വിമാനം താഴ്ന്നിറങ്ങി. കത്തിയുരുകുന്ന ടയറുകള്‍. പുറത്തേക്കുള്ള വഴി. ആറടിപൊക്കം വൃത്തിയായിധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍. അകത്തും പുറത്തും ഏതോ വിചിത്ര ജീവിയെപ്പോലെ വീക്ഷിക്കുന്ന ആളുകള്‍. അടുത്തിരുന്ന ആ വെളുത്തുതുടുത്ത സ്ത്രീ വെള്ളമോ ഭക്ഷണമോ കഴിച്ച് കണ്ടില്ലാ. പൊരുള്‍ തിരിച്ചറിഞ്ഞതുകൊണ്ട് അയാള്‍ ഗൗനിച്ചില്ലാ. റോക്കറ്റില്‍ യാത്ര പോകുന്നവന്റെ മുന്നില്‍ ലക്ഷ്യം മാത്രം. പലതും സഹിക്കേണ്ടിവരും എന്ന് ബോദ്ധ്യം ഉണ്ട്.
എമിഗ്രേഷന്‍ കഴിഞ്ഞ് ട്രോളിയുമായി വെളിയിലെത്തി. മനോഹര കാഴ്ചകളാണെങ്കിലും തിമിരം ബാധിച്ചവന്റെ കണ്ണില്‍ എന്ത്കാഴ്ച. കണ്ണിനല്ല കാഴ്ച വേണ്ടത് മനസ്സിനാണ്.
മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതിനാല്‍ ടാക്‌സി എത്തി. ട്രോളിയില്‍ നിന്ന് ലഗേജ് കാറില്‍ കയറ്റി.വെളുത്തകാറിലെ വെളുത്തഡ്രൈവര്‍ അയാളെകണ്ടപാടെ മുഖം ചുളുപ്പിച്ചു. ഈ എളളുംകാഷ്ടം ചുമക്കാനാണോവന്നത്. പിറുപിറുത്ത് പറഞ്ഞു.
സ്ഫുടമല്ലാത്ത മലയാളഭാഷയില്‍ അയാള്‍ പറഞ്ഞു.
”ഇടപ്പള്ളി ”
എയര്‍പോര്‍ട്ട് റോഡിലൂടെവണ്ടി കറങ്ങി വെളിയിലെത്തി.അപ്പോഴും പിറുപിറുക്കുന്ന ഡ്രൈവര്‍.
കോട്ടുംസൂട്ടും ഇട്ടാല്‍ ഇവനൊക്കെ ആരാവാനാ. പനങ്കുലപോലെ നീണ്ടുകിടക്കുന്ന മുടി. ദ്വീപ് പോലെ തെളിഞ്ഞു കാണുന്ന തലയോട്ടി. ഹേയ് ഓക്കാനം വരുന്നു.
കത്തിനില്‍ക്കുന്ന ഇല്കട്രിക്ബള്‍ബുകള്‍. ചീറിപ്പായുന്ന വാഹനങ്ങള്‍. ഡ്രൈവറുടെ മുന്നില്‍ ് ചുവന്ന ആരോമാര്‍ക്ക് വഴികാട്ടാന്‍ തുടങ്ങി.
ഇടപ്പള്ളി താജ്‌റെസിഡന്‍സിയുടെ പാര്‍ക്കിംഗ്ഏരിയയില്‍ കാര്‍ബ്രേക്കിട്ടു. ലഗേജ്താഴെയിറക്കി. ഡ്രൈവര്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ പ്രതിഫലം നല്‍കി. സുഖയാത്ര നല്‍കിയതിന് നന്ദിപറഞ്ഞു.
എണ്ണവറ്റി കരിന്തിരികത്തുന്ന വിളക്കില്‍ വീണ്ടും എണ്ണയൊഴിച്ചാല്‍ ആളിക്കത്തുന്ന പോലെ ഡ്രൈവറുടെ മുഖംതെളിഞ്ഞു. വാഹനം ഫസ്റ്റ് ഗീറില്‍.
ക്യാബിനില്‍ എത്തി മൊബൈലെടുത്ത് റിസപ്ഷനില്‍ കാണിച്ചു. റൂം ബോയ് താക്കോല്‍ കൂട്ടങ്ങളില്‍ നിന്ന് ഒന്നെടുത്ത് ഇരുവരും നൂറ്റിഒന്നാം നമ്പര്‍ ഏ.സി. മുറിയിലെത്തി. ഇംഗ്‌ളീഷ് വശമില്ലാത്ത റൂംബോയി എന്തൊക്കെയോ പുലമ്പുന്നു. റൂംബോയ് പറയുന്നത് കേട്ടയാള്‍ ചിരിച്ചു. മുറിയും സൗകര്യങ്ങളും കാണിച്ച് വെളിയിലേക്ക്‌പോകാന്‍ തുടങ്ങിയ ബോയിയോടായി പറഞ്ഞു.
