LIMA WORLD LIBRARY

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 37) Sudha Ajith

‘മീരയ്ക്കിപ്പോളാവശ്യം പൂര്‍ണ്ണ വിശ്രമമാണ്. എപ്പോള്‍ മുതലാണോ മീര പൂര്‍ണ്ണ ആരോഗ്യവതിയാകുന്നത് അപ്പോള്‍ മുതല്‍ ഞാന്‍ ഒഴിഞ്ഞു തന്നോളാം. പിന്നെ മീരയെന്ന അന്നപൂര്‍ണ്ണേശ്വരിയുടെ ദാസനായി അടിയനിവിടെ കഴിഞ്ഞോളാം.”

അങ്ങനെ ആഹ്ലാദം മാത്രം അലയടിച്ച ആ നാളുകളിലൂടെ മീരയുടെ അവധി ദിനങ്ങള്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ഒടുവില്‍ കോളേജിലേയ്ക്ക് യാത്ര പുറപ്പെടേണ്ട ദിനവും വന്നെത്തി.

അല്‍പനേരത്തേയ്‌ക്കെങ്കിലും ഫഹദ് സാറിനെ പിരിയുന്ന കാര്യമോര്‍ത്തപ്പോള്‍ എന്റെ കണ്ണുകള്‍ ബാഷ്പപൂരിതമായി. കണ്ണുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീര്‍ തുടച്ചു നീക്കിക്കൊണ്ട് ഫഹദ് സാര്‍ സ്‌നേഹം തുടിക്കുന്ന വാക്കുകള്‍ ഉരുവിട്ടു.

”വര്‍ഷങ്ങള്‍ക്കു മുമ്പ് ലാവണ്യം തുടിയ്ക്കുന്ന ഈ കണ്ണുകളിലെ സ്‌നേഹമായിരുന്നു എന്നെ ആകര്‍ഷിച്ചത്. പിന്നീട് പത്തുമുപ്പതു വര്‍ഷക്കാലം ഈ കണ്ണുകള്‍ ഓരോര്‍മ്മയായി എന്നില്‍ നിലനിന്നു. എന്നെ ഉപേക്ഷിച്ചു പോകേണ്ടി വന്നപ്പോള്‍ ഈ കണ്ണുകളിലെ നിസ്സഹായതും, വേദനയും എന്റേതും കൂടിയായിത്തീര്‍ന്നു. ഒടുവില്‍ ഇന്നിപ്പോള്‍ ഈ കണ്ണുകളുടെ ഉടമ പൂര്‍ണ്ണമായും എന്റെ സ്വന്തമായപ്പോള്‍ അല്‍പനേരമെങ്കിലും പിരിഞ്ഞിരിക്കുക, എനിക്കും അസാദ്ധ്യം. എങ്കിലും ഈ ഏകാന്തതയും ഒറ്റപ്പെടലും, വേര്‍പിരിയലിന്റെ ശൂന്യതയും എല്ലാം പരിചിതമാണല്ലോ… മീര വിഷമിയ്ക്കാതെ പോയ് വരൂ…’

അദ്ദേഹത്തോട് യാത്രാനുമതി വാങ്ങി കോളേജിലേയ്ക്ക് യാത്ര തിരിയ്ക്കുമ്പോള്‍ പൂര്‍ണ്ണ ജാഗ്രതയോടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ തിനിക്കിനി കഴിയുമോ എന്നു ഞാന്‍ ചിന്തിച്ചു. ഒരു പക്ഷെ എന്റെ ശരീരം അവിടെയും മനസ്സിവിടെയുമായിരിക്കും. ഓരോ നിമിഷവും ഫഹദ്‌സാറിനു വേണ്ടി തുടിയ്ക്കുന്ന ഒരു ഹൃദയവുമായി വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍… ഓര്‍ത്തപ്പോള്‍ അല്‍പം ജാള്യത തോന്നി.

കോളേജില്‍ വിദ്യാര്‍ത്ഥികള്‍ എന്നെ കണ്ടയുടനെ ഓടി വന്നു.

”മാഡം വന്നുവല്ലോ… ഞങ്ങള്‍ക്ക് സന്തോഷമായി .ഞങ്ങള്‍ ഒരുപാട് വേദനിച്ചു. ഞങ്ങള്‍ക്ക് മാഡത്തിന്റെ ക്ലാസ്സുകള്‍ ഒരുപാട് മിസ്സായി.”

