വാഹനം ഓടിക്കുന്നവര്‍ക്കും കാല്‍നടക്കാര്‍ക്കും
ഒരു പോലെ പ്രധാനമാണ് റോഡുകള്‍. ഓരോ ദിവസവും നിരവധി ആളുകള്‍ കാല്‍ നടയായി
റോഡിലൂടെ നടക്കുകയും റോഡ് കുറുകെ
കടക്കുകയും ചെയ്യുന്നു. അശ്രദ്ധയും , റോഡ്
നിയമങ്ങള്‍ പാലിക്കാത്തതും പലപ്പോഴും അപകടങ്ങള്‍ക്ക് വഴി തെളിക്കുന്നു. അതിനാല്‍
അപകടങ്ങള്‍ ഒഴിവാക്കാന്‍ കാല്‍ നടക്കാരും
ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
പലപ്പോഴും അലക്ഷ്യമായി റോഡ് കടക്കാറുള്ള
ആളായിരുന്നു ഞാന്‍. ഡ്രൈവിംഗ് പഠിച്ച അവസരത്തിലാണ് ഇക്കാര്യങ്ങളുടെയെല്ലാം പ്രാധാന്യം ബോധ്യപ്പെട്ടത്. ഞങ്ങളുടെ വീടിനു
മുന്‍പിലുള്ള റോഡ് നാഷണല്‍ ഹൈവേയാണ്.
ചന്നം പിന്നം പായുന്ന വാഹനങ്ങള്‍ക്കിടയില്‍
സര്‍ക്കസ് അഭ്യാസികളെപ്പോലെ കടത്ത് കുറുകെ കടക്കുന്നതില്‍ പരിസരവാസികളെല്ലാം നല്ല പ്രാവിണ്യം നേടിക്കഴിഞ്ഞു.
അശ്രദ്ധയോടെ നടന്നും
വട്ടം ചാടിയും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ട് വാഹനമോടിക്കുന്ന ഡ്രൈവറുടെ
തലയില്‍ പഴി ചാരുന്ന പ്രവണത നമ്മുടെ നാട്ടില്‍
കൂടുതലാണ്. കേരളത്തിന്റെ അതിര്‍ത്തി
കടന്നാല്‍ ചെറിയ വീടുകള്‍ നിരന്നിരിക്കുന്ന
പല പ്രദേശങ്ങളിലൂടെയും കടന്നു പോകേണ്ടതുണ്ട്. അവിടെ കുട്ടികള്‍ കളിയിടങ്ങളായി റോഡുകളാണ് ഉപയോഗിക്കുന്നത്. വഴിയില്‍ കൂടി മാടുമായി നീങ്ങുന്ന ‘ഭാരതിരാജ യുടെ തമിഴ് സിനിമാ കഥാപാത്രങ്ങളെ പോലുള്ള ചില അപ്പൂപ്പന്മാരുടെ ഭാവം റോഡ് അവര്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നാണ്.
വാഹനമോടിക്കുന്നവര്‍ വേണേല്‍ ശ്രദ്ധിച്ചു പോക്കോണം. തട്ടിയാലോ മുട്ടിയാലോ ഡ്രൈവര്‍
കുറ്റവാളിയുമാകും. വേണമെങ്കില്‍ വണ്ടി കത്തിക്കുവാനും , ടയറു കുത്തിക്കീറാനും
തയ്യാറായി നടക്കുന്ന ഉത്സാഹ കമ്മിറ്റിക്കാരും
നാട്ടിലുണ്ടാകും. ബാംഗ്ലൂര്‍ പോലെയുള്ള
നഗരങ്ങളില്‍ പോലും മാടുകളെ വഴിയിലൂടെ
അലയാന്‍ വിടുന്നത് കാണാം. തെരുവുനായ്ക്കള്‍
കാല്‍നടക്കാരെപ്പോലെ ഇരുചക്ര വാഹന സാരഥികള്‍ക്കും ശല്യക്കാരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
റോഡ് കടക്കുമ്പോള്‍ ആദ്യം ഇരുവശവും നോക്കണം. ദൂരെ നിന്നു വരുന്ന വാഹനത്തില്‍
പോലും ശ്രദ്ധ വേണം. സീബ്രാ ക്രോസിംഗ്
ഉള്ള സ്ഥലത്ത് അതിലൂടെ മാത്രമേ കടക്കാവൂ.
