തിളപ്പിച്ച വെള്ളം ചെറിയ ചായക്കപ്പുകളിലൊഴിച്ച് അതിലേക്ക് ലിപ് ടന്റെ ചായപ്പൊടി ഇട്ടു. മെല്ലെമെല്ലെ വെള്ളത്തില്‍ പടരുന്ന ചുവപ്പു രാശിയിലേക്ക് നോക്കി ഒരു നിമിഷം ഫാത്തിമ എന്ന ഫത്തും നിന്നു. രാവിലെ മുതല്‍ രാത്രി വരെയുള്ള അങ്കത്തിന് അവള്‍ ഒരുങ്ങുകയാണ്. തലയിലെ തട്ടം യഥാസ്ഥാനപ്പെടുത്തി, വലിയ ട്രേയില്‍ ഈന്തപ്പഴവും ഉരുക്കിയ ഗിബനും (നെയ്യ്) എള്ള്‌ചേര്‍ത്തുണ്ടാക്കിയ തെഹീന്‍ എന്ന ഒരുതരം എണ്ണയും പുഴുങ്ങിയ മുട്ടകളും നിറച്ചിട്ടുണ്ട്. അത് തലയില്‍ വച്ച് – വലതു കയ്യില്‍ സ്റ്റാന്‍ഡ് മോഡലിലുള്ള ട്രേയില്‍ കാവക്കപ്പു കളും നിറച്ച് ഫത്തും സ്വീകരണ മുറിയിലേക്ക് നടക്കവേ മൃദുവായി മൊഴിഞ്ഞു-
‘യാ റബ്ബീ…’
ട്രേകള്‍ സ്വീകരണമുറിയില്‍ വച്ചപ്പോള്‍ത്തന്നെ, കാത്തിരുന്നതു പോലെ ആ വീട്ടിലെ ബാബ (പിതാവ്) മുഹമ്മദ് എന്ന അറബി എത്തി, ചായക്കപ്പ് കൈക്കലാക്കി. തടിച്ചുരുണ്ട അയാള്‍ വെള്ള നിറമുള്ള കന്തൂ റ എന്ന നീളന്‍ കുപ്പായം അണിഞ്ഞിരുന്നു. ‘സലാം അലൈക്കും ബാ ബ’ എന്ന് ഫത്തും സ്വരം താഴ്ത്തി പറഞ്ഞു. ഗൗരവക്കാരനായ അയാ ള്‍ ‘വഅലൈക്കും അസ്സലാം’ എന്ന് പരുപരുത്ത സ്വരത്തില്‍ യാന്ത്രിക മായി മറുപടി പറഞ്ഞിട്ട് സിറ്റൗട്ടിലേക്ക് നടന്നകന്നു. സിറ്റൗട്ടിന് വെളി യില്‍ വിശാലമായ പൂന്തോട്ടവും കുറ്റിച്ചെടികളും ഇരിക്കുവാന്‍ ബെഞ്ചു കളും ജലധാരയും ഭംഗിയായി ഒരുക്കിയിരിക്കുന്നു. വിവിധ വര്‍ണ്ണങ്ങ ളിലുള്ള റോസാപ്പൂവുകളും സൂര്യകാന്തിപ്പൂക്കളും അത്യപൂര്‍വ്വ ഇനത്തി ലുള്ള പുഷ്പങ്ങളുമെല്ലാം ചിരിച്ചു രസിച്ചു നില്‍ക്കുന്ന കാഴ്ച അതി മനോഹരമാണ്.
ഉദ്യാനത്തിന്റെ വലതുഭാഗത്ത് ഷെഡ്ഡുകളില്‍ നിരനിരയായി തലയെ ടുപ്പോടെ കിടക്കുന്ന ജീപ്പുകള്‍, ലാന്‍ഡ് ക്രൂസര്‍,ഹോണ്ട, മിറ്റ്‌സുബിഷി, നിസാന്‍… എന്നു വേണ്ട പലവിധ വാഹനങ്ങള്‍! അമ്പോ ഒരു കാഴ്ച തന്നെയാണ്.