ആ സ്‌നേഹ പ്രകടനങ്ങള്‍ക്കു മുമ്പില്‍ സ്വയം അലിഞ്ഞില്ലാതെ യാവുകയായിരുന്നു. അന്ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ പലരും എന്നെ വാഴ്ത്തിപ്പറഞ്ഞു.
പുതുതലമുറയെ ലഹരിയുടെ പിടിയില്‍ നിന്നും മോചിപ്പിക്കുവാനായി ഞാന്‍ നടത്തിയ പരിശ്രമങ്ങള്‍… അതിനുവേണ്ടി ജീവത്യാഗം പോലും ചെയ്യാന്‍ തയ്യാറായവള്‍…

അവര്‍ പൂമാലകള്‍ കൊണ്ട് എന്നെ മൂടി. പിന്നെ പുഷ്പാലംകൃതമായ ഒരു ചെറിയ ബോക്‌സ് തന്നു കൊണ്ടു പറഞ്ഞു.
”ഇതു മാഡത്തിനുള്ളതാണ് ഞങ്ങളുടെ വിവാഹസമ്മാനം…’ ഒരു നിമിഷം ഞാന്‍ അദ്ഭുതം കൂറി നിന്നു. ഈ വിദ്യാര്‍ത്ഥികള്‍… ഇവരിതെങ്ങനെയറിഞ്ഞു. എന്റെ വിവാഹമായിരുന്നുവെന്ന്… ഒരു പക്ഷെ അരുണ്‍… അതെ… അരുണിന്റെ സുഹൃത്തുക്കളായിരുന്നു ആ വിദ്യാര്‍ത്ഥികളില്‍ പലരും. അരുണ്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷഭരിതമായ നിമിഷങ്ങളെ അവരുമായി പങ്കുവച്ചു കാണും എന്ന് എനിക്കുറപ്പായി.

അന്ന് വൈകുന്നേരത്തോടെ കോളേജില്‍ നിന്ന് ആര്‍ത്തിയോടെ ഞാന്‍ ഓടിയണയുമ്പോള്‍… ഫഹദ് സാര്‍ എന്നെക്കാത്ത് പടിയ്ക്കല്‍ തന്നെ ഉണ്ടായിരുന്നു. എന്നെക്കണ്ടയുടനെ ഓടിവന്ന് ഇറുകെപ്പുണര്‍ന്നു കൊണ്ടു പറഞ്ഞു.

”മീരാ… ഇന്ന് നീയെന്നെ തോല്‍പ്പിച്ചു കളഞ്ഞു. പ്രേമവും വിരഹവും അതിനെത്തുടര്‍ന്നുള്ള ഏകാന്തതയും ഒറ്റപ്പെടലും അതിന്റെ വേദനയുമെല്ലാം എനിക്ക് പരിചിതമായിക്കഴിഞ്ഞു എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇന്ന് അവയെല്ലാം അസഹനീയമായ വിധത്തില്‍ ഞാനനുഭവിച്ചു തീര്‍ത്തു. ഓരോ നിമിഷവും എന്നിലെ ഓരോ അണുവും നിനക്കു വേണ്ടി തുടിക്കുകയായിരുന്നു. ഒരു സമയം കോളേജിലേയ്ക്ക് നിന്നെത്തേടി വന്നാലോ എന്ന് ഞാനാലോചിച്ചു. എന്നാല്‍ സ്വയം നിയന്ത്രിച്ച് ആ ആഗ്രഹത്തെ പിടിച്ചു നിര്‍ത്തി. ഇനി വയ്യാ മീരാ… നിന്നെക്കാണാതെ ഒരു നിമിഷം പോലും എനിക്ക് ജീവിയ്ക്കാന്‍ ആവുകയില്ല…’

ഫഹദ് സാര്‍ പ്രേമത്താല്‍ വിവശനായി മന്ത്രിച്ചു.

”ശരിയാണ് ഫഹദ്‌സാര്‍… ഞാനുമിന്ന് അതുതന്നെ അനുഭവിച്ചു. ഇതോടെ എനിക്ക് ഒന്നുറപ്പായി ഇനിയും ഒരു നിമിഷം പോലും തമ്മില്‍ കാണാതിരിയ്ക്കാന്‍ നമുക്കാവില്ല. ഞാന്‍ ഒരു കാര്യം ചെയ്യാം. റിട്ടയര്‍ ചെയ്യാന്‍ എനിക്കിനിയും ഏതാനും കൊല്ലം കൂടി ഉണ്ട്. ഞാന്‍ വോളന്ററി റിട്ടയര്‍മെന്റ് എടുക്കാം. അതായിരിക്കും നല്ലത്…’
പെട്ടെന്ന് ഫഹദ് സാര്‍ എന്നെ തടഞ്ഞു കൊണ്ടു പറഞ്ഞു.

”അതു വേണ്ട മീരാ… ഞാനും നിങ്ങളുടെ കോളേജില്‍ ഒരു ജോലിയ്ക്ക് ശ്രമിക്കാം. റിട്ടയര്‍ ചെയ്തിട്ടിപ്പോള്‍ നാലഞ്ചു വര്‍ഷമായെങ്കിലും ഒരു ഗസ്റ്റ് ലക്ചറര്‍ തസ്തികയെങ്കിലും എനിക്ക് കിട്ടുമോ എന്ന് ഞാന്‍ നോക്കട്ടെ…’

അന്നുതന്നെ അദ്ദേഹം അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങി. രാത്രിയില്‍ ഞങ്ങള്‍ അരുണും സുഹൃത്തുക്കളും നല്‍കിയ വിവാഹ സമ്മാനം തുറന്നു നോക്കി… മനോഹരമായ ഒരാല്‍ബമായിരുന്നു അത്.

