‘അമ്മയ്ക്ക് അസുഖമായിട്ട് നിങ്ങള്‍ എന്നെ നേരത്തെ അറിയ്ക്കാതിരുന്നതെന്താണ്?”
അവള്‍ ഫഹദ് സാറിനോട് തട്ടിക്കയറി.അതുകേട്ട്ഫഹദ്‌സാര്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞു.
”അത് മോളെ… മീരയ്ക്ക് ഇത്രത്തോളം സീരിയസ്സാകുമെന്ന് ഞാന്‍ വിചാരിച്ചില്ല. കഴിയാവുന്ന എല്ലാ ട്രീറ്റ്‌മെന്റുകള്‍ നല്‍കിയിട്ടും അവള്‍ രക്ഷപ്പെടുന്ന ലക്ഷണമില്ല. മോള്‍ എത്രയും വേഗം ഇങ്ങോട്ടെത്തിയാല്‍ അമ്മയെക്കാണാന്‍ പറ്റും. അവള്‍ എത്രയൊക്കെയായാലും നിന്നെ പ്രസവിച്ച അമ്മയല്ലെ? നിന്നെ അവസാനമായിക്കാണുവാന്‍ അവള്‍ക്കും ആഗ്രഹമുണ്ടാവുകയില്ലെ?”
”ശരി ഞാന്‍ വരാം… പക്ഷെ ഞാന്‍ വരുമ്പോള്‍ നിങ്ങള്‍ അവിടെയുണ്ടാകരുത്.”
ഫഹദ്‌സാറാണ് തന്റെ ഏറ്റവും വലിയ ശത്രു എന്ന മട്ടിലാണ് അവള്‍ സംസാരിച്ചത്. അവളുടെ ശത്രുത്വത്തിന് കാരണം അറിയാമെങ്കിലും ഫഹദ് സാര്‍ അതിലൊന്നും ഇടപ്പെടാന്‍ ആഗ്രഹിച്ചില്ല.
”പണത്തിനെക്കാളും… കോടികള്‍ വിലമതിക്കുന്ന സ്വത്തിനെക്കാളും തനിക്കു വലുത് തന്റെ മീരയാണ്. അവളുടെ മനസ്സിന്റെ സ്വസ്ഥതയാണ് താനിപ്പോള്‍ കാണാനാഗ്രഹിക്കുന്നത്.”
ഫഹദ് സാര്‍ മനസ്സില്‍ പറഞ്ഞു.
കീമോ കഴിഞ്ഞുള്ള ഉണര്‍വ്വിന്റേയും ഉറക്കത്തിന്റെയും ഇടവേളയില്‍, പാതിമയക്കത്തില്‍ മീര കണ്ടു.
തന്റെ മകള്‍… അവള്‍ അവസാനമായി എന്നെ കാണാനെത്തിയിരിക്കുന്നു. അപ്പോള്‍ അവളുടെ മനസ്സില്‍ ഞാനുണ്ടായിരുന്നുവെന്നോ? ഒരുപക്ഷെ പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പറിച്ചെറിയാനാവാത്ത ദൃഢതയാവാം അവളെ ഇവിടെ എത്തിച്ചത്?
”മോളെ കൃഷ്‌ണേ ,നീ എപ്പോള്‍ വന്നു?”
എന്നെത്തന്നെ ഉറ്റുനോക്കി നില്‍ക്കുന്ന മകളെ നോക്കി ചോദിച്ചു.
”ഞാനിപ്പോള്‍ എത്തിയതേ ഉള്ളൂ അമ്മേ. അമ്മയ്ക്കിത്ര സീരിയസ്സാണെന്ന് ഞാനിപ്പോളറഞ്ഞതേയുള്ളൂ. അമ്മ ഹോസ്പിറ്റലില്‍ അഡ്മിറ്റായപ്പോള്‍ അതുപോലും എന്നെ അറിയിക്കണമെന്ന് ആര്‍ക്കും തോന്നിയില്ലല്ലോ.”