വിദേശ രാജ്യങ്ങളില്‍ സീബ്ര ക്രോസ്സിലൂടെ കാല്‍നടക്കാര്‍ കടന്നില്ലെങ്കില്‍ പിഴ അടയ്ക്കണം.
സീബ്രാ ക്രോസിംഗിലൂടെ ഒരാള്‍ കടക്കുമ്പോള്‍
വാഹനം നിര്‍ത്തി കാല്‍ നടക്കാര്‍ക്ക് വേണ്ട
സൗകര്യം ചെയ്യേണ്ടത് നിയമപരമായി വാഹനമോടിക്കുന്നവരുടെ ഉത്തരവാദിത്വമാണ്.
വാഹനങ്ങള്‍ സീബ്ര ക്രോസ്സിന്റെ അടുത്തെത്തുമ്പോള്‍ കാല്‍നടക്കാര്‍ ഓടി വന്ന്
സീബ്രയിലേക്ക് കയറരുത്. എതിരേ വരുന്ന
വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ബ്രേക്ക് പിടിക്കുവാനുള്ള സമയം നല്‍കണം. അല്ലെങ്കില്‍ പുറകില്‍ വരുന്ന വാഹനവുമായി കൂട്ടിയിടിക്കുവാന്‍ കാരണമാകും.
മൊബൈല്‍ ഫോണും , ഹെഡ് ഫോണും ഉപയോഗിച്ച് കൊണ്ട് റോഡ് കടക്കുന്നതും അപകടമാണ്. എതിരെ വരുന്ന വാഹനങ്ങളെ
കാണാതെ പോകാനും ഹോണ്‍ ശബ്ദം കേള്‍ക്കാതിരിക്കാനും ഇത് കാരണമാകും. നമ്മുടെ നാട്ടിലെ സര്‍വ്വസാധാരണ കാഴ്ചയായ
വാഹനങ്ങളുടെ ഓവര്‍ ടേക്കിംഗും , ഹോണടിയുമൊന്നും വിദേശ രാജ്യങ്ങളിലെ റോഡുകളില്‍ കാണാറേയില്ല. അവിടെ നിയമം
അത് അനുവദിക്കുന്നുമില്ല.
ട്രാഫിക് നിയമങ്ങളെക്കുറിച്ച് കാല്‍നടക്കാര്‍
ബോധവാന്മാരാകണം. സിഗ്‌നലുകള്‍ ഉള്ള സ്ഥലങ്ങളില്‍ കാത്തു നില്‍ക്കുവാനുള്ള ക്ഷമയും
കാണിക്കണം. ഫുട്പാത്തുകള്‍ ഉള്ള സ്ഥലങ്ങളില്‍ അവയിലൂടെ മാത്രമേ നടക്കാവൂ.
റോഡില്‍ സുരക്ഷ ഉറപ്പാക്കാന്‍ വാഹനമോടിക്കുന്നവരെപ്പോലെ കാല്‍നടക്കാരും
ബാധ്യസ്ഥരാണ്. പരസ്പര ബഹുമാനവും സഹകരണവും ഇരുകൂട്ടരും പുലര്‍ത്തണം.
റോഡില്‍ ഇറങ്ങുന്ന ഓരോരുത്തരും ട്രാഫിക്
നിയമങ്ങള്‍ പാലിക്കുകയും . അപരന്റെ സുരക്ഷയെ കുറിച്ച് കൂടി കരുതേണ്ടതും ആവശ്യമാണ്. സുരക്ഷിതമായ സമൂഹത്തിനായി വാഹനമോടിക്കുന്നവരോടൊപ്പം
കാല്‍ നടക്കാരും ജാഗ്രത പുലര്‍ത്തണം.