ഹോസ്പിറ്റലില്‍ വച്ച് വിവാഹ ദിനത്തില്‍ അരുണ്‍ എടുത്ത ഞങ്ങളുടെ വിവിധ പോസിലുള്ള ഫോട്ടോകള്‍… ഡോ. ഹേമാംബികയും അരുണും സുഹൃത്തുക്കളുമായും എടുത്ത നിരവധി ഫോട്ടോകള്‍ അടങ്ങിയ ആ ആല്‍ബത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു.

”വിവാഹ മംഗളാശംസകളോടെ ആ വയറ്റില്‍ പിറക്കാതെ പോയ മകന്‍ അരുണ്‍.”

ഒടുവില്‍ ഒരു കൊല്ലത്തേയ്ക്ക് ആ കോളേജില്‍ അദ്ദേഹത്തിന് ഗസ്റ്റ് ലക്ചററായി നിയമനം ലഭിച്ചു. നാലഞ്ചു വര്‍ഷമായി റിട്ടയര്‍ ചെയ്തിട്ടെങ്കിലും പ്രഗത്ഭനായ അദ്ധ്യാപകനെന്ന കഴിഞ്ഞകാല റെക്കോഡുകളാണ് അതിന് അദ്ദേഹത്തെ സഹായിച്ചത്. മാത്രമല്ല പല വിദേശ യൂണിവേഴ്‌സിറ്റികളിലും റിട്ടയര്‍മെന്റിനു ശേഷം അദ്ദേഹം ഗസ്റ്റ് ലക്ചററായി വര്‍ക്കു ചെയ്തിട്ടുണ്ട്. ആ എക്‌സ്പീരിയന്‍സും പിന്നെ ദീര്‍ഘകാലം ആ കോളേജില്‍ ജോലി ചെയ്ത വ്യക്തി എന്ന നിലയില്‍ മാനേജ്‌മെന്റിലുള്ള എന്റെ സ്വാധീനവും അതിനു സഹായകരമായി. അതോടെ കോളേജില്‍ വച്ച് പലപ്പോഴും തമ്മില്‍ കാണാമെന്നായി. അങ്ങിനെ ഒരു ദിനാന്ത്യത്തോളമുള്ള കാത്തിരിപ്പിന്റെ വീര്‍പ്പുമുട്ടലിനു പരിഹാരമായി.

ദിനങ്ങള്‍ ചിറകുവച്ച് പറന്നകന്നു. ഒരു ദിനം അരുന്ധതിയും ചരണും ഞങ്ങളെ കാണാനെത്തി. വെറുമൊരു സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നില്ല അത്. അരുണിന് ഡോക്ടറേറ്റ് ലഭിക്കുകയും അതിനുശേഷം ആ കോളേജില്‍ തന്നെ നല്ല ഒരു ജോലി ലഭിക്കുകയും ചെയ്തതിലുള്ള ആഹ്ലാദം പങ്കിടുക കൂടിയായിരുന്നു അവരുടെ ലക്ഷ്യം.

ചായ സല്‍ക്കാരത്തിനു ശേഷം ഞങ്ങള്‍ നാലുപേരും ഫ്‌ളാറ്റിനു മുന്നിലെ ലോണില്‍ വട്ടമിരുന്നു.

”അരുണിനെ ഇത്രയും നല്ല നിലയില്‍ എത്തിച്ചത് മാഡത്തിന്റേയും കൂടി പരിശ്രമവും പിന്തുണയുമാണ്. അതിനുള്ള നന്ദി അറിയിക്കാന്‍ കൂടിയാണ് ഞങ്ങള്‍ വന്നത്.”

”നിങ്ങളെപ്പോലെ അരുണ്‍ എനിക്കും ഒരു മകന്‍ തന്നെയാണ്. ഒരമ്മ മകനു വേണ്ടി ചെയ്യുന്നതൊക്കെയെ ഞാനും അരുണിനു വേണ്ടി ചെയ്തിട്ടുള്ളൂ… പിന്നെ ഒരദ്ധ്യാപികയെന്ന നിലയിലും ഞാന്‍ ചില പിന്തുണകള്‍ നല്കിയിട്ടുണ്ട്. അതിലപ്പുറം ഒന്നുമില്ല…’

