LIMA WORLD LIBRARY

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 38) Sudha Ajith

അവര്‍ രണ്ടാഴ്ച കഴിഞ്ഞ് യൂറോപ്പിലേയ്ക്ക് ഹണിമൂണിന് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. സ്വന്തം മക്കള്‍ അച്ഛനമ്മമാരെയെന്ന പോലെ അവര്‍ ഞങ്ങളെ ഇറുകെപ്പുണര്‍ന്ന് യാത്രായയപ്പു നല്‍കി.
”ഈ യാത്രയില്‍ നിങ്ങളുടെ യൗവ്വനകാലം സ്മരണകളിലൂടെ പുനര്‍ജ്ജനിയ്ക്കട്ടെ…’ അരുണ്‍ യാത്രാമംഗളമോതി.
വിമാനത്തിനോടൊപ്പം ഞങ്ങളുടെ സ്വപ്നങ്ങളും വായു വേഗത്തില്‍ പറന്നു പൊങ്ങി. ഒടുവില്‍ ഒരിക്കല്‍ ശാപഭൂമിയായി മാറിയ ആ നാട്ടിലേയ്ക്ക് ശാപമുക്തി നേടിയ ഗന്ധര്‍വ്വരെപ്പോലെ ഞങ്ങളും ചെന്നിറങ്ങി.
കണ്ണുനീരിന്റെ കയ്പുനീര്‍ മാത്രം നല്‍കി ഞങ്ങളെ വീര്‍പ്പുമുട്ടിച്ചിരുന്ന ആ മണ്ണിന്ന് അലൗകികമായ ആനന്ദത്തിന്റെ പരിവേഷത്താല്‍ ഞങ്ങള്‍ക്ക് സ്വാഗതമോതി… ആ മണ്ണിലേയ്ക്കുള്ള ഓരോ കാല്‍വയ്പിലും ഞങ്ങള്‍ ഹര്‍ഷപുളകിതരായി… അവിടുത്തെ ഓരോ മണ്‍തരിയിലും പണ്ട് ഞങ്ങള്‍ പങ്കുവച്ചിരുന്ന സ്വപ്നങ്ങള്‍ ഉറങ്ങിക്കിടന്നിരുന്നു.

കലാലയത്തിലേയ്ക്ക് നയിക്കുന്ന പാതയോരത്തും, ഇടവഴിയിലും കാറ്റ് പതുങ്ങിയിരുന്ന് ഞങ്ങളുടെ പഴയകാലം അയവിറക്കി. ഒടുവില്‍ ഞങ്ങളുടെ സ്വപ്നങ്ങളുറങ്ങിയിരുന്ന ആ പഴയ കലാലയ മുറ്റത്തേയ്ക്ക് ഞങ്ങളുടെ കാര്‍ ചെന്നു നിന്നു.
അനിയന്ത്രിതമായ വികാരത്തള്ളിച്ചയാല്‍ ഞങ്ങള്‍ പരസ്പരം നോക്കി. വാക്കുകള്‍ക്കതീതമായ വികാല വിക്ഷോഭത്തോടെ ഞങ്ങള്‍ കാറില്‍ നിന്നുമിറങ്ങി. ഒരുമിച്ച് കൈകോര്‍ത്ത് ആ കലാലയാങ്കണത്തില്‍ കാല്‍ ചവിട്ടുമ്പോള്‍, ഒരു സ്വപ്നം വീണ്ടെടുത്തതിലുള്ള ഹര്‍ഷോന്മാദം മനസ്സുകളില്‍ അലയടിച്ചിരുന്നു.
ആ കലാലയമുറ്റത്തു കൂടി ഇടനാഴികളില്‍ കൂടി ഞങ്ങള്‍ കൈക്കോര്‍ത്തു നടന്നു. ക്ലാസ്സുകളില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ഞങ്ങളെ എത്തിനോക്കി. അതൊന്നുമറിയാതെ ഏതോ സ്വപ്നനാടകരെപ്പോലെ ഞങ്ങള്‍ നടന്നു. ഒടുവില്‍ ഞങ്ങള്‍ അഞ്ചു വര്‍ഷക്കാലം പരസ്പരം കണ്ണുകളില്‍ കൂടി ചലനങ്ങളില്‍ക്കൂടി ഹൃദയം പങ്കുവച്ച ആ ക്ലാസ്സുമുറികളിലൊന്നിന്റെ വാതില്‍ക്കലോളം ചെന്ന് ഞങ്ങളുടെ യാത്ര അവസാനിച്ചു…
പെട്ടെന്ന് എവിടെ നിന്നെന്നറിയാതെ തലനരച്ച രണ്ടുപേര്‍ ഞങ്ങളുടെ സമീപമെത്തി നിന്നു. അവരെ തിരിച്ചറിഞ്ഞ നിമിഷത്തില്‍ ഞങ്ങളും ഞങ്ങളെ തിരിച്ചറിഞ്ഞ അവരും പരസ്പരം അദ്ഭുത പരതതന്ത്രരായി നോക്കി നിന്നു. ആനന്ദും, നിമിഷയുമായിരുന്നു അവര്‍.
”നിങ്ങള്‍… നിങ്ങള്‍ രണ്ടുപേരേയും ഈ നിലയില്‍ കാണുവാനാണ് കാലങ്ങളായി ഞങ്ങള്‍ ആഗ്രഹിച്ചു കൊണ്ടിരുന്നത്. ഇന്നിപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിന് അതിരുകളില്ല… ഇത്രകാലവും നിങ്ങള്‍ രണ്ടുപേരും എവിടെയായിരുന്നു? നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര കാലമായി?
ചോദ്യശരങ്ങളാല്‍ വീര്‍പ്പുമുട്ടിച്ചു കൊണ്ടിരുന്ന അവരെ നേരിടുന്നതെങ്ങിനെയെന്നറിയാതെ ഞങ്ങള്‍ പകച്ചു നിന്നു. ഒടുവില്‍ ഫഹദ്‌സാര്‍ തന്നെ ആ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ടു പറഞ്ഞു.

