‘ഇത്… ഇത് സഫിയ ആണല്ലോ. ഞാന്‍ നിക്കാഹ് ചെയ്ത എന്റെ ഭാര്യ…’
ഞെട്ടലോടെ ആ ചിത്രം അദ്ദേഹം കൈയ്യില്‍ വാങ്ങുന്നതും തന്റെ ഭാര്യയെ തിരിച്ചറിയുന്നതും ഉള്ളിലുണര്‍ന്ന ആന്തലോടെ ഞാന്‍ നോക്കി നിന്നു.
”നീ സഫിയയുടെ മകനാണെന്നോ? എനിക്ക് വിശ്വസിയ്ക്കാനാകുന്നില്ല. പക്ഷെ ഞാന്‍ നിന്റെ ബാപ്പയാകുന്നതെങ്ങിനെ?”
അവിശ്വസനീയതോടെ ഫഹദ് സാര്‍ വീണ്ടും ചോദിക്കുന്നതു കേട്ടു.
”എന്റെ ഉമ്മ മരിച്ചു പോയി സാര്‍… പക്ഷെ മരിയ്ക്കുന്നതിനു മുമ്പ് അങ്ങയുടെ ഫോട്ടോ കൈയ്യില്‍ ത്തന്നു കൊണ്ടു പറഞ്ഞു. നിന്റെ ബാപ്പ ജീവിച്ചിരുപ്പുണ്ട്. എന്നെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കില്‍ പറയണം, വിവാഹമോചന സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു എന്ന വിവരം അദ്ദേഹത്തെ അറിയിക്കാതിരുന്നതിന് ഞാന്‍ മാപ്പു ചോദിക്കുന്നു എന്ന്… എല്ലാം എന്റെ വാശി മൂലമായിരുന്നു എന്നും…’
ഇടിവെട്ടേറ്റതു പോലെ നില കൊണ്ട ഫഹദ് സാറിന്റെ മുഖമാകെ വിളറി വെളുത്തിരുന്നു. ഏതോ ഭീകര ജീവിയെന്നതു പോലെ ആ ചെറുപ്പക്കാരനെ അദ്ദേഹം തുറിച്ചു നോക്കി. പിന്നെ അസ്തപ്രജ്ഞനായി ചാരുബഞ്ചില്‍ തളര്‍ന്നിരുന്നു. അവിശ്വസനീയതയോടെ, ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം പുലമ്പിക്കൊണ്ടിരുന്നു.
”ഇല്ല… ഇതൊരിയ്ക്കലും സംഭവിക്കുകയില്ല… ഒരിയ്ക്കലും. ഇവന്‍ കള്ളം പറയുകയാണ് ഇവന്‍ എന്റെ മകനല്ല… എന്റെ മകനല്ല…’
അദ്ദേഹത്തിന്റെ ദയനീയ സ്ഥിതി കണ്ട് എന്തു ചെയ്യേണ്ടു എന്നറിയാതെ ഞാന്‍ നിന്നു. ഒട്ടൊരു പരിഭ്രമത്തോടെ അദ്ദേഹത്തെ കുലുക്കി വിളിച്ച് ചോദിച്ചു. എന്തുപറ്റി സാര്‍?അങ്ങേയ്‌ക്കെന്തെങ്കിലും കുഴപ്പമുണ്ടോ?’
എന്റെ പരിഭ്രമം കണ്ടിട്ടാകാം അദ്ദേഹം പെട്ടെന്ന് മനോനില വീണ്ടെടുത്ത് പറഞ്ഞു.
”എനിക്കൊന്നുമില്ല മീരാ… അല്പ സമയത്തേയ്ക്ക് ഞാന്‍ എന്നെ മറന്നു പോയി. എവിടെ അവന്‍ … ആസിഫ്… എനിക്കവനില്‍ നിന്ന് എല്ലാമറിയണം. അവന്റെ ഉമ്മ പറഞ്ഞ കഥകള്‍ അവനെന്നോടു പറയാനുണ്ടാകുമല്ലോ?”
അപ്പോള്‍ അല്പം അകലെ മാറി നിന്ന് കടലിലേയ്ക്ക് ഉറ്റു നോക്കുന്ന ആസിഫിനെയാണ് ഞങ്ങള്‍ കണ്ടത്.
അവന്‍ മനഃക്ഷോഭമടക്കുവാന്‍ പാടുപെടുകയാണെന്നും തോന്നി. തളര്‍ന്നു പോയ ഫഹദ് സാറിനോടൊപ്പം പതുക്കെ നടന്ന് അവന്റെ അടുത്തെത്തുമ്പോള്‍ അവന്‍ നിറകണ്ണുകളോടെ അദ്ദേഹത്തെ നോക്കി പ്പറഞ്ഞു.
”ബാപ്പയ്ക്ക് ഞാന്‍ പറഞ്ഞതു വിശ്വാസമില്ലെങ്കില്‍ എന്നോടൊപ്പം വരൂ… ഞാന്‍ എന്റെ ഉമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവിനെ എന്റെ ഇപ്പോഴത്തെ ബാപ്പയെ കാണിച്ചു തരാം. അദ്ദേഹം വളരെ നല്ലവനാണ്. എല്ലാമറിഞ്ഞിട്ടും എന്റെ ഉമ്മയെയും എന്നെയും പൊന്നു പോലെ നോക്കി സംരക്ഷിച്ച മനുഷ്യന്‍. ആ മനുഷ്യനോടുള്ള കടപ്പാടുകള്‍ ഉമ്മയ്‌ക്കെന്നതു പോലെ എനിക്കും തീര്‍ത്താല്‍ തീരുന്നതല്ല…’ ആസിഫ് വികാര വിവശനായി പറഞ്ഞു കൊണ്ട് മുന്നേ നടന്നു.
ഞങ്ങള്‍ക്ക് അവനെ അനുഗമിയ്ക്കാതിരിയ്ക്കാനായില്ല. അല്പദൂരം നടന്ന് റോഡിലെത്തിയപ്പോള്‍ അവന്‍ ഒരു ഓട്ടോ കൈ കാണിച്ചു നിര്‍ത്തി. പിന്നെ അവന്‍ പറയുന്നതു കേട്ടി.
”പള്ളിപ്പടിയിലേയ്ക്ക്…’
ഓട്ടോ ഞങ്ങളേയും കൊണ്ട് മെയിന്‍ റോഡിലൂടെ പാഞ്ഞു. ഒടുവില്‍ നിരവധി ഊടു വഴികള്‍ പിന്നിട്ട് ആ ഒറ്റ നിലവീടിനു മുന്നിലെത്തി നിന്നു.
ഓട്ടോയില്‍ നിന്നിറങ്ങിയ ആസിഫ് മുന്നേ നടന്നു. ചെറിയ വരാന്തയിലേയ്ക്ക് കയറി അവന്‍ ഞങ്ങളെ തിരിഞ്ഞു നോക്കി. അപ്പോള്‍ അവിടെ ചാരുകസേരയില്‍ മുഴുവന്‍ നരച്ച താടി തടവിക്കൊണ്ട് ഒരാള്‍ കണ്ണടച്ച് കിടക്കുന്നുണ്ടായിരുന്നു. അയാളെ നോക്കി ആസിഫ് മെല്ലെ മുരടനക്കി.
”അല്ല, ആസിഫേ, നീയെപ്പോള്‍ വന്നു? കേറിവാ മോനെ, ഞാനിവിടെക്കിടന്ന് ഒന്നു മയങ്ങാന്‍ തുടങ്ങുകയായിരുന്നു. നീ വന്നത് ഞാന്‍ കണ്ടില്ല..”
”അല്ല ബാപ്പ, നമുക്കിന്ന് ചില അതിഥികളുണ്ട്. ബാപ്പ ഇദ്ദേഹത്തെ അറിയുമോ?”
ആസിഫ് പിന്നാലെയെത്തിയ ഫഹദ് സാറിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു. നിമിഷ നേരത്തേയ്ക്ക് ആ കണ്ണുകള്‍ ഫഹദ് സാറിനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് എന്തോ സ്മരണയില്‍ തെളിഞ്ഞതു പോലെ അദ്ദേഹം ചാടിയെഴുന്നേറ്റു.
”ഇത്… ഇത് നമ്മുടെ ഫഹദ്സാറല്ലേ?… നിന്റെ ഉമ്മായുടെ ആദ്യത്തെ കെട്ടിയവന്‍?”
”അതെ ബാപ്പ… ഇത് അദ്ദേഹം തന്നെയാണ്. അദ്ദേഹം ചില വിവരങ്ങള്‍ ബാപ്പയോട് ചോദിച്ചറിയാന്‍ എത്തിയതാണ്. ബാപ്പയ്ക്കറിയാവുന്ന കാര്യങ്ങള്‍ ഇദ്ദേഹത്തിന് പറഞ്ഞു കൊടുക്കണം.”
പെട്ടെന്ന് അദ്ദേഹം അടുത്തു കിടന്ന കസേരകള്‍ ചൂണ്ടിക്കാട്ടി പറഞ്ഞു.