എനിക്ക് മലയാളം മനശ്ശിലാവും ഇനി മലയാളത്തില്‍ ശംശാരിച്ചാ മതി.
ഓ..സരി. അവനും നല്ല മലയാളം നല്ല വശം ഇല്ലാ.ഒരു നോര്‍ന്ത്യന്‍ ആയിരുന്നു.
കുളിച്ച്ഫ്രഷായി താഴെനിലയിലെ ബാറില്‍ വന്ന് രണ്ട്‌പെഗ്ഗ് മദ്യംകഴിച്ച് ഒരുപൈന്റും ഭക്ഷണവും പാര്‍സല്‍ വാങ്ങി തിരികെമുറിയിലെത്തി. ചുറ്റുപാടുകള്‍ വീക്ഷിച്ച് ഒരുപെഗ്ഗ്മദ്യം എടുത്ത് കാട ഫ്രൈയുടെകാല്‍ വായില്‍വച്ച് കറുമുറഞെരിച്ചു. ജനല്‍പാളികളില്‍ തലങ്ങുംവിലങ്ങും കടന്നുപോകുന്ന വെളിച്ചം പല വര്‍ണ്ണങ്ങളായി കാണാം. വാതില്‍തുറന്ന് വെളിയിലിറങ്ങി വരാന്തയില്‍ നിന്ന് തെളിഞ്ഞ്‌നില്‍ക്കുന്ന വിതാനത്തിലേക്ക് നോക്കി. എണ്ണമറ്റനക്ഷത്രങ്ങള്‍ കാര്യസ്ഥനായി ചന്ദ്രനും.
പൈന്റ്കുപ്പിയുടെ അളവ് കുറയാന്‍ തുടങ്ങി. ബാഗില്‍ നിന്നും ഒരു പഴയ പേപ്പര്‍ ചുരുള്‍ നിവര്‍ത്തി. ചില സ്‌പോട്ടുകള്‍ ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് വായിച്ചു. ഇടപ്പള്ളി,പള്ളുരുത്തി, കായംകുളം, മലബാര്‍. കുപ്പിയിലെ അവസാന പെഗ്ഗും ഊറ്റിക്കുടിച്ച് ഈ പേരുകള്‍ പല ആവര്‍ത്തി പറഞ്ഞുകൊണ്ട് ബെഡ്ഡില്‍ കിടന്നു. മയക്കത്തിലേക്ക് പോകുമ്പോഴും ആ പേരുകള്‍ മുറിഞ്ഞ് ഉരിയാടികൊണ്ടിരുന്നു.
പൊക്കവും വണ്ണവുമുള്ള ഒരു ഇരുണ്ട ഫയല്‍മാന്‍ അവന്റെ അടുത്ത് വന്നിരുന്നു. പരുപരുത്ത കൈവെള്ള അവന്റെ മുഖവും നെറ്റിയും തലോടി നെററിയില്‍ മുത്തിവിളിച്ചു.
കുറുമ്പാ….കാപ്പിരികുറുമ്പാ.
ഉം.
മോനെ കുറുമ്പാ നീ എന്തിനാ ഇങ്ങോട്ട് വന്നത്.
എല്ലാം നേരില്‍ കാണാന്‍.
എന്ത്,
ആ മാര്‍ക്കറ്റ്.
അതൊന്നും ഇവിടെയില്ല കുറുമ്പാ.
ഉം. എല്ലാചരിത്രവും സത്യസന്ധമായി കുറിക്കപ്പെടുവാന്‍ ഇഷ്ടപ്പെടാത്തവരുടെ നാട്ടില്‍. എഴുതുന്നത് വിഴുങ്ങിയും വളച്ചൊടിച്ചും ശ്രമിക്കുന്നവരുടെ നാട്ടില്‍.
ഞാന്‍ ഇവിടെ അവകാശം ചോദിക്കാന്‍ വന്നതല്ലാ.എല്ലാം കണ്ട് മടങ്ങി പോകാന്‍ വന്നതാ.
