അചലയഴകൊഴുകിയതിമോദേന വാഴുവാന്‍
ആദിത്യനന്‍പിനാലേകുന്ന വെട്ടവും,
അലഞൊറിയുമതിരുചിരമൂറുന്നൊരൂര്‍ജ്ജവും
ആലോലമാടിവന്നാശംസനേരണം.
അഭയമനുദിനമരുളി ഉണ്മതന്‍ദീപമായ്
ആളിത്തെളിഞ്ഞംബുജം പൂത്തുലഞ്ഞപോല്‍,
അനുരണനസ്വരശ്രുതിയിലംശുവങ്ങോളവും
ആലോലമാടിവന്നാശംസനേരണം.
അരിയഗുണനിപുണഗുരുവായുദിച്ചേറിടും
ആനന്ദരൂപന്‍ ദയാപരന്‍ തൂകിടും,
അതുലശുഭസുകൃതവരമേകുന്ന പൊന്നൊളി
ആലോലമാടിവന്നാശംസനേരണം.
അശരണരിലൊരുമയുടെ മുഗ്ദ്ധസംഗീതമായ്
ആദിതൊട്ടിന്നും കനല്‍പൂത്ത താരമായ്,
അമരപദനിലയനൃപനായ് തരും സര്‍വ്വതും
ആലോലമാടിവന്നാശംസനേരണം.
അലിവിലകമെരിയുമഭിരാമചൈതന്യമേ
ആര്‍ദ്രനക്ഷത്രവേദാന്തസര്‍വ്വസ്വമേ,
അതിസുഭഗനറുകിരണമീവിധം ഭൂമിയില്‍
ആലോലമാടിവന്നാശംസനേരണം.












Thank you sir