”ഇരിയ്ക്കണം സാറെ… ഞാന്‍ നിങ്ങളെ എന്റെ ബീവിയുടെ കൈയ്യിലുണ്ടായിരുന്ന ഒരു ഫോട്ടോയില്‍ കണ്ടിട്ടുണ്ട്. അങ്ങിനെ തിരിച്ചറിഞ്ഞതാണ്. നിങ്ങടെ കൂടെയുള്ള ഇതാരാണ്?”
ഉദ്വോഗത്തോടെയുള്ള ചോദ്യം കേട്ട് ഫഹദ് സാര്‍ പറഞ്ഞു.
”എന്റെ ആദ്യഭാര്യ… ഞങ്ങളിപ്പോള്‍ ഡല്‍ഹിയില്‍ നിന്നും വരികയാണ്…’
.
ആസിഫ് അപ്പോഴേയ്ക്കും അകത്തേയ്ക്കു പോയിക്കഴിഞ്ഞിരുന്നു.
പുറത്ത് ഇരുട്ടു കനത്തു തുടങ്ങിയിരുന്നു. മങ്ങിയ ഇരുട്ടില്‍ പരസ്പരം കാണാനാവാതെ ഞങ്ങളിരുന്നു.
”മോളെ ആരിഫേ…. ആ ലൈറ്റൊന്നിട്ടേ… ഇരുട്ടു കാരണം ഒന്നും കാണാന്‍ വയ്യ…’
ലൈറ്റ് തെളിഞ്ഞപ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കി. ഫഹദ് സാര്‍ പരീക്ഷീണചിത്തനായി കാണപ്പെട്ടു. എന്തോ ഒന്ന് ദഹിക്കാത്തതു പോലെ അദ്ദേഹത്തില്‍ തങ്ങി നിന്നു.
”നിങ്ങള്‍ക്കിപ്പോള്‍ എന്താണറിയേണ്ടത് ഫഹദ് സാറെ? എന്താണെങ്കിലും എന്നോട് ചോദിച്ചോളൂ…’
പക്വത വന്ന ഒരു മനുഷ്യനെപ്പോലെ അയാള്‍ ചോദിച്ചു.
”ആസിഫ്… ആസിഫ് എന്റെ മകനാണോ?”
ഫഹദ് സാറിന്റെ ചോദ്യം കേട്ട് അല്പനേരം അയാള്‍ മിണ്ടാതിരുന്നു. കഴിഞ്ഞു പോയ ഏതോ വിദൂര കാലഘട്ടങ്ങളിലൂടെ അയാളുടെ മനസ്സ് പായുകയാണെന്നു തോന്നി. സന്തോഷവും, സന്താപവും ഒരുപോലെ മാറി മാറി ചുളിവുകള്‍ വീണ ആ മുഖത്ത് നിഴലിട്ടു. അല്പം കഴിഞ്ഞപ്പോള്‍ സ്വയമെന്നതു പോലെ താഴ്ന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു തുടങ്ങി.
”എന്റെ ഭാര്യ മരിച്ചിട്ട് ആറുകൊല്ലം കഴിഞ്ഞാണ് ഞാന്‍ സഫിയയെക്കാണുന്നത്. അപ്പോഴേയ്ക്കും പത്തും ആറും വയസ്സുള്ള രണ്ടു പെണ്മക്കളുടെ ബാപ്പയെന്ന നിലയില്‍ അവരുടെ ഭാരം എന്റെ തലയിലായിരുന്നു. പെണ്‍ കുഞ്ഞുങ്ങളായതു കൊണ്ട്, ബീവി മരിച്ചപ്പോള്‍ മറ്റൊരു ഭാര്യ വേണ്ടെന്നു കരുതിയിരുന്ന എനിക്ക് ആ തീരുമാനം മാറ്റേണ്ടി വന്നു. സഫിയയുടെ ബാപ്പയെക്കാണുന്നതും വിവാഹം ഉറപ്പിക്കുന്നതും അങ്ങിനെയാണ്.”
”ഞാന്‍ കാണുമ്പോള്‍ അവള്‍ ആസിഫിനെ വയറ്റില്‍ ചുമക്കാന്‍ തുടങ്ങിയിട്ട് രണ്ടുമാസമായിരുന്നു. അവള്‍ ഗര്‍ഭിണിയാണെന്ന വിവരം നിക്കാഹിനു മുമ്പ് അവള്‍ എന്നെ അറിയിക്കുകയുണ്ടായി. ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. എന്റെ പെണ്മക്കളോടൊപ്പം ആ കുഞ്ഞും വളരുമെന്ന് ഞാന്‍ അറിയിച്ചു. അങ്ങിനെ ഞങ്ങളുടെ നിക്കാഹ് നടന്നു.”
” വിവാഹം കഴിഞ്ഞ്ഏഴാം മാസത്തില്‍ അവള്‍ ആസിഫിനെ പ്രസവിച്ചപ്പോള്‍ ഞാന്‍ സന്തോഷിച്ചു. എന്റെ പെണ്മക്കള്‍ക്ക് ഒരനിയന്‍ കൂടി ഉണ്ടായിരിക്കുന്നു. അവനെ ഞാന്‍ പൊന്നു പോലെ നോക്കി വളര്‍ത്തി, എന്റെ മകനെപ്പോലെ സ്‌നേഹിച്ചു. അവന്‍ നിങ്ങളുടെ മകനാണെന്നും നിങ്ങള്‍ വന്നാല്‍ അവനെ കാണിച്ചു കൊടുക്കണമെന്നും അവള്‍ ഇടയ്ക്കിടയ്ക്ക് എന്നെ ഓര്‍മ്മിപ്പിക്കുമായിരുന്നു. ഏറെക്കാലം കാത്തിരുന്നിട്ടും നിങ്ങള്‍ വന്നില്ല. ഒരു പക്ഷെ നിങ്ങള്‍ അറിഞ്ഞു കാണില്ല നിങ്ങള്‍ക്ക് ഇങ്ങനെയൊരു മകനുണ്ടായിരുന്നുവെന്ന് അല്ലെ?…’
അയാള്‍ ഉദ്വോഗത്തോടെ ഫഹദ് സാറിനെ നോക്കി ചോദിച്ചു .ഒട്ടൊരു കുറ്റബോധത്തോടെ തലകുനിച്ച് ഫഹദ് സാര്‍ പറഞ്ഞു.
”ഞാനറിഞ്ഞിരുന്നില്ല എനിക്ക് ഇങ്ങനെയൊരു മകനുള്ള കാര്യം…” അല്പം കഴിഞ്ഞ് അദ്ദേഹംചോദിച്ചു.
”സഫിയ… അവള്‍ എങ്ങിനെയാണ് മരിച്ചത്?”
”സഫിയ മരിച്ചത് പ്രസവത്തോടെയാണ്. ഞങ്ങളുടെ ഇളയമകള്‍ ആരിഫയെ പ്രസവിച്ചു കഴിഞ്ഞ്, ഏഴാം നാള്‍ അവള്‍ മരിച്ചു. ബ്ലീഡിംഗ് ആയിരുന്നു മരണ കാരണം. മരിയ്ക്കുന്നതിനു മുമ്പ്, അന്ന് ഏകദേശം പന്ത്രണ്ടു വയസ്സുണ്ടായിരുന്ന ആസിഫിനെ അടുത്തു വിളിച്ച് സാറിന്റെ ഫോട്ടോയും, ഒരു കത്തും നല്‍കിക്കൊണ്ട് പറഞ്ഞു. ഞാന്‍ നിന്റെ ബാപ്പയില്‍ നിന്നും സ്‌നേഹം പിടിച്ചു വാങ്ങാന്‍ ആവുന്നത്ര ശ്രമിച്ചു. ഒരിയ്ക്കല്‍ മനസ്സില്ലാമനസ്സോടെ അതു നല്‍കാന്‍ അദ്ദേഹം തയ്യാറായി. അതിന്റെ ഫലമാണ് നീ. എന്നാല്‍ ഒടുവില്‍ ഞാന്‍ തോറ്റു പോയി മോനെ… നിന്റെ ബാപ്പയുടെ മനസ്സില്‍ കയറിപ്പറ്റാന്‍ ഒരുതരത്തിലും എനിക്കാവില്ലെന്നു മനസ്സിലായി. ഒടുവില്‍ എനിക്ക് അദ്ദേഹത്തില്‍ നിന്ന് വിവാഹമോചനം നേടേണ്ടി വന്നു. എന്നാല്‍ അദ്ദേഹം എന്നോട് ചെയ്തതിനു പകരമായി വിവാഹമോചന സമയത്ത് നീ എന്റെ വയറ്റിലുണ്ടായ കാര്യം ഞാന്‍ മറച്ചു വച്ചു. എന്നെങ്കിലും നീ അദ്ദേഹത്തെക്കാണുക യാണെങ്കില്‍ നിന്റെ ഉമ്മ അതിന് അദ്ദേഹത്തോടു മാപ്പു ചോദിച്ചു എന്നു പറയണം…’
‘അന്ന് പന്ത്രണ്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആസിഫിന് കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലായില്ലെങ്കിലും അവന്‍ ആ കത്തും ഫോട്ടോയും സൂക്ഷിച്ചു വച്ചു. ആസിഫ് ഇന്ന് പ്രായപൂര്‍ത്തി വന്ന പയ്യനാണ്. അവന് എല്ലാം മനസ്സിലാകും. അവന്‍ നിങ്ങളുടെ മകനാണ് ഫഹദ് സാര്‍…. അവനെ വേണമെങ്കില്‍ നിങ്ങള്‍ക്കു കൊണ്ടുപോകാം. ഞാനതിന് തടസ്സം പറയില്ല…’
അദ്ദേഹം പറഞ്ഞു നിര്‍ത്തി ഫഹദ് സാറിനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ ആ മിഴികളില്‍ ദുഃഖം ഉറഞ്ഞു കൂടുന്നത് കാണാമായിരുന്നു. എന്തോ കൈവിട്ടു പോകുന്ന പ്രതീതി ആ മുഖത്തും കണ്ണുകളിലും തളം കെട്ടി നിന്നു.