അവള്‍ വെറുതെ പരിഭവിച്ചു. അവളുടെ വാക്കുകളിലെ പൊള്ളത്തരം മനസ്സിലാക്കാതെ ഞാന്‍ ചോദിച്ചു?
അപ്പോള്‍ നിന്റെ കുഞ്ഞുങ്ങള്‍? ടുട്ടുമോനും, കിങ്ങിണി മോളും… അവരെ കൊണ്ടു വരാമായിരുന്നില്ലെ, അവസാനമായി അവരെ ഒന്നു കാണാന്‍ വലിയ മോഹം തോന്നുന്നു.
”അവരെ കൊണ്ടുവരാന്‍ ദേവേട്ടന്‍ സമ്മതിയ്ക്കുകയില്ല അമ്മേ…’
അവള്‍ വെറുതെ ദേവാനന്ദിന്റെ പേരില്‍ കുറ്റം ചാര്‍ത്തുകയാണെന്ന് മീരയ്ക്ക് മനസ്സിലായി. ദേവാനന്ദ് അങ്ങനെയൊന്നും പറയുകയില്ലെന്ന് എനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ മകളുടെ മനസ്സിലെ കള്ളത്തരങ്ങള്‍ എനിയ്ക്ക് കുറേശ്ശെയായി ബോദ്ധ്യം വന്നു തുടങ്ങി.
”ഇപ്പോള്‍ നിന്റെ ദേവേട്ടന്‍ നിന്നെ പോരാനായി സമ്മതിച്ചുവോ?”
പണ്ട് കൃഷ്ണമോള്‍ പറഞ്ഞതോര്‍ത്ത് ഞാന്‍ ചോദിച്ചു.
”ദേവേട്ടന്‍ സമ്മതിച്ചാലും, ഇല്ലെങ്കിലും ശരി എന്റെ മമ്മിയാണെനിക്കു വലുത്. എന്റെ മക്കള്‍ പോലും അതു കഴിഞ്ഞേ എനിക്കുള്ളൂ.”
എന്നു പറഞ്ഞ മകളെ ഒട്ടൊരു അദ്ഭുതത്തോടെ ഞാന്‍ നോക്കി. ഒരുപക്ഷെ അവളിലെ മാറ്റം യാഥാര്‍ത്ഥ്യമായിരിക്കുമോ എന്ന് വീണ്ടും ഞാന്‍ സംശയിച്ചു. എന്നാല്‍ ആ വാക്കുകളുടെ പൊള്ളത്തരം അധികം താമസിയാതെ ഞാനറിഞ്ഞു. എന്റെ ജീവനേക്കാള്‍ എന്റെ സ്വത്താണ് അവള്‍ക്കു വലുതെന്ന്… എന്റെ സര്‍വ്വസ്വമായ ഫഹദ് സാറിനും, മകനുമായി എന്റെ സ്വത്തുക്കള്‍ വീതിക്കപ്പെട്ടു പോകുമെന്ന ഭയം. പിന്നെ അവളുടെ ഭര്‍ത്തൃവീട്ടുകാരെ ബാക്കി പണം നല്‍കി തൃപ്തിപ്പെടുത്തുവാനായി. അങ്ങനെ നൂറു നൂറാവശ്യങ്ങള്‍ അവള്‍ക്കുണ്ടെന്ന് ഞാനറിഞ്ഞു. എല്ലാം പാതിമയക്കത്തില്‍, അവള്‍ ആരോടൊ ഫോണില്‍ സംസാരിക്കുന്നത് കേട്ടതാണ്.
