ശ്രീമതി സുധ അജിത്തിന്റെ കഥാസമാഹാരം (ചാമുണ്ഡിത്തെയ്യം ) വായിച്ചു, ആസ്വദിച്ചു.
കഥാകാരിയുടെ, ആഴങ്ങളില്‍ ഖനി തേടിയുള്ള യാത്ര തുടരട്ടെ.
കഥകളുടെ മുത്തും ചിപ്പിയും വാരിയെടുത്ത പ്രതീതിയാണ് എനിക്ക് കഥകള്‍ വായിച്ചുകഴിഞ്ഞപ്പോള്‍.
കാസര്‍ഗോഡുള്ള ആദിവാസിഗോത്രത്തോട് ബന്ധപ്പെടുത്തി എഴുതിയതാണ് ആദ്യ കഥ ചാമുണ്ഡിത്തെയ്യം.
പരലോകത്തുനിന്നും ഇറങ്ങിവന്നു തന്റെ മരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പൊന്നുമകള്‍. അവിശ്വസനീയതയോടെ ചെമ്മരത്തിയുടെ കണ്ണുകള്‍ വിടര്‍ന്നു.
തെയ്യംകെട്ടിയാടിയ പ്രതികാരദാഹം
അമ്മമനസ്സ് എന്ന കഥയിലെ ക്യാന്‍സര്‍ രോഗിയായ മകന്‍ അമ്മയെ വൃദ്ധസദനത്തിലാക്കി തിരിച്ചുപോകുന്നതിന്മുന്‍പ് മരണപ്പെടുന്ന അമ്മ. രണ്ടുപേരും തമ്മിലുള്ള ആത്മബന്ധം ഹൃദയം നുറുക്കുന്നു.പരാജിതന്റെ പുസ്തകം എന്ന കഥയില്‍ കര്‍ഷകന്റെ ദുഖവും, ആത്മഹത്യയിലേയ്ക്ക് നീങ്ങുന്ന അവസ്ഥയും വളരെ പ്രാധാന്യമുള്ള ഒരു വിഷയത്തെയാണ് പ്രദാനംചെയ്യുന്നത്.
ദൈവദൂതന്‍ എന്ന കഥയിലൂടെ പഴനിയപ്പന്‍ എന്ന മനുഷ്യമൃഗത്തിന്റെ പാവപ്പെട്ട കൊളുന്തുനുള്ളുന്ന പെണ്ണുങ്ങളോടുള്ള അക്രമസ്വഭാവം എടുത്തുകാട്ടുകയും അവസരോചിതമായി സഹായിക്കുന്ന വനത്തിലെ മൃഗം മനുഷ്യമൃഗത്തെ പരാജയപ്പെടുത്തുന്നതിലൂടെ മനുഷ്യന്‍ മൃഗത്തേക്കാളും അധഃപ്പതിച്ചു എന്നുള്ളതാണ് കവി വ്യക്തമാക്കുന്നത്. ഗാന്ധര്‍വം എന്ന കഥയിലെ തുടക്കം അതിമനോഹരം ഏതു വേനലിനെയും അതിജീവിക്കാന്‍ തനിക്കു കഴിവുണ്ടെന്ന് വിളിച്ചോതുന്നതുപോലെ പുഴ നീണ്ടുനിവര്‍ന്നുകിടന്നു. ഗന്ധര്‍വ്വപൂജയില്‍ മനംനീറി മുത്തശ്ശിക്കൊപ്പം ക്ഷേമമോള്‍. അവള്‍ ചതിക്കപ്പെട്ടു എന്നറിഞ്ഞു പിന്‍തിരിഞ്ഞോടാതെ ജീവിതത്തിലേക്ക് ധൈര്യപൂര്‍വ്വം കടന്നുവരുന്നു.