തനിക്കു നല്കിയ അഭിനന്ദനത്തെ നിസ്സാരവല്ക്കരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
”അതല്ല മാഡം… ഒരിയ്ക്കല്‍ അരുണ്‍ ആ പെണ്‍കുട്ടിയുടെ പുറകേ നടന്ന് ജീവിതം തുലയ്ക്കുമെന്ന് ഞങ്ങള്‍ ഭയന്നിരുന്നു. അവന്‍ അത്രത്തോളം നിരാശനും ദുഃഖിതനുമായിരുന്നു. എന്നാല്‍ മാഡമാണ് അവനെ ആ വേദനയില്‍ നിന്നും കരകയറ്റിയത്. ഇന്നവന്‍ സന്തോഷവാനാണ് മാഡം…’

അപ്പോഴാണ് അരുണിനെ സംബന്ധിച്ച് ചില നല്ല തീരുമാനങ്ങളെടുക്കാന്‍ ഇതുതന്നെയാണ് പറ്റിയ സമയം എന്ന് എനിക്കു തോന്നിയത്. അരുന്ധതിയെയും ചരണിനേയും നോക്കി പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു.

”അരുണിന് ആവശ്യം ഒരു നല്ല ജോലിയായിരുന്നു. അതു ലഭിച്ചു കഴിഞ്ഞു. ഇനി അവന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലുടനീളമുള്ള സാന്നിദ്ധ്യം ,അതുറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ പ്രിയ പുത്രനു വേണ്ടി നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കടമ അതായിരിക്കും.

മീരയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് അരുന്ധതിയും ചരണും പരസ്പരം പറഞ്ഞു.

”ശരിയാണ്… ഇനിയും നമ്മുടെ ഏറ്റവും വലിയ കടമ അതാണ്… സാരംഗിയെ അരുണിനു നല്‍കുക. അതിനുവേണ്ടി സാരംഗിയുടെ വീട്ടിലേയ്ക്ക് ഇന്നു തന്നെ നമുക്ക് പോകണം. മാഡവും ഫഹദ് സാറും ഞങ്ങളുടെ കൂടെയുണ്ടെങ്കില്‍ വളരെ സന്തോഷം…’

അങ്ങിനെ അടുത്തു തന്നെ ആ ഒഴിവു ദിനവും വന്നെത്തി. ഞങ്ങളെല്ലാവരും സാരംഗിയുടെ വീട്ടിലേയ്ക്ക് യാത്രയായി… ഒരു മഹദ്കര്‍മ്മത്തിനു സാക്ഷിയാവാന്‍…

സാരംഗിയുടെ വീട്ടുകാര്‍ അത്യാഹ്ലാദത്തോടെ ഞങ്ങളെ വരവേറ്റു. മധുര പലഹാരങ്ങളും പൂക്കളും പഴങ്ങളും താലങ്ങളില്‍ നിറച്ചും വിളക്കുകള്‍ കൊളുത്തി വച്ചും അവര്‍ ചടങ്ങിനു മോടിക്കൂട്ടി. അരുണിനെ തിലകക്കുറി അണിയിച്ച് അവര്‍ സ്വീകരിച്ചു. പിന്നീട് നോര്‍ത്തിന്ത്യന്‍ രീതിയിലുള്ള ചടങ്ങുകളോടെ വിവാഹ നിശ്ചയം നടന്നു.

വിവാഹ നിശ്ചയം കഴിഞ്ഞ് സാരംഗിയുടെ പിതാവ് ഞങ്ങളുടെ സമീപമെത്തി പറഞ്ഞു.

”സാരംഗിയെ ഈ നിലയില്‍ ഞങ്ങള്‍ക്ക് തിരികെ ലഭിച്ചത് നിങ്ങളുടെ പരിശ്രമം മൂലമാണ്. ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ട് നശിച്ചു പോകുമായിരുന്ന അവളെ രക്ഷിച്ചത് മാഡവും അരുണുമാണ്. അതിന് നിങ്ങളോട് രണ്ടുപേരോടും എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല…’

ആ പിതാവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതുകണ്ട് അരുണ്‍ അദ്ദേഹത്തിന്റെ സമീപമെത്തി പറഞ്ഞു.

”അങ്കിള്‍… അങ്കിള്‍ വിഷമിക്കരുത്… സാരംഗിയെ രക്ഷിക്കേണ്ടത് എന്റേയും കടമയായിരുന്നു. അവളെ ഞാന്‍ അത്രമാത്രം സ്‌നേഹിച്ചിരുന്നു. മാഡത്തിനും അതറിയാമായിരുന്നു. അതുകൊണ്ടാണ് സാരംഗിയെ രക്ഷിക്കാന്‍ മാഡം എന്നോടൊപ്പം നിന്നത്…’

ആ വാക്കുകള്‍ക്കു മുന്നില്‍ ആ പിതാവ് വീണ്ടും കൃതജ്ഞതയോടെ കൈകള്‍ കൂപ്പി. പിന്നീട് വിവാഹത്തിനുള്ള തീയതി നിശ്ചയിക്കപ്പെട്ടു. ഒടുവില്‍ ഏറ്റവുമടുത്ത ശുഭമുഹൂര്‍ത്തത്തില്‍ ആ വിവാഹം അത്യാഢംബരപൂര്‍വ്വം നടന്നു.

