LIMA WORLD LIBRARY

സംഘർഷം രണ്ടാം ആഴ്ചയിലേക്ക്, ഗാസയിൽ കനത്ത നാശം

ഗാസ സിറ്റി ∙ ഇന്നലെയും ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണവും പീരങ്കിയാക്രമണവും തുടർന്നു. 3 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. റോഡുകളും വൈദ്യുതി ലൈനുകളും നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും തകർന്നു. സംഘർഷം രണ്ടാം ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ കൊല്ലപ്പെട്ട പലസ്തീൻ പൗരന്മാരുടെ എണ്ണം 58 കുട്ടികളും 34 സ്ത്രീകളും അടക്കം 201 ആയി.

ഹമാസ് ഉപയോഗിക്കുന്ന 15 കിലോമീറ്റർ തുരങ്കങ്ങളും കമാൻഡർമാരുടെ വീടുകളും തകർത്തെന്ന് ഇസ്രയേൽ അറിയിച്ചു. ഗാസയിൽ അവർക്കൊപ്പം പൊരുതുന്ന സംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ മുതിർന്ന കമാൻഡർ ഹുസൈൻ അബു ഹർബീബിനെ വധിച്ചെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. തെക്കൻ ഇസ്രയേൽ പട്ടണങ്ങൾക്കു നേരെ ഇന്നലെ ഗാസയിൽ നിന്ന് 60 റോക്കറ്റാക്രമണങ്ങളുണ്ടായി. ഇസ്രയേലിൽ ഇതുവരെ 10 പേരാണു കൊല്ലപ്പെട്ടത്.

2014 നു ശേഷമുള്ള ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാണ് ഇപ്പോൾ നടക്കുന്നത്. വെടിനിർത്തലിനുള്ള രാജ്യാന്തര ശ്രമങ്ങൾ തുടരുന്നതിനിടെ, തിങ്കളാഴ്ച പുലർച്ചെ 50 ഇസ്രയേൽ യുദ്ധവിമാനങ്ങൾ 20 മിനിറ്റ് നീണ്ട രൂക്ഷമായ മിസൈലാക്രമണമാണു ഗാസയിൽ നടത്തിയത്. ആക്രമണം തുടർന്നാൽ ഗാസ നഗരത്തിലെ വൈദ്യുതി, ജലവിതരണം പൂർണമായി നിലയ്ക്കുമെന്നു യുഎൻ ഏജൻസികൾ അറിയിച്ചു.

സംഘർഷം അവസാനിപ്പിക്കാൻ ശ്രമം തുടരുകയാണെന്നാണ് യുഎൻ രക്ഷാസമിതിയിൽ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞത്. ഗാസയിൽ നിരപരാധികളെ കൊന്നൊടുക്കുന്നത് ഇസ്രയേൽ നിർത്തണമെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷൻ (ഒഐസി) യോഗം ആവശ്യപ്പെട്ടു.

തെളിവുകൾ കണ്ടിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

മാധ്യമങ്ങളുടെ ന്യൂസ് ബ്യൂറോകൾ പ്രവർത്തിച്ചിരുന്ന കെട്ടിടസമുച്ചയത്തിൽ ഹമാസ് സാന്നിധ്യത്തിന്റെ തെളിവുകൾ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് യുഎസ്. എന്നാൽ തെളിവുകൾ ഒന്നും താൻ കണ്ടിട്ടില്ലെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ പറഞ്ഞു.

ഹമാസ് ഓഫിസുകൾ പ്രവർത്തിച്ചിരുന്നുവെന്നാരോപിച്ചാണ് ഗാസയിലെ കെട്ടിടസമുച്ചയം ഇസ്രയേൽ തകർത്തത്. ആക്രമണം മുൻകൂട്ടി യുഎസിനെ അറിയിച്ച് തെളിവുകൾ കൈമാറിയിരുന്നെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞിരുന്നു.

from – malayala manorama

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px