ഞാന്‍ നോക്കുമ്പോള്‍ ഫഹദ് സാര്‍ ഇതികര്‍ത്തവൃതാമൂഢനായി ഇരിയ്ക്കുന്നതാണ് കണ്ടത്. അദ്ദേഹത്തിന് എന്തു പറയണമെന്ന് അറിയില്ലെന്നു തോന്നി. അല്പം കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റു കൊണ്ടു പറഞ്ഞു.
”താങ്കള്‍ ഇതുവരെ പേരു പറഞ്ഞില്ല… നിങ്ങളുടെ മറ്റുമക്കളുടെ കാര്യവും…’
എന്റെ പേര് ഹുസൈന്‍ എന്നാണ്. ഞാന്‍ ഒരു ചെറിയ ബിസിനസ്സുകാരനാണ്. എന്റെ മൂത്ത രണ്ടു പെണ്മക്കളുടെ വിവാഹം കഴിഞ്ഞു. ഒരാള്‍ മലപ്പുറത്തും, ഒരാള്‍ കോഴിക്കോട്ടുമായി ജീവിക്കുന്നു. ഇളയവള്‍ എന്നോടൊപ്പം ഇവിടെയും.
”മി. ഹുസൈന്‍, നിങ്ങള്‍ മഹാമനസ്‌ക്കനാണ്. അല്ലെങ്കില്‍ നിങ്ങള്‍ ഇങ്ങനെ പറയില്ല. മറ്റൊരാളില്‍ നിന്ന് ഗര്‍ഭിണിയായ സഫിയയെ നിങ്ങള്‍ ഭാര്യയാക്കിയപ്പോള്‍ തന്നെ നിങ്ങളുടെ മഹാമനസ്‌ക്കത തെളിഞ്ഞതാണ്. ഇന്നിപ്പോള്‍ നിങ്ങള്‍ ഇത്രകാലം വളര്‍ത്തി വലുതാക്കിയ നിങ്ങളുടെ മകനെപ്പോലുള്ള ആസിഫിനേയും എനിക്കു നിങ്ങള്‍ നല്‍കുന്നു.”
അദ്ദേഹത്തിന് തുടര്‍ന്നു പറയാനാവാതെ വാക്കുകള്‍ ഉഴറി. അപ്പോള്‍ ഹുസൈന്‍ എഴുന്നേറ്റ് അദ്ദേഹത്തിന്റെ സമീപം വന്നു നിന്നു പറഞ്ഞു.
”ഫഹദ് സാര്‍… അന്നത്തെ സാഹചര്യത്തില്‍ എന്നെപ്പോലെ ഒരു പുരുഷനാവശ്യം എന്റെ രണ്ടു പെണ്മക്കള്‍ക്ക് ഒരു ഉമ്മയെയായിരുന്നു. ഒരുമ്മയുടെ സ്‌നേഹം എന്തെന്ന് അമ്മയാകാന്‍ പോകുന്ന ഒരുവള്‍ക്ക് നല്ലതു പോലെ അറിയുമെന്നെനിക്കു തോന്നി. ഞാന്‍ വിചാരിച്ചതു പോലെ സഫിയ അവര്‍ക്കതു നല്‍കുകയും ചെയ്തു. പക്ഷെ പിന്നീട് ഞാന്‍ വിചാരിച്ചതു പോലെയല്ല കാര്യങ്ങള്‍ നടന്നത്. മനുഷ്യന്‍ നിനയ്ക്കുന്നതു പോലെയല്ലല്ലോ പടച്ചവന്‍ നിനയ്ക്കുന്നത്. ആരിഫ എന്ന പെണ്‍കുഞ്ഞിനെ പ്രസവിച്ച് എന്റെ കൈയ്യില്‍ തന്നു കൊണ്ട് അവളും പടച്ചവന്റെ അടുത്തേയ്ക്കു പോയി. അപ്പോള്‍ എനിക്കു മനസ്സിലായി പടച്ചവന്‍ നിനയ്ക്കുന്നതേ നടക്കൂ എന്ന്… ഇന്നിപ്പോള്‍ ആസിഫിനെ അങ്ങയെ ഏല്‍പ്പിയ്ക്കാന്‍ പറയുന്നതും ആ പടച്ചവന്‍ തന്നെയാണ്. സഫിയയുടെ ആഗ്രഹവും അതുതന്നെയായിരുന്നു…’
ഹുസൈന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആ കണ്ണുകള്‍ നനഞ്ഞിരുന്നു. ജീവിതത്തില്‍ ഏറെ അനുഭവിച്ചവരെന്ന് സ്വയം അഹങ്കരിച്ച ഞങ്ങള്‍ക്ക് ജീവിത പക്വത കൈവന്ന ആ മനുഷ്യന്റെ മുന്നില്‍ നമസ്‌ക്കരിയ്ക്കാന്‍ തോന്നിപ്പോയി. കഠിന പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ച അനുഭവജ്ഞാനം ആ മനുഷ്യനെ ഹൃദയവിശാലത ഉള്ളവനാക്കി ത്തീര്‍ത്തിരിക്കുന്നു.
അപ്പോഴേയ്ക്കും കൈയ്യില്‍ നാരങ്ങാ ജ്യൂസ് നിറച്ച ഗ്ലാസ്സുമായി തലയില്‍ തട്ടമിട്ട് ഒരു കൊച്ചു പെണ്‍കുട്ടി ഞങ്ങളുടെ മുന്നിലെത്തി. കൈയ്യിലെ ജ്യൂസ് നിറച്ച ഗ്ലാസ്സ് അവള്‍ ഞങ്ങളുടെ നേരെ നീട്ടി. അവളുടെ നിഷ്‌ക്കളങ്കമായ പുഞ്ചിരി ആരേയും മയക്കുന്നതായിരുന്നു.
”മോള്‍ ഏതു ക്ലാസ്സില്‍ പഠിക്കുന്നു” നാരങ്ങാ നീരു നുണഞ്ഞു കൊണ്ട് ഞാന്‍ ചോദിച്ചു.
”ഏഴാം ക്ലാസ്സില്‍” അവളുടെ നിഷ്‌ക്കളങ്കമായ കൊച്ചു മണിനാദം ഞങ്ങളുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു.
”നിങ്ങള്‍ ആസിഫിക്കായെ കൊണ്ടു പോകാന്‍ വന്നതാണോ?”
അവളുടെ ചോദ്യത്തിനു മുന്നില്‍ എന്തു പറയേണ്ടു എന്നറിയാതെ ഞങ്ങള്‍ മിഴിച്ചു നിന്നു. അപ്പോഴേയ്ക്കും ഹുസൈന്‍ അവളെ ചേര്‍ത്തു നിര്‍ത്തിപ്പറഞ്ഞു.
” മോള്‍ അകത്തുപോയി ആസിഫിക്കായെ വിളിച്ചു കൊണ്ടു വാ… ബാപ്പ വിളിക്കുന്നെന്ന് പറയ്…’
അവള്‍ അകത്തേയ്ക്ക് ഓടിപ്പോകുന്നതു കണ്ടു. അവളുടെ കാലുകളില്‍ വെള്ളിക്കൊലുസുകളുടെ മണിക്കിലുക്കം അകന്നു പോകുന്നത് ശ്രദ്ധിച്ചു കൊണ്ട് ഞങ്ങളിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ആസിഫിന്റെ കൈപിടിച്ച് അവളെത്തി. അവന്റെ മുഖമാകെ കാറുകൊണ്ട് മേഘം പോലെ ദുഃഖ നിമഗ്‌നമായിരുന്നു. കണ്ണീരുണങ്ങി വറ്റിയ പാടുകള്‍ അവന്റെ കവിള്‍ത്തടങ്ങളില്‍ തങ്ങി നിന്നു. അവന്‍ മുന്നില്‍ വന്നു നിന്നപ്പോള്‍ ഹുസൈന്‍ പറഞ്ഞു.