കുതിരപ്പുറത്തേറി വന്ന വരനെ പൂക്കള്‍ വര്‍ഷിച്ചും, പടക്കങ്ങള്‍ പൊട്ടിച്ചുമാണ് അവര്‍ വരവേറ്റത്.

മൂടുപടമിട്ട് അണിഞ്ഞൊരുങ്ങി വന്ന സാരംഗിയാകട്ടെ ഏറെ സുന്ദരിയായ വധുവായി കാണപ്പെട്ടു. അരുണിനെ ആശീര്‍വദിച്ചു കൊണ്ട് അവന്റെ മാതാപിതാക്കളോടൊപ്പം ഞങ്ങളും നിന്നു.

”എനിക്കെന്റെ മാതാപിതാക്കളെപ്പോലെയോ, ഒരുപക്ഷെ അതില്‍ കൂടുതലോ ആണ് ഇവര്‍ രണ്ടുപേരും…’

അരുണ്‍ എല്ലാവരോടും പറഞ്ഞു. അരുണിന്റെ സ്ഥാനത്ത് ഞാനപ്പോള്‍ കണ്ടത് എന്റെ രാഹുലിനെത്തന്നെ യായിരുന്നു. അവന്റെ വിവാഹം കഴിഞ്ഞതു പോലെയുള്ള ആഹ്ലാദമാണ് മനസ്സില്‍ അപ്പോള്‍ നാമ്പെടുത്തത്.. വധൂവരന്മാരെ യാത്രയയച്ച ശേഷം എല്ലാവരും മടങ്ങിയപ്പോള്‍ പന്തലില്‍ ഞങ്ങള്‍ മാത്രമായി. അപ്പോള്‍ ഫഹദ് സാര്‍ എന്റെ കൈപിടിച്ചു കൊണ്ട് ഫലിതരൂപേണ പറഞ്ഞു.
”നമുക്കും വേണ്ടെ ഒരു ഹണിമൂണ്‍ ട്രിപ്പ് എവിടേയ്‌ക്കെങ്കിലും. നമ്മുടെ വിവാഹവും ഇപ്പോള്‍ കഴിഞ്ഞതല്ലെ ഉള്ളൂ.”

അതുകേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് ഞാന്‍ കളിയായി പറഞ്ഞു.
”ഹണിമൂണ്‍ ട്രിപ്പോ… അതിന് അവരെപ്പോലെ ചെറുപ്പമാണോ നമ്മള്‍… തലനരച്ച ഒരു കിഴവനും കിഴവിയുമല്ലേ നമ്മള്‍…’

‘അങ്ങിനെയൊന്നുമില്ല മീരാ… ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഏതു പ്രായത്തിലും ഹണിമൂണ്‍ ട്രിപ്പു പോകാം. ഇക്കാലത്തെ ആവര്‍ത്തന വിരസമായ ജീവിതത്തില്‍ നിന്നുള്ള ഒരു മോചനം കൂടിയാകുമത്…’

‘സാര്‍ സീരിയസായിട്ടാണോ ഇത് പറയുന്നത്….”

”അതെ മീരാ… നമുക്ക് പഴയ കാലങ്ങളുടെ സ്മരണ നിലനില്‍ക്കുന്ന ഏതെങ്കിലും സ്ഥലത്തേയ്ക്ക് പോകാം. അതിന് ഏറ്റവും ഉചിതമായ സ്ഥലം കേരളം തന്നെയാണെന്ന് എനിക്കു തോന്നുന്നു. നമുക്ക് നമ്മുടെ പഴയ കോളേജും പരിസരവും, പിന്നെ സ്വപ്നങ്ങള്‍ പങ്കുവച്ച് നടന്ന സുഭാഷ്പാര്‍ക്ക്, അങ്ങിനെ ചില സ്ഥലങ്ങളിലേയ്ക്ക് ഒരു യാത്ര പോകാം…. മീര എന്തു പറയുന്നു?

”പഴയ സ്മരണകള്‍ അയവിറക്കിക്കൊണ്ട് ഒരു യാത്ര. അല്ലെ സാര്‍… ഞാനതിന് ഒരുക്കമാണ്.”
ഞാന്‍ സമ്മതമറിയിച്ച ഉടനെ ഫഹദ് സാര്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

