അധികാരത്തിന്റെ അപ്പക്കഷണങ്ങളില്‍
കടിച്ചുതൂങ്ങുന്ന
അധികാരി !
അടിമകളെപ്പോലെ
പകലന്തിയോളം
പാടത്തും പണിപ്പുരകളിലും
പണിയെടുത്തു വിയര്‍ക്കുന്ന പ്രജകള്‍ !
യജമാനെന്റെ തീന്‍മേശയില്‍
നിന്ന് തെറിച്ചുവീഴുന്ന
അപ്പക്കഷണങ്ങളുടെ
എച്ചല്‍ തിന്നാന്‍ കാത്തുകിടക്കുന്ന
ദാസ്യപ്പടയുടെ
കോപ്രാഞ്ചങ്ങള്‍ !
അധികാരിയുടെ
അധികപ്രസംഗങ്ങള്‍ക്ക്
ആര്‍പ്പു വിളിക്കുന്ന കൂലിപ്പടകള്‍ !
പാവപ്പെട്ടവരുടെ
കണ്ണീര്‍മുത്തുകള്‍ കൊണ്ട്
പൂമാലയണിയുന്ന അധികാരി !
പട്ടിണിപ്പാവങ്ങളുടെ ഒട്ടിയ വയറുകളില്‍
ചെണ്ടമേളം
കാത്തുകഴിയുന്ന
അധികാരി !
മൂക്കുമുട്ടെ തിന്നുമുടിച്ച്
ആഘോഷങ്ങളില്‍ ആടിപ്പാടി
ആനയും അമ്പാരിയും
അകമ്പടി സേവിച്ച്
ആയിരങ്ങളുടെ
താലപ്പൊലികള്‍ സ്വീകരിച്ചവശനാകുന്ന അധികാരി !
ഒരു നേരത്തെ
ആഹാരത്തിനുവേണ്ടി
നാടുനീളെ അലയുന്ന
തെരുവുതെണ്ടികള്‍ !
അന്നന്നത്തെ അപ്പത്തിനുവേണ്ടി
ആകാശങ്ങളിലേക്ക്
കൈകളുയര്‍ത്തുവാന്‍ ആഹ്വാനം
ചെയ്യുന്ന അധികാരി !
അന്തിയുറങ്ങുവാനമ്പലങ്ങളും
നൊന്തുപെറ്റ കുഞ്ഞിന്റ സംരക്ഷണത്തിന്
അനാധാലയങ്ങളും
പണിതീര്‍ക്കുന്ന
തിരക്കില്‍ അധികാരി !
ചൂഷണത്തിന്റെ
പാത വെട്ടിത്തുറക്കുവാന്‍
പണപ്പിരിവ് നടത്തുന്ന അധികാരി !
ചരിത്രത്തിന്റെ
വേരുകള്‍ അറുത്തെറിയുവാന്‍
ആയുധങ്ങളന്വേഷിക്കുന്ന അധികാരി !
ബലഹീനതയുടെ
ബലക്കല്ലുകളില്‍
ജീവിതം കുരുതികഴിക്കപ്പെടുമ്പോള്‍
അധികാരിയുടെ
അട്ടഹാസം
നൂറ്റാണ്ടുകളായി
മുഴങ്ങിക്കൊണ്ടേയിരിക്കുന്നു !













