുറ്റികള്‍

പാതിരാപ്പൂവിന്‍

തിരുവാതിരയെന്നാല്‍ പോലും

പാതി നിര്‍ത്തിയ

പാട്ടിലമ്മയുണ്ടതാവണം

ജാലകം തുറക്കാതെ

മാറാലമൂടും അറവാതിലും

തുറക്കാതെയിരിക്കും

സ്മൃതിക്കുള്ളില്‍

ഋതുക്കള്‍ വരും

പോകുമിതേ പോല്‍

ശിശിരത്തിനിലകള്‍

പോലെ തണുത്തുറയും

ഭൂമിക്കുള്ളില്‍

കലണ്ടര്‍ കൊളുത്തിന്റെ

അടര്‍ന്ന ചായത്തിന്റെ

ചുമരില്‍ പതിയുന്നു

ഇരുളും, വെളിച്ചവും

വീണു പോകുന്നു ചിലര്‍

യാത്രയ്ക്ക് മുന്‍പേ തന്നെ

മാര്‍ഗഴി വരും മുന്‍പേ

കിളികള്‍ പാടും മുന്‍പേ

ഗൂഢമീ സഞ്ചാരങ്ങളെങ്കിലും

പ്രപഞ്ചമേ നീ പുതുക്കുന്നു

വീണ്ടുമൊരു വല്‍സരത്തിനെ

അതിലുണ്ടാകാമൊരു

മണ്‍വിളക്കിരുട്ടത്ത് മിഴിയില്‍

മിന്നാമിനുങ്ങെന്ന പോല്‍

തിളങ്ങുവാന്‍..

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px