അങ്ങിനെ കേരളത്തിലേയ്ക്കുള്ള ആ ട്രിപ്പ് തീരുമാനിക്കപ്പെട്ടു. കോളേജില്‍ നിന്ന് അല്പ ദിവസങ്ങള്‍ നീണ്ട അവധി ലഭിക്കുവാന്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും പ്രയാസമുണ്ടായില്ല. കേരളത്തിലേയ്ക്ക് യാത്ര പുറപ്പെടുന്നതിന്റെ തലേദിവസം നരേട്ടന്റെ ഓര്‍മ്മ ദിവസം കൂടിയായിരുന്നു. അദ്ദേഹം മരണമടഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ആ ഓര്‍മ്മകള്‍ക്കു മുന്നില്‍. അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിനു മുന്നില്‍ വിളക്കു കൊളുത്തി വച്ച് ഞാന്‍ നിശബ്ദയായി നിന്നു. കണ്ണുകളില്‍ നിന്നും അറിയാതെ ബാഷ്പധാരയൊഴുകി. അല്പനേരം കഴിഞ്ഞ് ഫോട്ടേയിലേയ്ക്കു നോക്കി മന്ത്രോച്ചാരണം പോലെ ഉരുവിട്ടു.

‘നരേട്ടാ… ജീവിച്ചിരുന്നപ്പോള്‍ അങ്ങയെപ്പോലെ നല്ലവന്‍ ഈ ലോകത്തില്‍ മറ്റാരുമില്ലെന്ന് ഞാന്‍ വിശ്വസിച്ചു. അല്ലെങ്കില്‍ അങ്ങ് എന്നെ വിശ്വസിപ്പിച്ചു. എന്തിനായിരുന്നു നരേട്ടാ ഈ ഒളിച്ചു കളി. അങ്ങേയ്‌ക്കെന്നോട് എല്ലാം തുറന്നു പറഞ്ഞ് മാപ്പപേക്ഷിയ്ക്കാമായിരുന്നു. എങ്കില്‍ ജീവിതകാലം മുഴുവന്‍ അങ്ങ് മനസ്സില്‍ കൊണ്ടു നടന്ന കുറ്റബോധവും അതു മൂലമുണ്ടായ മാനസിക പീഡയും ഒഴിവാക്കാമായിരുന്നു. മരണ സമയത്തെങ്കിലും തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ അങ്ങയോട് എന്റെ മനസ്സിന്റെ കോണില്‍ ഉടലെടുത്തിരിക്കുന്ന വിദ്വേഷം ഉണ്ടാകുമായിരുന്നില്ല.
ഇന്നിപ്പോള്‍ ഫഹദ് സാര്‍ എന്നോടു പറഞ്ഞ കാര്യങ്ങളോര്‍ക്കുമ്പോള്‍, അങ്ങയോടുള്ള വെറുപ്പ് എനിക്ക് കൂടിയിട്ടേ ഉള്ളൂ. എങ്കിലും ഒരര്‍ത്ഥത്തില്‍ ഞാനും അങ്ങയോട് തെറ്റു ചെയ്തിട്ടുള്ളവളാണ്. കാരണം ജീവിച്ചിരുന്നപ്പോള്‍ പൂര്‍ണ്ണമനസ്സോടെ അങ്ങയെ സ്‌നേഹിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. അതങ്ങയ്ക്കും അറിയാമായിരുന്നു. എന്നാല്‍ ജീവിതകാലം മുഴുവന്‍ എന്നോടുള്ള അങ്ങയുടെ സ്‌നേഹം ആത്മാര്‍ത്ഥമായിരുന്നു. ആ ഒറ്റ കാരണം കൊണ്ടു തന്നെ അങ്ങയെ സ്‌നേഹിക്കാന്‍ ഞാന്‍ കടപ്പെട്ടവളാണ്.
അങ്ങ് സ്വപ്നത്തില്‍ എന്നോടു വന്ന് പറഞ്ഞതു പോലെ ഞാനെല്ലാം പ്രവര്‍ത്തിച്ചു. കാശിയില്‍ പോയി ബലിതര്‍പ്പണം ചെയ്ത് ഗംഗയില്‍ മുങ്ങിക്കുളിച്ചു. അങ്ങയുടേയും രാഹുല്‍മോന്റേയും അമ്മയുടേയും ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിച്ചു. ഇന്നിപ്പോള്‍ അങ്ങയുടെ ആത്മാവിനു മുക്തി ലഭിച്ചു കാണും. അല്ലേ നരേട്ടാ… അങ്ങയുടെ ആഗ്രഹം പോലെ ഫഹദ്‌സാറിനെത്തന്നെ ഞാന്‍ വിവാഹം കഴിച്ചു. ഇന്നിപ്പോള്‍ അങ്ങയെപ്പോലെ തന്നെ പാപമുക്തി എനിക്കും ലഭിച്ചിരിക്കുന്നു. ഫഹദ് സാറിനെ മാനസികമായി പീഡിപ്പിച്ചു, എന്നുള്ള പാപബോധം മൂലമുള്ള ആത്മപീഡയില്‍ നിന്ന് മോചനവും…’

‘മീരാ…’ ഫഹദ് സാര്‍ പുറകില്‍ നിന്നു വിളിച്ചപ്പോള്‍ നിറമിഴികളോടെ തിരിഞ്ഞു നോക്കി.