”ആസിഫേ… നീ ഇവരോടൊപ്പം ഡല്‍ഹിയ്ക്കു പോകണം. ഇദ്ദേഹം നിന്നെ കൂടുതല്‍ പഠിപ്പിച്ച് വലിയ ആളാക്കും. ഇന്നത്തെ കാലത്ത് വെറും എംബിബിഎസ് കൊണ്ട് വലിയ കാര്യമൊന്നുമില്ല. നിന്നെ കൂടുതല്‍ പഠിപ്പിക്കാനാണെങ്കില്‍ എന്റെ കൈയ്യില്‍ പണവുമില്ല. നീ പഠിച്ച് വലിയ ഡോക്ടറായി വരുന്നതും കാത്ത് ഞങ്ങളിവിടുണ്ടാകും.”
”ബാപ്പ… അങ്ങ് വലിയവനാണ് അങ്ങയെപ്പോലെ ഒരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല.”
കണ്ണീരോടെ ആസിഫ് ആ കാല്‍ക്കല്‍ വീണു കൊണ്ടു പറഞ്ഞു. അവനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഫഹദ് സാറിന്റെ കൈകളില്‍ നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
”ഫഹദ് സാറെ… ഞാനിവനെ അങ്ങയെ ഏല്‍പ്പിക്കുകയാണ്. എന്റെ മകനായിപ്പിറന്നില്ലെങ്കിലും ഇവന്‍ എനിക്ക് എന്റെ മകന്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവനെ വിട്ടു തരുമ്പോള്‍ എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട്. പക്ഷെ ഇവന്റെ നല്ല ഭാവിയ്ക്കു വേണ്ടി ഇവന്റെ ശരിയായ ബാപ്പയായ നിങ്ങള്‍ക്ക് ഞാനിവനെത്തരുന്നു…’
അതു പറയുമ്പോള്‍ ഹുസൈന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആ അച്ഛനും, മകനും പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്റെ അടുത്തു നിന്ന ആരിഫയെയും ആസിഫ് കെട്ടിപ്പിടിച്ചു.
”ഇക്ക പോയി വരാം മോളെ…’
‘ഇക്ക വലിയ ഡോക്ടറായി മടങ്ങി വരണം… ഞാന്‍ കാത്തിരിക്കും.”
”വരാം മോളെ…’ ആ നിഷ്‌ക്കളങ്ക ബാലികയെ ഒരിയ്ക്കല്‍ കൂടി കെട്ടിപ്പിടിച്ച് മുത്തം നല്‍കി അവന്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. ഹുസൈനോടും, ആരിഫയോടും യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി.
അപ്പോള്‍ ഞങ്ങളെ കാത്തിരിക്കുന്ന ആനന്ദിനേയും നിമിഷയേയും കുറിച്ചോര്‍ത്തു. അപ്രതീക്ഷിത സംഭവവികാസങ്ങള്‍ മൂലം അന്നു രാത്രിയിലത്തെ ഫ്‌ളൈറ്റില്‍ ഞങ്ങള്‍ മടങ്ങുകയാണെന്ന് ഫോണിലൂടെ അറിയിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ നിമിഷ പറഞ്ഞു.
”നിങ്ങള്‍ക്ക് ഒരു മകനെക്കൂടി ലഭിച്ചതറിഞ്ഞ് ഞങ്ങള്‍ സന്തോഷിക്കുന്നു. ദൈവം നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അനുഗ്രഹങ്ങള്‍ വാരിച്ചൊരിയുകയാണ്. നിങ്ങള്‍ക്കു വേണ്ടി ഒരു നല്ല വിരുന്നൊരുക്കാന്‍ ഞങ്ങള്‍ കാത്തിരുന്നുവെങ്കിലും, നിങ്ങളുടെ ഈ സന്തോഷത്തില്‍ ഞങ്ങളും പങ്കുചേരുകയാണ്. ആസിഫിനേയും കൂട്ടി ഇനിയും നിങ്ങള്‍ വരണം. ഞങ്ങള്‍ കാത്തിരിക്കും.” നിമിഷയും ആനന്ദും ഹൃദയപൂര്‍വ്വം ഞങ്ങള്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു.
അന്നു രാത്രിയിലത്തെ ഫ്‌ളൈറ്റില്‍ തന്നെ ഞങ്ങള്‍ ഡല്‍ഹിയ്ക്കു മടങ്ങി.
അപ്രതീക്ഷിതമായി ഞങ്ങള്‍ക്കു ലഭിച്ച മകനെ സ്വീകരിക്കുവാന്‍ ഞങ്ങളുടെ ഫ്‌ളാറ്റ് ഒരുങ്ങി നിന്നു. ഞങ്ങള്‍ വരുന്ന വിവരം നേരത്തെ അറിയിച്ചതു കൊണ്ട് അരുണും അരുന്ധതിയും എല്ലാം ഒരുക്കി വച്ച് ഞങ്ങളെ സ്വീകരിക്കുവാന്‍ കാത്തു നിന്നു. കൂടെ സാരംഗിയുമുണ്ടായിരുന്നു. അവര്‍ ബലൂണുകളും മറ്റും തൂക്കി ഫ്‌ളാറ്റില്‍ ഒരു ആഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ ചെയ്തിരുന്നു. ഞങ്ങള്‍ക്ക് പുതിയതായി ഒരു മകനെക്കൂടി ലഭിച്ചതില്‍ ഏറ്റവുമധികം സന്തോഷിച്ചത് അരുന്ധതിയും അരുണുമായിരുന്നു.
ഞങ്ങള്‍ ഫ്‌ളാറ്റില്‍ തിരികെയെത്തുമ്പോള്‍ നേരം പുലര്‍ന്നു കഴിഞ്ഞിരുന്നു. എയ്‌റോഡ്രോമില്‍ നിന്ന് ഒരു ടാക്‌സി പിടിച്ച് ഞങ്ങള്‍ ഫ്‌ളാറ്റിലെത്തി. ഫ്‌ളാറ്റിന്റെ ഗേറ്റ് കടന്ന് ഞങ്ങള്‍ കടന്നു വരുന്നതു കണ്ട് അരുണ്‍ ഓടിയെത്തി.
”ഓ… ഫ്‌ളൈറ്റ് നേരത്തെ എത്തി അല്ലേ മാഡം? എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എന്താണ് എന്നെ അറിയിക്കാതിരുന്നത്? ഞാന്‍ വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടു വരുമായിരുന്നല്ലോ?”
അരുണ്‍ പറഞ്ഞതുകേട്ടു ഞാന്‍ പറഞ്ഞു
”ടെര്‍മിനലില്‍ നിന്നും ഇറങ്ങിയ ഉടന്‍ തന്നെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ടാക്‌സി കിട്ടി, ഞങ്ങളിങ്ങോട്ടു പോന്നു.”
അരുണ്‍ പിന്നെ ഒന്നും പറഞ്ഞില്ല. ആസിഫിനടുത്തെത്തി കൈ കൊടുത്തു കൊണ്ടവന്‍ പറഞ്ഞു.,
”ഹലോ ആസിഫ്… ഞാന്‍ താങ്കളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. താങ്കളെപ്പോലെ ഒരു മകനെ മാഡത്തിനും ഫഹദ് സാറിനും ലഭിച്ചതറിഞ്ഞ് ഞാന്‍ ഒരു പാടു സന്തോഷിച്ചു.”
തുടര്‍ന്ന് ആസിഫിന്റെ ചുമലില്‍ തട്ടിക്കൊണ്ട് അരുണ്‍ പറഞ്ഞു.
”ഇത്രയും നല്ല അച്ഛനമ്മമാരെ ലഭിച്ച നീ ഭാഗ്യവാനാണ് ആസിഫ്… ഇത്രയും കാലം ഞാന്‍ ആ ഭാഗ്യം അനുഭവിച്ചവനാണ്… അതുകൊണ്ട് എനിക്കിത് ഉറപ്പിച്ചു പറയാന്‍ കഴിയും…’
എല്ലാം കേട്ട് ആസിഫ് വെറുതെ പുഞ്ചിരി തൂകി നിന്നു. ഹുസൈനെയും ആരിഫയെയും വിട്ടുപോന്നതിലുള്ള വിഷമം അവന് വിട്ടകന്നിരുന്നില്ല. അപ്പോള്‍ ഞാന്‍ ആസിഫിന്റെ അടുത്തെത്തി പ്പറഞ്ഞു.
”അരുണ്‍ ഞങ്ങളുടെ ദത്തുപുത്രനും കൂടിയാണ്. അരുണ്‍ ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഞാനുണ്ടാകുമായിരുന്നില്ല. മാത്രമല്ല ഫഹദ് സാറും ഞാനുമായുള്ള കൂടിക്കാഴ്ചയും നടക്കുമായിരുന്നില്ല.”
ഞാനതു പറയുമ്പോള്‍ ആസിഫിന്റെ മുഖത്ത് വെറുപ്പ് നിഴലിക്കുന്നതായി തോന്നി. എല്ലാം എന്റെ തോന്നലായിരിക്കുമെന്ന് വിചാരിച്ച് സമാധാനിക്കാന്‍ ശ്രമിച്ചു. അപ്പോഴേയ്ക്കും അരുണ്‍ അടുത്തെത്തിപ്പറഞ്ഞു.
