LIMA WORLD LIBRARY

ഉള്ളില്‍ ഒളിഞ്ഞ പ്രണയം – ജെസ്സി ജോണ്‍ (Jessy John)

അവള്‍ ഗായത്രി ദേവദത്തന്‍, ഇഷ്ടമുള്ളവര്‍ അവളെ ഗായു എന്ന് വിളിക്കാറുണ്ട്, അവളുടെ ജീവിതത്തിന്റെ 5 പതിറ്റാണ്ട് അവള്‍ ജീവിച്ചു, തുടര്‍ന്നുള്ള ജീവിതം ഒരു ബോണസ് പോലെ കൊണ്ടുപോകുന്നു, ,

ഗായു എന്ന് കേട്ടാല്‍ അവളെ സ്‌നേഹിക്കുന്ന ജനഹൃദയം ഒരു ആരാധനയോടെ നോക്കി കാണാറുണ്ട്, പ്രത്യേകിച്ച് പുരുഷന്മാര്‍. സ്ത്രീകള്‍ക്ക് ചെറിയൊരു കുശുമ്പും.

കാരണം അത്രമേല്‍ സ്ത്രീത്വം തുളുമ്പി നിന്നിരുന്നു ഗായത്രി ദേവദത്തന്‍ എന്ന ഗായുവിന്,

അവളുടെ മുഖം ശാന്തവും സമാധാനവും നിറഞ്ഞതായിരുന്നു,

എള്ളിന്‍പൂവ് പോലെ മനോഹാരിതയുള്ള മൂക്ക്,

നീണ്ടു വിടര്‍ന്ന താമരയിതള്‍ പോലെയുള്ള കണ്ണുകള്‍,
ആ കണ്ണുകളില്‍ നോക്കിയാല്‍ പറയാതെ പറയുന്ന ആയിരം കഥകള്‍..

ശംഖു പോലെ നീണ്ട കഴുത്ത്,

ചുവന്ന ചുണ്ടുകള്‍,
തിരമാലകള്‍ പോലെയുള്ള കറുത്ത ചുരുണ്ട മുടി..
എല്ലാറ്റിനും ഉപരി ആത്മവിശ്വാസം നിറഞ്ഞ സ്വഭാവം ,
അതായിരുന്നു അവളുടെ വ്യക്തിത്വം, എല്ലാവരെയും ആകര്‍ഷിച്ചതും അതുതന്നെ,

എന്നാല്‍ അവളുടെ മനോമുകരത്തില്‍ എപ്പോഴും ഒരു പ്രണയം ഉണ്ടായിരുന്നു, അവള്‍ക്ക് ഏറെ ഇഷ്ടമാണ് പ്രണയം, അവളുടെ എഴുത്തുകളും പ്രണയം തുളുമ്പിയതായിരുന്നു,
പ്രണയത്തോടുള്ള അവളുടെ കാഴ്ചപ്പാടുകള്‍ തികച്ചും വ്യത്യസ്തമാണ്,

അറിയില്ല ഈ വരികള്‍ നിങ്ങള്‍ക്ക് എങ്ങനെയെന്ന് ?

ഒരുപക്ഷേ അത് അവളുടെ മാത്രം തിരിച്ചറിവ് ആയിരിക്കാം,

ജീവിതം അവള്‍ക്ക് കൊടുത്ത പാഠം ആയിരിക്കാം ,
ഇത് ഇത്രയും ആഴമുള്ള വിഷയമാണോ എന്ന് ഗായുവിനോട് ചോദിച്ചാല്‍ ഒറ്റ ഉത്തരത്തില്‍ അതെ എന്ന് തറപ്പിച്ചു പറയും..

വലിയൊരു തറവാട്ടില്‍ ചിട്ടയോടും അടുക്കോടും വളര്‍ന്ന ഗായത്രി,

സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞ് കോളേജില്‍ പോകാന്‍ തുടങ്ങി, ആ സമയത്ത് അവള്‍ കരുതിയത്, പ്രണയം എന്ന് പറഞ്ഞാല്‍ ഒരു പുരുഷനെ സ്‌നേഹിക്കുക, സമയം കിട്ടുമ്പോള്‍ എല്ലാം ഒന്നിച്ചിരിക്കുക, സംഭാഷണങ്ങള്‍ കൈമാറുക, സ്വപ്നങ്ങള്‍ പങ്കിടുക, പരസ്പരം കൈമാറുന്ന സന്ദേശങ്ങള്‍ ആരും കാണാതെ വായിക്കുക..

