കോവിഡ്് വാക്സീന്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് മാസ്ക് ഉപേക്ഷിക്കാമെന്ന അമേരിക്കയുടെ തീരുമാനത്തിനെതിരെ ലോകാരോഗ്യസംഘടന. ഓരോയിടത്തെയും രോഗവ്യാപനത്തിന്റെ തീവ്രത വിലയിരുത്താതെ ഇത്തരം തീരുമാനങ്ങള്‍ പാടില്ലെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. സമ്പന്ന രാജ്യങ്ങള്‍ കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കാന്‍ തിടുക്കം കാട്ടാതെ ആഗോള വാക്സിനേഷന്‍ പരിപാടിയിലേക്ക് വാക്സീനുകള്‍ നല്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.
വാക്സീന്‍ ഡോസുകള്‍ പൂര്‍ണമായും കുത്തിെവച്ചവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ലോകാര്യോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുംമുമ്പ് അതാതിടങ്ങളിലെ സ്ഥിതി കൃത്യമായി വിലയിരുത്തണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. രോഗവ്യാപനത്തോതും വാക്സീന്‍ ലഭ്യതയും കൃത്യമായി നിര്‍ണയിക്കണമെന്നാണ് ആവശ്യം. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്റെ നിര്‍ദേശമാണ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
കുട്ടികള്‍ക്ക് വാക്സീന്‍ നല്കാനുളള തീരുമാനം സമ്പന്ന രാജ്യങ്ങള്‍ പുനപ്പരിശോധിക്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. ആഗോള തലത്തിലെ കണക്കുകള്‍ പ്രകാരം കുട്ടികളില്‍ കോവിഡ് അപകടസാധ്യത കുറവാണ്. അതിനാല്‍ ദരിദ്ര രാജ്യങ്ങളില്‍ ഉള്‍പെടെ രോഗം അപകടമുണ്ടാക്കുന്ന വിഭാഗങ്ങള്‍ക്കായി വാക്സീന്‍ എത്തിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ തയാറാകണെന്നാണ് ആവശ്യം. മഹാമാരി രണ്ടാം വര്‍ഷത്തില്‍ മാരകമാണെന്നും ഇന്ത്യയിലെ സ്ഥിതി ആശങ്കാജനമായി തുടരുന്നതായും ലോകാരോഗ്യസംഘടനാമേധാവി വ്യക്തമാക്കി.













