മുക്ത സ്വപ്നങ്ങളേ
പോയി വരൂ – മമ
സുപ്രഭാതങ്ങളേ
നാളെ വരൂ.
ഞെട്ടറ്റു വീണ
മനുഷ്യ സ്വപ്നങ്ങളെ
കെട്ടിപ്പിടിച്ചൊന്നു
തേങ്ങട്ടെ ഞാന്‍.
ഏതോ നിയാമക
വീഥിയില്‍ നക്ഷത്ര
ധൂളികള്‍ വാരി –
പ്പുതച്ചതീ ലീവിതം !
വേഷങ്ങളാടുവാന്‍
വേണ്ടി നിരാമയ
ഛേദം വിളങ്ങുമീ
മണ്ണിന്‍ ചിരാതുകള്‍
ഞെട്ടറ്റു വീഴാന്‍
തുടിക്കുകയാണ് നാം
മൊട്ടായി വീണ്ടും
ജനിക്കുവാനാകുമോ?
നിത്യം പ്രപഞ്ച
മഹാ സാഗരത്തിലെ
മുത്തുകള്‍ നമ്മള്‍
യുഗങ്ങളില്‍ പിന്നെയും !
കെട്ടിപ്പിടിക്കട്ടെ
പൂക്കളെ ജീവിത
മൊട്ടുകള്‍ നാളെ
വിരിഞ്ഞില്ലയെങ്കിലോ ?
പൊട്ടിക്കരയുവാനില്ല
കാലം തന്റെ
വൃത്തം വരച്ചു
കഴിഞ്ഞൂ മടങ്ങുവാന്‍ !
നാളെകള്‍ വീണ്ടും
പിറന്നു പ്രകാശമാം
ധൂളികളായി
പിരിക്കുന്നു നമ്മളെ !
പിന്നെയും പിന്നെയും
ഗാലക്‌സികള്‍ക്കുള്ളില്‍
ജന്മമെടുക്കുന്ന
രാസ വസ്തുക്കളായ് !