അല്പ മൗനത്തിന് ശേഷം ആനിഴല്‍ . അന്നുംഇന്നും മനുഷ്യനെ മനുഷ്യകുലത്തില്‍ പെടുത്താന്‍ കഴിയാത്തവര്‍. കുറുമ്പാ നിനക്കറിയില്ലാ. ഇവിടം ഒരു ഭ്രാന്താലയമാണ്. ബിനാമികളായി കുറെ ബിസിനസ്‌കാരും വ്യവസായികളും അവരെ മുന്നില്‍ നിര്‍ത്തി ഈരാജ്യത്തെ സര്‍വ്വസമ്പത്തും കാര്‍ന്ന് തിന്നുന്ന സര്‍പ്പസന്തതികളാണ് ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും . തീരുന്നില്ല ഒരു വെള്ളിരൂപയുടെ മറുവശമാണ് മതവും, മത പുരോഹിതന്‍മാരും .ഈ രണ്ട് വംശങ്ങളും ചേര്‍ന്ന് ഇവിടം ഭ്രാന്താലായമാക്കികൊണ്ടിരിക്കയാണ്. ഇവരുടെ ഇരകള്‍ മാത്രമാണ് ജനങ്ങള്‍.ചാണകവും അതില്‍ കിടന്ന് മെഴുത്തുരുണ്ട് വളരുന്ന പുഴുക്കളാണ് ഈ രണ്ട് കൂട്ടരും.
അധ്വാനിക്കാതെ കോടീശ്വരന്‍മാരായി സുഖലോലുപരായി ജീവിക്കാന്‍ശീലിച്ച മൂരാച്ചി വര്‍ഗ്ഗം. അവര്‍ക്കെതിരെ സംസാരിച്ചാല്‍ നാവരിയും. നോക്കിയാല്‍ കണ്ണ് ചൂഴ്‌ന്നെടുക്കും. കൈ ഉയര്‍ത്തിയാല്‍ കരങ്ങള്‍ മുറിക്കും. ചലിച്ചാല്‍ കാലുകള്‍ ബന്ധിക്കും. അന്തവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്‌സാഹിപ്പിക്കുന്നു എന്ന് മാത്രമല്ല നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. ഭരണവര്‍ഗ്ഗം ഇതെല്ലാം സംസ്‌കാരത്തിന്റെ ഭാഗമായി വാഴ്ത്തി പുകഴ്ത്തുന്നു.
അപ്പോള്‍ ഇപ്പോഴും പുരോഗമന കാഴ്ചപ്പാടുകള്‍ ഇല്ല എന്നാണോ?.
ഉം.എന്താ സംശയം. വെറുത് ഒന്ന് കണ്ണോടിച്ചാല്‍ എല്ലാം തെളിഞ്ഞ് കാണാം. പുസ്തകത്താളില്‍ അച്ചടിച്ച്ക്കൂട്ടിയാല്‍ പരിഷ്‌കാരം ആവില്ല. ലോകത്തിലെതന്നെ ഏറ്റവും വലുതും നീതി പൂര്‍ണ്ണവും ആയ ഭരണഘടന എന്ന് പറയാമെങ്കിലും ഇന്ന് കുശവന്റെ കൈകളിലെ കളിമണ്ണ് പോലെ അവനവന് ആവശ്യമായ രീതിയില്‍ മെനഞ്ഞെടുക്കും. നല്ല വിത്ത് നല്ല മണ്ണില്‍ വിതറി നല്ലപോലെ പരിപാലിക്കുമ്പോള്‍ നല്ല ഫലം ലഭിക്കും. ഒരു കോഴിമുട്ട കാണാന്‍ എത്രയോ മനോഹരം.അതിനുള്ളിലെ പ്രോട്ടീന്‍ പക്ഷേ അത് ചീഞ്ഞാല്‍.നല്ലതും നന്മയുള്ളതും നല്ലവരുടെ കൈകളില്‍ സുരക്ഷിതം. എന്നാല്‍ ഇന്ന് വമ്പ് വര്‍ത്താനങ്ങള്‍ മാത്രം. കള്ളവുംചതിയും പറയുന്നതില്‍ പി.എച്ച.ഡി .എടുത്തിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ നേതാക്കള്‍, പൊതു പ്രവര്‍ത്തകര്‍ പൊതുജനങ്ങളെ നന്നായി കബളിപ്പിക്കുന്ന കാഴ്ചകള്‍ അതുപോലെ ദൈവങ്ങളെ മുന്നില്‍ നിര്‍ത്തി പുരോഹിത വര്‍ഗ്ഗം നന്നായി ചൂഷണം ചെയ്യുന്നു. ഇത് തിരിച്ചറിയാന്‍ കാതങ്ങള്‍ കാത്തിരിക്കേണ്ട അല്പം ചിന്തിച്ചാല്‍ മതി. ഈ പറഞ്ഞ കൂട്ടരുടെ ധൂര്‍ത്ത്, ആര്‍ഭാടങ്ങള്‍ അവരും അവരുടെ അടുത്ത് നില്‍ക്കുന്നവരുടെയും സ്വത്ത്, സമ്പാദ്യം. ഇത് പൊതുജനം തിരിച്ചറിയുന്നില്ല എന്ന ബോദ്ധ്യം ഉളളത് കൊണ്ട് അവര്‍ ഇട്ടിരിക്കുന്ന പേരാണ് കഴുതകള്‍. അതെ ഇവിടുത്തെ ഓരോ കഴുതകളും അത് തിരിച്ചറിയാന്‍ വൈകിയാല്‍ അവര്‍ ഇവിടം ഒരു ഭ്രാന്താലയം ആക്കും.