”പ്രൊഫ. വിഷ്ണു നാരായണന്‍ നല്ലവനായിരുന്നു അല്ലേ മീരാ… അദ്ദേഹം നിന്നെ ഒരുപാടു സ്‌നേഹിച്ചിരുന്നു അല്ലേ?” ഫഹദ് സാര്‍ എന്നെ ഉറ്റുനോക്കി ചോദിച്ചു. ചുണ്ടുകളില്‍ വിരിഞ്ഞ വിളറിയ ഒരു മന്ദഹാസത്തോടെ ഞാന്‍ പ്രതിവചിച്ചു.

”ഇന്നിപ്പോള്‍ പൂര്‍ണ്ണ മനസ്സോടെ അദ്ദേഹത്തെപ്പറ്റി എനിക്കങ്ങനെ പറയുവാന്‍ കഴിയുകയില്ല ഫഹദ് സാര്‍. പക്ഷെ എല്ലാ മനുഷ്യരിലും നന്മയും തിന്മയും കുടികൊള്ളുന്നുണ്ട്. ചിലരില്‍ നന്മ ഏറിയിരിക്കും. മറ്റു ചിലരില്‍ തിന്മയും. ആ ഒരു വ്യത്യാസം മാത്രമാണുണ്ടാവുക. ഇക്കൂട്ടത്തില്‍ നരേട്ടനെ ഏതു ഗണത്തില്‍പ്പെടുത്തണമെന്ന് എനിക്കറിയില്ല. കാരണം നരേട്ടന്‍ ചെറുപ്പത്തില്‍ അങ്ങയോടു ചെയ്തത് ഒരു മഹാപാതകമാണ്. എന്നാല്‍ അത് എന്നോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹം കൊണ്ടായിരുന്നു. അദ്ദേഹം ജീവിതത്തിലുടനീളം എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ഒരു ഘട്ടത്തില്‍ അദ്ദേഹത്തോടുള്ള എന്റെ മാനസികമായ അകല്‍ച്ചയില്‍ എന്നോടു ക്ഷമിക്കുകയും ചെയ്തിട്ടുണ്ട്.

”പിന്നെ എന്തുകൊണ്ടാണ് മീര അദ്ദേഹത്തെ ഇപ്പോള്‍ ഇഷ്ടപ്പെടാതിരിക്കുന്നത്?”

”അതിനു കാരണം അങ്ങാണ് ഫഹദ് സാര്‍. സാറിനറിയില്ല അദ്ദേഹം അങ്ങയോടു ചെയ്ത തെറ്റിന്റെ കാഠിന്യം. കാരണം നരേട്ടന്റെ രഹസ്യ പ്രേരണമൂലമാണ് എന്റെ അച്ഛന്‍ എന്നെ അങ്ങയില്‍ നിന്നും ബലമായി വേര്‍പെടുത്തിയതും, അങ്ങയെ ജയിലിലടച്ച് മരണതുല്യനാക്കി പീഡിപ്പിച്ചതും. അങ്ങ് മരിയ്ക്കണമെന്ന ആഗ്രഹമായിരുന്നു നരേട്ടനും എന്റെ അച്ഛനുമുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ജീവിതത്തില്‍ അവരിരുവരും അതോര്‍ത്ത് പശ്ചാത്തപിച്ചിരുന്നു. മാത്രമല്ല കുറ്റബോധം നരേട്ടനെ മാനസികമായി തകര്‍ക്കുകയും ചെയ്തു. ആ കാലങ്ങളില്‍ അദ്ദേഹത്തിന്റെ മനഃസാക്ഷിയുടെ കോടിതിയില്‍ അദ്ദേഹം വിചാരണ ചെയ്യപ്പെട്ടു കൊണ്ടിരുന്നു.”

ഫഹദ് സാര്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഒന്നു ഞെട്ടി എന്നു തോന്നി. അദ്ദേഹം ചോദിച്ചു.
”നരനാണ് ഇതൊക്കെ ചെയ്തതെന്ന് മീരയ്‌ക്കെങ്ങിനെ അറിയാം?”

”അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹം ഞങ്ങളുടെ വിവാഹ ആല്‍ബത്തില്‍ സൂക്ഷിച്ചിരുന്ന ഒരു കത്തില്‍ നിന്നുമാണ് ഞാനിതെല്ലാം അറിഞ്ഞത്. അദ്ദേഹം ജീവിതകാലം മുഴുവന്‍ എന്നോടിതെല്ലാം ഒളിച്ചു വച്ചു. എല്ലാം അറിഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തെ വെറുക്കുമോ എന്നായിരുന്നു പേടി. എന്നാല്‍ കുറ്റബോധം മരണം വരെ അദ്ദേഹത്തില്‍ നീറി നിന്നു. മരിയ്ക്കുന്നതിനു മുമ്പ് എന്നോടും അങ്ങയോടും അദ്ദേഹം മാപ്പു ചോദിച്ചു. അങ്ങയെ വിവാഹം ചെയ്ത് ആ പാപബോധത്തില്‍ നിന്നും അദ്ദേഹത്തിന്റെ ആത്മാവിന് മുക്തി നല്‍കണമെന്നഭ്യര്‍ത്ഥിച്ചു. എങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ ആത്മാവിന് മോക്ഷം ലഭിക്കുകയുള്ളൂ എന്നും പറഞ്ഞു. ഇതുതന്നെ മരണശേഷം ഒരു സ്വപ്ന ദര്‍ശനത്തിലൂടെ അദ്ദേഹം എന്നോടു വന്നു പറഞ്ഞു.”

