സ്‌നേഹത്തോടെ മൊഴിയേണം
സ്‌നേഹമായിപ്പുലരണം
സ്‌നേഹമൊന്നേ സമൂഹത്തിന്‍
സിരകള്‍ക്കൂര്‍ജ്ജമായത്.
നേടണം വിജയത്തെ നാം
നേരാം പാതയിലെപ്പൊഴും
നേരു കെട്ടു പ്രവര്‍ത്തിപ്പോര്‍
നരകക്കുഴി താണ്ടിടും…
ശരി,ഏതെന്നറിയാനുള്ള
ശരിയാര്‍ന്നൊരു പുസ്തകം
ശരിയായുള്ളിലെത്തിച്ചാല്‍
ശീലിക്കും മാര്‍ഗ്ഗരേഖകള്‍….
പരക്കെ ഏവര്‍ക്കും സുഖമായ്
ഭാരതത്തില്‍ വസിക്കുവാന്‍
പ്രാപ്തമാം ലിഖിത ഗ്രന്ഥത്തിന്‍
പേരത്രേ ഭരണഘടന താന്‍ .
കുലമോ ജാതികീഴ്‌മേലോ
കലഹം മത വൈര്യമോ
ഏതും കൂടാതെ പുലരേണ്ട-
സോദരര്‍ ഭാരതീയര്‍ നാം.
പഠിക്കേണമേവരും മേലില്‍
പാഠമാക്കേണ്ട പുസ്തകം
പരമപുണ്യമതായുള്ള
പരസ്‌നേഹ നിദര്‍ശനം.
രാജ്യനീതികള്‍ ഓരോന്നും
അറിയാനുള്ളായുധങ്ങളായ്
ഭരണഘടന നാo അറിയേണം
പൗരബോധന പൗരരായ് .
ശാസ്ത്രകാര്യം പഠിക്കേണം
ഉയര്‍ച്ചക്കുള്ള ദീപമായ്
ഉണര്‍വ്വേകാന്‍ അതു തന്നെ
ഉഷ്ണമാറ്റിച്ചു വാഴുവാന്‍.
ഘോരമാം മതതമസ്സിന്റെ
ഭീകരത്വക്കരങ്ങളില്‍ !
ആണ്ടുപോയ മനുഷ്യര്‍ക്കു
ശാസ്ത്രനേട്ടം സഹായമാം……
ശാസ്ത്രബാലാര്‍ക്കകിരണങ്ങള്‍
ഏറ്റ നാടിന്റെ ശോഭയെ
പുരാണങ്ങള്‍ ചികഞ്ഞിട്ടു
‘കുക്കുടം’പോലെ കൂകുവോര്‍..!
ശതകോടീശ്വരര്‍ നേടും
നേട്ടമല്ല വികസനം
പരകോടി ജനത്തിന്റെ
പ്രാണന്‍ തന്നുടെ ക്ഷേമമാം.
എഴുപത്താറു വര്‍ഷങ്ങള്‍
പിന്നിട്ടുള്ളൊരു ഭാരതം
ഭരിദ്രകോടി ജനത്തിന്റെ
‘ദീനാരവങ്ങള്‍’ഉള്ളിടം…
ബാലന്മാര്‍ ആറു കോടിക്കും
അക്ഷരങ്ങള്‍ അകലങ്ങളില്‍…
ബാലജോലിക്കിരയായി
വിശപ്പാറ്റി മയങ്ങുവോര്‍ …
പിഞ്ചുകുഞ്ഞിനു മുലയൂട്ടാന്‍
ത്രാണിയില്ലതെ അമ്മമാര്‍ !
കൈനീട്ടും അന്യരില്‍; പിന്നെ
തനുവുംകൂടിവില്‍ക്കുവോര്‍…!
ആതുരാശ്രയ മില്ലാതെ
അന്ത്യ യാത്ര നടത്തിടും….!
അനേകര്‍ ദുരിത പര്‍വ്വത്തില്‍
അനാഥത്വ മനുഷ്യരായ്….
ചിന്തിച്ചാല്‍ ലജ്ഞ തോന്നീടും
ചിതലേറിയ ഭാരതം….! !
ചന്തമാം ഇന്‍ഡ്യ യെന്നൊക്കെ –
ചൊല്ലും കപടര്‍; ഇന്‍ഡ്യയെ ,
ഓര്‍ക്കണം ജന നന്മയ്ക്കായ്
വോട്ടിരന്നു ജയിച്ചവര്‍ !
ജനസേവനം പേരിലല്ലാതെ
ജനസേവനമാകണം.
ഞാന്‍ ഓതിയ വചനങ്ങള്‍
തങ്കം പോല്‍ ശുദ്ധസത്യമാം
ജനകീയത പുലരേണ്ട
രാജ്യത്തിന്റെ നടപ്പു രീതികള്‍ .
എത്ര ഭീകര ബീഭത്സ
ചെയ്തിയേല്ക്കുന്നു ഭാരതം
വിസ്താരഭയത്താല്‍ എന്‍
വിസ്താരം, വിനയമംഗളം.