അപ്പോള്‍ പഴയ ആ അടിമക്കാലം.
അതെ… അത് തന്നെയാണ് അവര്‍ ആഗ്രഹിക്കുന്നതും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും.
എന്റെ പൂര്‍വ്വികരെ അടിമയാക്കി കൊണ്ടു നടന്ന് വേല ചെയ്യിച്ചതും ഒടുവില്‍ മാര്‍ക്കറ്റില്‍ കൊണ്ടുപോയി വിറ്റതുമായ സ്ഥലങ്ങള്‍ കാണണം.
ആട് വെട്ടിയിടത്ത് പൂട പോലും ഇല്ലാത്തനാട്ടില്‍ ചരിത്രങ്ങള്‍ വളച്ചൊടിച്ച് തിരുത്തി വായിക്കാന്‍ ശ്രമിക്കുന്നവരുടെ നാട്ടില്‍ ഇത് ഏതോമതത്തിന്റെ രാജ്യമാണ് എന്ന് ഘോരഘോരം പറയുന്നവരുടെ നാട്ടില്‍
ശരിയായിരിക്കാം പക്ഷേ ചരിത്രവും സത്യവും ഒരു നാമ്പായി കിടക്കും.
ശരിയാണ് സത്യം അറിയുന്നവര്‍ തന്നെ കള്ളനായാല്‍ .ദൈവവിശ്വാസികള്‍ പറയും ഇതെല്ലാം ദൈവനിശ്ചയമെന്ന്. എന്നിട്ട് മണ്ടയില്‍ഇരുന്ന് കാര്‍ന്ന് തിന്നും. കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് പ്രകൃതിയില്‍ സൃഷ്ടിക്കപ്പെട്ടതാണ് ജീവന്റെ തുടിപ്പെന്നും പിന്നീട് പരിണാമ പ്രക്രിയയില്‍ മനുഷ്യ ഉല്‍പ്പത്തി ഉണ്ടായി എന്നും ശാസ്ത്രം പഠിപ്പിക്കുന്നു.
രണ്ടും മുഖവിലയ്‌ക്കെടുത്താല്‍ പോലും മനുഷ്യര്‍ ഉപജിവനത്തിനായി കൃഷികളും ഇണക്കാവുന്ന മൃഗങ്ങളേയും ഇണക്കിയെടുത്തു .എന്നാല്‍ ഏറ്റവും എളുപ്പം ഇണങ്ങിയതും ഉപയോഗപ്രദമായതും ആടുമാടുകളായിരുന്നു. അങ്ങനെ പലതരം പക്ഷിമൃഗാദികള്‍ മനുഷ്യനോട് ഇണങ്ങിചേര്‍ന്നു. മനുഷ്യനും മൃഗങ്ങള്‍ക്കും ജനന നിയന്ത്രണങ്ങള്‍ ഇല്ലാത്ത കാലം.എണ്ണമറ്റ് പെരുകി വാസസ്ഥലം കൂടുതല്‍ ആവശ്യമായി വന്നപ്പോള്‍ കരമാര്‍ഗ്ഗവും കടല്‍ മാര്‍ഗ്ഗവും പുതിയ പുതിയ ദേശങ്ങളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു.