ഉദ്യാനത്തിനു മാറ്റുകൂട്ടുവാനായി കലപിലാ ചിലയ്ക്കുന്ന ലവ്‌ബേര്‍ ഡ്‌സും മെക്കാതത്തയും കുരുവികളും വലിയ ഫിഷ് ടാങ്കിലെ വര്‍ണ്ണ പ്പകിട്ടാര്‍ന്ന മത്സ്യക്കുട്ടങ്ങളും… കണ്ണുചിമ്മാതെ നിന്നുപോകും ആ കാഴ്ച കണ്ടാല്‍…!
മുഹമ്മദ് എന്ന അര്‍ബാബ് സൗദിയിലെ പ്രസ്തമായ ഒരു വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ്. കെട്ടിട നിര്‍മ്മാണത്തിനുപയോ ഗിക്കുന്ന ഉപയോഗിക്കുന്ന താബൂക്ക് ഫാക്ടറിയുടെയും കെട്ടിടം പണി യ്ക്കുള്ള മറ്റ് സാധന സാമഗ്രികള്‍ വില്‍ക്കുകയും ചെയ്യുന്ന വലിയ ബിസിനസ് ശൃംഖലയുടെയും ഉടമ. മുഹമ്മദിന്റെ കീഴില്‍ കേരളീയരും പാക്കിസ്ഥാനികളും ബംഗാളികളുമായി അനേകം പേര്‍ ജോലി ചെയ്യുന്നു. തന്റെ സ്വകാര്യ വാഹനമായ ഹോണ്ടയുടെ ഡ്രൈവര്‍ തൃശുര്‍ക്കാരനായ സോമന്‍ പത്ത് വര്‍ഷത്തിലേറെയായി വിശ്വസ്ത സേവകനായി ജോലി നോക്കുന്നു. കുടുംബവുമൊത്ത് യാത്ര പോകു മ്പോള്‍ പാക്കിസ്ഥാനിയായ അംജത് ആണ് വാഹനം ഓടിക്കുന്നത്. ഫോര്‍വീലര്‍.
അംജത്ത് ചെറുപ്പക്കാരനും സുന്ദരനുമാണ്. അവിവാഹിതന്‍. ആറു വര്‍ഷത്തിലേറെയായി മുഹമ്മദിന്റെ കൂടെയാണ് ജോലി ചെയ്യുന്നത്.
സോമനും അംജത്തും വലിയ കൂട്ടുകാരാണ്. അവര്‍ക്കായി മാത്രം മുഹമ്മദ് ഒരു ചെറിയ ഔട്ട് ഹൗസ് ഒരുക്കികൊടുത്തിട്ടുണ്ട്. ഭംഗിയുള്ള ആ ഔട്ട് ഹൗസില്‍ അവര്‍ സന്തോഷത്തോടെ താമസിക്കുന്നു. പൂച്ചെടി കളും മറ്റും അവിടെയും വര്‍ണ്ണപ്പകിട്ടോടെ വച്ചു പിടിപ്പിച്ചിരിക്കുന്നു. അവര്‍ എല്ലാക്കാര്യങ്ങളും പരസ്പരം തുറന്നു പറയുകയും ആലോചി ക്കുകയും ചെയ്യാറുണ്ട്. മറയില്ലാതെ അവര്‍ എല്ലാ രഹസ്യങ്ങളും പങ്കുവയ്ക്കും. ചില വെള്ളിയാഴ്ചകളില്‍ ഔട്ട് ഹൗസിന്റെ മുന്‍പിലുള്ള ഈന്തപ്പനമരങ്ങളുടെ കീഴില്‍ കാറ്റും കൊണ്ടവര്‍ ഏറെ നേരം ഇരിയ് ക്കാറുണ്ട്.
മുഹമ്മദിന്റെ ഉദ്യാനത്തില്‍ വിവിധയിനം ഈന്തപ്പനകള്‍ വെട്ടിയൊ രുക്കി നിര്‍ത്തിയിരിക്കുന്നു. ചില മരങ്ങളില്‍ കായ്കള്‍ കുലകുലയായി പച്ച നിറത്തില്‍ നില്‍ക്കുന്നു. അതിനിടയില്‍ ചില കുലകളില്‍ മഞ്ഞ നിറത്തിലുള്ള കായ്കളും മറ്റു ചില മരങ്ങളില്‍ പഴുത്തുപാകമായവയും കടും ചുവപ്പു നിറത്തിലുള്ള കായ്കളും… ഹൊ – എന്തൊരു ഭംഗിയുള്ള കാഴ്ചകളാണെന്നോ!
