എന്നാല്‍ ആ സന്തോഷത്തിന് അതിരുകള്‍ കല്പിച്ചു കൊണ്ടുള്ള ആ അപ്രതീക്ഷിത അതിഥിയുടെ കടന്നു വരവ് തികച്ചും ആകസ്മികമായിരുന്നു. ആ വരവ് ഒരു കൊടുങ്കാറ്റിന്റെ ആരംഭമായിരുന്നുവെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല. കൃഷ്ണമോളായിരുന്നു ആ അപ്രതീക്ഷിത അതിഥി. അപ്പോഴേയ്ക്കുമവള്‍ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായിക്കഴിഞ്ഞിരുന്നു. ടുട്ടുമോനും, കിങ്ങിണിമോളും… ആ രണ്ടു കണ്മണികളെ മാറോടടുക്കി പിടിച്ചവള്‍ ഒരു ദിനം ഞങ്ങളുടെ ഫ്‌ളാറ്റിലെത്തി.
ഞാനും, ഫഹദ്‌സാറും ഒരു ഹോളിഡേ മൂഡിലായിരുന്നു. ആസിഫാകട്ടെ വീല്‍ചെയറില്‍ നിന്ന് പൂര്‍ണ്ണമായും മോചിതനായിരുന്നില്ല. പുറത്ത് ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് ഫ്‌ളാറ്റിനു പുറത്തെത്തി ഞാന്‍ നോക്കി നിന്നു. അപ്പോള്‍ കൃഷ്ണമോള്‍ തന്റെ കുഞ്ഞുങ്ങളേയും ചേര്‍ത്തു പിടിച്ച് കാറില്‍ നിന്നുമിറങ്ങുകയായിരുന്നു.
ആ കാഴ്ച എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. ആവശ്യപ്പെട്ട പണം കിട്ടിയപ്പോള്‍ കൃഷ്ണമോളുടെ പിണക്കമെല്ലാം മാറിയിരിക്കുന്നു. ഞാനോര്‍ത്തു.
”കൃഷ്ണമോളെ… നീ വന്നുവോ… അല്ല ടുട്ടുമോനും, കിങ്ങിണിമോളുമുണ്ടല്ലോ…’
ഞാന്‍ ഓടിച്ചെന്ന് കുഞ്ഞുങ്ങളെ വാങ്ങി. ടുട്ടുമോന് ഏകദേശം മൂന്നു വയസ്സും, കിങ്ങിണിമോള്‍ക്ക് ഒരു വയസ്സുമായിക്കഴിഞ്ഞിരുന്നു അപ്പോള്‍ . കിങ്ങിണിമോള്‍ ഞാന്‍ കൈയ്യിലെടുത്ത ഉടന്‍ കരയാന്‍ തുടങ്ങി.
എന്നാല്‍ ആ അപരിചിതത്വം ടുട്ടുമോനുണ്ടായിരുന്നില്ല. അവന്‍ പണ്ടെങ്ങോ കണ്ടു മറന്നതു പോലെ എന്നോട് ചേര്‍ന്നു നിന്നു. മാത്രമല്ല അവനറിയാം ഞാന്‍ അവന്റെ ഗ്രാന്റ്മായാണെന്ന്. ആ സ്വാതന്ത്യ്രം മുതലെടുത്ത് അവന്‍ ചോദിച്ചു.
”ഗ്രാന്റ്മാ… എനിക്ക് ചോക്ക്‌ളേറ്റ് വാങ്ങിത്തരുമോ? ഈ മമ്മി എനിക്ക് ഒന്നും വാങ്ങിത്തരില്ല…’
‘പിന്നെന്താ… ഗ്രാന്റ്മാ മോന് ചോക്ക്‌ളേറ്റും കളിയ്ക്കാന്‍ കാറും ഒക്കെ വാങ്ങിത്തരുമല്ലോ…’
അവനെ ചേര്‍ത്തു പിടിച്ച് ആ കവിളില്‍ ഉമ്മ നല്‍കിക്കൊണ്ട് ഞാന്‍ പറഞ്ഞു.
അപ്പോള്‍ കൃഷ്ണമോള്‍ മുറ്റത്തു നിന്ന് ഞങ്ങളുടെ ഫ്‌ളാറ്റിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു.
”എത്ര നല്ല ഫ്‌ളാറ്റാ മമ്മീ ഇത്… എ ലക്ഷ്വറി ആന്‍ഡ് എലിഗന്റ് വണ്‍… മമ്മി ഇതിന് എത്ര കൊടുത്തു?”
”അതൊക്കെപ്പറയാം കൃഷ്ണമോളെ… വന്ന കാലില്‍ നില്‍ക്കാതെ നീ അകത്തേയ്ക്കു വാ…’
ഞാന്‍ കൃഷ്ണമോളെ അകത്തേയ്ക്കു ക്ഷണിച്ചു കൊണ്ട് പറഞ്ഞു. അവള്‍ വന്ന സന്തോഷത്തില്‍ ഞാന്‍ മറ്റെല്ലാം മറന്നിരുന്നു. അകത്തേയ്ക്ക് വന്നയുടനെ കൃഷ്ണമോള്‍ ഓരോ മുറിയായി കയറിയിറങ്ങിത്തുടങ്ങി.
”സ്‌പേഷ്യസ് റൂംസ്… മമ്മീ… മമ്മീയുടെ സെലക്ഷന്‍ ഉഗ്രന്‍…’ അവള്‍ എന്നെ അഭിനന്ദിച്ചു കൊണ്ടു പറഞ്ഞു.
അതിനിടയില്‍ ഞാനന്വേഷിച്ചു. ”കൃഷ്ണമോളെ, നിന്റെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പ്രശ്‌നമൊക്കെ തീര്‍ന്നോ? അവര്‍ക്കാവശ്യമായ പണം നീ നല്‍കിയോ?”
”ഓ… അതൊന്നും ഒരിയ്ക്കലും തീരുകയില്ല മമ്മീ… എത്ര കിട്ടിയാലും തികയാത്ത ആര്‍ത്തിപ്പണ്ടാരങ്ങളാ അവര്‍…’
‘അങ്ങനെയൊന്നും പറയരുത് കൃഷ്ണമോളെ… എത്രയൊക്കെയായാലും അവര്‍ നിന്റെ ഭര്‍ത്താവിന്റെ ആള്‍ക്കാരാണ്. നീ ഇങ്ങനെയൊക്കെപ്പറയുന്നതു കേട്ടാല്‍ ദേവാനന്ദിന് എന്തു തോന്നും?”
ഞാന്‍ അവളെ ശാസിച്ചു കൊണ്ടു പറഞ്ഞു.
”ഓ… ആ മണ്ണുണ്ണിയ്ക്ക് ഇതൊന്നും പ്രശ്‌നമല്ല മമ്മീ… എല്ലാ കാര്യങ്ങളും ഞാന്‍ ഡീല്‍ ചെയ്താല്‍ മതി.”