ഒടുവില്‍ അസുഖത്തിന്റെ തീവ്രതയില്‍ അബോധ തലങ്ങളില്‍ ആണ്ടുപോയ എന്റെ കൈവിരലുകള്‍ ഒപ്പിയെടുത്ത് മുദ്രക്കടലാസ്സില്‍ ചാര്‍ത്തുമ്പോള്‍ അവള്‍ക്കു കൂട്ടായി ഭര്‍ത്താവിന്റെ വീട്ടുകാരും ഏതോ അഭിഭാഷകനും ഉണ്ടായിരുന്നു. പിന്നീട് അബോധതലങ്ങള്‍ വിട്ടുണര്‍ന്ന എന്റെ മനസ്സ് മകള്‍ക്കായി തിരഞ്ഞപ്പോള്‍ അവള്‍ എന്നെവിട്ട് വിദൂരതയിലെത്തിയതായറിഞ്ഞു. പൊള്ളയായ വാക്കുകളുടെയും സ്‌നേഹ പ്രകടനങ്ങളുടേയും നിരര്‍ത്ഥകത തിരിച്ചറിഞ്ഞ മനസ്സ് വിങ്ങിപ്പൊട്ടിയപ്പോള്‍ അടുത്തിരുന്ന് സമാശ്വസിപ്പിക്കാനൊരാളുണ്ടായി. എന്നോടുള്ള അലിവില്‍ വാര്‍ന്നു വീണ കണ്ണനീര്‍ക്കണികകളണിഞ്ഞ ഫഹദ് സാറിന്റെ ചൂടുള്ള കൈത്തലങ്ങളില്‍ അമര്‍ന്നു കിടക്കുമ്പോള്‍ ഭൂതവും, ഭാവിയും വര്‍ത്തമാനവും എല്ലാം ഒന്നായി അന്തരീക്ഷത്തില്‍ വലിയിതമായിത്തീര്‍ന്നിരുന്നു.
മയക്കത്തിലേയ്ക്ക് ആണ്ടുപോകുന്ന അടഞ്ഞ കണ്‍പോളകള്‍ വലിച്ചു തുറന്ന് കരുണയുടെ ഉറവിടമായ ആ മുഖത്ത് മിഴിനട്ടപ്പോള്‍ മനസ്സു മന്ത്രിച്ചു.
”ഈ കൈത്തലങ്ങളാണ് എനിക്കു വലുത്. ഈ വാക്കുകളാണ് എന്റെ ശക്തി. ഈ ഹൃദയമാണ് എനിക്കേറ്റവും വിലയേറിയ സ്വത്ത്. എനിക്ക് വിലപ്പെട്ടതെല്ലാം ഇവിടെത്തന്നെയുണ്ട് കൃഷ്ണമോളെ. ഒന്നും നിനക്ക് പറിച്ചെടുക്കാനാവില്ല. ‘
അസ്പഷടമായ വാക്കുകള്‍ ഉരുവിടുമ്പോള്‍ ആ ചുണ്ടുകളില്‍ വിരിഞ്ഞു നിന്ന നിലാവിന്റെ പുഞ്ചിരിയില്‍ ഫഹദ്‌സാര്‍ തന്റെ ചുണ്ടുകള്‍ ചേര്‍ത്തു . അപ്പോഴദ്ദേഹമറിഞ്ഞില്ലായിരുന്നു, അതു തന്റെ പ്രിയതമയ്ക്കു താന്‍ നല്‍കുന്ന അന്ത്യ ചുംബനമാണെന്ന്. ഒരിക്കല്‍ കൂടി ആ ചുംബനമേറ്റ് ആ ശരീരം അറിയാതൊന്ന് വിറകൊണ്ടുവോ?
നിമിഷങ്ങള്‍ക്കകം ചലനമറ്റ പ്രിയതമയുടെ ശരീരത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമ്പോള്‍ ഫഹദിന്റെ ഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നു.
”മീരാ… ഞാനും വരുന്നു നിന്റെ കൂടെ… നീയില്ലാത്ത ഈ ലോകത്ത് എനിക്കൊരു ജീവിതം അസാദ്ധ്യമാണ്.”