”ഓ… എല്ലാം മാഡം വെറുതെ പറയുന്നതാണ് ആസിഫ്… മാഡത്തിന്റെ നല്ല മനസ്സാണ് എല്ലാത്തിനും കാരണം. പിന്നെ ഈശ്വര കൃപയും. ഇത്രകാലം മാഡത്തിന് ആരുമില്ലാതിരുന്നതു കൊണ്ട് ഒരു മകന്റെ ചുമതലകള്‍ ഞാന്‍ നിര്‍വഹിച്ചു പോന്നു എന്നു മാത്രം. ഇനി അത് ആസിഫിന്റെ ചുമതലയാണ്. കാരണം ആസിഫ് ഫഹദ്‌സാറിന്റെ യഥാര്‍ത്ഥ മകനാണ്.”
”അരുണ്‍… നീ ചുമതലകള്‍ വച്ചൊഴിഞ്ഞ് എവിടേയ്ക്കാണ് പോകുന്നത്?” ഞാന്‍ ഉല്‍കണ്ഠയോടെ അന്വേഷിച്ചു.
”ഞാന്‍… ഞാനൊരു വിദേശയാത്ര പോവുകയാണ് മാഡം. അഞ്ചു വര്‍ഷത്തേയ്ക്ക് ഒരു വിദേശ സര്‍വ്വകലാശാലയില്‍ വര്‍ക്കു ചെയ്യുന്നതിനായി, സാരംഗിയും എന്റെ കൂടെ ഉണ്ടാകും. ‘
ആ വാര്‍ത്ത എന്നിലുളവാക്കിയത് നടുക്കം മാത്രമല്ല, ഹൃദയത്തെ കുത്തി നോവിക്കുന്ന വേദനയും കൂടിയായിരുന്നു. എന്റെ വേദന തിങ്ങിയ മുഖം കണ്ട് എന്നെ സമാശ്വസിപ്പിച്ചു കൊണ്ട് അരുണ്‍ പറഞ്ഞു.
‘മാഡം വിഷമിക്കരുത്… അഞ്ചു വര്‍ഷം വളരെ വേഗം കടന്നു പോകും. തിരിച്ചെത്തിയാല്‍ ഞാന്‍ മാഡത്തെ വിട്ട് എങ്ങും പോകില്ല. മാഡത്തിന്റെ മകനായി ഇവിടെത്തന്നെയുണ്ടാകും. ഇപ്പോള്‍ ഈ യാത്ര എന്നെക്കാള്‍ കൂടുതലായി സാരംഗി ആഗ്രഹിക്കുന്നു. എനിക്കതു കൊണ്ട് പോകാതിരിയ്ക്കാനാവില്ല മാഡം…’
അപ്പോള്‍ അല്പം അകന്നു നിന്ന് അരുന്ധതിയും കണ്ണ് തുടയ്ക്കുന്നതു കണ്ടു. തന്നെക്കാളേറെ വേദന സഹിയ്ക്കുന്നത് അവരാണെന്നോര്‍ത്തപ്പോള്‍ സ്വയം നിയന്ത്രിച്ചു. അല്പ സമയത്തിനുള്ളില്‍ പൊട്ടിച്ചിരികളും, തമാശകളുമായി അരുണ്‍ രംഗം കീഴടക്കി. അതോടെ ദുഃഖമയമായ ആ അന്തരീക്ഷത്തിന് അയവു വന്നു. അരുണ്‍ ഫ്‌ളാറ്റിലുള്ള ഏതാനും പേരെയും അങ്ങോട്ടു ക്ഷണിച്ചിരുന്നു. നേരം നല്ലവണ്ണം പുലര്‍ന്നതോടെ അവരെല്ലാം എത്തിച്ചേര്‍ന്നു. എല്ലാവര്‍ക്കും ആസിഫിനെ പരിചയപ്പെടുത്തിക്കൊടുത്തത് അരുണ്‍ തന്നെയാണ്. പിന്നെ ചെറിയ ഒരു ബ്രേക്ക്ഫാസ്റ്റ് എല്ലാവര്‍ക്കും നല്‍കി. ഒരു മണിക്കൂറിനുള്ളില്‍ എല്ലാവരും ഒഴിഞ്ഞു പോയപ്പോള്‍ അരുണ്‍ പറഞ്ഞു.
”ഇനി ഞങ്ങളും ഇറങ്ങുകയാണ് മാഡം. ഫോറിനില്‍ പോകുന്നതിനോടനുബന്ധിച്ച് ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.”
അരുണും അരുന്ധതിയും യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഏതോ അസഹനീയമായ വേദന മനസ്സിനെ മഥിച്ചു.
അപ്പോള്‍ ഫഹദ് സാര്‍ അടുത്തെത്തി എന്നെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.
”അരുണിന്റെ നല്ല മനസ്സ് അവനെ ഉയര്‍ന്ന നിലയില്‍ എത്തിക്കും. അതോര്‍ത്ത് നമുക്കാശ്വസിക്കാം.”
ആസിഫാകട്ടെ എല്ലാം കണ്ടും കേട്ടും ഒരപരിചിതനെപ്പോലെ അപ്പോള്‍ മാറി നില്‍ക്കുകയായിരുന്നു. അവന് എല്ലാറ്റിനോടും യോജിക്കാന്‍ എന്തോ വിഷമമുള്ളതു പോലെ തോന്നി. ഫഹദ് സാര്‍ അവന്റെ അടുത്തെത്തിപ്പറഞ്ഞു.
”ഇവിടെയുള്ളവര്‍ എല്ലാവരും നല്ലവരാണ് ആസിഫ്… കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നിനക്ക് എല്ലാറ്റിനോടും പൊരുത്തപ്പെടാന്‍ കഴിയും. ഇപ്പോള്‍ പോയി കുളിച്ചു വന്നോളൂ. നമുക്ക് ഉച്ചയ്ക്ക് പുറത്തു പോയി ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച് വരാം. അതിനു മുമ്പ് വേണമെങ്കില്‍ ഡല്‍ഹിയില്‍ എല്ലായിടവും ചുറ്റി നടന്നു കാണാം.’
അതോടെ ആസിഫ് വൈക്ലബ്യം മാറ്റി ഉത്സാഹവാനായി. അവന്റെ സ്വന്തം ബാപ്പയുടെ മുന്നില്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ ഉന്‍മേഷവാനായിത്തീര്‍ന്ന അവനെക്കണ്ട് ഞാന്‍ പറഞ്ഞു.
”നിങ്ങള്‍ രണ്ടുപേരും പുറത്തു പോയി കാഴ്ചകള്‍ കണ്ടു വന്നോളൂ… ഞാന്‍ അപ്പോഴേയ്ക്കും ലഞ്ച് റെഡിയാക്കാം…’
‘അതു വേണ്ട മീരാ… തനിക്കിന്ന് യാത്രാക്ഷീണമുണ്ടാകും. താന്‍ റെസ്റ്റേടുത്തോളൂ… നമുക്ക് അല്പം കഴിഞ്ഞ് പുറത്തു പോകാം..”
ഫഹദ് സാര്‍ നിര്‍ദ്ദേശിച്ചതു കേട്ട് ഞാന്‍ അകത്തേയ്ക്കു നടന്നു. സത്യത്തില്‍ തലേദിവസത്തെ യാത്രാക്ഷീണത്തോടൊപ്പം ഉറക്ക ക്ഷീണവും എന്നെ തളര്‍ത്തിയിരുന്നു.
എന്നാല്‍ ആസിഫിനെ തുടക്കത്തില്‍ തന്നെ എന്നെപ്പറ്റി എന്തുതോന്നും എന്നോര്‍ത്ത് പറഞ്ഞതാണ്. ആണ്‍കുട്ടികള്‍ക്കെപ്പോഴും സ്വന്തം അമ്മമാര്‍ പാകം ചെയ്ത് ഉണ്ടാക്കുന്ന ആഹാരം കഴിയ്ക്കാനായിരിക്കും താല്‍പര്യം. അത്തരത്തില്‍ അമ്മയുടെ സ്ഥാനം ഊട്ടി ഉറപ്പിയ്ക്കുവാനുള്ള ഒരു ശ്രമവും കൂടിയായിരുന്നു അത്. എന്നാല്‍ ആസിഫിന്റെ ഉള്ളില്‍ ഞാന്‍ ശത്രുസ്ഥാനത്താണ് നിലക്കൊള്ളുന്നതെന്ന സത്യം വളരെ പതുക്കെയാണ് ഞാന്‍ മനസ്സിലാക്കിയത്. തന്റെ ഉമ്മയുടെ ജീവിതം തച്ചുടച്ച ശത്രുവിന്റെ സ്ഥാനത്ത് അവന്‍ എന്നെ കണ്ടു.