എല്ലാം കേട്ടു കഴിഞ്ഞ ഫഹദ് സാര്‍ എന്നോടു ചോദിച്ചു ”അദ്ദേഹം ചെയ്ത തെറ്റിന്റെ ആഴമറിയാതെ മീര ജീവിതത്തിലുടനീളം അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നുവോ…?” ആ ചോദ്യം ഒരു ഞെട്ടലോടെയാണ് ഞാന്‍ ശ്രവിച്ചത്.
”ഫഹദ് സാര്‍… അങ്ങയെ ഞാന്‍ മറന്നിരുന്നുവോ എന്നാണോ ഈ ചോദ്യത്തിനര്‍ത്ഥം? ഇതിനെന്താണ് ഞാന്‍ മറുപടി പറയേണ്ടത്? ഞാനും ഒരു പെണ്ണല്ലേ ഫഹദ് സാര്‍… അങ്ങ് മുമ്പ് പറഞ്ഞതു പോലെ സാഹചര്യങ്ങള്‍ക്കടിമയായ പെണ്ണ്. എന്റെ ഭര്‍ത്താവെന്ന നിലയ്ക്കും എന്റെ മക്കളുടെ അച്ഛനെന്ന നിലയ്ക്കും ഞാന്‍ അദ്ദേഹത്തെ കഴിയുന്നത്ര സ്‌നേഹിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അതില്‍ എത്രത്തോളം പൂര്‍ണ്ണത ഉണ്ടായിരുന്നുവെന്ന് എനിക്കു പറയാനാവുകയില്ല. കാരണം എന്റെ മനസ്സിന്റെ കോണില്‍ എന്നും അങ്ങുണ്ടായിരുന്നു.”
ആ വാക്കുകള്‍ കേട്ട് ഫഹദ് സാര്‍ നിശബ്ദനായിരുന്നു. ഒരു യോഗിയുടെ പ്രശാന്തത ആമുഖത്തു നിറയുന്നതും ഒരു പുഞ്ചിരി വിരിയുന്നതും ഞാന്‍ കണ്ടു. അല്‍പം കഴിഞ്ഞ് എല്ലാറ്റിനും സാക്ഷിയായ ഈശ്വരനെ നന്ദിപൂര്‍വ്വം വണങ്ങുന്നതു പോലെ ആ കൈകള്‍ മുകളിലേയ്ക്കുയര്‍ന്നു.
”ദൈവമേ അങ്ങ് എല്ലാം അറിയുന്നവന്‍” എന്ന് അദ്ദേഹം മെല്ലെ പറയുന്നതു പോലെ തോന്നി. അതുകണ്ട് ആ മാറിലേയ്ക്കു വീണ് ഒന്നു പൊട്ടിക്കരയണമെന്നെനിക്കു തോന്നി. ഏങ്ങലടികളോടെ ആ മാറിലേയ്ക്കു വീണ എന്നെ അദ്ദേഹം തഴുകി ആശ്വസിപ്പിച്ചു. ഉള്ളില്‍ ഉറഞ്ഞു നിന്ന എല്ലാ ദുഃഖങ്ങളും ആ തലോടലില്‍ അലിഞ്ഞു ചേര്‍ന്നു.
പിറ്റേന്നു തന്നെ ഞങ്ങള്‍ കേരളത്തിലേയ്ക്കു യാത്ര പുറപ്പെട്ടു. ജീവിതത്തിന്റെ നഷ്ടമായ ആ ദിനങ്ങളിലേയ്ക്കുള്ള ഒരു മടക്കയാത്ര… പഴയ ആവേശവും, ആനന്ദവും ഞങ്ങള്‍ക്കപ്പോള്‍ തിരികെ ലഭിച്ചിരുന്നു. ചെറുപ്പത്തിലേതു പോലെ ഹൃദയത്തില്‍ നിറഞ്ഞു നിന്ന പ്രേമവായ്പ് ഞങ്ങളെ ആനന്ദതുന്ദിലരാക്കി. എയ്‌റോഡ്രോമില്‍ ഞങ്ങളെ യാത്രയയ്ക്കാന്‍ അരുണും, സാരംഗിയും എത്തിയിരുന്നു.

(തുടരും)

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px