LIMA WORLD LIBRARY

മഹിമ – ഡോ: ജയദേവന്‍ (Dr. Jayadevan)

ഇനനുപ്രിയസഖിയവനി വാഴുവാന്‍ നിത്യവും
തേനൂറുമൂര്‍ജ്ജം ചൊരിഞ്ഞന്തിയോളവും,
കനിവിലതിവിപുലഗഗനത്തിലുണ്ടാകുവാന്‍
ആനന്ദമോടാഴിവിട്ടുദിച്ചീടണം…

അലിവിലൊളിവിതറിയിരുളാകെ മാറ്റീടുവാന്‍
ചേലോടെരിഞ്ഞഗ്‌നി ചൂടുന്ന നിന്നുടെ,
കുലമഹിമയിനിയുമുയരങ്ങളില്‍ പാറണം
കോലംകെടാതുര്‍വ്വി സഞ്ചരിച്ചീടുവാന്‍…

പ്രവരധരയടിമുടിയണിഞ്ഞ സസ്യങ്ങളാല്‍
ആവോളമേകുന്ന വായുവങ്ങോളവും,
വിവിധഫലഗുണവുമിഹ ജീവനാധാരമായ്
കാവലുണ്ടാകുവാന്‍ സര്‍വ്വതും കൈതൊഴാം…

ഇരവുപകലനുദിനവുമീവിധം കാണുവാന്‍
നേരിന്റെ മൂര്‍ത്തിമത് ഭാവമാം നിന്നുടെ,
ചിരിമറയുമരദിവസമങ്ങോളമാവാതെ
പാരിടം നൃത്തമാടാന്‍ നീ തുണയ്ക്കണം…

തുളസിമലരിതളിലൊളി തീര്‍ത്ഥമായ് തന്നിടാന്‍
ആളിത്തെളിഞ്ഞുണ്മയോടുദിക്കുന്ന നീ,
എളിമയുടെ കനകനിറകുംഭമായ് ദൈവമായ്
നാളെയും വിണ്ണിലുണ്ടാകുമാറാകണം…

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px