അധ്വാനിച്ചു ജീവിച്ചവര്‍ നല്ല സംസ്‌കാരങ്ങള്‍ ഉണ്ടാക്കി ഒപ്പം ശാസ്ത്രബോധവും.ഏദന്‍ തോട്ടത്തില്‍ ഹവ്വായെ പരീക്ഷിച്ച പാമ്പിനെപ്പോലെ ശാസ്ത്രബോധം നേടിയ മനുഷ്യരുടെ ഇടയില്‍ ശാസ്ത്രബോധമുള്ള നെഗറ്റീവ് ചിന്താഗതിയുള്ളവരും ഉണ്ടായി. അദ്ധ്വാനിക്കാതെ മറ്റുള്ളവന്റെ അദ്ധ്വാനം അപഹരിച്ച് ജീവിക്കാന്‍ അവര്‍ചിന്തിച്ചിരിക്കാം. അത്തരം മടിയന്‍മാരുടെ എണ്ണം പെരുകി. മനുഷ്യ സംസ്‌കാരങ്ങളെ അവര്‍ ഒരു ചില്ല്‌കൊട്ടാരം പോലെ തകര്‍ത്തെറിഞ്ഞു. അവര്‍ ദൈവസങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തി. കല്ലും, മണ്ണും,ലോഹങ്ങളും അതിനായി മെനഞ്ഞെടുത്തു. മനുഷ്യര്‍ ആകര്‍ഷിക്കപ്പെടാനും ഭയപ്പെടാനും പാകത്തില്‍ വികൃതസങ്കല്‍പ്പങ്ങളിലൂടെ ദൈവങ്ങളെമെനഞ്ഞു. അവരുടെ ഇടയില്‍ തന്നെ ഓരോ വീട്ടിലുള്ളവരുടെയും,ഗ്രാമങ്ങളുടെയും, ദേശങ്ങളുടെയും സങ്കല്‍പ്പങ്ങളില്‍ ദൈവങ്ങള്‍ ഉണ്ടായി. വാമൊഴി കൊണ്ടവര്‍ ആ ദൈവങ്ങളെപ്രകീര്‍ത്തിച്ചു. എഴുത്തഭാഷ രൂപം കൊണ്ടപ്പോള്‍ ദൈവങ്ങളും അതില്‍ കയറിപ്പറ്റി. മനുഷ്യരെപ്പോലെ തന്നെ കോടിക്കണക്കിന് ദൈവങ്ങളും മനുഷ്യരുടെ ഇടയില്‍ ഉണ്ടായി. എന്റെ ദൈവം നിന്റെ ദൈവം എന്ന് പങ്കിട്ടെടുത്തു. അതോടെ സംസ്‌കാരങ്ങള്‍ കീറിമുറിക്കപ്പെട്ടു. ദൈവങ്ങളെ സൃഷ്ടിച്ചവര്‍ ദൈവത്തിന്റെ അനുയായികളും ആചാര്യന്‍മാരും പൂജാരികളുമായി അവരുടെ അവകാശവുമായി. അദ്ധ്വാനിക്കുന്നവര്‍ തൊഴിലാളികളുമായി.
മഴയും മഞ്ഞും വെയിലും ചേറും ചെളിയും അവരുടെ സൗന്ദര്യം കെടുത്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളുടെ ഉല്‍പ്പന്നങ്ങളും കഴിവുകളും പുരോഹിതനും കൂടി അവകാശമാക്കി. നല്ലത് ആചാര്യന്‍മാര്‍ക്കും പൂജാരികള്‍ക്കും . അങ്ങനെ അദ്ധ്വാനിക്കാതെ നല്ലത് ഭക്ഷിച്ചു. സുന്ദര സമൂഹമായി. ബുദ്ധിമാന്‍മാരായ ഇത്തരക്കാര്‍ ഈ ശുശ്രൂഷകള്‍ അവരില്‍ മാത്രം നില നിര്‍ത്തി. മറ്റുള്ളവരെ ദൈവങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി. തന്ത്രങ്ങള്‍ ഫലിക്കാന്‍തുടങ്ങിയപ്പോള്‍ തൊഴിലും നിറവും നോക്കി ജാതിതിരിച്ചു. കൂടുതല്‍ ചൂഷണങ്ങളിലേക്ക് അറിഞ്ഞും അറിയാതെയും ചെന്നെത്തി. കൈഊക്കും കൊന്ന്തള്ളലും വ്യഭിചാരവും അവര്‍ അവകാശമാക്കി പൂര്‍ണ്ണമായും അവരെ അടിച്ചമര്‍ത്തി. എന്തിനും ഉപയോഗിക്കത്തക്ക അടിമകളാക്കി. ഓടിപോകാതിരിക്കാന്‍ ചങ്ങലക്കിട്ടു. പിന്നെ വേലമാത്രം വേണ്ടപോലെ ആഹാരവും പ്രതിഫലവും ഇല്ലാ.
സഹിക്കാന്‍ കഴിയാതെ പഴുതുകള്‍ കിട്ടിയവര്‍ ഉള്‍ക്കാടുകളിലേക്ക് കയറിപ്പോയി. ഇന്നും വെറും ആദിവാസികള്‍ എന്ന് മുദ്ര കുത്തി.