അന്ന് ഫഹദ് സാറിനോടൊപ്പം കാറില്‍ ചുറ്റിയടിക്കുമ്പോഴെല്ലാം ആസിഫ് കനത്ത മൗനത്തിലായിരുന്നു. എന്തോ കനത്ത ഭാരം ഹൃദയത്തിലിറക്കി വച്ചതു പോലെ അവന്‍ വീര്‍പ്പുമുട്ടി. എന്നെ കാണുമ്പോഴെല്ലാം ആ വീര്‍പ്പുമുട്ടല്‍ കൂടിക്കൂടി വന്നു. അവനെ സന്തോഷിപ്പിക്കുവാനുള്ള ഫഹദ് സാറിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.
ഒടുവില്‍ ആ വീര്‍പ്പുമുട്ടലിന്റെ കാരണം ഞാന്‍ കണ്ടെത്തി. എന്റെ സാന്നിദ്ധ്യമാണ് ആ വീര്‍പ്പുമുട്ടലിനു കാരണം. ഞാന്‍ അകന്നു മാറുമ്പോഴെല്ലാം ആസിഫ് സന്തോഷവാനായിരുന്നു. തന്റെ ബാപ്പയുടെ ഹൃദയം ഒരന്യ സ്ത്രീയുടെ കൈയ്യിലാണെന്ന മട്ടില്‍ അവന്‍ അതിനെ ബലമായി അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അവന്റെ കണ്ണില്‍ ഞാനൊരു നീച സ്ത്രീയായിരുന്നു. അവന്റെ ബാപ്പയില്‍ നിന്നും അവന്റെ ഉമ്മയെ അകറ്റിയ സ്ത്രീ.
ദിവസങ്ങള്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ആസിഫിന് ഡല്‍ഹി എയിംസില്‍ ഒരഡ്മിഷനു പ്രയാസമുണ്ടായിരുന്നില്ല. കാരണം അവന് എംഡിയുടെ അഖിലേന്ത്യ പ്രവേശന പരീക്ഷയില്‍ മൂന്നാം സ്ഥാനമുണ്ടായിരുന്നു. അങ്ങിനെ ആഗ്രഹിച്ചിടത്തു തന്നെ അവന് പഠിക്കുവാന്‍ കഴിഞ്ഞു.
ഫഹദ് സാര്‍ ഏറെ ഉന്‍മേഷവാനായി കാണപ്പെട്ടു. ഒരു കാര്യത്തിലൊഴിച്ച്, എന്നോടുള്ള അവന്റെ സമീപനത്തില്‍ അദ്ദേഹം ഏറെ കുണ്ഠിതപ്പെട്ടു. ഞാന്‍ പാകം ചെയ്യുന്ന ആഹാരം പോലും അവന്‍ കഴിയ്ക്കാന്‍ വിമ്മിഷ്ടപ്പെടുന്നുണ്ടായിരുന്നു. ഒരു ദിവസം അവന്‍ പറഞ്ഞു.
”ഞാന്‍ കാന്റീനില്‍ നിന്ന് ആഹാരം കഴിച്ചോളാം… ബാപ്പ എനിക്ക് പൈസ തന്നാല്‍ മതി.”
”അതെന്തിനാ ആസിഫേ… മീര എല്ലാം പാകം ചെയ്ത് നിനക്ക് തന്നയ്ക്കുന്നുണ്ടല്ലോ…’ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയായി ആസിഫ് പറഞ്ഞത്.
”അത് ബാപ്പ… വീട്ടിലുണ്ടാക്കുന്ന ആഹാരം എനിക്ക് പണ്ടെ ശീലമില്ല. ഉമ്മ മരിച്ചതില്‍പ്പിന്നെ പുറത്തു നിന്നാണ് ഞാന്‍ ആഹാരം കഴിച്ചു കൊണ്ടിരുന്നത്. എനിക്കതേ പിടിക്കുകയുള്ളൂ…’
ഫഹദ് സാര്‍ പിന്നെ അവനെ നിര്‍ബന്ധിച്ചില്ല. അവന്റെ ഒഴിഞ്ഞുമാറ്റം എന്തു കൊണ്ടെന്ന ഫഹദ്‌സാറിനും എനിക്കും മനസ്സിലാകുമായിരുന്നു. നാളുകള്‍ ചെല്ലുന്തോറും അവന്‍ എന്നില്‍ നിന്ന് കൂടുതല്‍ അസ്വസ്ഥതയോടെ അകന്നു മാറിക്കൊണ്ടിരുന്നു. ഒടുവില്‍ ഒരു ദിവസം അവന്‍ പറഞ്ഞു.
”ബാപ്പാ… ഞാന്‍ ഹോസ്റ്റലില്‍ നിന്ന് പഠിച്ചോളാം… അതാകുമ്പോള്‍ ദിവസവും എന്നെ കൊണ്ടുപോയാക്കുന്നതിനുള്ള ബാപ്പയുടെ ബുദ്ധിമുട്ട് ഒഴിവാകുമല്ലോ. പിന്നെ തിരിച്ചുള്ള ബസ്സ് യാത്രയുടെ പൈസയും ലാഭിക്കാം…’
അവന്റെ ഓരോ വാക്കും എന്നിലും, ഫഹദ് സാറിലും കനത്ത ആഘാതമേല്പിച്ചു കൊണ്ടിരുന്നു. അവന്റെ മാതാപിതാക്കളാകാനുള്ള ഞങ്ങളുടെ പരിശ്രമത്തെ അവന്‍ പുല്ലു പോലെ തള്ളിനീക്കിക്കൊണ്ടിരുന്നു. ഫഹദ് സാറെന്ന ബാപ്പയുടെ സാന്നിദ്ധ്യം അവന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും എന്റെ സാന്നിദ്ധ്യം ഒരു പിശാചിനിയുടേതെന്ന പോലെ അവനെ വിറളി പിടിപ്പിച്ചു. തന്റെ ഉമ്മയുടെ ശത്രു തന്റേയും ശത്രുവാണെന്ന് അവന്‍ വിധിയെഴുതി.
ഒടുവില്‍ ഹോസ്റ്റലില്‍ ചേരുവാനുള്ള അവന്റെ ഉദ്യമത്തെ ഫഹദ് സാറിന് അനുകൂലിക്കേണ്ടി വന്നു. മുറിവേറ്റ മനസ്സുമായി ഞങ്ങളുടെ മുന്നിലൂടെ നാളുകള്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നു.
ഒരു മകനെ ലഭിച്ചതിലുള്ള അമിതാഹ്ലാദത്തില്‍ നിന്ന് വേദനയുടെ പടുകുഴിയിലേയ്ക്ക് ഞങ്ങള്‍ നിപതിച്ചു. അവന്റെ അടുത്തെത്തുമ്പോള്‍ വാത്സല്യാതിരേകത്താല്‍ ത്രസിച്ചു കൊണ്ടിരുന്ന എന്നെ വെറുപ്പിന്റെ കൂര്‍ത്ത നോട്ടങ്ങളയച്ച് അവന്‍ മുറിവേല്പിച്ചു കൊണ്ടിരുന്നു. അങ്ങിനെ ആറുമാസം തികയാറായി. ഒരിയ്ക്കല്‍ കോളേജില്‍ വച്ച് ഒരു ഫോണ്‍ കോള്‍ ഞങ്ങളെ തേടി വന്നു ആസിഫിന്റെ ഹോസ്റ്റല്‍ വാര്‍ഡന്റേതായിരുന്നു അത്.
”ആസിഫ് ഹാഡ് ആന്‍ ആക്‌സിഡന്റ് ആന്‍ഡ് ഈസ് നൗ ഇന്‍ ദ റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍…’
ആ വാര്‍ത്ത ഞങ്ങളെ ഞെട്ടിച്ചു. ഹോസ്പിറ്റലില്‍ ഓടിയണഞ്ഞ ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത് ആസിഫ് ഐസിയുവിലാണെന്നും സീരിയസ് കണ്‍ഡീഷനിലാണെന്നുമാണ്. അവനെ ഒരു നോക്കു കാണുവാന്‍ ഞങ്ങള്‍ പരിശ്രമിച്ചു.
ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഓപ്പറേഷനാവശ്യമായ രക്തം സംഘടിപ്പിക്കുവാന്‍ ഞങ്ങള്‍ ഓടി നടന്നു. ബ്ലഡ് ബാങ്കില്‍ നിന്നും ലഭിച്ച രക്തം തികയാതെ വന്നപ്പോള്‍ എന്റെ രക്തം നല്‍കി ആ പ്രതിസന്ധിയെ തരണം ചെയ്തു. എന്റെ രക്ത ഗ്രൂപ്പു തന്നെയാണ് ആസിഫിന്റേതുമെന്നറിഞ്ഞപ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്ക് ആശ്വാസമായത്.