മരണാനന്തര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോഴാണ് പുറകില്‍ നിന്നും ആ ശബ്ദം കാതുകളില്‍ വന്നു വീണത്.
”ഒരു മുസല്‍മാനായ നിങ്ങള്‍ക്കിനി ഇവിടെ എന്തുകാര്യം? മമ്മിയുടെ ഈ ഫ്‌ളാറ്റും മറ്റു സ്വത്തുക്കളും എനിക്കവകാശപ്പെട്ടതാണ്. നിങ്ങളിവിടെ ആരുമല്ല. എങ്ങോട്ടാണെന്നു വച്ചാല്‍ നിങ്ങള്‍ക്കു പോകാം.”
ഫഹദ് സാര്‍ പുറകോട്ടു തിരിഞ്ഞു നോക്കുമ്പോള്‍ കോപത്താല്‍ വിറപൂണ്ട് കൃഷ്ണമോള്‍ നില്‍ക്കുന്നു.
അവള്‍ പറഞ്ഞതുകേട്ട് ഒരു ഭ്രാന്തനെപ്പോലെ ഉറക്കെ പൊട്ടിച്ചിരിക്കുമ്പോള്‍ ഫഹദ് സാര്‍ പറഞ്ഞു.
”ഞാനീ ലോകത്ത് ഏറ്റവും വില മതിച്ചിരുന്ന സ്വത്ത് എന്റെ മീരയാണ് കൃഷ്ണമോളെ… അതൊരിക്കലും നഷ്ടപ്പെടുത്തുവാന്‍ നിനക്കാവുകയില്ല. നിനക്കെന്നല്ല ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കുമാവില്ല.”
അതുപറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിച്ച് അദ്ദേഹം അകലേയ്ക്കു നടന്നു മറഞ്ഞു. അപ്പോള്‍ തന്റെ കൈകളാല്‍, അസഹ്യ വേദനയിലെന്നോണം അദ്ദേഹം തന്റെ ഹൃദയം പൊത്തിപ്പിടിച്ചിരുന്നു. സാഗരതീരത്തെത്തി ”മീര” എന്നുറക്കെ വിളിച്ച് അദ്ദേഹം കുഴഞ്ഞു വീണു. അപ്പോള്‍ ആഞ്ഞടിച്ചു കൊണ്ടിരുന്ന തിരകളില്‍, അസ്തമയ സൂര്യന്റെ രക്തഛവിയ്‌ക്കൊപ്പം ഫഹദ്‌സാറിന്റെ ചുവന്ന രക്തവും കലര്‍ന്നിരുന്നു.
ഫ്‌ളാറ്റിന്റെ താക്കോലുമായി കൃഷ്ണമോള്‍ പടിയിറങ്ങുമ്പോള്‍ അകലെ സാഗര തീരത്ത് രണ്ടാത്മാക്കളുടെ സംഗമത്തില്‍ ഹര്‍ഷ പുളകിതരായ തിരകള്‍ ആഞ്ഞടിച്ച് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.
ജാതി ചിന്തകളും മതഭേദങ്ങളും അളവില്ലാത്ത സമ്പത്തും പിന്നെ ജീവിതത്തിലെ അനേകായിരം കാപട്യങ്ങളും ഇല്ലാത്ത സ്‌നേഹത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത ആ ലോകത്തേയ്ക്ക് ആനന്ദമഗ്‌നരായി അവര്‍ ഒരുമിച്ച് കൈകോര്‍ത്ത് ഉയര്‍ന്നു പൊങ്ങി.
ജീവിതം മുഴുവന്‍ ഒരു സ്‌നേഹസാഗരം ഉള്ളില്‍ കൊണ്ടു നടന്ന ആ ധന്യാത്മാക്കളുടെ അപൂര്‍വ്വ സംഗമം കണ്ട് സാഗരതിരകള്‍ വീണ്ടും വീണ്ടും ആര്‍ത്തലച്ച് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.
(അവസാനിച്ചു)