തീരുന്നില്ലാ ആചാര്യവര്‍ഗ്ഗത്തില്‍ അല്പസ്വല്പ മനസാക്ഷിയുള്ളവര്‍ ഇതിനെ എതിര്‍ത്തു. എന്നാല്‍ ആവര്‍ഗ്ഗം അവരേയും പലകാരണങ്ങള്‍ പറഞ്ഞു അവരുടെ ജാതിയില്‍ നിന്നും പുറത്താക്കി. അവരും അടിമവര്‍ഗ്ഗത്തിലേക്ക് തള്ളപ്പെട്ടു.
അങ്ങനെ നാട്ട് മൂപ്പന്‍മാര്‍ , നാട്ട് രാജ്യങ്ങല്‍ പ്രമാണിമാര്‍ സുഖസുന്ദര ജീവിതം.പക്ഷേ അനേക വിദേശ രാജ്യങ്ങള്‍ ഇത് മുതലെടുത്തു .സംഘടിക്കാന്‍ ശക്തിയില്ലാത്ത വിദേശികളോട് ഇക്കൂട്ടര്‍ ചേര്‍ന്നു നിന്നു. അവര്‍ക്കും വേണ്ടതെല്ലാം ചെയ്തുകൊടുത്തു.അങ്ങനെ വിദേശ രാജ്യങ്ങളുടെ തേരോട്ടം കോളനിവാഴ്ചകള്‍. അടിമകള്‍. ശബ്ദമില്ലാത്തവന്‍ ലോകം മുഴുവന്‍ ചെന്നെത്തി.
എന്നിട്ടും ചതിയവര്‍ഗ്ഗം പറയുന്നു ഇത് അവരുടെ രാജ്യമാണെന്ന് .അല്ല എന്ന് പറയുന്നവന്റെ കാലം കടന്ന് വരാതിരിക്കാന്‍ ചരിത്രം തിരുത്തി എഴുതുവാന്‍ ശ്രമിക്കുന്നു. .വിദ്യാഭ്യാസം നല്‍കുന്നില്ലാ. അന്തവിശ്വാസങ്ങളും അനാചാരങ്ങളും ഊട്ടിഉറപ്പിക്കാന്‍ ശ്രമിക്കുന്നു.
ഇവിടെ ജനം ബോധവാനായി മാറിയാല്‍ മതങ്ങളും നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തകര്‍ന്നടിയും. അത് അവര്‍ കൃത്യമായും അറിയുന്നു. അപ്പോള്‍ ഇവിടെ മാറ്റങ്ങള്‍ ഉണ്ടാവുന്നില്ലെന്നാണോ?. മലര്‍പൊടിക്കാരന്റെ സ്വപ്നംമാത്രം. മതഭ്രാന്ത വലിഞ്ഞ് മുറുകി കഴിഞ്ഞു. മോനെ കുറുമ്പാ ഈ മണ്ണില്‍ ജീവിക്കുന്നവര്‍ അത് തിരിച്ചറിയുന്നില്ലാ. ഞാന്‍ പറഞ്ഞല്ലോ ഇവിടെ നിയമങ്ങള്‍ മാത്രമെ ഉള്ളൂ. ഞങ്ങള്‍ ഒരു കാലത്ത് അനുഭവിച്ചത് നിനക്കറിയില്ലാ.
പറയൂ……
ചുരുക്കി പ്പറയാം. അല്പമൗനം ചെറുചിരിതൂകിതുടര്‍ന്നു. കായംകുളം മാര്‍ക്കറ്റിലാണ് എന്നെ ഒരുസായിപ്പിന് വിറ്റത്. അവിടെന്ന് കൈമറിഞ്ഞ് പളളുരുത്തിയിലും ഇടപ്പള്ളിയിലും എത്തി. സ്വന്തവും ബന്ധവും ഇതിനിടയില്‍ പലര്‍ക്കായി വിറ്റു. ചങ്ങലയില്‍ ബന്ധിച്ച് ഞങ്ങള്‍ കുറെപ്പേര്‍ കപ്പലില്‍ എവിടേക്ക് എന്നറിയാതെ യാത്ര തുടര്‍ന്നു. ഒരു രാത്രി അതിഭയങ്കര കാറ്റും മഴയും കടല്‍ ഇളകി മറിഞ്ഞു. ഭാരം കുറച്ചില്ലെങ്കില്‍ കപ്പല്‍ മുങ്ങും എന്ന് തോന്നിയപ്പോള്‍ വളര്‍ത്തു മത്സ്യങ്ങള്‍ക്കു തീറ്റ കൊടുക്കുന്ന ലാഘവത്തോടെ ഞങ്ങളെ കുറെ പേരെ കടലിലേക്ക് വലിച്ചെറിഞ്ഞു.