ഞങ്ങളുടെ സംഭാഷണം ആസിഫിന്റെ ബെഡ്‌റൂമില്‍ ചെന്നാണ് അവസാനിച്ചത്. അവിടെ ആസിഫ് വീല്‍ചെയറിലും, ഫഹദ്‌സാര്‍ അവനെ ശുശ്രൂഷിച്ചു കൊണ്ട് അടുത്തും നില്പുണ്ടായിരുന്നു. എന്റെ ബെഡ്‌റൂമില്‍ അപരിചിതരായ രണ്ടു പുരുഷന്മാരെക്കണ്ട് കൃഷ്ണമോള്‍ ഞെട്ടിത്തെറിച്ചു.
”ഇതാരാ മമ്മീ… രണ്ടുപേര്‍ മമ്മിയുടെ ബെഡ്‌റൂമില്‍ നില്‍ക്കുന്നത്?”
”ഇത്… ഈ് ഫഹദ്‌സാറും മകനുമാണ്. കൃഷ്ണമോള്‍ ഈ മമ്മിയോടു പൊറുക്കണം. ഞങ്ങളുടെ മാര്യേജ് കഴിഞ്ഞ വിവരം നിന്നെ അറിയ്ക്കാന്‍ പറ്റിയില്ല…’
അല്പം ഭയപ്പാടോടെ ഞാന്‍ വിക്കി വിക്കി പറഞ്ഞു.
”എന്ത്… ഫഹദ്‌സാറുമായുള്ള മമ്മിയുടെ മാര്യേജ് കഴിഞ്ഞുവെന്നോ? എനിക്കിത് വിശ്വസിയ്ക്കാനാവുന്നില്ല. ഈ വിവാഹം എന്നായിരുന്നു മമ്മീ… അല്ല, ആരേയും അറിയ്ക്കാതെ മമ്മിയ്ക്ക് ഒറ്റയ്ക്ക് എന്തുമാകാമെന്നാണോ?”
അവള്‍ ഈറ്റപ്പുലിയെപ്പോലെ ചീറിക്കൊണ്ട് ഞങ്ങളെ നോക്കി ചോദിച്ചു.
”അത്… അത് ഏകദേശം ഒന്നരക്കൊല്ലം മുമ്പായിരുന്നു മോളെ… നിന്നെ അറിയിച്ചാല്‍ നിനക്ക് ഇഷ്ടപ്പെടുകയില്ലെന്നു തോന്നിയതു കൊണ്ടാണ്…’
അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയ എന്റെ നേര്‍ക്ക് ചീറിക്കൊണ്ടവള്‍ പാഞ്ഞടുത്തൂ.
”എന്നിട്ട്… എന്നിട്ട് മമ്മി എല്ലാം എന്നില്‍ നിന്ന് ഒളിച്ചു വച്ചു. എന്നെ അറിയിച്ചാല്‍ എനിക്കിഷ്ടപ്പെടുകയില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ മമ്മി മറ്റൊരാളെ വിവാഹം കഴിച്ചു. കൊള്ളാം മമ്മീ… എന്റെ പപ്പ മരിച്ച് ഒരു കൊല്ലം തികയുന്നതിനു മുമ്പ് മമ്മി മറ്റൊരാളെ തെരഞ്ഞെടുത്തു. നിങ്ങള്‍ക്ക് നാണമുണ്ടായിരുന്നോ മമ്മീ ഇങ്ങനെയൊക്കെ ചെയ്യാന്‍. എന്റെ പപ്പ, എന്റെ പപ്പ നിങ്ങളെ എത്രമാത്രം സ്‌നേഹിച്ചിരുന്നു…’
അവള്‍ അവസാനം വാക്കുകള്‍ പറയുമ്പോള്‍ തേങ്ങിക്കരഞ്ഞു തുടങ്ങിയിരുന്നു.
”ശരിയാണ് മോളെ… മമ്മി ചെയ്തത് നിന്റെ കണ്ണില്‍ തെറ്റായിരിക്കാം. പക്ഷെ നിന്റെ പപ്പയുടെ മരണ സമയത്തെ ആഗ്രഹവും കൂടിയായിരുന്നു ഇത്. പപ്പ ഫഹദ്‌സാറിനോട് ചെയ്ത തെറ്റിന് മമ്മി പ്രായശ്ചിത്തം ചെയ്യണമെന്ന് പറഞ്ഞിരുന്നു. പിന്നെ എനിക്ക് കിഡ്‌നി ഡൊണേറ്റ് ചെയ്തത് ഇദ്ദേഹമാണ്. ഇദ്ദേഹത്തെ ഉപേക്ഷിയ്ക്കാന്‍ എനിക്കാകുമായിരുന്നില്ല.”
”മമ്മീ… എന്തൊക്കെപ്പറഞ്ഞാലും നിങ്ങള്‍ സ്വാര്‍ത്ഥയാണ്. നിങ്ങളൊരിക്കലും എന്റെ പപ്പയെ സ്‌നേഹിച്ചിരുന്നില്ല. നിങ്ങള്‍ക്ക് എന്നും ഇദ്ദേഹമായിരുന്നു വലുത്. മമ്മിയുടെ ചെറുപ്പത്തിലെ ഈ കാമുകന്‍…’
പരിസരം മറന്നുള്ള കൃഷ്‌മോളുടെ പ്രകടനങ്ങള്‍ ഫഹദ്‌സാറിനെയും, ഒപ്പം ആസിഫിനെയും ഒരുപോലെ അമ്പരപ്പിച്ചു. അവര്‍ അസ്തപ്രജ്ഞരായി നോക്കി നിന്നു. ഇതിനിടയില്‍ കൃഷ്ണമോള്‍ ടുട്ടുമോനെ വലിച്ചിഴച്ച്, കിങ്ങിണിമോളെ ഒക്കത്തെടുത്ത് അടക്കാനാവാത്ത ദേഷ്യത്തോടെ തിരിഞ്ഞു നടന്നു തുടങ്ങിയിരുന്നു.
”ഇനി ഇങ്ങോട്ട് ഞാന്‍ കാലുകുത്തുകയില്ല. മാത്രമല്ല മമ്മി എന്നോട് ചെയ്ത ഈ ചതിയ്ക്ക് ഞാന്‍ പകരം ചോദിച്ചിരിക്കും. എനിക്കവകാശപ്പെട്ട, മമ്മി വാടകയ്ക്ക് കൊടുത്തിരിയ്ക്കുന്ന ആ വീട്, അതെന്റെ പപ്പ പണി കഴിപ്പിച്ചതാണ്. അത് എനിക്ക് ഉടന്‍ വിട്ടു കിട്ടണം. പിന്നെ മമ്മിയുടെ സ്വത്തുക്കള്‍ അതും എനിക്കവകാശപ്പെട്ടതാണ്. എന്റെ അവകാശങ്ങള്‍ മറ്റാരും അനുഭവിയ്ക്കാന്‍ ഞാന്‍ സമ്മതിയ്ക്കുകയില്ല. കേസു കൊടുത്താണെങ്കിലും ഞാനവയെല്ലാം വാങ്ങിയെടുത്തിരിയ്ക്കും. ഇതോടെ ഞാനും മമ്മിയും തമ്മിലുള്ള എല്ലാ ബന്ധങ്ങളും തീര്‍ന്നു കഴിഞ്ഞു. ഇനി നിങ്ങള്‍ മരിച്ചുവെന്നറിഞ്ഞാല്‍ പോലും ഞാന്‍ വരികയില്ല.”