”ഞങ്ങള്‍ വിവാഹിതരായത് അടുത്ത കാലത്താണ്… ഏതാണ്ട് മൂന്നുമാസമേ ആയിട്ടുള്ളു ഞങ്ങളുടെ വിവാഹം നടന്നിട്ട്. വിവാഹം എന്നതിനെ പറയാമോ എന്നറിയില്ല. ഒരു ചെറിയ ചടങ്ങ് അത്രയേയുണ്ടായിരുന്നുള്ളൂ… അല്ലെങ്കില്‍ തന്നെ ഒരിക്കല്‍ ഞങ്ങള്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞതാണല്ലോ. നിങ്ങളായിരുന്നല്ലോ അതിന് ദൃക്‌സാക്ഷികള്‍…’
‘അതെ സാര്‍… അതിനുശേഷം പലതിനും ഞങ്ങള്‍ക്ക് ദൃക്‌സാക്ഷികളാവേണ്ടി വന്നു. ഞങ്ങളെ ഏറ്റവുമധികം വിഷമിപ്പിച്ചതും ആ കാഴ്ചകളായിരുന്നു…’ ആനന്ദ് പറഞ്ഞു.
ഞാന്‍ കുറ്റബോധത്തോടെ തലകുനിച്ചപ്പോള്‍ ഫഹദ് സാര്‍ എന്നെ ചേര്‍ത്തു പിടിച്ച് പറഞ്ഞു.
”മീര അക്കാര്യത്തില്‍ കുറ്റക്കാരിയല്ലെന്ന് എന്നെപ്പോലെ നിങ്ങള്‍ക്കും അറിവുള്ളതല്ലേ… പിന്നെ നിങ്ങളെന്തിനാണ് വെറുതെ മീരയെ കുറ്റം പറയുന്നത്?”
”ഞങ്ങള്‍ മീരയെ കുറ്റപ്പെടുത്തിയത് മനഃപൂര്‍വ്വമാണ് സാര്‍. കാരണം അന്ന് നല്ല ചങ്കൂറ്റമുള്ള ഒരു പെണ്‍കുട്ടിയായിരുന്നു മീര. ഇവള്‍ക്ക് വേണമെങ്കില്‍ സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കാമായിരുന്നു. സാറിനെ മാത്രമേ ഭര്‍ത്താവായി കാണുകയുള്ളൂ എന്നു പറയാമായിരുന്നു. അതിനുപകരം മറ്റൊരാളുടെ മുന്നില്‍ താലികെട്ടാന്‍ നിന്നു കൊടുത്തു.
പെട്ടെന്ന് നിയന്ത്രണം വിട്ടതു പോലെ എന്റെ കണ്ണുകള്‍ നിറഞ്ഞു വന്നു…
കരഞ്ഞു കൊണ്ട് ഞാന്‍ പറഞ്ഞു. ”അന്നത്തെ കാര്യത്തില്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തരുത്. കാരണം എന്റെ അച്ഛന്‍ എന്നെ ഭീഷണിപ്പെടുത്തിയത് ഫഹദ്‌സാറിന്റെ പേരു പറഞ്ഞാണ്. ഞാന്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ സാറിനെ ലോക്കപ്പിലിട്ടു പോലീസിനെക്കൊണ്ടു മര്‍ദ്ദിച്ചു കൊല്ലും എന്നു പറഞ്ഞു…. സാറിന്റെ ജീവന്‍ രക്ഷിയ്ക്കുവാന്‍ വേണ്ടിയാണ് ഞാന്‍… ‘

മുഴുവന്‍ പറയാതെ വികാര വിക്ഷോഭത്താല്‍ വിങ്ങിപ്പൊട്ടിയ ഞാന്‍ സാരിത്തലപ്പു കൊണ്ടു മുഖം മറച്ചു. അപ്പോള്‍ ക്ലാസ്സുമുറികളില്‍ നിന്നും ചില കുട്ടികള്‍ എത്തിനോക്കുന്നതു കണ്ടു. അതു കണ്ട് ആനന്ദ് പറഞ്ഞു.
”വരൂ… നമുക്കിവിടെ നിന്നു പോകാം. കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്…. നിങ്ങള്‍ രണ്ടുപേരും ഒരു കാലത്ത് ഈ കോളേജിന്റെ ഭാഗമായിരുന്നു എന്ന് അവര്‍ക്കറിയില്ലല്ലോ…’
അങ്ങനെ പറഞ്ഞ് ആനന്ദ് മുന്നേ നടന്നു. ആനന്ദിന്റെ പുറകേ നടന്നു നീങ്ങുമ്പോള്‍ നിമിഷ അടുത്തെത്തി എന്റെ കൈപിടിച്ചു. ”മീര… നീ ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങള്‍ ഒന്നുമറിയാതെയാണ് നിന്നെ കുറ്റപ്പെടുത്തിയത്. നിന്റെ അന്നത്തെ അവസ്ഥ ഞങ്ങള്‍ക്കറിയില്ലായിരുന്നു….”
”സാരമില്ല നിമിഷ… എല്ലാം എന്റെ തലേവിധിയായിരുന്നു. ഞാനതു മുഴുവനും അനുഭവിച്ചു തീര്‍ക്കണമായിരുന്നു…’
‘ഞങ്ങളിനി നിന്നെ അതുമിതും പറഞ്ഞ് വേദനിപ്പിക്കുന്നില്ല. ഒടുവില്‍ നിങ്ങളിരുവരും ഒരുമിച്ചല്ലോ… ഞങ്ങള്‍ കാണാന്‍ കാത്തിരുന്നത് ഈ കാഴ്ചയായിരുന്നു.”
ഞങ്ങള്‍ നടന്നു ചെന്നത് അവിടെ ഞങ്ങള്‍ പലപ്പോഴും ഒത്തുകൂടാറുണ്ടായിരുന്ന ആ ആല്‍മരത്തണലിലേയ്ക്കാണ്. ആ വയസ്സന്‍ അല്‍മരം അപ്പോള്‍ തന്റെ ചില്ലകളാല്‍ ഞങ്ങള്‍ക്ക് സ്വാഗതമോതിക്കൊണ്ട് നേരിയ മര്‍മ്മരമുതിര്‍ത്തു.
പഴയ കാല കഥകള്‍ അയവിറക്കിക്കൊണ്ട് ഞങ്ങള്‍ നാലുപേരും ആ മരത്തണലില്‍ ഏറെ നേരമിരുന്നു.