ഉപ്പ് വെള്ളം കുടിച്ച് മരണത്തെ മുഖാമുഖം കണ്ട് തിരയില്‍ ഒഴുകി നടക്കുമ്പോഴാണ് കച്ചിതുരുമ്പ് പോലെ ഏതോപായ്ക്കപ്പലില്‍ നിന്നും വേര്‍പ്പെട്ട ഒരു മരപ്പലക എനിക്ക് തുണയായി കിട്ടിയത്. ഞാനും പലകയും ആ തിരയിലെ ഊഞ്ഞാല്‍ പോലെയായിരുന്നു. എത്ര രാവും പകലും ആ കിടപ്പ് കിടന്നു എന്നറിയില്ലാ. ബോധ രഹിതനായ ഞാന്‍ ഒരുനാള്‍ ആഫ്രിക്കന്‍ വനാതിര്‍ത്തിയിലെ ചതുപ്പില്‍ കിടന്ന് സൂര്യന്റെ ചൂട് താങ്ങാന്‍ കഴിയാതെ കണ്ണ് തുറന്നു. ശാസ്ത്രം പറയുന്ന പോലെ കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവന്റെ തുടിപ്പ് അവിടെന്നാണോ എന്ന് ഞാന്‍ സംശയിക്കുന്നു. .അവിടുന്ന് കിട്ടിയ വെള്ളരിയും പച്ചക്കറികളും കഴിച്ച് ജീവന്‍ നിലനിര്‍ത്തി. പിന്നെ കാട്ട് വിഭവങ്ങളില്‍ നിന്നും പലതരം വിത്തുകളുംകണ്ടെത്തി ആചതുപ്പില്‍ കൃഷിയിറക്കി. ഞണ്ടും കടല്‍ മല്‍സ്യങ്ങളും പെരുച്ചാഴിയേയും ചുട്ടു തിന്നും ഞാന്‍ എന്റേതായ ഒരിടം ഉണ്ടാക്കി. പക്ഷേ വിധി എന്നെ അവിടെയും വെറുതെ വിട്ടില്ലാ.
ഒരുനാള്‍ കേരളത്തില്‍ നിന്നും അതുപോലെ അടിമകളുമായി പോയ പോര്‍ച്ചുഗീസ് കപ്പല്‍ എന്റെ കൃഷിയിടങ്ങള്‍ കണ്ടുപിടിച്ചു.അവര്‍ എന്നെ വളഞ്ഞു. ഞാന്‍ ഒറ്റയ്ക്കാണ് ഈ കാണുന്ന കൃഷികള്‍ ചെയ്തിരിക്കുന്നത് എന്നറിഞ്ഞ നിമിഷം എന്നെ അവര്‍ ചങ്ങലയ്ക്കിട്ടു അടിമയാക്കി. എന്നെയും കൂട്ടി വീണ്ടും യാത്ര തുടര്‍ന്നു.
രാത്രിയായപ്പോള്‍ അവര്‍ മദ്യപിച്ചു മതോന്മത്തരായി അടിമ പെണ്ണുങ്ങളെ അതിക്രൂരവും പൈശാചികവുമായി ബലാല്‍സംഘം ചെയ്യുന്നത് ഞാന്‍ കണ്ടു. ആ രാത്രിയിലാണ് എന്റെ ആരോഗ്യം തിരിച്ചറിഞ്ഞത്. ബന്ധിക്കപ്പെട്ട് കിടന്ന എന്റെ കയ്യില്‍ അവശതയായ ഒരുവള്‍ ഒരു പായ്ക്കപ്പലിന്റെ ചക്രം തിരിക്കാന്‍ ഉപയോഗിക്കുന്ന ലിവര്‍ നല്‍കിയിട്ട് പറഞ്ഞു. അവരെ കൊന്ന് കൊടുക്കാന്‍. ഞാന്‍ ആ മുഖത്തേക്ക് നോക്കി.അതുപോലെ അനേക മുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും എന്റെ ഹൃദയം കലങ്ങി മറിഞ്ഞു. അത്ര ദയനീയമായിരുന്നു ആ മുഖവും അപേക്ഷയും. ലിവര്‍ വാങ്ങി. ബോട്ടില്‍ എന്നെ ബന്ധിപ്പിച്ചിരുന്ന ഹുക്കിലേക്ക് ഞാന്‍ ആ ലിവര്‍ കടത്തി വലത്തോട്ട് കാലിന് ചവിട്ടി തിരിച്ചു. കടല്‍ വെള്ളത്തില്‍ തുരുമ്പെടുത്തിരുന്ന ബോള്‍ട്ട് വട്ടം ഒടിഞ്ഞു. അതുപോലെ കൂട്ടത്തിലെ പലരുടെയും ബന്ധനങ്ങള്‍ ഒടിച്ച് മാറ്റി രക്ഷപ്പെടുത്തി. ഒരുവെള്ളക്കാരന്‍ അത്കണ്ടു. അവര്‍ തോക്കും ആയുധവും എടുത്തു .