മുഹമ്മദിന്റെ വീട്ടിലേക്ക് നടന്നുവരുന്ന ഇടറോഡില്‍ നിറയെ കായ്ച്ചു നില്‍ക്കുന്ന ഈന്തപ്പനകളും വേപ്പു മരങ്ങളും കാണാം. തഴച്ചു വളര്‍ന്ന ഇത്ര നല്ല വേപ്പു മരങ്ങള്‍ കേരളത്തില്‍പ്പോലും കാണാന്‍ സാധിക്കില്ല. ഈ വേപ്പിന്റെ ഇലകള്‍, ഔഷധഗുണമുള്ള കാറ്റ് വീശുന്നു ണ്ടെന്ന് ഇവര്‍ക്ക് നന്നായറിയാം.
ഇടറോഡ് അവസാനിക്കുന്നത് ഒരു ചെറിയ ജംഗ്ഷനിലാണ്. ബാലേട്ടന്റെ ചായക്കടയും ഇറാനികളുടെ കോഫീഷോപ്പും പാക്കിസ്ഥാനികളുടെ ഹോട്ടലും മൊറോക്കന്‍ പെണ്‍കുട്ടികളുടെ ഒരു ലേഡീസ് ബ്യൂട്ടീ പാര്‍ലറും ഒരു ബാര്‍ബര്‍ ഷോപ്പും ഫുഡ്സ്റ്റഫ് കടയും എല്ലാം അടുത്തടുത്തു പ്രവര്‍ത്തിക്കുന്നു.
ഒരു സൗഹൃദസംഗമം പോലെ….
അവിടെ ജോലി ചെയ്യുന്നവരില്‍ ബാലേട്ടന്‍ എല്ലാവരുടെയും കണ്ണി ലുണ്ണിയാണ്. പാര്‍ലര്‍ നടത്തുന്ന അയിഷയും കൂടെ ജോലിക്കാരിയായ കുക്കി എന്ന മൊറോക്കോ സുന്ദരിയും ബാലേട്ടന്റെ ചായക്കടയിലെ ചായയ്ക്കും സാന്‍ഡ് വിച്ചിനും അടിമകളാണ്. തിരുവനന്തപുരം സ്വദേ ശിയായ അയിഷ ശുദ്ധമനസ്‌കയും പാവവുമാണ്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തിനടിപ്പെട്ട് ജീവിതം ഇല്ലാതെയായ ഹതഭാഗ്യ. അയിഷയും ഫത്തുമും വലിയ കൂട്ടുകാരാണ്. ഇരുവരും കണ്ടുമുട്ടുമ്പോഴൊക്കെ സങ്കടം പങ്കുവെയ്ക്കാറുണ്ട്. ദുഃഖങ്ങളും ഭാരങ്ങളുമെല്ലാം പറഞ്ഞ് അവ ര്‍ നിറകണ്ണുകളോടെ പരസ്പരം നോക്കും.
അയിഷ പറയും ‘ഉരലും മദ്ദളവും പോലെയാ നമ്മള്‍’, ഫത്തും കണ്ണീരിനിടയിലൂടെ പുഞ്ചിരിക്കും.
അയിഷ ചിലപ്പോള്‍ പാര്‍ലറിലേക്കും ഫത്തും വീട്ടിലെ കുട്ടികള്‍ക്ക് സാന്‍ഡ് വിച്ച് വാങ്ങാനുമായി ചായക്കടയിലെത്തും. സങ്കടമൊരുക്കി നില്‍ക്കുന്ന അവരെ നോക്കി ബാലേട്ടന്‍ പറയും- ‘സങ്കടമൊക്കെ കളഞ്ഞ്, വന്ന് ഓരോ ചായ കുടിക്കിന്‍ പിള്ളാരെ, നല്ല വടയുമുണ്ട്.’ ബാലേട്ടന് അവരെല്ലാം സ്വന്തം കുട്ടികളാണ്. ഫത്തുമിനെ കുറേ ദിവസങ്ങളായി കണ്ടില്ലെങ്കില്‍ അയിഷ, മുഹമ്മദ് ബാബയുടെ വീട്ടിലെത്തും.