ഞങ്ങളുടെ കഥകള്‍ കേട്ട് നിമിഷയുടേയും ആനന്ദിന്റെയും കണ്ണു നിറഞ്ഞു.
”നിങ്ങള്‍ രണ്ടുപേരും സഹനത്തിന്റെ ആത്മ സമര്‍പ്പണത്തിന്റെ പര്യായമായിത്തീര്‍ന്നിരിക്കുന്നു. വെറുതെയല്ല ദൈവം നിങ്ങള്‍ക്കു മുന്നില്‍ കണ്ണു തുറന്നത്… ആത്മസംയമനം കൊണ്ട് നിങ്ങള്‍ ആ ദൈവത്തെപ്പോലും തോല്‍പ്പിച്ചിരിയ്ക്കുന്നു.”
ആനന്ദ് ഞങ്ങള്‍ക്കിരുവര്‍ക്കും കൈതന്നു കൊണ്ടു പറഞ്ഞു. പിന്നീട് കാലം ഞങ്ങളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചായി സംസാരം. ആനന്ദിന്റേയും നിമിഷയുടേയും തലമുടിയിലെ നര കണ്ട് ഞാന്‍ വയസ്സനും വയസ്സിയുമായെന്നു പറഞ്ഞ് കളിയാക്കിയപ്പോള്‍ നിമിഷ എന്നെ നോക്കി പറഞ്ഞു.
”നീയിപ്പോള്‍ പണ്ടത്തെപ്പോലെത്തന്നെയിരിക്കുന്നു മീരാ… ഇപ്പോള്‍ പണ്ടത്തെക്കാളും ചെറുപ്പമായതു പോലെ… ഫഹദ് സാറിനെ കിട്ടിയതു കൊണ്ടാകും അല്ലേ…’

‘സാറെന്താ മൃതസഞ്ജീവനി ആണോ കൊണ്ടു നടക്കുന്നത്?’

ആനന്ദ് നിമിഷയെ കളിയാക്കി കൊണ്ടു ചോദിച്ചു.”

”ആട്ടെ… നിങ്ങളുടെ വിവാഹം എപ്പോഴാണ് കഴിഞ്ഞത്? ഇതിനിടയില്‍ ഇങ്ങനെയൊരു നാടകം അരങ്ങേറിയത് ഞങ്ങളറിഞ്ഞി ല്ലല്ലോ…’
എന്റെ ചോദ്യം കേട്ട് നിമിഷ പറഞ്ഞു.

”നീ മാത്രമേ അതറിയാതുള്ളൂ മീരാ… ഫഹദ് സാര്‍ ഞങ്ങളുടെ കല്യാണത്തിന് വന്നിരുന്നു.”
”അല്ലെങ്കിലും നീയൊരു കള്ളിയാണ് . നീ എന്നില്‍ നിന്നും എല്ലാം മറച്ചു വച്ചു.” ഞാന്‍ പരിഭവിച്ചതു കേട്ട് നിമിഷ ചിരിയോടെ പറഞ്ഞു.

”എനിക്ക് ആനന്ദിനോട് പ്രേമവും, മണ്ണാങ്കട്ടയുമൊന്നും ആദ്യം ഉണ്ടായിരുന്നില്ല. പിന്നെ കോഴ്‌സു കഴിഞ്ഞ് രണ്ടുപേര്‍ക്കും ഒരേ കോളേജില്‍ ജോലിയായപ്പോള്‍ ഇവന്‍ എന്റെ വീട്ടില്‍ വന്ന് പെണ്ണു ചോദിച്ചു. എനിക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. പിന്നെ വിവാഹ നിശ്ചയം കഴിഞ്ഞാണ് ഞങ്ങള്‍ പ്രണയിച്ചത്.”

അങ്ങിനെ പൊട്ടിച്ചിരികളും തമാശകളുമായി ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയ കഴിഞ്ഞ കാലം ഞങ്ങള്‍ അയവിറക്കിക്കൊണ്ടിരുന്നു. ഇതിനിടയില്‍ നിമിഷയും ആനന്ദും തങ്ങളുടെ മക്കളുടെ കാര്യങ്ങള്‍ പറഞ്ഞു.

”മകള്‍ ആത്മ വിവാഹം കഴിഞ്ഞ് ബഹ്‌റിനിലാണ് .മകന്‍ ആശിഷ് ഫോറിനില്‍ തന്നെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനു പഠിച്ചുകൊണ്ടിരിക്കുന്നു. അവനൊരു ലൗവറുണ്ട്. ഒരു ഫോറിന്‍ പെണ്‍കുട്ടി. അടുത്തു തന്നെ അവരുടെ വിവാഹം നടത്തിക്കൊടുക്കാനിരിക്കുക യാണ് ഞങ്ങള്‍. നിങ്ങള്‍ ഇരുവരും ആ വിവാഹത്തില്‍ പങ്കുകൊള്ളണം.”

അങ്ങനെ വിശേഷങ്ങള്‍ പങ്കിട്ട് സമയം പോയത് അറിഞ്ഞില്ല. ഒടുവില്‍ നിമിഷയും ആനന്ദും തങ്ങളുടെ ക്ലാസ്സ് മുറികളിലേയ്ക്ക് മടങ്ങിപ്പോകുവാന്‍ സമയമായെന്നറിയിച്ചു.

മടങ്ങിപ്പോകുമ്പോള്‍ അവര്‍ ഞങ്ങളെ അവരുടെ വീടുകളിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു.
”നിങ്ങള്‍ ഇരുവരേയും ഞങ്ങളുടെ വീട്ടിലേയ്ക്ക് വിരുന്നുണ്ണാന്‍ ക്ഷണിക്കുന്നു.”

”അതിന് ഞങ്ങള്‍ നവദമ്പതികളൊന്നുമല്ലല്ലോ നിമിഷ. പണ്ടേ വിവാഹിതരായവരല്ലേ?” ഫഹദ്‌സാര്‍ ചോദിച്ചതു കേട്ട് നിമിഷ പറഞ്ഞു.

”ഞങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഇപ്പോഴാണ് ശരിയ്ക്കും ദമ്പതിമാരായത്. നവദമ്പതിമാര്‍… ഇനി മരണം വരെ നിങ്ങളെ പിരിയ്ക്കുവാന്‍ ഈ ലോകത്ത് ഒരു ശക്തിക്കുമാവില്ല.”

”ശരിയാണ് നിമിഷ പറഞ്ഞത്. ഇനി ഞങ്ങളിലൊരാളുടെ മരണം വരെ ഒരു വേര്‍പിരിയല്‍ അസാദ്ധ്യമാണ്. ഈ ലോകത്തില്‍ ഇത്രത്തോളം ദൃഢതരമായ മറ്റൊരു സ്‌നേഹബന്ധം ഉണ്ടാവുകയില്ല. അല്ലേ മീര?”
ഫഹദ് സാര്‍ മീരയെ നോക്കി ചോദിച്ചു.

”ശരിയാണ് സാര്‍, കാലം ഉലയില്‍ ഉരുക്കി വിളക്കിച്ചേര്‍ത്ത രത്‌നങ്ങളാണ് നിങ്ങളിരുവരും. ഈ ബന്ധം അത്രത്തോളം ദൃഢതരമായിരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഏതായാലും നാളെത്തന്നെ നിങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ അതിഥികളായെത്തുമെന്നു വിചാരിക്കുന്നു.”
ആനന്ദ് സഹര്‍ഷം പറഞ്ഞു. പിന്നീടവര്‍ യാത്ര പറഞ്ഞ് കോളേജിലെ ക്ലാസ്സ് മുറികളിലേയ്ക്കു പോയി.

ഞങ്ങള്‍ കോളേജിനു പുറത്തിറങ്ങിയപ്പോള്‍ സമയം മൂന്നു മണിയോടടുത്തു കാണും. പുറത്ത് വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നു. വയറ്റില്‍ വിശപ്പ് കാഹളം ഊതിത്തുടങ്ങിയിരുന്നു. അടുത്തു കണ്ട ഒരു ഹോട്ടലില്‍ കയറി ഞങ്ങള്‍ ആഹാരം കഴിച്ച ശേഷം തൊട്ടടുത്തുള്ള സുഭാഷ്പാര്‍ക്കിലേയ്ക്ക് നടന്നു.

പാര്‍ക്കിലേയ്ക്ക് നടക്കുന്നതിനു മുമ്പ് അടുത്തുള്ള ശിവക്ഷേത്രത്തിന്റെ കവാടത്തിനു മുന്നില്‍ നിന്ന് അല്പനേരം ഞാന്‍ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു.

”ഇനിയുള്ള ജീവിതത്തില്‍ സൗഖ്യവും, സന്തോഷവും നല്‍കി ഒരു പ്രാണനായി ജീവിയ്ക്കാന്‍ ഞങ്ങളിരുവരേയും അനുഗ്രഹിക്കണേ” എന്ന്.

തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ നോക്കി സുസ്‌മേരവദനനായി നില്ക്കുന്ന ഫഹദ് സാറിനെയാണ് കണ്ടത്

”എന്നേയും കൂടി ആ നടയില്‍ നിന്ന് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കുമോ?” അദ്ദേഹം ചോദിച്ചു.

”അതിനെന്താ? അങ്ങേയ്ക്കും പ്രാര്‍ത്ഥിക്കാമല്ലോ?”

ഞാന്‍ പറഞ്ഞതു കേട്ട് അദ്ദേഹം തൊഴുകൈകളോടെ കണ്ണടച്ചു നിന്നു.

”ഇങ്ങനെ സര്‍വ്വ മതങ്ങളും ജാതിമതഭേദമില്ലാതെ ഒന്നായി ലയിച്ചു ചേരലാണ് എന്റെ സ്വപ്നം മീരാ…’

തൊഴുതു കഴിഞ്ഞ് ഫഹദ് സാര്‍ എന്റെ കൈപിടിച്ചു കൊണ്ടു പറഞ്ഞു.

”അതെ സാര്‍…. അങ്ങനെയായിരുന്നുവെങ്കില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ലോകത്തില്‍ ഇന്ന് നടക്കുന്ന എല്ലാ കലഹങ്ങളും ചൂഷണങ്ങളും അവസാനിച്ചേനേ. ആരും ഒരു മതത്തിലോ, ജാതിയിലോ മാത്രം മുറുകെപ്പിടിയ്ക്കാതെ എല്ലാറ്റിനേയും ഒന്നായിക്കണ്ട്, മനുഷ്യന്‍ എന്ന ഒറ്റ മതത്തില്‍ മാത്രം വിശ്വസിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ലോകം എത്ര പുരോഗമിച്ചാലും അത്തരം ചിന്തകളെ മുറുകെപ്പിടിയ്ക്കാന്‍ മനുഷ്യനാവു ന്നില്ലല്ലോ എന്നോര്‍ത്ത് ദുഃഖം തോന്നുന്നു.”

ഞാന്‍ പ്രതിവചിച്ചു

‘ ഇനി മുതല്‍ നമുക്ക് അങ്ങനെ ഒരു മാതൃകയായി ജീവിച്ച് നമുക്കു ചുറ്റുമുള്ള ലോകത്തിന് കാണിച്ചു കൊടുക്കാം.”

ഫഹദ് സാര്‍ അങ്ങിനെ പറഞ്ഞ് എന്റെ കൈപിടിച്ച് മുന്നോട്ടു നീങ്ങി.

പാര്‍ക്കില്‍ ആ പഴയ പൂമരത്തണല്‍ ഞങ്ങളെ നോക്കി പുഞ്ചിരി പൊഴിക്കുന്നതായി തോന്നി. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന മഞ്ഞക്കണിക്കൊന്നപ്പൂക്കള്‍, ഞങ്ങളെ മാടിവിളിക്കുന്നതായും…

ഒരിയ്ക്കല്‍ കൂടി ആ സിമന്റു ബഞ്ചില്‍ ഞങ്ങള്‍ മുട്ടിയുരുമ്മിയിരുന്നു. സ്‌നേഹത്തിന്റെ ഇന്ദ്രജാലത്താല്‍ പരസ്പരം ബന്ധിതരായ രണ്ടിണക്കിളികളെപ്പോലെ മഞ്ഞപ്പൂക്കള്‍ വര്‍ഷിച്ച് ആനന്ദക്കണ്ണീര്‍ പൊഴിച്ചു നിന്ന ആ മരമാകട്ടെ ഒരു മാതാവിനെപ്പോലെ ഞങ്ങള്‍ക്ക് തണലേകി നിന്നു.