ഞാന്‍ ആസ്ത്രീയേയും പൊക്കിയെടുത്തു കടലിലേക്ക്ചാടി. കൂട്ടത്തില്‍ ഞാന്‍ രക്ഷപ്പെടുത്തിയവരും. കരയില്‍ നിന്നും അധികം അകലെയല്ലെന്ന് മനസ്സിലാക്കിയ ഞാന്‍ മുങ്ങാം കുഴിയിട്ട് നീന്തി. ആ സ്ത്രീയുമായി മറ്റൊരിടത്ത് കരയിലെത്തി.അടുത്ത ദിവസങ്ങളിലായി മുറിപ്പാടുകളും വെടിയേറ്റതുമായ ശരീരങ്ങള്‍ കരയില്‍ പക്ഷികള്‍ കൊത്തിവലിക്കുന്നതും കാട്ടുമൃഗങ്ങള്‍ ഭക്ഷിക്കുന്നതുമാണ് ഞാന്‍ കണ്ടത്. പിന്നീട് എന്റെ പോരാട്ടം കാട്ട് മൃഗങ്ങളോടായിരുന്നു. ആഫ്രിക്കന്‍ ദ്വീപില്‍ ഒരു സാമ്രാജ്യം തന്നെയുണ്ടാക്കി.
ആ ശബ്ദം നിശ്ചലമായി. ആ കൈവെള്ള തലയിലൂടെ തഴുകി നെറുകയില്‍ ചുംബിച്ചു. അയാള്‍ കണ്ണുകള്‍ തുറന്നു. ഇത് സ്വപ്നമോ? അയാള്‍ മടങ്ങാന്‍ തീരുമാനിച്ചു. പക്ഷേ ടിക്കറ്റ് കിട്ടിയത് ഒരാഴ്ച വൈകി. അതിനാല്‍ അയാള്‍ ആ പ്രദേശങ്ങള്‍ കറങ്ങാന്‍ തീരുമാനിച്ചു. ആയാത്രയില്‍ പള്ളുരുത്തിയില്‍ വച്ച് ഒരു സംഘം മഫ്ത്തി പോലീസ് പിടികൂടി. അനേക ചോദ്യങ്ങള്‍ അയാളെ പോലെയിരിക്കുന്ന ഒരു നൈജീരിയക്കാരന്റെ ഫോട്ടോ കാണിച്ചു. പാസ്‌പോര്‍ട്ട് വ്യാജം. പേരും വയസ്സും ഒന്നു തന്നെ.കോടതി മുറിയില്‍ വായിച്ച കുറ്റപത്രം കേട്ട് ഞാന്‍ ഞെട്ടി. ചതിക്കപ്പെട്ടിരിക്കുന്നു. വ്യാജ പാസ്‌പോര്‍ട്ടാണ് കൈയ്യിലിരിക്കുന്നത് ഇത് എങ്ങനെ സംഭവിച്ചു എന്നറിയില്ലാ അയാള്‍ അന്താരാഷ്ട്ര ലഹരി സംഘത്തിന്റെ കണ്ണിയത്രെ. വാതിക്കാന്‍ നല്ല വക്കീലില്ലാ. തെളിയിക്കാന്‍ രേഖകളില്ലാ. അന്താരാഷ്ട്ര വിചാരണ ക്കോടതിയിലേക്ക് കേസ് നീണ്ടു. അവിടെയും മോചനമില്ലാ. എത്രകാലം എന്നറിയാത്ത ജയില്‍വാസം
ആ കാപ്പിരി കുറുമ്പന്റെ കണ്ണില്‍ ഇരുട്ട് കയറി. കണ്ണില്‍ നിഴല്‍ പോലെ കാപ്പിരി മുത്തപ്പന്‍ തെളിഞ്ഞു
മോനെ ഇതാണ് ഈ ലോകം. കര്‍ത്തവര്‍,പിന്നോക്കക്കാരന്‍,ദളിതന്‍ എന്നും ഇങ്ങനെതന്നെ കാലം പിന്നെയും തെളിയിക്കുന്നു.ചലിക്കുന്നു.













