ആദ്യം കരുതിയിടിമുഴക്കം പിന്നെ-
നിലവിളികള്‍ ഞരക്കമായ് മാറുന്നു!
കാലുകളിടറുന്നു, കരിവണ്ടു മൂളുന്നു
ഇടിഘോഷ ഗര്‍ജ്ജനം പ്രകമ്പനം കൊള്ളുന്നു!
വിറയാര്‍ന്ന ശബ്ദം പതിയെ മന്ത്രിക്കുന്നു
രണമല്ല, അപകട ദുരന്തനാദം!
കരയുവാനാവാതെ മിഴികള്‍ തളര്‍ന്നുപോയ്
പിടയുമംഗങ്ങള്‍, ചുറ്റും ചുടുചോര.
കുഞ്ഞു കളിച്ച കളിപ്പാട്ടശകലങ്ങള്‍,
പാദസരങ്ങളും ചിതറിക്കിടക്കുന്നു!
മാംസം ചതഞ്ഞു ചക്രത്തിലൊട്ടിയും
ദൂരെത്തെറിച്ച പാദുകമേറെയും.
നിശ്ചല,മിലകളില്‍ ചോരപ്പൂച്ചിന്തുകള്‍
അന്തരീക്ഷത്തിനും രുധിരഗന്ധം.
ഇതുകണ്ടയര്‍ക്കന്‍ നിമീലനം ചെയ്തുവോ?
പേടിപ്പെടുത്തുമിരുള്‍വന്നു മൂടുന്നു!
സൈറനുകള്‍, ശബ്ദകോലാഹലങ്ങള്‍,
മീഡിയ, പത്രക്കാര്‍, രാഷ്ട്രീയ കക്ഷികള്‍
ചൂണ്ടുവിരല്‍ ചെന്നെത്തി നില്‍ക്കുന്നതോ?
റോഡിന്‍ കുഴപ്പവും, ഡ്രൈവറുടെയുറക്കവും!
റോഡുകള്‍ മൃതിയുടെ ഭൂമികയാവുന്നു!
കുടുംബം മുഴുവന്‍ ചതഞ്ഞു തീരുന്നു.
പാഠമാകാം പഠനഭാഗമാക്കാം,
ഇന്നത്തെ കുട്ടികള്‍! നാളത്തെ രക്ഷകര്‍!











