മതിയെനിക്കീമഹിയിൽ ജീവിതം
മഹേശ്വരാ മൃതി കനിഞ്ഞരുളൂ നീ!
മലീമസമായെൻ മനസ്സരസ്സുകൾ:
മഹിതയാം ഗംഗ വിതുമ്പിമേവുന്നു!
തല തല്ലുന്നവൾ ശിലാതലങ്ങളിൽ
കലമ്പുന്നു രോഷത്തിരകളായിരം!
അനക്കമില്ലാതെ കിടക്കും തെല്ലിട
നടുക്കമോടുടനുണർന്നുതേങ്ങിടും!
വെറുത്തുപോയഹോ നരൻ്റെ രൂപകം:
മൂടിയിലേറ്റി നീ മറയരുൾക മേ!
ഒഴുകിവന്നെത്തും നിലച്ച ജീവിതം
കളിച്ചു കൊച്ചോളപ്പരപ്പിലാറാടി
കിളിച്ചു, കണ്ണുകളടച്ചു, പാതിയും
തുറിച്ചദൃഷ്ടികളജീർണ്ണദേഹികൾ,
വിധി കവർന്നൊരാ മനുജജന്മങ്ങൾ
മമ മാറിൽ ചിതയൊരുക്കിടുന്നഹോ!
അറിയുമോ, നിത്യം വരുന്നു മാനവർ
അഴിമതിയിലുമഭിരമിപ്പവർ,
തരുണിയെ ബലാൽ കീഴ്പ്പെടുത്തവർ
തസ്കരർ,കപടമതാനുരാഗികൾ….
മാതൃ,പിതൃ,സഹോദരഘാതകർ,
ഗുരുജനവധ്യർ മഹാഘോരപാപികൾ…
മനംപുരട്ടുന്നു,ഇനിയുമുണ്ടെത്രയോ….
ത്രാണിയില്ല തളരുന്നുവെൻ തനു!
വിവിധദേശങ്ങൾ താണ്ടിയെത്തിയെൻ
തെളിമയിൽ മുങ്ങിത്തെളിഞ്ഞുപോകുവോർ
അഴിച്ചിട്ട പാപക്കറകളാലെൻ്റെ
അർധമേനിയും ജീർണ്ണാവശേഷമായ്!
ആരെനിക്കേകി ശപ്തമീജീവിതം,
അഹല്യ,യോർക്കുകിലെത്രയോ ഭാഗ്യയാൾ:
ശിലയായിരിക്കിലും പ്രതീക്ഷയുള്ളവൾ
വരുമൊരുദിനം രാഘവനാവഴി!
എനിക്കുമേകൂ മഹേശ്വരായെൻപ്രിയാ,
മോക്ഷമാർഗ്ഗമരക്ഷണം വൈകൊലാ
ജഡത്വമേറുന്നു, ചിറകുകുഴഞ്ഞൊരു
വിഹംഗമായിതാ തളർന്നുവീഴുന്നു ഞാൻ!!