കൃഷ്ണമോള്‍ ചാടിത്തുള്ളിക്കൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി. അല്പം കഴിഞ്ഞപ്പോള്‍ അവള്‍ വന്ന കാറ് അവിടെ നിന്നും അകന്നു പോകുന്ന ശബ്ദം കേട്ടു. ഒരു കൊടുങ്കാറ്റടിച്ചു ശാന്തമായതു പോലെ അവിടമാകെ കനത്ത നിശബ്ദത പരന്നു.
കൃഷ്ണമോള്‍ പോയ ശേഷം പ്രഞ്ജയറ്റതു പോലെ നിന്ന എന്റെ സമീപത്തേയ്ക്ക് ഫഹദ് സാര്‍ നടന്നെത്തി. അദ്ദേഹം എന്റെ തോളില്‍പ്പിടിച്ച് സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.
”സാരമില്ല മീര… ഒരു കാലത്ത് അവള്‍ എല്ലാം മനസ്സിലാക്കും. തന്റെ കൈയ്യില്‍ തെറ്റൊന്നുമില്ലെന്ന്.”
‘ആയിരിക്കാം ഫഹദ്‌സാര്‍… പക്ഷെ … പക്ഷെ… ഇപ്പോളവള്‍ പറഞ്ഞ വാക്കുകള്‍ എത്രത്തോളം എന്നെ വേദനിപ്പിച്ചുവെന്ന് അങ്ങയ്ക്കറിയില്ല. അവള്‍ക്കെന്നും സ്വന്തം പപ്പയായിരുന്നു വലുത് . പിന്നെ അവളുടെ അവകാശങ്ങളും.എന്നെ അവളൊരിക്കലും സ്‌നേഹിച്ചിട്ടില്ല.’
ഞാന്‍ പൊട്ടിക്കരഞ്ഞു തുടങ്ങിയപ്പോള്‍ ഫഹദ്‌സാര്‍ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അടുത്തിരുന്നു.
”നമുക്ക് നമ്മെ അറിയുന്നിടത്തോളം മറ്റുള്ളവര്‍ക്ക് നമ്മെ അറിഞ്ഞെന്നു വരികയില്ല മീരാ… നമ്മുടെ മനസ്സാക്ഷിയ്ക്കു മുമ്പില്‍ നമ്മള്‍ തെറ്റുകാരാകാതിരുന്നാല്‍ മതി. മറ്റുള്ളവര്‍ നമ്മെ തനിയെ ബോദ്ധ്യപ്പെട്ടു കൊള്ളും.”
ആ വാക്കുകള്‍ ഒട്ടൊരു ആശ്വാസം പകര്‍ന്നു തന്നു. പിന്നീട് കരച്ചിലടക്കി ഞാന്‍ കിച്ചനിലേയ്ക്കു നടന്നു. ഫഹദ്‌സാറിനും ആസിഫിനുമുള്ള ആഹാരം പാകം ചെയ്യുന്ന തിരക്കിലമര്‍ന്നപ്പോള്‍ ഞാന്‍ മറ്റെല്ലാം മറന്നു. എന്റെ ദുഃഖങ്ങളും അതോടെ കെട്ടടങ്ങി. എങ്കിലും ഇടയ്ക്കിടെ കൃഷ്ണമോളുടെ അന്ത്യശാസനം മനസ്സില്‍ മുഴങ്ങി.
”എനിയ്ക്കവകാശപ്പെട്ട മമ്മി വാടകയ്ക്കു കൊടുത്തിരിയിക്കുന്ന ആ വീട്… എന്റെ പപ്പ പണികഴിപ്പിച്ചതാണ്… അതെനിയ്ക്ക് വിട്ടു കിട്ടണം. മാത്രമല്ല മമ്മിയുടെ മറ്റു സ്വത്തുക്കള്‍… അതിന്റെ അവകാശിയും ഞാന്‍ മാത്രമാണ്.”
അവളുടെ വാക്കുകള്‍ ഒരശരീരി പോലെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അപ്പോള്‍ കൃഷ്ണമോളുടെ പ്രശ്‌നം ഞാന്‍ മറ്റൊരു വിവാഹം കഴിച്ചതല്ല, അവള്‍ക്കവകാശ പ്പെട്ടതെല്ലാം മറ്റൊരാള്‍ അനുഭവിക്കുമെന്ന പേടിയാണ്. അതിനെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ ഫഹദ് സാര്‍ പറഞ്ഞതിങ്ങനെയാണ്.
”എനിക്കോ എന്റെ മകനോ മീരയുടെ മകള്‍ക്കവകാശപ്പെട്ടതൊന്നും ആവശ്യമില്ല. സ്വത്തു മോഹിച്ചല്ല ഞാന്‍ മീരയെ വിവാഹം കഴിച്ചത്. ഈ ലോകത്തില്‍ മറ്റെന്തിനെക്കാളും വലുത് എനിക്കെന്റെ മീര മാത്രമാണ്. മരിയ്ക്കും വരെ അങ്ങനെയായിരിക്കുകയും ചെയ്യും.”
ആ വാക്കുകള്‍ ശില പോലെ ഉറച്ചതായിരുന്നു. സ്‌നേഹത്തിന്റെ കാര്യത്തില്‍ ഉറപ്പുള്ള ആ മനസ്സിന്റെ കാഠിന്യം തനിക്കെന്നേ ബോദ്ധ്യപ്പെട്ടതാണ്. ഏതൊരു കൊടുങ്കാറ്റിനും പിഴുതെറിയാനാവാത്ത ശിലയുടെ കാഠിന്യം ആ വാക്കുകളില്‍ നിറഞ്ഞു നിന്നു.
കാലം ഉണക്കാത്ത മുറിവുകളില്ല എന്നാണല്ലോ പറയാറ്, എന്നെ സംബന്ധിച്ചിടത്തോളവും അതുതന്നെയായിരുന്നു ശരി. പല മുറിവുകളും കാലാന്തരത്തില്‍ ഉണങ്ങിക്കരിഞ്ഞു. പക്ഷെ വീണ്ടും മുറിവുകളുണ്ടായി. അവയും കാലത്തിന്റെ തലോടലേറ്റ് ഉണങ്ങിക്കരിഞ്ഞു. ഒരു ഭിഷഗ്വരനെ പ്പോലെ കാലം അതിന്റെ പ്രക്രീയ തുടര്‍ന്നു പോന്നു.
എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ കളകളാരവും മുഴക്കിക്കൊണ്ട്, കാലം കുറച്ചു നാളുകളെങ്കിലും ഒരു കാട്ടാറു പോലെ കുതിച്ചൊഴുകിക്കൊണ്ടിരുന്നു.
ഇതിനിടയില്‍ ഞങ്ങള്‍ രണ്ടുപേരുടേയും റിട്ടയര്‍മെന്റ് കാലവുമെത്തി.
കോളേജങ്കണത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച് എന്നേയും ഫഹദ് സാറിനേയും, വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ആദരിക്കുകയുണ്ടായി.
പത്തുമുപ്പത്തഞ്ചു വര്‍ഷക്കാലം ഞാനാ കോളേജിനു വേണ്ടി ചെയ്ത സേവനങ്ങള്‍, വിദ്യാര്‍ത്ഥികളോടുള്ള ആത്മാര്‍ത്ഥത, പഠിപ്പിക്കുവാനുള്ള കഴിവ് അങ്ങിനെ എല്ലാം എടുത്തു പറഞ്ഞ് എന്നെ വാഴ്ത്തുകയുണ്ടായി. ബൃഹത്തായ, പലനിലകളില്‍ എത്തിപ്പെട്ട ഒരു ശിഷ്യ പരമ്പര തന്നെ എനിക്കുണ്ടായി എന്നത് അഭിമാനാര്‍ഹനേട്ടമായി എടുത്തു പറയപ്പെട്ടു.
വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന കാര്യത്തിലും മറ്റെല്ലാക്കാര്യത്തിലും കോളേജിനു ഞാന്‍ നല്‍കിയ പിന്തുണ പ്രത്യേകം ശ്ലാഘിക്കപ്പെട്ടു. എല്ലാറ്റിനും മറുപടി പറയുമ്പോള്‍ വികാരവിക്ഷോഭം കൊണ്ട് വാക്കുകള്‍ കിട്ടാതെ ഞാന്‍ ഉഴറി.
വിദ്യാര്‍ത്ഥികളില്‍ പലരും എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. മാഡം ഞങ്ങള്‍ക്ക് മാതൃസമാനയാണെന്ന് പറഞ്ഞ് എന്നോട് അടുപ്പം പ്രകടിപ്പിച്ചു. ഒരിയ്ക്കല്‍ കൂടി എല്ലാറ്റിനും നന്ദി പറഞ്ഞു കൊണ്ട് ഞാനും, ഫഹദ്‌സാറും ആ കോളേജിന്റെ പടിയിറങ്ങി.
ചായ സത്ക്കാരവും കഴിഞ്ഞ് തിരികെപ്പോരുമ്പോള്‍ ഫഹദ്‌സാര്‍ എന്റെ കൈപിടിച്ചു പറഞ്ഞു.
”ഇനിയുള്ള കാലം നമുക്ക് നാം മാത്രം. പരസ്പരം സ്‌നേഹിച്ച്, അന്യോന്യം തുണയായി നമുക്ക് നമ്മുടെ കൊച്ചു കൂട്ടില്‍ കഴിയാം.”
ആഹ്ലാദത്തിന്റെ ഇലയും പൂവും, കായും തളിര്‍ത്തു നിന്ന ഞങ്ങളുടെ ജീവിത വൃക്ഷ ശാഖയില്‍ ഋതുക്കള്‍ പാറി വന്നു, കൂടുകൂട്ടി…
മാറി വന്ന ഋതുക്കളിലെ ചൂടും, തണുപ്പുമേറ്റ് രണ്ടു വൃദ്ധ ദമ്പതികള്‍ ആ കിളിക്കൂട്ടില്‍ സുഖമായുറങ്ങി. അന്യോന്യം സ്വയം മറന്നു സ്‌നേഹിച്ച ഞങ്ങളുടെ കൂട്ടിലേയ്ക്ക് കാലം കാത്തു വച്ചത് മറ്റൊരു അശനിപാതമായിരുന്നു.
ബ്രസ്റ്റ് കാന്‍സറിന്റെ രൂപത്തില്‍ അതു എന്നെ വിഴുങ്ങാനായി കാത്തു നിന്നു. അപ്പോഴേയ്ക്ക് ആസിഫ് തന്റെ എംഡി പഠനം പൂര്‍ത്തിയാക്കിയിരുന്നു. അവന് വിദേശത്തു നിന്നും ജോലിയ്ക്കുള്ള നല്ല ഒരു ഓഫര്‍ വന്നുവെങ്കിലും അവന്‍ പോകുവാന്‍ കൂട്ടാക്കാതെ നിന്നു.
”ഇവിടെ ഉമ്മായേയും ബാപ്പയേയും ഒറ്റയ്ക്ക് വിട്ട് ഞാനെങ്ങനെ പോകും? ഉമ്മായ്ക്കാണെങ്കില്‍ നല്ല സുഖമില്ല താനും.”
അവന്‍ തന്റെ നിലപാടു വെളിപ്പെടുത്തി. എന്നാല്‍ ഫഹദ്‌സാറും ഞാനും അതിനെതിരായിരുന്നു. അവന്റെ നല്ല ഭാവിയായിരുന്നു ഞങ്ങള്‍ക്കു മുഖ്യം.
”എനിക്കിപ്പോള്‍ കാര്യമായ അസുഖമൊന്നുമില്ല ആസിഫ്… എന്നെയോര്‍ത്ത് നീ നിന്റെ നല്ല ഭാവി നഷ്ടപ്പെടുത്തരുത്.”
ഞാന്‍ ശാസനാ രൂപത്തില്‍ പറഞ്ഞപ്പോള്‍ അവന്‍ പിന്നെ എതിര്‍ക്കാന്‍ നിന്നില്ല. സത്യത്തില്‍ ആസിഫിന്റെ മനസ്സില്‍ കനത്തു നിന്ന ഒരു മോഹമായിരുന്നു വിദേശത്ത് ഒരു ജോലി.
ഹുസൈനും അതു പറഞ്ഞ് അവനെ പ്രോത്സാഹിപ്പിച്ചിരുന്നു. ഒടുവില്‍ എല്ലാവരുടേയും മോഹസാക്ഷാത്ക്കാരം പോലെ, ന്യൂസിലാന്റിലേയ്ക്ക് അവന്‍ തന്റെ സ്വപ്നങ്ങളുടെ ചിറകിലേറി പറന്നു.