എവിടെ നിന്നോ പറന്നു വന്ന രണ്ടിണക്കിളികള്‍ സ്‌നേഹത്തിന്റെ വിജയഗാഥ പാടിക്കൊണ്ട് ഞങ്ങള്‍ക്കരികിലിരുന്നു. പണ്ട് ഞങ്ങള്‍ ദുഃഖവും സന്തോഷവും ഒരുപോലെ പങ്കിട്ടത് ഈ മരത്തണലില്‍ വച്ചാണ്. അതുപോലെ സുപ്രധാനമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടതും.
ഒടുവില്‍ ഇതേ മരത്തണലിലെ ഞങ്ങളുടെ സംഗമം കണ്ടാണ് അച്ഛന്‍ എന്നെ സംശയിച്ചതും. ഒരു ജയില്‍പ്പുള്ളിയെപ്പോലെ വീട്ടുതടങ്കലിലാക്കിയതും.

എല്ലാം ഒരു സ്വപ്നത്തിലെന്ന പോലെ മനസ്സില്‍ മിന്നിമറഞ്ഞു കൊണ്ടിരുന്നു. ഞാനപ്പോള്‍ കണ്ണുകള്‍ പൂട്ടു ഫഹദ്‌സാറിന്റെ മടിയില്‍ മയങ്ങുകയായിരുന്നു. ആ കൈകള്‍ മെല്ലെ മെല്ലെ എന്റെ തലയില്‍ തലോടിക്കൊണ്ടിരുന്നു.
ഒരു ദീര്‍ഘനിശ്വാസം അദ്ദേഹത്തില്‍ നിന്നും പൊഴിഞ്ഞു വീണുവോ? പഴയകാലങ്ങള്‍ അദ്ദേഹത്തെ സ്മരണയിലൂടെ മുറിവേല്പിച്ചുവോ? ഞാന്‍ തലയുയര്‍ത്തി നോക്കി.

”എന്താണ് ഫഹദ്‌സാര്‍… എന്താണ് അങ്ങ് ആലോചിക്കുന്നത്?” എന്റെ ചോദ്യം കേട്ട് ഒരു മാത്ര നനഞ്ഞ കവിള്‍ത്തടങ്ങള്‍ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

”എത്രമാത്രം കഠിന പരീക്ഷണങ്ങളിലൂടെയാണ് നാം കടന്നു പോയത് എന്നോര്‍ക്കുകയായിരുന്നു ഞാന്‍. ഒരുപക്ഷെ ദൈവം നമ്മുടെ സഹനശക്തിയെ പരീക്ഷിച്ചതായിരിക്കാം. ഈ കൂടിച്ചേരലിന്റെ വിശുദ്ധിയെ കാത്തു രക്ഷിയ്ക്കാന്‍ വേണ്ടി .ചെറുപ്പത്തില്‍ നമ്മള്‍ ഒരുമിച്ചിരുന്നെങ്കില്‍ ഈ വിശുദ്ധി ഇത്രത്തോളം നമുക്കു ലഭിക്കുകയില്ലായിരുന്നു. സ്വര്‍ണ്ണത്തിന് ഉരുകുന്തോറും മേന്മയേറുകയല്ലെ ചെയ്യുന്നത് മീര… ഇന്നിപ്പോള്‍ പലതരം ആത്മപീഡയിലൂടെ നമ്മളും നമ്മുടെ മേന്മ വര്‍ധിപ്പിച്ചിരിക്കുന്നു.”

അദ്ദേഹത്തിന്റെ വാക്കുകള്‍ അശരീരി പോലെയാണ് എനിക്കു തോന്നിയത്. ഏതോ ദൈവവചനം പോലെ. അതെ സ്വര്‍ണ്ണത്തിന് ഉരുകും തോറും കാന്തിയേറുക തന്നെ ചെയ്യും, അങ്ങയെപ്പോലെ. ഒരു പക്ഷേ സ്‌നേഹത്തിന്റെ?അഗ്‌നിജ്വാലയില്‍ ഈശ്വരനെന്ന തട്ടാന്‍ മെനഞ്ഞെടുത്ത സ്വര്‍ണണ്ണാഭരണങ്ങളാണ് ഞങ്ങളിരുവരും. പീഡാനുഭവങ്ങളിലൂടെ ആത്മാവിനു തിളക്കം ലഭിച്ചവര്‍. ഇനിയും ഇത്തരം അനുഭവങ്ങള്‍ ഈശ്വരന്‍ കാത്തു വച്ചിട്ടുണ്ടാകുമോ ഞങ്ങള്‍ക്കായി …ആത്മപീഢയിലൂടെ ഊതി ഊതി തിളക്കം വര്‍ദ്ധിപ്പിക്കാന്‍…ആവോ… അജ്ഞാതമായ ഭാവിയെക്കുറിച്ചുള്ള വിചിന്തനം ഈ ഘട്ടത്തില്‍ അനുചിതമെന്നു തോന്നി, ഞാന്‍ ചിന്തയെ മറ്റു വഴിയ്ക്ക് തിരിച്ചു വിടാന്‍ ശ്രമിച്ചു കൊണ്ട് ചോദിച്ചു.

”സര്‍, നമുക്ക് മറൈന്‍ ഡ്രൈവില്‍ അല്പ സമയം പോയിരിക്കാം… കായലോളങ്ങളെ നോക്കി കിന്നാരം പറഞ്ഞ്, പണ്ടത്തെപ്പോലെ അല്പസമയം ചെലവഴിക്കാം.”