അവിടെ ഫത്തുമിന് സ്വന്തമായി ഒരു മുറി ബാബയുടെ ഭാര്യ സല്‍മ കൊടുത്തിട്ടുണ്ട്. അതിനുള്ളില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരി ക്കുന്നു. വാഷിംഗ്‌മെഷീന്‍ പോലും നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ മുഹമ്മദിനും സല്‍മയ്ക്കും ഒരേ നിര്‍ബന്ധമാണ്. ജോലിക്കാരും മനുഷ്യ രാണെന്ന് സല്‍മ പറയാറുണ്ട്. കുറ്റം ചെയ്‌തെങ്കില്‍ മാത്രമേ ജോലിക്കാ രോട് മുഹമ്മദ് ബാബ ദേഷ്യപ്പെടാറുള്ളൂ.
കുക്കിയാകട്ടെ ഒരു മാദക സുന്ദരിയാണ്. ആവശ്യത്തിനു പൊക്ക മുണ്ടെങ്കിലും ഹൈഹീല്‍ഡ് ഷൂവില്‍ തെന്നിത്തെന്നി തുളുമ്പി നീങ്ങു ന്ന മനോഹരി. സ്വര്‍ണ്ണ മുടി മുന്‍ഭാഗത്തുകൂടി ഭംഗിയായി വെട്ടിയി ട്ടിരിക്കുന്നു. കറുത്ത പര്‍ദ്ദയ്ക്കുള്ളില്‍ തെറിച്ചു നില്‍ക്കുന്ന യൗവനം. വെളുത്തുതുടുത്ത മുഖം വീണ്ടും മേക്കപ്പിട്ട് മോടിപിടിപ്പിച്ചിരിക്കും. ചുണ്ടില്‍ കടുത്ത നിറത്തില്‍ ലിപ്സ്റ്റിക്കിന്റെ ചുവപ്പ്. കണ്ണുകള്‍ എഴുതി വാലിന് നീളമിട്ട് നിറം കൊടുത്തിരിക്കും.
കുക്കി റോഡില്‍ക്കൂടി നടന്നു പോകുന്നത് കാണേണ്ട ഒരു കാഴ്ച തന്നെയാണ്. പോകുന്ന വഴിയിലെല്ലാം പെര്‍ഫ്യൂമിന്റെ സുഗന്ധം പടര്‍ ന്നൊഴുകും.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. എല്ലാവര്‍ക്കും ആഹ്‌ളാദത്തി മിര്‍പ്പിന്റെ ദിനം. ഫത്തും അന്ന് മട്ടന്‍ ബിരിയാണിയാണ് ഉണ്ടാക്കിയത്. ബിരിയാണിയുടെ ഹൃദ്യമായ ഗന്ധം അവിടെയെല്ലാം നിറഞ്ഞുനിന്നു.
ഫത്തും രണ്ടു വലിയ പാത്രങ്ങളില്‍ ബിരിയാണി നിറച്ചു. മുഹമ്മദി ന്റെ ഭാര്യ സല്‍മയോട് അനുമതി വാങ്ങിയിട്ട് അവള്‍ മുന്നോട്ടു നടന്നു.
ആദ്യം കാണുന്ന വലിയ ഔട്ട് ഹൗസ് – മുഹമ്മദ് ബാബയുടെ പി. ആര്‍.ഒ വിശ്വസ്തയായ അച്ചാമ്മയുടേതാണ്. നിറയെ ബോഗന്‍ വില്ലക ളും മറ്റു ചെടികളും പൂത്തുലഞ്ഞു നില്‍ക്കുന്ന കമനീയമായ ഗൃഹം. ആരു കണ്ടാലും ഒന്ന് നോക്കിനിന്നു പോകും. മണല്‍ വിരിച്ചിട്ട മുറ്റത്തു കൂടി നടന്ന് അവള്‍ സിറ്റൗട്ടിലെത്തി. കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി കാത്തുനിന്നു.
നിമിഷങ്ങള്‍ക്കകം അച്ചാമ്മ കതകു തുറന്നു വന്നു. കുളി കഴിഞ്ഞ് തോര്‍ത്ത് തലയില്‍ ചുറ്റിക്കെട്ടിയിരിക്കുന്നു. പ്രൗഢത്വമുള്ള ഭാവം. നാല്‍പ്പതിനടുത്ത് പ്രായം. നിറഞ്ഞ ചിരിയോടെ അവര്‍ പറഞ്ഞു:
‘നീ എത്തും മുന്‍പേ മട്ടന്‍ ബിരിയാണിയുടെ മണമെത്തിയിരുന്നു. വാ, അകത്തോട്ടിരി.’