എന്നാല്‍ ജീവിതം അവളെ സത്യത്തിലേക്ക് കൊണ്ടുവരുവാന്‍ സമയങ്ങളും കാലങ്ങളും എടുത്തു ,

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ അച്ഛനും അമ്മയും ചേര്‍ന്ന് കുടുംബത്തിന്റെഅന്തസ്സിന് അനുയോജ്യനായ ഒരാളെ കൊണ്ട് വിവാഹം കഴിപ്പിച്ചു,

ദേവദത്തന്‍ വലിയ ബിസിനസുകാരന്‍ , ഗായത്രിയും ദേവദത്തനും ഒരു വീട്ടില്‍ ജീവിക്കാതെ ജീവിക്കുന്ന രണ്ടുപേര്‍ ,

വിവാഹത്തോടെ അവളുടെ പ്രണയം പൂത്തുലഞ്ഞു, എന്നാല്‍ ദേവദത്തന്‍ ആകട്ടെ അവള്‍ ആഗ്രഹിച്ച അവളില്‍ ഉണ്ടായിരുന്ന ആ പ്രണയം, ഇഷ്ടം കണ്ടില്ല എന്ന് നടിച്ചു അങ്ങനെ വേണം പറയുവാന്‍,

പലപ്രാവശ്യവും പ്രണയം പിടിച്ചു പറിക്കുവാന്‍ ശ്രമിച്ചു, അവള്‍ ആഗ്രഹിച്ചു എല്ലാവിധത്തിലും സ്വന്തമാക്കുവാന്‍, എന്നാല്‍ അദ്ദേഹം ബിസിനസിനുള്ളില്‍ വ്യാപൃതനായിരുന്നു, തിരക്കായിരുന്നു ,

കാലങ്ങള്‍ കഴിഞ്ഞു, നാളുകള്‍ കൊഴിഞ്ഞു പോയി, ദേവദത്തന്‍ വിദേശയാത്രയും ബിസിനസുമായി തിരക്കോട് തിരക്ക്

എപ്പോഴോ ഏതോ ഒരു സമയം നന്നായി മദ്യപിച്ച് വന്നിരുന്ന ദേവദത്തന്‍ ഗായുവിനെ സമീപിച്ചു, അവള്‍ക്ക് ഒരു മകള്‍ പിറന്നു സംഗീത

പിന്നീട് അവളുടെ ജീവിതം മകള്‍ എന്ന ലോകത്തില്‍ ഒതുങ്ങി ,

അനുസരണയില്ലാത്ത കാട്ടുകുതിരയെ പോലെ കാലം അതിശീഘ്രം ഓടിപ്പോയി,
സംഗീത വളര്‍ന്നു വിവാഹിതയായി അവള്‍ ഓസ്‌ട്രേലിയയില്‍ സെറ്റില്‍ഡ് ആയി

വീണ്ടും ഗായു ആ വലിയ വീട്ടില്‍, നാല് ചുവരുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടു ,

ശരിക്കും ഇന്ന് അവള്‍ ഒരു പ്രണയം ആഗ്രഹിക്കുന്നു.. ഒരു യഥാര്‍ത്ഥ പ്രണയം

സ്വന്തമാക്കുവാന്‍ അല്ല അവളെ മനസ്സിലാക്കാന്‍

അവന്റെ ഹൃദയത്തില്‍ അവള്‍ ശാന്തമായി ജീവിക്കുവാന്‍,

പ്രണയം ഒരു ശാന്ത സംഗീതം ആണല്ലോ? തന്നെ മനസ്സിലാക്കുന്ന തന്റെ ഹൃദയത്തിലെ ആഗ്രഹങ്ങള്‍, ആശകള്‍, പറയാതെ തന്നെ മനസ്സിലാക്കി ഹൃദയത്തില്‍ എഴുതിയിരിക്കുന്ന വരികളെ വായിക്കുന്ന ഒരു വ്യക്തിത്വത്തെ അവള്‍ ആഗ്രഹിക്കുന്നു..

ആ വ്യക്തിയുടെ ജീവിതത്തില്‍ ആ ഹൃദയത്തില്‍ അവള്‍ക്കൊരു സ്ഥാനമുണ്ടെന്ന് അവളെ തോന്നിപ്പിക്കുന്ന വിധം ഉള്ള ഒരു പ്രണയം,

സ്വപ്നങ്ങളും അഭിപ്രായങ്ങളും പരസ്പരം പറഞ്ഞ് ഗായുവിന്റെ സ്വപ്നത്തെ ബഹുമാനിക്കുന്ന ഒരു വ്യക്തി

ഒരു വിളിപ്പാടകലെ എന്ന് തോന്നിപ്പിക്കും വിധം ഹൃദയത്തോടെ ചേര്‍ന്നിരിക്കുന്നവന്‍

അവളുടെ ഹൃദയത്തിന് ശാന്തതയും സുരക്ഷിതത്വവും നല്‍കുന്ന ഒരു വ്യക്തിത്വം

അവള്‍ ആഗ്രഹിക്കുന്നു അങ്ങനെ ഒരു പ്രണയം,

പ്രണയിക്കുന്ന വ്യക്തി കൂടെയില്ലെങ്കിലും അവന്റെ ഓര്‍മ്മ ഹൃദയത്തില്‍ ശാന്തി നല്‍കുവാന്‍ അവളുടെ ഹൃദയത്തെ പ്രകാശപൂരിതമാക്കുവാന്‍ അവനു സാധിക്കണം, ഇതൊക്കെയായിരുന്നു ഗായുവിന്റെ പ്രണയ സങ്കല്പം,

