LIMA WORLD LIBRARY

അടിപൊളി അമ്മാവന്‍ – ജയന്‍ വര്‍ഗീസ് (Jayan Varghese)

ആണ്ടെ

ആണ്ടെ !

ആണ്ടെ !

ആണ്ടെ വരുന്നുണ്ടേ

നമ്മുടെ അടിപൊളി യമ്മാവന്‍.

ആണവ വാണ പ്പോര്‍മുന പേറിയൊ –

രഭിനവ യമമാവന്‍ !

 

ഓടിയൊളിക്കാനിടമില്ലല്ലോ?

ഓടിയൊളിച്ചാല്‍ ഫലമില്ലല്ലോ?

ആണവ ശിരസ്സില്‍ അഗ്‌നിയൊളിപ്പി –

ച്ചോടി വരുന്നുണ്ടേ !

ആരുടെ നെഞ്ചും കൂടു പിളര്‍ക്കാനായ് !.

ഹഹ, ഹഹ, ചാടി വരുന്നുണ്ടേ ?

 

ആയിര മായിരമാണ്ടുക ളകലേ

ആദിമ തമസ്സിന്‍ വീഥികളില്‍

വെളിച്ചമായി ജനിച്ചവനിവിടെ

വെറുപ്പില്‍ മുങ്ങി മരിക്കുന്നു !

 

നഗ്‌ന പ്രകൃതിയുടെ മാറില്‍ നിന്നുടെ

നഗ്‌നക്കാലടി വയ്ക്കുമ്പോള്‍

നിനച്ചു പോയി ‘ മണ്ണില്‍ മനുഷ്യന്‍

ഉടച്ചു വാര്‍ക്കും സ്വപ്നങ്ങള്‍ ‘

 

നിനക്ക് തുണയായ്

നടിച്ചു നിന്നെ

ചതിച്ചു നവ യുഗ സംസ്‌ക്കാരം അടുത്ത മനുഷ്യനെ

അരിഞ്ഞു വീഴ്ത്തുവ-

തതി ജീവന ശാസ്ത്രം ?

 

അതിരുകള്‍ നിര്‍മ്മിച്ചവിടം കാക്കു –

ന്നടിമ ക്കൂട്ടങ്ങള്‍ !

അറിഞ്ഞതില്ല വസുന്ധര മാറില്‍

നിറഞ്ഞ പാല് ചുരത്തുമ്പോള്‍

 

വിശാല വിശ്വ പ്രപഞ്ചത്തിന്‍

വെളിച്ചമാവാന്‍ വന്നവനേ ,

നശൂല ശാസ്ത്രം നിനക്ക് നീട്ടിയ

കഠാര കൈവിട്ടകലുക നീ

 

വലിച്ചെറിയുക നമ്മുടെ ഭൂമിയില്‍

മുളച്ചയാണവ മുകുളങ്ങള്‍

നമുക്ക് സ്‌നേഹ ചാന്തില്‍ പണിയാം

നമ്മുടെ മണ്ണിലെ സ്വര്‍ഗ്ഗങ്ങള്‍ !

 

അടിച്ചു ചാപ്പകള്‍ നെറ്റികളില്‍ വരി –

യുടച്ചു പൂട്ടിയ വയലുകളില്‍

കഴുത്തു വെട്ടി അറുത്തു വില്‍ക്കാന്‍

മതത്തിന്‍ ചെങ്കൊടികള്‍

 

നമുക്കുറങ്ങാന്‍ പേടി അതിനായ്

പുറത്തു കാക്കുവതമ്മാവന്‍!

കിതച്ചു നില്‍പ്പൂ നാടൊട്ടുക്കും

കരിച്ചു തള്ളാന്‍ മനുഷ്യ കുലം !

 

വളര്‍ച്ച മുറ്റിയ സംസ്‌കാരങ്ങള്‍

പടച്ച ജീവിത വേദികളില്‍

നമുക്ക് ഭീഷണി ഖഡ്ഗം പേറി

കുതിച്ചു നില്‍ക്കും വാണങ്ങള്‍ !

 

മഹത്വ മാനവ ചരിത്രമെഴുതിയ

സമത്വ സുന്ദര സംസ്‌ക്കാരം

ജനിച്ചു വീഴും തലമുറകള്‍ക്കായ്

ചമച്ചതാണവ പോര്‍മുനകള്‍ ?

 

 

  • (ആണവായുധ ഭീഷണിയുടെ അനിശ്ചിതത്വത്തിനടിയില്‍ അടിപൊളിയന്‍ ജീവിതത്തിന്റെ അര നാഴികനേരം തള്ളി നീക്കുന്ന ആധുനിക ലോകത്തിലെ മനുഷ്യ വര്‍ഗ്ഗത്തിനായി ഈ കവിത സമര്‍പ്പിക്കുന്നു)

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px