അവന്റെ കാലിനായിരുന്നു കൂടുതല്‍ പരിക്ക് പറ്റിയത്. പിന്നെ ബൈക്ക് വന്ന് ദേഹത്തേയ്ക്ക് മറിഞ്ഞു വീണതു മൂലം വയറിന്റെ ഭാഗങ്ങള്‍ക്കും പരുക്കു പറ്റിയിരുന്നു. അടിയന്തിരമായി ആസിഫിന് ഓപ്പറേഷന്‍ നടത്തിയതിനാല്‍ അപകടസന്ധി തരണം ചെയ്യുവാന്‍ അവന് കഴിഞ്ഞു. എങ്കിലും ഇരുപത്തിനാലുമണിക്കൂര്‍ കഴിയാതെ ഒന്നും പറയുവാനാവുകയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
വാര്‍ദ്ധക്യ കാലത്ത് അപ്രതീക്ഷിതമായി ഞങ്ങള്‍ക്കു കിട്ടിയ വരമായിരുന്നു ആസിഫ്. ഹൃദയം കൊണ്ട് അവന്‍ ഞങ്ങളോട് അകന്നു നിന്നുവെങ്കിലും ഞങ്ങള്‍ക്കവന്‍ ഹൃദയത്തിന്റെ ഭാഗമായിരുന്നു…
ഒരിയ്ക്കല്‍ കൂടി ഒരു മകനെ നഷ്ടപ്പെടുവാന്‍ ഞങ്ങളൊരുക്ക മായിരുന്നില്ല. അല്പകാലമെ ആയുള്ളുവെങ്കിലും ജീവിതത്തില്‍ ആകസ്മികമായി ലഭിച്ച ഈ സൗഭാഗ്യത്തെ ഞങ്ങള്‍ മാറോടണച്ചു കഴിഞ്ഞിരുന്നു.
ഒരിയ്ക്കല്‍ കൂടി വരമായി നല്‍കിയ ഈ സൗഭാഗ്യത്തെ ഈശ്വരന്‍ തട്ടിപ്പറിക്കുമോ? ഞങ്ങളുടെ മനസ്സ് അലകടല്‍ പോലെ ഇളകി മറിഞ്ഞു കൊണ്ടിരുന്നു. ആസിഫിനു വേണ്ടി വഴിപാടുകള്‍ നേര്‍ന്നു കൊണ്ട് ഞങ്ങള്‍ ഐസിയുവിനു മുന്നില്‍ കാവലിരുന്നു. അപ്പോഴാണ് ഫഹദ് സാര്‍ ഓര്‍മ്മിച്ചത്.
”ഹുസൈനെ കാര്യങ്ങള്‍ അറിയിക്കണ്ടെ? പിന്നീടെന്തെങ്കിലും സംഭവിച്ചാല്‍ ഹുസൈന്‍ കാര്യങ്ങള്‍ അറിയിക്കാത്തതില്‍ നമ്മെളെ കുറ്റപ്പെടുത്തുകയില്ലേ?”
അതു ശരിയാണെന്ന് ഞാനും പിന്താങ്ങി. അങ്ങിനെ ഫഹദ് സാര്‍ ഹുസൈനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. കാര്യങ്ങള്‍ എല്ലാം കേട്ടയുടനെ ഹുസൈന്‍ സംഭ്രാന്തനായി പറഞ്ഞു.
”അള്ളാ എന്റെ കുട്ടിയെ കാത്തുരക്ഷിക്കുമെന്നെനിക്കുറപ്പുണ്ട്. എങ്കിലും മനസ്സു പിടയുകയാണ്. ഞാന്‍ എങ്ങിനെയും ഇന്നു തന്നെ അവിടെ എത്താന്‍ നോക്കാം…’
അന്ന് വൈകുന്നേരത്തെ ഫ്‌ളൈറ്റില്‍ ഹുസൈനും ആരിഫയും എത്തിച്ചേര്‍ന്നു. ഫഹദ് സാര്‍ അവര്‍ക്കു വേണ്ടി രണ്ടു ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ ബുക്കു ചെയ്തിരുന്നു.
”എവിടെ എന്റെ പൊന്നുമോന്‍… അവന് എന്താണ് പറ്റിയത് സാറെ? പത്തിരുപത്തിമൂന്നു വയസ്സുവരെ ഒരു പോറല്‍ പോലുമേല്‍ക്കാതെയാണ് ഞാന്‍ അവനെ വളര്‍ത്തിയത്.”
ഹുസൈന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഞങ്ങളുടെ സമീപമെത്തി.
”ആസിഫിപ്പോള്‍ അപകടനില തരണം ചെയ്തു കഴിഞ്ഞു ഹുസൈന്‍… പേടിയ്ക്കാനൊന്നുമില്ല.”
ഹുസൈനെ ആശ്വസിപ്പിയ്ക്കാനായി ഫഹദ് സാര്‍ പറഞ്ഞു. എങ്കിലും ഫഹദ് സാര്‍ പറഞ്ഞത് പൂര്‍ണ്ണമായും സത്യമല്ലെന്ന് ഹുസൈന് മനസ്സിലായി. അയാള്‍ കരഞ്ഞു കൊണ്ട് വീണ്ടും ചോദിച്ചു.
”എവിടെ എന്റെ മോന്‍ സാറെ… എനിക്കൊന്നു കാണിച്ചു തരൂ…’
ഫഹദ് സാര്‍ ഹുസൈനെ ഐസിയുവിന്റെ വെന്റിലേറ്ററിലൂടെ ആസിഫിനെ കാണിച്ചു കൊടുത്തപ്പോള്‍ മാത്രമാണ് അയാള്‍ അല്പം ശാന്തനായത്. അയാളുടെ കൈപിടിച്ചു നിന്ന ആരിഫയും അപ്പോള്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു.
”എന്റെ ഇക്ക… ഇക്കയ്‌ക്കെന്താണ് പറ്റിയത്? ഇക്കായ്ക്ക് ബോധമില്ലേ ബാപ്പ?” അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു കൊണ്ടിരുന്നു.
ഞങ്ങള്‍ സ്വയം ആശ്വസിപ്പിക്കാന്‍ വിഫലമായി ശ്രമിക്കുമ്പോള്‍ മറ്റു രണ്ടുപേരെക്കൂടി ആശ്വസിപ്പിയ്‌ക്കേണ്ട ചുമതല കൂടി ഞങ്ങള്‍ക്കു വന്നു ചേര്‍ന്നു.
അന്നു രാത്രി മുഴുവന്‍ എട്ടുകണ്ണുകള്‍ കണ്ണിമയ്ക്കാതെ പ്രാര്‍ത്ഥയുമായി ഐസിയുവിനു മുന്നില്‍ കാവലിരുന്നു. ഒടുവില്‍ പിറ്റേ ദിവസം ഡോക്ടര്‍ ആശ്വാസപ്രദമായ ആ വാര്‍ത്ത നല്‍കി.
”ആസിഫ് അപകട നില പൂര്‍ണ്ണമായും തരണം ചെയ്തിരിക്കുന്നു.”
ആസിഫ് ഒരു ഡോക്ടറായതു കൊണ്ടും കൂടിയാകാം ഡോക്ടര്‍മാര്‍ അവന് പ്രത്യേക ശ്രദ്ധ നല്‍കി ചികിത്സിച്ചിരുന്നു.
ഒടുവില്‍ നാലാം ദിനം അവനെ വാര്‍ഡിലേയ്ക്കു മാറ്റുമ്പോള്‍ ഞങ്ങള്‍ ആശ്വാസനിശ്വാസങ്ങളുതിര്‍ത്തു. ഒരു കൊടുങ്കാറ്റൊഴിഞ്ഞു പോയതു പോലെ ഞങ്ങള്‍ക്കനുഭവപ്പെട്ടു. ആസിഫിനെ വാര്‍ഡിലേയ്ക്ക് കൊണ്ടുവന്നതോടെ ഹുസൈനും ആശ്വാസമായി. ആസിഫിന്റെ അടുത്തെത്തി ഹുസൈന്‍ പറഞ്ഞു.
”അള്ളാ കാത്തു… അല്ലെങ്കില്‍ ഞമ്മളും നിന്റൊപ്പം പോരേണ്ടി വന്നേനെ. ഈ ജീവിതം തന്നെ മടുത്ത് ആത്മഹത്യ ചെയ്യേണ്ടി വന്നേനെ…’
അതുകേട്ട് ആസിഫ് പറഞ്ഞു
”ബാപ്പ ഇങ്ങനെയൊന്നും പറയരുത്… ബാപ്പയുടെ പ്രാര്‍ത്ഥന എന്നോടൊപ്പം ഉള്ളിടത്തോളം കാലം എനിക്കൊന്നും പറ്റുകയില്ല.”
”അതുശരിയാണ് മോനെ. ഞമ്മക്കെപ്പോഴും നിന്നെക്കുറിച്ചു മാത്രമേ പ്രാര്‍ത്ഥിക്കാനുള്ളൂ. പിന്നെ ആരിഫാനെക്കുറിച്ചും. നിങ്ങളു രണ്ടുപേരും ഈ ഭൂമിയില്‍ സുഖമായിരിക്കുന്നതു കണ്ടാലെ ഞമ്മക്കും സുഖമുണ്ടാവുകയുള്ളൂ….”
”ബാപ്പ…’ ആസിഫ് വികാര വിവശനായി വിളിച്ചു. പിന്നെ കരഞ്ഞു കൊണ്ടു നിന്ന ആരിഫയെ അടുത്തു വിളിച്ചു നിര്‍ത്തി പറഞ്ഞു.