ആസിഫ് അകന്നു പോയപ്പോഴാണ് അവന്റെ വിടവ് ഞങ്ങളറിഞ്ഞത്. ഒരു മകനെന്ന നിലയിലും ഒരു ഡോക്ടറെന്ന നിലയിലും ഈ വാര്‍ദ്ധക്യത്തില്‍ അവന്‍ ഞങ്ങള്‍ക്ക് തുണയായിരുന്നു. പ്രത്യേകിച്ച് ഞാന്‍ രോഗഗ്രസ്തയായ ഈ സാഹചര്യത്തില്‍. ആദ്യത്തെ ഞെട്ടലില്‍ നിന്നു വിമുക്തയായപ്പോള്‍ എന്റെ രണ്ടു മാറിടങ്ങളും എനിക്കു നഷ്ടമായിരുന്നു.
”ഞാനിന്നൊരു സ്ത്രീയല്ല, ഒരു സ്ത്രീയുടെ നിഴല്‍ രൂപം മാത്രമാണ് ഫഹദ്‌സാര്‍…’
ഛേദിക്കപ്പെട്ട എന്റെ മാറിടത്തിലേയ്ക്കും വയറ്റിലെ ഓപ്പറേഷന്റെ തെളിഞ്ഞു നില്‍ക്കുന്ന പാടിലേയ്ക്കും നോക്കി നെടുവീര്‍പ്പിടുമ്പോള്‍ എന്റെ വാക്കുകളില്‍ നിറഞ്ഞു നിന്ന അപകര്‍ഷതയുടെ മുള്ളുകളെ വാക്കുകള്‍ കൊണ്ടെടുത്ത് ഫഹദ്‌സാര്‍ പറഞ്ഞു.
”നിന്റെ ശരീരമല്ല, നിന്റെ മനസ്സാണ് എനിക്കു വലുത്. നിന്നെ സ്‌നേഹിക്കുമ്പോള്‍ നിന്റെ ആത്മാവിന്റെ സൗന്ദര്യമാണ് നിന്റെ മിഴികളില്‍ ഞാന്‍ കണ്ടത്.”
ആ വാക്കുകളുടെ പവിത്രതയില്‍ അലിഞ്ഞില്ലാതെയാവുകയായിരുന്നു ഞാന്‍. പിന്നീട് ഹോസ്പിറ്റലിലേയ്ക്കുള്ള നീണ്ട യാത്രകള്‍. ചിലപ്പോഴെല്ലാം ഡോക്ടറുടെ ആശ്വാസ വാക്കുകള്‍. ക്യാന്‍സര്‍ അങ്ങനെ ഭയപ്പെടേണ്ട അസുഖമൊന്നുമല്ല. മനശക്തി കൊണ്ട് എന്തിനേയും നേരിടാന്‍ പഠിച്ചാല്‍ ഏതസുഖത്തില്‍ നിന്നും മുക്തിനേടാം.
ആ വാക്കുകളില്‍ അഭയം തേടി പലപ്പോഴും മനസ്സിനെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. കൂടെ ഫഹദ്‌സാറിന്റെ സാന്നിദ്ധ്യവും, സാന്ത്വന വചസ്സുകളും ഏറ്റവുമൊടുവില്‍ മാറിടം ഛേദിക്കപ്പെട്ടപ്പോഴും ഞാന്‍ പിടിച്ചു നിന്നു. അസുഖത്തില്‍ നിന്ന് മുക്തയാകുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു. എന്നാല്‍ എന്റെ അവയവങ്ങള്‍ ഓരോന്നും ദാനം നല്‍കിയിട്ടും തൃപ്തിവരാത്ത പോലെ ക്യാന്‍സര്‍ എന്നെ വിടാതെ പിടികൂടി.
ശരീരത്തിലെ മിയ്ക്കവാറും എല്ലാ അവയവങ്ങളിലേയ്ക്കും ക്യാന്‍സര്‍ വ്യാപിച്ചു തുടങ്ങി എന്ന് ഡോക്ടറുടെ മുന്നറിയിപ്പ് ഒരിയ്ക്കല്‍ കൂടി എന്നെ തളര്‍ത്തിക്കളഞ്ഞു. പക്ഷെ അപ്പോഴും ഫഹദ്‌സാര്‍ പറഞ്ഞു.
”ഇല്ല മീര… നിന്നെ ഞാന്‍ മരണത്തിനു വിട്ടു കൊടുക്കുകയില്ല. ഈ ജീവിതം മുഴുവന്‍ എന്നോടു തന്നെ പോരാടി ഞാന്‍ നിന്നെ നേടിയത് ഇതിനുവേണ്ടിയായിരുന്നില്ല. എന്തു ത്യാഗം സഹിച്ചും എത്ര പണം ചെലവാക്കിയും ഞാന്‍ നിന്നെ വീണ്ടെടുക്കും.”
ഫഹദ്‌സാര്‍ നിശ്ചയദാര്‍ഢ്യം തുളുമ്പുന്ന വാക്കുകള്‍ ഉരുവിട്ടു.
എനിക്കും ജീവിയ്ക്കണം ഫഹദ്‌സാര്‍… അങ്ങയോടൊപ്പം കല്പാന്ത കാലത്തോളം… ഞാന്‍ തൊട്ടടുത്തെത്തി നില്‍ക്കുന്ന മരണത്തിനു മുന്നില്‍ നിന്നും മുഖം തിരിച്ച് ഫഹദ്‌സാറിനെ ഇറുകെപ്പുണര്‍ന്നു പറഞ്ഞു. നിറഞ്ഞൊഴുകുന്ന എന്റെ മിഴികള്‍ തുടച്ച് ഫഹദ്‌സാര്‍ വീണ്ടും പറഞ്ഞു.
”നമ്മള്‍ ജീവിയ്ക്കും മീരാ.. ഒരുമിച്ചു തന്നെ… അഥവാ മരിയ്ക്കുകയാണെങ്കില്‍ അതും ഒരുമിച്ച്…’
അദ്ദേഹം എന്നെ ഇറുകെപ്പുണര്‍ന്നു കൊണ്ടാണതു പറഞ്ഞത്. സെക്കന്റുകള്‍ മിനിട്ടുകളായും മിനിട്ടുകള്‍ മണിക്കൂറുകളായും ഞങ്ങള്‍ക്കു മുന്നിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്നു. വേര്‍പിരിയാനാവാത്ത രണ്ടാത്മാക്കള്‍ പോലെ, പരസ്പരം ഒട്ടിച്ചേര്‍ന്ന് ഞങ്ങളിരുന്നു.
ഇതിനോടകം രാവും പകലും എത്ര പ്രാവശ്യം തങ്ങളുടെ സ്ഥാനങ്ങള്‍ അന്യോന്യം കൈമാറിയെന്ന് ഞങ്ങളറിഞ്ഞില്ല. രാവു പകലിനു വേണ്ടിയും പകല്‍ രാവിനു വേണ്ടിയും ദീര്‍ഘമായി തപസ്സിരുന്നു.