‘തന്റെ ഇഷ്ടം അതാണെങ്കില്‍ നമുക്കങ്ങോട്ടു പോകാം.’
അദ്ദേഹം എന്റെ കൈപിടിച്ച് എഴുന്നേറ്റു കൊണ്ടു പറഞ്ഞു.ഞങ്ങള്‍
കൈകോര്‍ത്ത് ആഹ്‌ളാദത്തോടെ മുന്നോട്ടു നടന്നു

”ഒരു നിമിഷം നില്‍ക്കൂ… നിങ്ങള്‍ മി. ഫഹദ് മുഹമ്മദല്ലേ?”

ഞങ്ങള്‍ ശബ്ദം കേട്ടിടത്തേയ്ക്ക് തിരിഞ്ഞു നോക്കി. ഏകദേശം പത്തിരുപത്തിമൂന്ന് വയസ്സ് പ്രായമുള്ള ഒരു യുവാവ് നിര്‍ന്നിമേഷനായി ഞങ്ങളെ നോക്കി നില്‍ക്കുന്നു. ആ കണ്ണുകളില്‍ തുളുമ്പി നില്‍ക്കുന്ന ഭാവം, ഒരു പക്ഷെ കാലങ്ങളായി തിരഞ്ഞു കൊണ്ടിരുന്ന എന്തോ ഒന്ന് കണ്ടെത്തിയതു പോലെ ആണെന്ന് തോന്നി. അല്പം കൗതുകവും അതിലേറെ അതിശയവും ആ പൊടിമീശക്കാരനില്‍ നിറഞ്ഞു നിന്നു. ഒരുപക്ഷെ അദ്ദേഹത്തിനെപ്പറ്റി ആരെങ്കിലും പറഞ്ഞറിഞ്ഞെത്തിയ ഒരു വിദ്യാര്‍ത്ഥി ആയിരിക്കുമോ അത്?… ഞങ്ങള്‍ സംശയത്തോടെ തിരിഞ്ഞു നോക്കി.
”താങ്കള്‍ മഹാരാജാസിലെ പ്രൊഫസറായിരുന്നില്ലെ?”

അവന്‍ വീണ്ടും അദ്ദേഹത്തിന്റെ നേര്‍ക്ക് ചോദ്യം തൊടുത്തു വിട്ട് ആശങ്കയോടെ നിന്നു. ആ കണ്ണുകളിലെ പരിചയഭാവം ഞങ്ങളെ അദ്ഭുതപ്പെടുത്തി. ഇത്ര ചെറുപ്പക്കാരനായ ഒരു വിദ്യാര്‍ത്ഥിയെ ഈയിടെയെങ്ങും കേരളത്തില്‍ വച്ച് അദ്ദേഹം പഠിപ്പിക്കുവാന്‍ സാദ്ധ്യതയില്ലല്ലോ എന്നോര്‍ത്തു പോയി. കാരണം ഇവിടുത്തെ കോളേജില്‍ നിന്നും അദ്ദേഹം റിട്ടയര്‍ ചെയ്തിട്ട് അഞ്ചുവര്‍ഷം പിന്നിട്ടിരിയ്ക്കുന്നു. ഞങ്ങള്‍ അതിശയപൂര്‍വ്വം പരസ്പരം നോക്കി. അപ്പോള്‍ അവന്റെ ഭാവം പെട്ടെന്നു മാറുന്നതായും അവന്റെ കണ്ണുകളില്‍ രോഷം കത്തുന്നതായും ഞങ്ങള്‍ക്കു തോന്നി. എന്നാല്‍ പെട്ടെന്നു തന്നെ അതിനെ നിയന്ത്രിച്ചു കൊണ്ട് ഉറച്ച ശബ്ദത്തിലവന്‍ പറഞ്ഞു.

”അതെ… എനിക്കറിയാം… എനിക്കുറപ്പുണ്ട് താങ്കള്‍ ഫഹദ് സാര്‍ തന്നെയാണെന്ന്…’

അവന്റെ ഭാവമാറ്റം ഞങ്ങളെ വല്ലാതെ അമ്പരിപ്പിച്ചു. ഫഹദ്‌സാറും ആദ്യം അമ്പരന്നു പോയെങ്കിലും ഉടന്‍ തന്നെ അതിനെ നിയന്ത്രിച്ച് ശാന്തനായി അവനോടു പറഞ്ഞു.

”അതെ… ഞാന്‍ ഫഹദ് മുഹമ്മദ് തന്നെയാണ്. പക്ഷെ കേരളത്തിലെ കോളേജില്‍ നിന്നും ഞാന്‍ റിട്ടയര്‍ ചെയ്തിട്ട് വര്‍ഷങ്ങളായിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് ലക്ചററായി ജോലി നോക്കുന്നു. കുട്ടിയ്ക്ക് എന്നെ എങ്ങിനെയാണ് പരിചയം?”

ഫഹദ് സാര്‍ ജിജ്ഞാസയോടെ ചോദിച്ചതു കേട്ട് അവന്‍ അല്പനേരം തലകുനിച്ചു നിന്നു. പിന്നെ മെല്ലെ ചുറ്റിനും നോക്കിക്കൊണ്ട് പറഞ്ഞു.

”ഞാന്‍… ഞാന്‍ എല്ലാം പറയാം. പക്ഷെ ഇവിടെ വച്ചല്ല. നമുക്ക് അല്പം കൂടി വിജനമായ ഏതെങ്കിലും സ്ഥലത്തു ചെന്നിരുന്ന് സംസാരിക്കാം…’

ഞങ്ങള്‍ അവന്റെ വാക്കുകള്‍ കേട്ട് ചുറ്റും നോക്കി. അപ്പോള്‍ അല്പം മുമ്പ് ഞങ്ങളെത്തുമ്പോള്‍ മിക്കവാറും വിജനമായിരുന്ന ആ പാര്‍ക്കിപ്പോള്‍ ജന നിബിഢമായിരിക്കുന്നു. പാര്‍ക്കില്‍ കളിയ്ക്കാനെത്തുന്ന ഏതാനും കുട്ടികളെക്കൊണ്ടും, വിശ്രമ സമയം ചെലവഴിക്കാനെത്തുന്ന മുതിര്‍ന്നവരെക്കൊണ്ടും പാര്‍ക്ക് നിറഞ്ഞു കഴിഞ്ഞു.