ഫത്തും പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
‘ആച്ചം കഴിച്ചോളൂ. ഞാന്‍ പിന്നെ വരാം. സോമേട്ടനും ബിരിയാണി കൊടുക്കണം.’ അവള്‍ നടന്നകന്നു.
അച്ചാമ്മയെ മുഹമ്മദ് വിളിക്കുന്നത് ആച്ചം എന്നാണ്. അതുകേട്ട് മറ്റുള്ളവരും അവരെ അങ്ങനെയാണ് വിളിക്കുന്നത്. പതിനഞ്ചു വര്‍ഷ ത്തിനു മേലെയായി അവര്‍ മുഹമ്മദ് അര്‍ബാബിന്റെ വിശ്വസ്തസേവ കയായി ജോലി ചെയ്യുന്നു. തൃശൂര്‍ സ്വദേശിയായ അച്ചാമ്മ നല്ല മനസ്സിന്റെ ഉടമയാണ്. നാട്ടിലെ പല നിരാശ്രയ കുടുംബങ്ങള്‍ക്കും അവര്‍ കമ്പനിയില്‍ ജോലി വാങ്ങിക്കൊടുത്തു. സോമനേയും അവര്‍ കൊണ്ടുവന്നതാണ്. അതുപോലെ അനേകം പേര്‍. അവരെല്ലാവരും ആച്ചം എന്ന അച്ചാമ്മയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കുടുംബ പ്രാരാബ്ധങ്ങളില്‍പ്പെട്ട് വിവാഹം കഴിക്കുവാനും സ്വന്തം ജീവിതം കെട്ടിപ്പെടുക്കുവാനും മറന്നുപോയ ഒരു പാവം സ്ത്രീ!
അച്ചാമ്മ ഒറ്റയ്ക്കിരിക്കുമ്പോള്‍ തൃശൂര്‍ക്കാരിയായ റോസിയെ ഔട്ട് ഹൗസിലേക്ക് ക്ഷണിയ്ക്കാറുണ്ട്. റോസിയെ കൊണ്ടുവന്നത് അച്ചാമ്മ യാണെങ്കിലും അവള്‍ ലിക്വര്‍ ഷോപ്പിലാണ് ജോലി ചെയ്യുന്നത്.
ഇരുപത് കിലോമീറ്റര്‍ അകലെയായിട്ടാണ് റോസിയും ശ്രീലങ്കക്കാ രന്‍ റാണയും രണ്ടു പെണ്‍കുട്ടികളും താമസിക്കുന്നത്. എട്ടു വര്‍ഷങ്ങ ളോളമായി വന്നിട്ട്. കൂടെ ജോലി ചെയ്യുന്ന ശ്രീലങ്കക്കാരന്‍ റാണയു മായി അവള്‍ പ്രേമത്തിലായത് അച്ചാമ്മയെ വിഷമിപ്പിച്ചു. അതൊരു കഥയാണ്.
റോസി പറഞ്ഞു:
‘ആച്ചം ഈ വിവാഹം നടത്തിത്തരണം ഇല്ലെങ്കില്‍ – ഞാന്‍ മരിക്കും’.
അച്ചാമ്മ പലവിധത്തില്‍ അവളെ ഉപദേശിച്ചു. ഇണങ്ങിയും പിണങ്ങിയും ശാസിച്ചു. പക്ഷേ, റോസി പിന്‍മാറിയില്ല. അവള്‍ വിവാ ഹം നടത്തിക്കൊടുക്കുവാന്‍ അച്ചാമ്മയെ നിര്‍ബന്ധിച്ചുകൊണ്ടേയിരു ന്നു. വിവരം റോസി തന്നെ വീട്ടിലറിയിച്ചു. ‘കടുവ ബ്രോസ്’ എന്നറിയ പ്പെട്ടിരുന്ന രണ്ടു സഹോദരന്മാരും ആക്രോശിച്ചു. അവര്‍ അവളെ ഭീഷ ണിപ്പെടുത്തുകയും അസഭ്യം വര്‍ഷിക്കുകയും ചെയ്തു.