അന്ത്യത്തില്‍ സന്ധ്യയുടെ നേര്‍ത്ത തുടിപ്പില്‍ നൈമിഷികമായ സമാഗമം. ഒടുവില്‍ രാവിന്റെ ഇരുളിമയില്‍ അലിഞ്ഞു ചേര്‍ന്ന് പകല്‍ സായൂജ്യം നേടിയതു പോലെ ഞങ്ങളും അന്യോന്യം ആത്മാവു കൊണ്ട് അലിഞ്ഞു ചേര്‍ന്നു. അതിനു ദൃക്‌സാക്ഷിയാവാന്‍ ഒരാളെത്തി.
അസുഖത്തിന്റെ തീവ്രതയില്‍ ആശുപത്രിക്കിടക്കയില്‍ മയങ്ങിക്കിടക്കുമ്പോള്‍ ആ രൂപം മിഴികളിലോടിയെത്തി. ശുഭ്രവസ്ത്രം ധരിച്ച്, നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞ ഒരു സന്യാസിനി രൂപം അതോ ദേവതയോ?
പുഞ്ചിരിയോടെ ആ ദേവത, എന്റെ കൈകള്‍ ഉള്ളം കൈയ്യിലെടുത്ത് ചോദിച്ചു.
”അമ്മയ്ക്കിപ്പോള്‍ എങ്ങിനെയുണ്ട്?” എന്റെ കൈകള്‍ കവര്‍ന്ന ആ യുവ സന്യാസിനിയെ അല്പം പരിഭ്രമത്തോടെ ഞാന്‍ സൂക്ഷിച്ചു നോക്കി.
നീണ്ടിടതൂര്‍ന്ന മുടിയിഴകളിലും, ചുവന്നു തുടുത്ത ചുണ്ടുകളില്‍ മനോഹരമായി വിരിഞ്ഞു നില്‍ക്കുന്ന പുഞ്ചിരിയിലേയ്ക്കും ശുഭ്രവസ്ത്രത്തിലേയ്ക്കും നോക്കി ഞാന്‍ പതിയെ ചോദിച്ചു.
”ആരാണു നീ… എന്നെ സ്വര്‍ഗ്ഗത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ വന്ന ദേവതയാണോ?
”ദേവതയോ? അമ്മ ഈ ഭൂമിയില്‍ തന്നെ ജീവിച്ചു കാണണം എന്നാഗ്രഹിക്കുന്ന ഒരു പാവം പെണ്‍കുട്ടിയാണമ്മേ ഞാന്‍… എന്റെ പേര് അഞ്ജലി… അമ്മയ്‌ക്കെന്നെ മനസ്സിലാകണമെങ്കില്‍ ഒന്നു സൂക്ഷിച്ചു നോക്കൂ…’
ഞാനാ നീണ്ട കണ്ണുകളിലേയ്ക്കും നിഷ്‌ക്കളങ്കത തങ്ങി നില്‍ക്കുന്ന തുടുത്ത കവിള്‍ത്തടങ്ങളിലേയ്ക്കും നോക്കി നിര്‍ന്നിമേഷയായി കിടന്നു. അപ്പോള്‍ മനസ്സു പറഞ്ഞു എവിടെയോ കണ്ടു മറന്ന മുഖം. പക്ഷെ ഓര്‍മ്മകള്‍ നിറം മങ്ങിയ കണ്ണാടി പോലെ അവ്യക്ത ചിത്രങ്ങളായി മനസ്സില്‍ നിറയുന്നു.
നിറം മങ്ങിയ ഒരു പെയിന്റിംഗ് പോലെ മനസ്സിന്റെ ഭീത്തിയില്‍ ആരോ തൂക്കിയിട്ട ഒരു ചിത്രം…. പക്ഷെ ആ ചിത്രം പ്രിയപ്പെട്ട ആരുടേയോ എന്ന പോലെ ഹൃദയഭിത്തിയില്‍ കൊളുത്തി വലിയ്ക്കുന്നു. ആരുടേയോ ഓര്‍മ്മയില്‍ ഹൃദയം നുറുങ്ങുകളായി ചിതറുന്നതു പോലെ…
മനസ്സ് മന്ത്രിക്കുന്നു. ഈ രൂപം നിനക്കേറെ പ്രിയപ്പെട്ട ഒരാളുടേതാണ്… ഓര്‍മ്മകളെ മടങ്ങി വരൂ… ഈ രൂപം ആരുടേതെന്ന് ഒരിയ്ക്കല്‍ മാത്രം എന്നോടു മന്ത്രിയ്ക്കൂ.. അപ്പോള്‍ കാതില്‍ വീണ്ടും ആ വാക്കുകള്‍ കേട്ടു.
”എന്നെ മനസ്സിലായില്ലേ അമ്മേ… ഞാന്‍ … ഞാന്‍… ഒരിയ്ക്കല്‍ രാഹുലിന്റെ എല്ലാമായിരുന്നു. അമ്മ ഏതെങ്കിലും ഗ്രൂപ്പ് ഫോട്ടോയില്‍ എന്നെ കണ്ടു കാണും രാഹുലിനോടൊപ്പം. ഒന്നോര്‍ത്തു നോക്കിയേ…’
വീണ്ടും നിഷ്‌ക്കളങ്കമായ ആ പുഞ്ചിരി. അതെ ഇതവള്‍ തന്നെ. ഒരിയ്ക്കല്‍ രാഹുലിന്റെ എല്ലാമായിരുന്നവള്‍. രാഹുലിനു വേണ്ടി ജീവത്യാഗം പോലും ചെയ്യാന്‍ തയ്യാറായവള്‍. എന്റെ രാഹുല്‍ മോന്റെ ഇഷ്ടഭാജനം. ”മോളെ അഞ്ജലി” നിന്നെ ഞാന്‍ തിരിച്ചറിയാതെ പോയല്ലോ… ഈ അമ്മയോടു ക്ഷമിക്കൂ മോളെ…
ഹൃദയം നുറുങ്ങിയ വാക്കുകള്‍ ഉരുവിടുമ്പോള്‍ അറിയാതെ കൈകള്‍ കൂപ്പിയോ? ഇല്ല… ഇവിടെ ഞാന്‍ മാപ്പിനര്‍ഹയല്ല. എന്റെ രാഹുല്‍മോന്‍ പരലോകത്തിരുന്ന് ഈ കാഴ്ച കാണുന്നുണ്ടാവും. അവന്‍ ഈ അമ്മയോട് ക്ഷമിച്ചു എന്നു വരികയില്ല.