”എങ്കില്‍ വരൂ…. നമുക്കല്പം നടക്കാം. ഈ പാര്‍ക്കിലൂടെ അല്പ ദൂരം നടന്നാല്‍ മറൈന്‍ ഡ്രൈവിലെത്തുമല്ലോ. നമുക്ക് അവിടെച്ചെന്നിരുന്ന് സംസാരിക്കാം…’

ഫഹദ് സാര്‍ നടക്കാന്‍ സന്നദ്ധനായി അറിയിച്ചു. എന്നിട്ടല്പം ഗൗരവത്തില്‍ പറഞ്ഞു.

”ഞങ്ങളുടെ ഈ പ്രായത്തില്‍ അല്പം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്, അല്ലേ മീരാ…’ അദ്ദേഹം എന്നെ നോക്കി ചോദിച്ചു. പിന്നെ ആ യുവാവിനെ നോക്കി കുസൃതിച്ചിരിയോടെ പറഞ്ഞു.

”പിന്നെ തന്റെ ഈ പ്രായത്തില്‍ നടക്കുന്നത് കൊണ്ട് ഒട്ടും കുഴപ്പമില്ലല്ലോ…’

ആ യുവാവ് സമ്മതമറിയിച്ചു കൊണ്ട് തലയാട്ടി. പിന്നെ ഞങ്ങളുടെ ഒപ്പം നടന്നു . പക്ഷെ അവന്‍ മിക്കവാറും മറ്റേതോ ലോകത്തില്‍ ആണെന്നു തോന്നി. ഇടയ്ക്കിടെ അവന്‍ ഫഹദ് സാറിനെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം അവന്റെ നിഷ്‌ക്കളങ്കമായ മുഖത്ത് സന്തോഷം അലതല്ലുന്നത് ഞാന്‍ കണ്ടു. ഫഹദ് സാര്‍ പെട്ടെന്നു ചോദിച്ചു. തന്റെ പേരെന്താണെന്നോ എന്തു ചെയ്യുന്നുവെന്നോ ഇതുവരെ പറഞ്ഞില്ല.
അവന്‍ അല്പനേരം മൗനമായിരുന്നു. പിന്നെ പറഞ്ഞു.
”എന്റെ പേര് ആസിഫ് മുഹമ്മദ് എന്നാണ്. ഇവിടെ അമൃത മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് കഴിഞ്ഞു നില്‍ക്കുന്നു.”

അപ്പോള്‍ താനും എന്നെപ്പോലെ ഒരു മുസല്‍മാനാണല്ലേ?… അദ്ദേഹം കൗതുകപൂര്‍വ്വം ചോദിച്ചു. ഉം… അവന്റെ അമര്‍ത്തി മൂളല്‍ ഞങ്ങളില്‍ അല്പം ആശങ്കയുളവാക്കാതിരുന്നില്ല. എങ്കിലും അതു ശ്രദ്ധിക്കാത്ത മട്ടില്‍ അദ്ദേഹം തുടര്‍ന്നു ചോദിച്ചു.

”ഉമ്മയും ബാപ്പയുമൊക്കെ? അവര്‍ ഇവിടെത്തന്നെയുണ്ടോ? താന്‍ എവിടെയാണ് താമസിക്കുന്നത്?”

എല്ലാറ്റിനും മറുപടി പറയാന്‍ അവനല്പം വിമുഖതയുള്ള പോലെ തോന്നി. എങ്കിലും അല്പം മടിച്ച് അവന്‍ ഉത്തരം പറഞ്ഞു.

”എല്ലാവരും ഇവിടെത്തന്നെയുണ്ട്. ഞാന്‍ ഇവിടെയടുത്തു തന്നെയാണ് താമസിക്കുന്നത്.”
പിന്നെ അവന്റെ മുഖത്തു നിറയുന്ന ഗൗരവം കണ്ട് അദ്ദേഹം ഒന്നും ചോദിച്ചില്ല. ക്രമേണ ആ മുഖത്തൊരു വിഷാദഛായ വന്നു നിറഞ്ഞു. ഏതോ ചിന്തകള്‍ ആ കണ്ണുകളെ ഈറനണിയിക്കുന്നതായി തോന്നി. എന്റെ കണ്ണുകള്‍ ആ യുവാവിന്റെ മുഖത്തു തന്നെ തറഞ്ഞു നിന്നു.
എന്തു കൊണ്ടോ പുത്ര സവിശേഷമായ ഒരു വാത്സല്യം അവനോടു തോന്നിക്കൊണ്ടിരുന്നു. കൂടുതല്‍ സൂക്ഷിച്ചു നോക്കുമ്പോള്‍ ആ മുഖത്ത് ഫഹദ് സാറിനോട് എന്തോ സാമ്യമുള്ളതു പോലെ… ഒരുപക്ഷെ എന്റെ തോന്നലായിരിക്കും എല്ലാം എന്നു കരുതി അതിനെ ഞാന്‍ തള്ളിക്കളഞ്ഞു. അല്ലെങ്കില്‍ത്തന്നെ ആദ്യ ഭാര്യയില്‍ മക്കളോ, ബന്ധുക്കളോ ഇല്ലാത്ത അദ്ദേഹത്തിന് അതേ മുഖ സാദൃശ്യമുള്ള ആരെങ്കിലും ഉണ്ടാവുക അസാദ്ധ്യമാണെന്ന് മനസ്സു പറഞ്ഞു.
നടന്നു നടന്ന് ഞങ്ങള്‍ മറൈന്‍ ഡ്രൈവില്‍ എത്തിക്കഴിഞ്ഞിരുന്നു. ഏതോ ചിന്തകളാല്‍ ബന്ധിതനായതു പോലെ ഫഹദ് സാറും മൂകനായി കാണപ്പെട്ടു. വിജനമായ ഒരൊഴിഞ്ഞ മൂലയില്‍ കിടന്നിരുന്ന ചാരു ബെഞ്ചില്‍ ഞങ്ങള്‍ മൂവരുമിരുന്നു.

അങ്ങകലെ വെളിച്ചപ്പൊട്ടുകള്‍ പോലെ ഒഴുകി നീങ്ങുന്ന കപ്പലുകളും, കടത്തു വഞ്ചികളും പിന്നെ വീശിയടിക്കുന്ന ഇളം കാറ്റും പ്രശാന്തമായ ഒരനുഭവം ഞങ്ങള്‍ക്കു പകര്‍ന്നു തന്നു.