അവര്‍ പറഞ്ഞു: ‘ഒരിക്കലും ഈ കല്യാണത്തിനു ഞങ്ങള്‍ സമ്മതി ക്കില്ല.’
‘വിവാഹം ഇവിടെ വച്ചു നടത്തിക്കൊള്ളാം.’ റോസി ഭീതിയോടെ പറഞ്ഞു.
‘ഈ പടിയ്ക്കകത്ത് നീയും നിന്റെ ശ്രീലങ്കക്കാരനും കടന്നുപോക രുത്.’
‘ഇല്ല, ഞാന്‍ വരില്ല.’ അവള്‍ തേങ്ങിക്കരഞ്ഞു.
‘വീട്ടിലെന്നല്ല, ഈ നാട്ടിലും നീ മേലില്‍ വന്നു പോകരുത്. വന്നാല്‍ നീ വിവരം അറിയും.’
കടുവ ബ്രോസ് എന്നറിയപ്പെട്ടിരുന്ന തൊമ്മനും വര്‍ക്കിയും ഫോണ്‍ വലിച്ചെറിഞ്ഞു.
വിവരമറിഞ്ഞ് ആച്ചം, റോസിയുടെ മുമ്പില്‍ കൈകൂപ്പിക്കൊണ്ട് പറഞ്ഞു:
‘എന്റെ പൊന്നേ… നീ ഇങ്ങനെ വാശി പിടിയ്ക്കാതെ. എങ്ങോ ഉള്ള ഒരു ശ്രീലങ്കക്കാരന്‍. അവനെ നീ മറന്നുകള. നിന്റമ്മയും ആങ്ങള മാരും കൂടി എന്നെ വച്ചേക്കില്ല. തേക്കുതറ തറവാട്ടില്‍ കൊല്ലും കൊല യും ആദ്യമല്ല. എനിക്കു പേടിയാ. എന്റീശോയേ… എന്നെ രക്ഷിയ്ക്ക ണേ.’
അച്ചാമ്മയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. അന്നുരാത്രി കടുവാ ബ്രോ അച്ചാമ്മയെ വിളിച്ച് ഒരുപാട് അസഭ്യങ്ങള്‍ പുലമ്പി. അവര്‍ക്ക് ഒരക്ഷരം ഉരിയാടുവാന്‍ അവസരം കിട്ടിയില്ല.
‘എടീ ആച്ചിയമ്മേ, ഏതോ മദ്യക്കടയില്‍ ജോലി വാങ്ങിച്ച് കൊടു ത്ത് അവളെ ചതിച്ചതും പോരാ… ഇപ്പോള്‍ ഏതോ ശ്രീലങ്കക്കാരന് അവളെ വില്‍ക്കാനുള്ള ഒത്താശയും ചെയ്തിരിക്കുന്നു.’
‘എന്റെ തൊമ്മച്ചാ… ഞാനൊന്നും അറിഞ്ഞതല്ല.’
‘ഛീ, നിര്‍ത്തെടീ… എന്റെ തൊമ്മച്ചനെന്നോ? എന്നെ അങ്ങനെ
വിളിക്കാന്‍ നീ എന്റെ ആരാടീ… എരണം കെട്ടവളേ…’
‘ഏതോ അറബീടെ വീട്ടില്‍ പാത്രം കഴുകി നീ പണക്കാരി ആയെങ്കി ല്‍ നിനക്കു കൊള്ളാം. തേക്കുതറക്കാരോട് കളിച്ചാലൊണ്ടല്ലോ മേലാ ല്‍ നീ പുലരി കാണില്ല. ഓര്‍മ്മയിലിരിക്കട്ടെ.’
കണ്ണുനീരൊഴുക്കി എല്ലാം കേട്ടിട്ട് റോസി പറഞ്ഞു:
‘ആച്ചം കൈവെടിഞ്ഞാല്‍ എന്റെ മുറിയില്‍ ഞാന്‍ കെട്ടിത്തൂങ്ങും’.
നെഞ്ചത്തു കൈവെച്ച് ആച്ചം പിന്‍തിരിഞ്ഞു.
