ആംഗലേയത്തിന്‍ പുത്തനാണ്ടുണര്‍ന്നേ ,
ആരതിയുഴിഞ്ഞെതിരേറ്റീടാമൊന്നായി.
ആശാമലരുകള്‍ വാരി നിറച്ചോ –
രായിരം മണിമഞ്ജുഷകളേന്തി
ആരാലണയും ജനുവരീ മനോഹരീ .
അല്ലലെഴാത്തതാമൊരു വത്സരം
കല്പകവാടിയായി നിത്യം തളിര്‍ക്കട്ടെ.
പോയ കാലത്തിന്‍ മുറിപ്പാടുകള്‍,
മായികമാം നിന്‍ സ്‌നേഹ സ്പര്‍ശത്താല്‍,
പോയി മറഞ്ഞീടട്ടെ, പകരം തരു,
പാലൊളി വിതറും പ്രതീക്ഷാനിര്‍ഭരമൊരു
പുതുയുഗത്തിന്‍ പുലരൊളി.
ദുരിതങ്ങള്‍ തിടമ്പേറ്റാത്തതാം
പരിപൂര്‍ണ മോദവാസരങ്ങള്‍
വ്യാധിയുംവ്യഥയുമരങ്ങു വാഴാത്ത ,
ആധിരഹിതമാമൊരു വര്‍ഷവസന്തം’
കോവിഡുകൊറോണ ബുറേലിയും
കേറിക്കളിക്കാത്തതാമൊരുയുഗം
പുത്രമിത്രധനാദികളത്ര യോഗവും
മാതൃ പിതൃ സന്താന ബന്ധങ്ങളും
പവിത്രമാം പാതയില്‍ ചരിച്ചിടേണം.
സ്‌നേഹ ബന്ധങ്ങള്‍ കരുതല്‍ ക്കരുത്താകണം
സഹജീവിസ്‌നേഹം ജീവിത ചര്യയാകണം,
കാരുണ്യ സാന്ത്വനമോദങ്ങള്‍,
കാലത്തിന്‍ കാതലായിക്കാവലാകട്ടെ
ഐശ്വര്യ പൂര്‍ണവും പ്രത്യാശാ
നിര്‍ഭരവുമാമൊരു വത്സരം പുലരട്ടെ.
നേരുന്നു നവവത്സരാശംസകള്‍