തമ്മില്‍ കാണുമ്പോള്‍ അവനോട് എന്തു പറഞ്ഞ് ഞാന്‍ മാപ്പിരക്കും? അപരിഹാര്യമായ ഈ തെറ്റിനുള്ള ശിക്ഷ എന്തായിരിക്കും അവന്‍ നല്‍കുക? ഇനി ഒരിയ്ക്കലും ഈ വയറ്റില്‍ പിറക്കാതെ പോകട്ടെ എന്നോ? അരുത്… മകനെ… നീയി അമ്മയെ അങ്ങനെ ശിക്ഷിയ്ക്കരുത്. ഇനിയുമൊരു നൂറു ജന്മം കൂടി നീ എന്റെ വയറ്റില്‍ മകനായി പിറക്കണം. നിന്റെ ജന്മത്താല്‍ എന്റെ ഗര്‍ഭപാത്രം പവിത്രീകരിയ്ക്കണം. ഈ അമ്മയുടെ ഓരോ ജന്മങ്ങളും നിനക്കുവേണ്ടി മാത്രമുള്ളതാണ്. മകനെ നിനക്കുവേണ്ടി മാത്രം… അങ്ങനെ ഈ അമ്മയുടെ ഓരോ ജന്മങ്ങളും സഫലമാകട്ടെ.
അഞ്ജലി അടുത്തിരുന്ന് ആ മടിയില്‍ എന്റെ ശുഷ്‌ക്കിച്ച കരങ്ങള്‍ വച്ച് തലോടിക്കൊണ്ട് പറഞ്ഞു.
”അമ്മേ… രാഹുല്‍ മരിച്ച ശേഷവും അകലങ്ങളിലിരുന്ന് ഞാന്‍ അമ്മയെക്കുറിച്ച് എല്ലാം അറിഞ്ഞിരുന്നു. അരുണിലൂടെ… ഇപ്പോഴും അമേരിയ്ക്കയിലിരുന്ന് അവന്‍ എന്നെ എല്ലാമറിയിക്കാറുണ്ട്.”
”അരുണിലൂടെയോ… അപ്പോള്‍ അവന് അഞ്ജലി എവിടെയാണെന്ന് അറിയാമായിരുന്നു അല്ലേ? ഒരിയ്ക്കല്‍ ഞാന്‍ നിന്റെ ഫോട്ടോ ആവശ്യപ്പെട്ടപ്പോള്‍ അവന്റെ കൈയ്യിലില്ലായിരുന്നു. പിന്നെ എപ്പോഴെങ്കിലും കാണിച്ചു തരാം എന്നു പറഞ്ഞു. അഞ്ജലി ഇപ്പോഴും അവിവാഹിതയായി കഴിയുകയാണെന്നും പറഞ്ഞു. അല്പം അതിശയോക്തി കലര്‍ന്ന ശബ്ദത്തില്‍ അവശതയോടെ ഞാന്‍ മെല്ലെ പറഞ്ഞതു കേട്ട് അജ്ഞലി പറഞ്ഞു.
”ശരിയാണമ്മേ… ഞാനും അരുണും തമ്മില്‍ നേരിട്ട് കണ്ടിട്ട് വര്‍ഷങ്ങളായി. പക്ഷെ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും ഞങ്ങള്‍ ചാറ്റ് ചെയ്യുമായിരുന്നു. അങ്ങനെയാണ് വിശേഷങ്ങള്‍ അറിഞ്ഞു കൊണ്ടിരുന്നത്.”
”എന്നിട്ടിപ്പോള്‍ ഞാനിവിടെയുണ്ടെന്ന് അരുണ്‍ പറഞ്ഞുവോ?”
എന്റെ ചോദ്യം കേട്ട് അവള്‍ പറഞ്ഞു.
അതെ അമ്മേ… അമ്മ ഇവിടെയാണെന്ന് ഈയിടെ അരുണാണ് എന്നോട് പറഞ്ഞത്. പക്ഷെ അമ്മ ഇവിടെയെത്തുന്നതിനു മുമ്പു തന്നെ ഞാന്‍ ഇവിടെയെത്തിയിരുന്നു. ഈ പാലിയേറ്റീവ് സെന്ററില്‍ ഞാനെത്തിയിട്ട് മൂന്നു വര്‍ഷങ്ങളാകുന്നു. ഇവിടെ മരണത്തോടു മല്ലടിച്ചു കഴിയുന്ന രോഗികളെ ശുശ്രൂഷിച്ച് ഞാന്‍ കഴിയുകയായിരുന്നു. ഒരു ഡോക്ടറെന്നതിനാക്കാളേറെ ഒരു സാമൂഹ്യ സേവനം എന്ന നിലയ്ക്കാണ് ഞാനിവിടെ പ്രവര്‍ത്തിക്കുന്നത്. അപ്പോഴാണ് ഒരു ഉള്‍വിളിക്കണക്ക അമ്മയുടെ സാന്നിദ്ധ്യം ഞാനറിയുന്നത്. അതുകഴിഞ്ഞ് അരുണും എന്നോടതു തന്നെ പറഞ്ഞു.എന്റെ രാഹുലിന്റെ അമ്മയെ ശുശ്രൂഷിക്കാന്‍ ദൈവം എനിക്കു നല്‍കിയ അവസരമായി ഞാനിതിനെ കണക്കാക്കുന്നു. ‘
അവള്‍ കരുണ ചൊരിയുന്ന കണ്ണുകളോടെ എന്റെ സമീപം ഇരുന്നു. അവളുടെ കണ്ണുകള്‍ കുറേശേ നിറഞ്ഞു വരുന്നത് ഞാന്‍ കണ്ടു. ഞാന്‍ അവളുടെ കരങ്ങള്‍ മെല്ലെ കൈയ്യിലെടുത്ത് പറഞ്ഞു.
”നിന്നെ ഇപ്പോഴെങ്കിലും കണ്ടെത്താനായത് എന്റെ ഭാഗ്യമാണു മോളെ… രാഹുല്‍മോനുള്ളപ്പോള്‍ ഒരിയ്ക്കല്‍ പോലും അവന്‍ നിന്നെ എനിക്ക് കാണിച്ചു തന്നില്ല. നിന്നെപ്പോലൊരു മാലാഖക്കുട്ടിയെ അവന്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിയ്ക്കലും എതിര്‍ക്കുമായിരുന്നില്ല.”
”ശരിയാണമ്മേ… രാഹുലിനൊടൊപ്പം അച്ഛനെയും അമ്മയേയും കൃഷ്ണമോളെയും കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടായില്ല.”
നാലു കണ്ണുകള്‍ അപ്പോഴേയ്ക്കും നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു. പെട്ടെന്ന് അഞ്ജലി സ്വയം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു.
”ഞാന്‍ അതുമിതും പറഞ്ഞ് അമ്മയെക്കൂടി വേദനിപ്പിയ്ക്കുക യാണെന്നു തോന്നുന്നു. അരുണ്‍ എന്നെ ഒരു ദൗത്യം ഏല്പിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് അമ്മയെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാന്‍… അതിനുവേണ്ടി എന്തു ത്യാഗം ചെയ്യാനും അവന്‍ തയ്യാറാണ്.”