‘എന്റീശോയേ’
ഫത്തും സോമന്റെ ഔട്ട്ഹൗസിന് മുമ്പിലെത്തി ബെല്ലടിച്ചു. പാത്രം കയ്യില്‍ വാങ്ങിച്ചയാള്‍ ചോദിച്ചു:
‘ഇന്നെന്താ സ്‌പെഷ്യല്‍?’
‘നല്ല സോമാലിയന്‍ മട്ടന്‍. അസ്സല്‍ തലശ്ശേരി ബിരിയാണി.’
‘പോരട്ടെ, പോരട്ടെ… നിന്റെ സ്‌പെഷ്യല്‍ കാത്തിരുന്ന് ഞാന്‍ നാസ്ത പോലും കഴിച്ചില്ല.’
അംജത്തിനും സലാം അലൈക്കും കൊടുത്തിട്ടവള്‍ ചിരിച്ചുകൊണ്ട്
നടന്നകന്നു.
തിരികെച്ചെന്നപ്പോള്‍ സല്‍മ, ഫത്തുമിനെക്കാത്ത് അടുക്കളയില്‍
നിന്നിരുന്നു. അവര്‍ പറഞ്ഞു:
‘നേരം ഒരുപാടായി. നീ ഭക്ഷണം കഴിക്കൂ. എന്നിട്ട് വിശ്രമിച്ചോളൂ.’
‘ശരി മാമാ’ (അവള്‍ അവരെ മാമ എന്നാണ് വിളിക്കുന്നത്)
സല്‍മയെ അവള്‍ക്കൊരുപാടിഷ്ടമാണ്. നന്‍മ നിറഞ്ഞ അവരോട് ഫത്തും എന്നും കടപ്പെട്ടിരിക്കുന്നു. ഒരു വേലക്കാരിയെപ്പോലെയല്ല, ഒരു സഹോദരിയോടെന്ന പോലെയാണ് മാമ അവളെ സ്‌നേഹിക്കുന്നത്. ആ സ്‌നേഹവും വിശ്വസ്തതയും തിരിച്ചു നല്‍കാന്‍ ഫത്തും എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
കുടുംബം എന്ന ചിന്ത മാത്രമേ മാമായ്ക്കുള്ളൂ. ഭര്‍ത്താവും കുട്ടിക ളും മാത്രമാണവരുടെ ലോകം. അവരെയെല്ലാം മാമ പൊന്നുപോലെ പരിപാലിക്കുന്നു.
ചിലപ്പോഴൊക്കെ ഫത്തും അവരെ സ്‌നേഹത്തോടെ ശാസിക്കും.
‘മാമാ ഇത്തിരി വിശ്രമിച്ചൂടെ’, അവര്‍ അവളെ നോക്കി ഒന്നു പുഞ്ചി രിക്കും. അത്രമാത്രം!
ഫത്തും കൊണ്ടുവന്ന ബിരിയാണി അസ്സലായിരുന്നു. സോമനും അംജത്തും വയറു നിറയെ കഴിച്ചു.
‘ഞാനൊന്നു ഉറങ്ങട്ടെ. സോമന്‍ കട്ടിലേയ്ക്കു മറിഞ്ഞു.
‘നീ കിടക്കുന്നില്ലേ?’
അല്‍പ്പം നടന്നിട്ടു വരാം. അംജത് മെല്ലെ ഉദ്യാനത്തിലേക്കു നടന്നു. മുമ്പില്‍ നില്‍ക്കുന്ന റോസയും മുല്ലയും ജമന്തിയുമെല്ലാം പൂത്തുലഞ്ഞു നില്‍ക്കുന്നു. എപ്പോഴും അവയ്ക്കു ചുറ്റും ചിരിക്കുന്ന ജലധാര ഒരു കുളിര്‍മഴ പൊഴിയും പോലെ തോന്നിച്ചു.
അര മണിക്കൂറോളം ആ പ്രകൃതി ഭംഗി ആസ്വദിച്ച് അതിനുള്ളില്‍ അംജത് നടന്നു. പിന്നീടയാള്‍ ഉച്ചയുറക്കത്തിനായി തിരികെ മുറിയിലേ ക്ക് നടന്നു. ഈ സമയമെല്ലാം അയാളറിയാതെ രണ്ടു കണ്ണുകള്‍ അയാ ളെ പിന്തുടരുകയായിരുന്നു.
രണ്ടു നീല കണ്ണുകള്‍ !
(തുടരും)