അവസാനം ഗായു തൂലികയ്ക്ക് അല്പസമയം വിശ്രമം കൊടുത്തു,

അവള്‍ നിലക്കണ്ണാടിയില്‍ പോയി അവളുടെ മുഖം ഒന്ന് നോക്കി, പാറിപ്പറന്ന നരച്ച മുടിയിഴകള്‍, അല്പം കുഴിഞ്ഞ കണ്ണുകള്‍, പ്രായത്തിന്റെ ക്ഷീണം വഹിക്കുന്ന ശരീരം..
അവിടെവിടെയായി ചുളിവുകള്‍.. ശരീരത്തിന്റെ നിറം മങ്ങിയിരിക്കുന്നു..

അവള്‍ അല്പം വെള്ളം എടുത്ത് മുഖം നന്നായി കഴുകി ,എന്നിട്ട് വീണ്ടും നിലക്കണ്ണാടിയുടെ മുന്നില്‍ ചെന്നുനിന്നു

അവള്‍ അവളോട് ചോദിച്ചു
നീ നിന്നെ പ്രണയിച്ചിരുന്നുവോ ?
നിനക്ക് നിന്നോട് ആദ്യ പ്രണയം തോന്നിയത് എന്നായിരുന്നു ഓര്‍മ്മയുണ്ടോ ? നീ നിന്നോട് ചിരിച്ചത് എന്നായിരുന്നു ? നിന്റെ ശരീരത്തില്‍ നീ അറിയാതെ വന്നുപോയ വാര്‍ദ്ധക്യം നീ കണ്ടിരുന്നുവോ ?

അവള്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു,
അവള്‍ അവളോട് തന്നെ എല്ലാത്തിനും ഉത്തരം പറഞ്ഞു നോ ..നോ …നോ

അവള്‍ ആ കണ്ണാടിയില്‍ നോക്കി ഒന്നു മന്ദഹസിച്ചു, അപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു ,

അതെ അവള്‍ മനസ്സിലാക്കുന്നു അവള്‍ സ്വയം പറഞ്ഞു രണ്ടു വ്യക്തികള്‍ ഒന്നിച്ച് നടക്കുന്നതില്‍ അല്ല
പ്രണയം കണ്ടെത്തുന്നത് ,

സ്വയം പ്രണയിക്കുക, ദൈവം തന്നിരിക്കുന്ന കഴിവുകളെ മൂല്യം ഉള്ളതാക്കുക, നമ്മള്‍ നമ്മുടെ ശരീരത്തെയും മനസ്സിനെയും കാത്തുസൂക്ഷിക്കുക , ആ മനസ്സില്‍ നല്ലൊരു വൃന്ദാവനം ഉണ്ടാക്കി അതില്‍ പനിനീര്‍ പുഷ്പം നട്ടുവളര്‍ത്തുക,

തന്റെ ഭര്‍ത്താവ് തനിക്ക് ഒരു പാഠമാണ് മകളും ഒരു പാഠമാണ് ,

അവള്‍ കണ്ണാടിയില്‍ നോക്കി വിളിച്ചു

ഹേയ് ഗായു …
ഗായത്രി ദേവദത്തന്‍ ,

നീ ഒരു പൊട്ടിപ്പെണ്ണ് ആയിരുന്നു, ഇന്നാണ് നിന്റെ ഉള്‍ക്കണ്ണ് തുറന്നത്,

ദേ ഇപ്പോള്‍ നീ കണ്ടെത്തിയ ഈ പ്രണയത്തെ സ്‌നേഹിച്ചു, സ്വാതന്ത്രത്തോടെ സ്വപ്നതേരില്‍ പറക്കുക.

അവള്‍ കണ്ണുകള്‍ ഇറുകിയടച്ചു
ആ ചുണ്ടില്‍ ഇതുവരെയും തെളിയാത്ത ഒരു മന്ദഹാസം വിരിഞ്ഞു, അതെ ഇതാണ് സത്യം
ഈ സത്യമാണ് ഗായുവിന്റെ പ്രണയം,

എന്നിട്ട് അവള്‍ ജാലക അഴികള്‍ പിടിച്ച് വെളിയിലേക്ക് നോക്കി,

കാറ്റും മഴയും തോര്‍ന്നിരിക്കുന്നു, അന്തരീക്ഷം ശാന്തമായിരിക്കുന്നു, ആ മഴയുടെ ചുംബനങ്ങള്‍ ഏറ്റ മണ്‍കട്ട അലിഞ്ഞ് ഭൂമിയോട് ചേര്‍ന്നു, അതെ ഗായത്രി കണ്ട സത്യം പോലെ.. ഗായത്രി മനസ്സിലാക്കിയ പ്രണയം പോലെ…

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px