അഞ്ജലി പറഞ്ഞതു കേട്ട് വിഷാദമഗ്‌നമായി പുഞ്ചിരിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു.
”നമ്മള്‍ ഒന്നു വിചാരിക്കുന്നു, ദൈവം മറ്റൊന്നു വിധിയ്ക്കുന്നു. ഞാനും ഫഹദ്‌സാറും നീയും അരുണുമൊക്കെ വിചാരിച്ചാല്‍ പോലും ഇനിയും ജീവിതത്തിലേയ്‌ക്കൊരു മടക്കം അതുണ്ടാവുമെന്ന് തോന്നുന്നില്ല മോളെ… അതു പോകട്ടെ, നീയിപ്പോഴും അവിവാഹിതയായി കഴിയാനാണോ തീരുമാനിച്ചിരിക്കുന്നത്? ഈ സന്യാസിനീ രൂപത്തിന്റെ അര്‍ത്ഥമെന്താണ്?”
”അതെ അമ്മെ . ഇനിയും മറ്റൊരു ജന്മമുണ്ടെങ്കില്‍ രാഹുല്‍ എന്റെ കഴുത്തില്‍ താലി ചാര്‍ത്തും. അതുവരെ ഞാന്‍ അവിവാഹിതയായിരിക്കും.”
ഞങ്ങളുടെ സംഭാഷണം അന്നവിടെ അവസാനിച്ചു. അവള്‍ മടങ്ങിപ്പോകാനൊരുങ്ങുമ്പോള്‍ ഞാനാ കൈകളില്‍പ്പിടിച്ച് വിങ്ങിപ്പൊട്ടി.
”എന്റെ മോളെ, നിന്നെപ്പോലൊരു മരുമകളെ അടുത്ത ജന്മമെങ്കിലും നല്‍കുവാന്‍ ഞാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കും.”
കണ്ണീരിലൂടെ പുഞ്ചിരിച്ച് എന്റെ കൈകളില്‍ പിടിച്ച് സാന്ത്വനമോതി അന്നവള്‍ യാത്രയായി.
ശുഭ്രവസ്ത്രധാരിണിയായ ഒരു മാലാഖയെപ്പോലെ അവള്‍ ഒഴുകി നീങ്ങുന്നത് കട്ടിലില്‍ കിടന്ന് ഞാന്‍ നോക്കിക്കണ്ടു. ഹോസ്പിറ്റലിനു പുറത്തു പോയി തിരികെ വരുമ്പോള്‍ അവള്‍ എന്റെ അടുത്തു വന്നു മടങ്ങുന്നത് ഫഹദ്‌സാര്‍ കണ്ടിരുന്നു.
”ആരാണാ പെണ്‍കുട്ടി?” അദ്ദേഹത്തിന്റെ ചോദ്യത്തിനുള്ള മറുപടി ഞാന്‍ രണ്ടു മൂന്നു വാക്കുകള്‍കളിലൊതുക്കി.
”അഞ്ജലി… എന്റെ രാഹുല്‍ മോന്റെ ജീവിതത്തില്‍ അനുഗ്രഹ വര്‍ഷം ചൊരിഞ്ഞെത്തി പിന്നീട് അകന്നു പോയ ഒരു ദിവ്യ മാലാഖ.’
എന്റെ മറുപടിയില്‍ കാര്യം ഗ്രഹിച്ച ഫഹദ്‌സാര്‍ അകന്നു പോകുന്ന അവളുടെ കാലടികള്‍ നോക്കിക്കൊണ്ടു പറഞ്ഞു.
”അതെ… അവള്‍ മാലാഖ തന്നെയെന്ന് അവള്‍ അവശേഷിപ്പിച്ച കാലടി പാടുകള്‍ തന്നെ പറയുന്നുണ്ട്. സേവനത്തിന്റെ ഉത്തമ മാതൃക. ഒരു പക്ഷെ രാഹുല്‍ മോന്‍ ജീവിച്ചിരുന്നെങ്കില്‍ ആ മാലാഖ അവന്റെ ജീവിതത്തെ കൂടുതല്‍ ധന്യമാക്കുമാ യിരുന്നു.”
ആ വാക്കുകള്‍ മുഴുവന്‍ കേള്‍ക്കുന്നതിനു മുമ്പ് എന്റെ ബോധം മറഞ്ഞു. കാന്‍സര്‍ ഒരു കരിമൂര്‍ഖനെപ്പോലെ എന്നെ വരിഞ്ഞു മുറുക്കുകയായിരുന്നു. ഒടുവില്‍ ഫഹദ്‌സാര്‍ ഡോക്ടറുടെ കാലുകളില്‍ വീണ് കെട്ടിപ്പിടിച്ചപേക്ഷിച്ചു.
”എന്റെ മീരയെ എങ്ങിനെയും രക്ഷിയ്ക്കണം ഡോക്ടര്‍. അവള്‍ക്ക് പകരമായി ഞാന്‍ എന്റെ ജീവന്‍ തരാം.”
”ജീവിതം എടുക്കുന്നതും മടക്കിത്തരുന്നതും ഞങ്ങളല്ല മി. ഫഹദ്. അതിന് മുകളില്‍ ഒരു മഹാവൈദ്യനുണ്ട്. അദ്ദേഹത്തോട് പ്രാര്‍ത്ഥിച്ചോളൂ…’
ഡോക്ടറുടെ വാക്കുകള്‍ ഹൃദയത്തെ മഥിച്ചപ്പോള്‍ ഫഹദ് സാര്‍ പൊട്ടിക്കരഞ്ഞു. താഴെ മുട്ടുകുത്തി നിന്ന് പരമ കാരുണ്യവാനായ ദൈവത്തോടപേക്ഷിച്ചു.
”അള്ളാ… എന്റെ മീരയുടെ ജീവനു പകരമായി അങ്ങ് എന്റെ ജീവനെടുത്തോളൂ. എന്നിട്ട് മീരയ്ക്കാ ജീവിതം നല്‍കൂ.”
ബലിക്കല്ലില്‍ സ്വജീവിതം ബലി അര്‍പ്പിക്കാന്‍ തയ്യാറായ ഒരു ബലി മൃഗത്തെപ്പോലെ അദ്ദേഹം ഭൂമിയില്‍ തലവച്ച് കിടന്നു. അന്ത്യവിധിയ്ക്കായി കാതോര്‍ത്തു കൊണ്ട്…
‘മീരയ്ക്ക് സീരിയസ്സാണ്… വേഗം എത്തുക.”
ഫഹദ്‌സാറിന്റെ മെസ്സേജ് ഫോണിലൂടെ കൈകളിലെത്തുമ്പോള്‍ കൃഷ്ണ ഓഫീസിലായിരുന്നു. അവള്‍ തിരികെ വിളിച്ച് ഫഹദ് സാറിനോട് കാര്യങ്ങളന്വേഷിച്ചു.
(തുടരും)