”പൊട്ടിപ്പെണ്ണെ… നീയെന്തിനാ കരയുന്നേ? ഇക്കായ്ക്ക് ഒന്നും പറ്റിയിട്ടില്ലാ മോളെ…’
‘ഇക്കാ ഇനി ബൈക്കിലൊന്നും പോകണ്ട എനിക്ക് പേടിയാ…’ ആരിഫ കരഞ്ഞു കൊണ്ടു പറയുന്നതു കേട്ടപ്പോള്‍ ആസിഫ് പറഞ്ഞു.
”ബൈക്ക് ഓടിച്ചത് ഇക്കയല്ല മോളെ… ഇക്കായുടെ ഒരു കൂട്ടുകാരനാ… ഇക്കാ ഓടിച്ചിരുന്നെങ്കില്‍ ഈ അപകടമൊന്നും പറ്റുകയില്ലായിരുന്നു…’
‘ഒന്നും വേണ്ടാ ഇക്കാ… ഇക്കാ ഇനി കാറോടിച്ചാ മതി… ഇക്കാ ഒരു ഡോക്ടറല്ലെ. കാറു വാങ്ങിയാ മതി. ഇക്കാ കാറു വാങ്ങിയിട്ടു വേണം എനിക്കു സ്‌ക്കൂളില്‍ എല്ലാവരോടും പറയാന്‍ ഞങ്ങള്‍ക്കും കാറുണ്ടെന്ന്…’
ആരിഫാ തന്റെ കൊച്ചു സ്വപ്നങ്ങള്‍ പുഞ്ചിരിയോടെ ഇക്കായുടെ മുമ്പില്‍ നിരത്തി വച്ചു. അതുകേട്ട് അറിയാതെ ഒരു പുഞ്ചിരി ഞങ്ങളുടെയെല്ലാം മുഖത്തു വിരിഞ്ഞു. അതോടെ ദുഃഖം ഖനീഭവിച്ചു നിന്ന ആ അന്തരീക്ഷത്തിന് അയവു വരികയും ചെയ്തു.
ആരിഫായും ഹുസൈനും അന്നു തന്നെ മടങ്ങി. ഫഹദ് സാറും ഞാനും ആസിഫിന്റെ അടുത്തു നിന്ന് മാറി മാറി ശുശ്രൂഷിച്ചു. ഫഹദ് സാര്‍ ഒരാഴ്ചത്തേയ്ക്കും ഞാന്‍ ലീവ് ഒരു മാസത്തേയ്ക്കും നീട്ടിയെടുത്തു. ഇപ്പോള്‍ ഞാനടുത്തെത്തുമ്പോഴുള്ള ആസിഫിന്റെ നിലപാടിന് അയവു വന്നിരുന്നു.
അവന്റെ കണ്ണുകള്‍ ഒരുമ്മയുടെ സാമീപ്യം കൊതിയ്ക്കുന്നതായി ഞാന്‍ മനസ്സിലാക്കി. ആ അവസരം മുതലെടുത്ത് നന്നായി ഞാനും പെരുമാറി. അവന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വച്ചു കൊണ്ട് ഞാനടുത്തു നിന്നു. ക്രമേണ എന്നെക്കാണുമ്പോള്‍ വെറുപ്പ് നിഴലിച്ചിരുന്ന ആ കണ്ണുകളില്‍ സ്‌നേഹം നാമ്പെടുത്തു തുടങ്ങി. ഉമ്മായെന്ന് എന്നെ വിളിയ്ക്കുവാന്‍ അവന്‍ കൊതിയ്ക്കുന്നതായി എനിക്കു തോന്നി.
ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ആസിഫിനെ വീല്‍ചെയറിലിരുത്തി ഞങ്ങള്‍ വാര്‍ഡിനു പുറത്തേയ്ക്ക് കൊണ്ടു പോയിത്തുടങ്ങി. ഒരു ദിവസം ആസിഫിനെ വീല്‍ചെയറിലിരുത്തി ഉന്തുമ്പോള്‍ അവന്‍ എന്നോടു പറഞ്ഞു.
”നിങ്ങളിപ്പോള്‍ എനിക്ക് എന്റെ സ്വന്തം ഉമ്മായെപ്പോലെയാണ്. എന്റെ ഉമ്മായുണ്ടായിരുന്നെങ്കില്‍ എന്നെ ഇത്രത്തോളം സ്‌നേഹിക്കുമായിരുന്നോ എന്നെനിക്ക് സംശയം തോന്നുന്നു. ഉമ്മാ പറഞ്ഞതു കേട്ട് ഞാനും നിങ്ങളെ തെറ്റിദ്ധരിച്ചതില്‍ ഇപ്പോള്‍ വിഷമം തോന്നുന്നു. നിങ്ങള്‍ നന്മയുള്ളവളാണ്. നിങ്ങള്‍ക്കൊരിയ്ക്കലും എന്റെ ബാപ്പയെ എന്റെ ഉമ്മായില്‍ നിന്ന് അകറ്റാന്‍ കഴിയുമെന്ന് തോന്നുന്നില്ല…’
ആ വാക്കുകള്‍ കേട്ട് ഒരു മഞ്ഞുമഴയിലെന്ന പോലെ ഞാന്‍ കുളിര്‍ന്നു നിന്നു. ഈശ്വരന്റെ കാരുണ്യം പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും നമുക്കു ലഭിക്കുക. ഒരു രക്ഷിതാവിനെപ്പോലെ ചിലപ്പോള്‍ ഒരു കൈകൊണ്ടു തല്ലുമ്പോള്‍ മറ്റേ കൈകൊണ്ടു തലോടാനും അദ്ദേഹം മറക്കില്ല.
”ഞാന്‍ നിങ്ങളെ ഉമ്മായെന്നു വിളിച്ചോട്ടെ… എന്റെ ഉമ്മാ മരിച്ചശേഷം എനിക്കങ്ങനെ ആരേയും വിളിക്കാന്‍ പറ്റിയിട്ടില്ല.”
ആസിഫിന്റെ വാക്കുകള്‍ തേങ്ങലില്‍ കുരുങ്ങി നിന്നു. അതുകേട്ട് ഒരു മകനെയെന്നതു പോലെ അവനെ മാറോടണച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
”ആസിഫ് എനിക്കെന്റെ സ്വന്തം മകന്‍ തന്നെയാണ്. ഫഹദ് സാര്‍ നിന്റെ ബാപ്പയാണെങ്കില്‍ ഞാന്‍ നിന്റെ ഉമ്മയാകാതിരിയ്ക്കുന്നതെങ്ങിനെ?”
ആസിഫിന്റെ കണ്ണുകളില്‍ നിന്ന് സന്തോഷാശ്രുകള്‍ അടര്‍ന്ന് എന്റെ കൈകളില്‍ വീണു. ആ കണ്ണുകളിലെ കണ്ണുനീര്‍ തുടച്ചു നീക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.
”ആസിഫിനെ കണ്ടനാള്‍ മുതല്‍ നീ എനിക്ക് മകന്‍ തന്നെയാണ്. നീയും അരുണും എനിക്ക് പിറക്കാതെ പോയ രണ്ടു മക്കള്‍. കാരണം ഫഹദ് സാറിനെ കണ്ട അന്നു മുതല്‍ നീ എന്റെ ഹൃദയത്തില്‍ നാമ്പെടുത്തു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അരുണിനേക്കാള്‍ പ്രായം കൊണ്ട് ചെറുപ്പമെങ്കിലും നീ തന്നെയാണ് എന്റെ മൂത്തമകന്‍.”
എന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടിട്ടെന്നപോലെ ആസിഫ് പുഞ്ചിരിച്ചു.
വീട്ടില്‍ത്തിരിച്ചെത്തിയ ശേഷവും ആസിഫിന് കുറച്ചു നാള്‍ വീല്‍ ചെയറില്‍ തുടരേണ്ടി വന്നു. ഞാനും ഫഹദ് സാറും മാറി മാറി ലീവെടുത്ത് നിന്ന് ആസിഫിനെ ശുശ്രൂഷിച്ചു. ആ കാലയളവില്‍ അവന്‍ ഞങ്ങളോട് വളരെയേറെ അടുത്തു. ജീവിതത്തില്‍ സംഭവിച്ച അപരിഹാര്യമായ നഷ്ടങ്ങളുടെ വിടവു നികത്തുന്നതില്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചു.
തനിക്കു നഷ്ടമായ ഉമ്മയേയും ബാപ്പയേയും തിരികെ ലഭിച്ചതില്‍ ആസിഫും ആസിഫ് എന്ന മകനെ ലഭിച്ചതില്‍ ഞങ്ങളും മതിമറന്ന് സന്തോഷിച്ചു. സ്‌നേഹമെന്ന വില തീരാത്ത അമൂല്യരത്‌നത്താല്‍ ഞങ്ങള്‍ ആ സന്തോഷത്തിന്റെ മാറ്റു കൂട്ടിക്കൊണ്ടിരുന്നു. ആനന്ദനിമഗ്‌നമായി ദിവസങ്ങളും, മാസങ്ങളും പറന്നു പൊയ്‌ക്കൊണ്ടിരുന്നു.
(തുടരും)