ആ പ്രശാന്തത ആസ്വദിച്ച് ഞങ്ങള്‍ മൂവരും അവരവരുടേതായ ലോകത്തില്‍ വിഹരിച്ച് അല്പനേരം മൂകരായിരുന്നു. ആ ഇരിപ്പില്‍ ഒരു കാര്യം ഞാന്‍ കണ്ടു പിടിച്ചു. ഓരോ നിമിഷവും ആസിഫ് അസ്വസ്ഥനാണ്. എന്റെ നേര്‍ക്ക് പാളി വീഴുന്ന അവന്റെ നോട്ടങ്ങളില്‍ പലപ്പോഴും വെറുപ്പ് നിഴലിക്കുന്നുണ്ടായിരുന്നു.

അതുവഴി കടന്നു വന്ന ഐസ്‌ക്രീം വില്പനക്കാരന്‍ ഞങ്ങളുടെ നേര്‍ക്ക് ഐസ്‌ക്രീമുമായി വന്നു. ഏതോ പ്രേരണയാല്‍ അദ്ദേഹം രണ്ട് വാനില ഐസ്‌ക്രീമുകള്‍ വാങ്ങി ഞങ്ങളുടെ നേര്‍ക്ക് നീട്ടി. ഒന്ന് എനിക്കും മറ്റൊന്ന് ആസിഫിന്റെ നേര്‍ക്കും നീട്ടിപ്പിടിച്ച് അദ്ദേഹം പറഞ്ഞു.
”നമുക്ക് മധുരം കഴിച്ച് ഇവിടെ ഒരു സൗഹൃദം ആരംഭിക്കാം.”
മടി കൂടാതെ അതിലൊരു കപ്പ് ഞാന്‍ കൈനീട്ടി വാങ്ങിയപ്പോള്‍ ആസിഫാകട്ടെ ഏതോ ദുഃഖഭാരത്താല്‍ വിവിശനായി മുഖം തിരിച്ചു. ആ കണ്ണുകളില്‍ തുളുമ്പാന്‍ പാകത്തില്‍ ഒരു നീര്‍ത്തുള്ളി അപ്പോള്‍ തങ്ങി നില്പുണ്ടായിരുന്നു. അതുകണ്ട് അമ്പരന്ന് അദ്ദേഹം ചോദിച്ചു.

”എന്താ ആസിഫ്…. തന്നെ അലട്ടുന്ന പ്രശ്‌നമെന്താണ്? എന്താണെങ്കിലും തനിക്കെന്നോട് പറയാം. തന്റെ ബാപ്പയെപ്പോലെ എന്നെ കരുതിക്കോളൂ…’

അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഒരു പിതാവിന്റെ വാത്സല്യം തുളുമ്പി നിന്നു.
ആസിഫിന്റെ മുഖത്തു തങ്ങി നില്ക്കുന്ന കൗമാരക്കാരന്റെ നിഷ്‌ക്കളങ്കത, ഒരു മകനോടുള്ള വാത്സല്യം അദ്ദേഹത്തില്‍ ഉണര്‍ത്തുകയായിരുന്നു എന്നു തോന്നി. പെട്ടെന്ന് ആസിഫ് അദ്ദേഹത്തിന്റെ കാല്‍ക്കലേയ്ക്കു വീണു പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു തുടങ്ങി.
”സാര്‍ എനിക്ക് ബാപ്പയെപ്പോലെയല്ല… ബാപ്പ തന്നെയാണ്. എന്റെ സ്വന്തം ബാപ്പ…’

അതുകേട്ട് ഫഹദ് സാര്‍ ഒരു നിമിഷം പ്രജ്ഞയറ്റു നിന്നു. പിന്നെ സ്വബോധം വീണ്ടെടുത്ത് അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചു കൊണ്ട് ചോദിച്ചു.”

‘നീ എന്തു ഭ്രാന്താണീപ്പറയുന്നത്? … നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ?…നീ മാനസികമായി എന്തെങ്കിലും തകരാറുള്ളവനാണോ?…നിന്നെക്കണ്ട
പ്പോള്‍ ആദ്യം എനിക്കങ്ങനെ തോന്നിയിരുന്നു. അതുശരി തന്നെയായിരുന്നു എന്നിപ്പോള്‍ തോന്നുന്നു’.

”ഇല്ല സാര്‍… അല്ല ബാപ്പ… എനിക്ക് ഭ്രാന്തില്ല. എന്റെ ബാപ്പ തന്നെയാണ് അങ്ങ്. വേണമെങ്കില്‍ ഞാന്‍ എന്റെ ഉമ്മായുടെ ഫോട്ടോ കാണിയ്ക്കാം. ഉമ്മ മരിച്ച് ഇത്രകാലവും ഞാന്‍ അങ്ങയെത്തേടി നടക്കുകയായിരുന്നു.”
അവന്റെ നിറഞ്ഞ കണ്ണുകളും, മുഖത്തു തുടിയ്ക്കുന്ന ആത്മാര്‍ത്ഥതയും അവന്റെ വാക്കുകളെ ശരി വയ്ക്കുന്നതായിരുന്നു. എല്ലാം കണ്ട് അസ്തപ്രജ്ഞയായി നില്‍ക്കുമ്പോള്‍ കണ്ടു. അവന്‍ പോക്കറ്റില്‍ നിന്നും ഒരു ചിത്രം പുറത്തെടുത്ത് ഫഹദ്‌സാറിന്റെ നേരെ നീട്ടുന്നത്. ഒരു ഞെട്ടലോടെ ഞാന്‍ കണ്ടു ആ ചിത്രത്തില്‍ ഫഹദ് സാറിനോടൊപ്പം മറ്റൊരു സ്ത്രീയെ, കാച്ചിയും തട്ടവുമിട്ട് വിവാഹവേഷത്തില്‍ ഏറെ സുന്ദരിയല്ലാത്ത ഒരു മുസ്ലീം സ്ത്രീയെ…

(തുടരും )

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px