പ്രാണമുക്തി എന്ന കഥയില്‍ ഗംഗയെ ആരതിയുഴിയുന്നവര്‍ നിറഞ്ഞ ദശാശ്വമേധഘട്ടില്‍ ഭൂമിയില്‍ ജീവിച്ചുമരിച്ച മനുഷ്യരുടെ അശാന്തി തീരുന്ന ഇടം. ഗംഗയുടെ മടിത്തട്ടില്‍ വളര്‍ന്ന നീചജാതിയുടെ ദൈന്യത. സവര്‍ണ്ണന് അവര്‍ണ്ണനോടുള്ള അവഗണന. സമൂഹത്തോടുള്ള അനീതിയ്‌ക്കെതിരായ ചോദ്യംചെയ്യലാണ് ഈ കഥയിലൂടെ സുധ ജി ചെയ്യുന്നത്. ഗംഗയുടെ പവിത്രത നഷ്ടപ്പെട്ടാലുംസാരമില്ല, ഉഛനീച്ചത്വങ്ങളില്‍ തൂങ്ങിക്കിടക്കുന്ന ഒരു സമൂഹം ഇന്നും നമ്മുടെ ഉറക്കംകെടുത്തുന്നു പെയ്തുതോര്‍ന്ന മഴമേഘങ്ങള്‍ എന്ന കഥയില്‍ അമേരിക്കന്‍ കള്‍ചര്‍ വികലമാക്കുന്ന ചിലരെയും സംസ്‌കാരത്തില്‍നിന്നും വ്യതിചലിക്കാത്തവരെയും,കാലന്‍കോലം എന്ന കഥയില്‍ പടയണിയുടെ ഗൃഹാതുരത്വം നിറഞ്ഞുനില്‍ക്കുന്നു. കൂടാതെ, മറുനാട്ടില്‍ പോയാലും കുട്ടികളെ മലയാളം പഠിപ്പിക്കേണ്ടുന്ന ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നു.
വളരെ നല്ല പാഠങ്ങള്‍ ആണ് ഓരോ കഥയിലും സുധാ ജി വായനക്കാരന് സമ്മാനിക്കുന്നത്. ഒറ്റമരത്തിലെ കിളി എന്ന കഥയില്‍ മാതാപിതാക്കള്‍ പിരിഞ്ഞ കുട്ടികളില്‍ ഉണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളും പകപൊക്കലുകളുടെ മനഃശാസ്ത്രവും ആണ്. ബലിയാടുകള്‍ എന്ന കഥയില്‍ പട്ടാളക്കാരന്റെ നിസ്സഹായതയും ബലിയാടാകുന്ന പാവങ്ങളുടെയും ദൈന്യത. ബലിയാടുകള്‍ എന്ന കഥയില്‍ ഒരു രാജ്യസ്‌നേഹി ഒരു ശത്രുവിനെയെങ്കിലും നശിപ്പിക്കാതെ മരിക്കരുത് എന്ന മെസ്സേജ് ആണ് കഥയിലൂടെ കൊടുക്കുന്നത്. അവസാനമിടിപ്പുവരെ പോരാടുക. ശക്തമായ കഥ. ഫാസ്റ്റ് വേള്‍ഡ് എന്ന കഥ കാലികമാണ്. മരണത്തോടെ ഓര്‍മ്മകളില്‍പോലും കടന്നുവരാത്തവര്‍. ആര് നഷ്ടപ്പെട്ടാലും സ്വന്തംകാര്യം നോക്കുന്ന സ്വാര്‍ത്ഥരായ പുതിയ തലമുറ മഞ്ഞുപോലെ ഉറഞ്ഞവര്‍ എന്ന കഥയില്‍ നീതിപുലര്‍ത്താന്‍ ശ്രമിക്കുന്ന ഒരമ്മയുടെ വേദനയും പാളിച്ചകളും വ്യക്തമാക്കുന്നു.
വായനക്കാരനെ ചിന്തകളിലേയ്ക്ക് ഉണര്‍ത്തിവിടുന്ന സുധാ അജിത്തിന്റെ കഥകള്‍ എല്ലാവരും വായിക്കുക.
ചാമുണ്ഡിത്തെയ്യം സമ്മിശ്രവികാരങ്ങളുടെ മുത്തുമാലയാണ്. അഭിനന്ദനങ്ങള്‍…












