പക്ഷികളുറങ്ങുന്ന
നേരത്തു തന്നെയീ
പാമ്പുകളുണർന്നിരിക്കുന്നു….
കുട്ടികളുറങ്ങാൻ
തുടങ്ങുമ്പോഴേക്കും
ഞെട്ടുമിടിമിന്നലെത്തുന്നു..
കെട്ടിപ്പിടിച്ചുമ്മ
വയ്ക്കാനൊരുങ്ങവേ
ചുണ്ടിലോ ചോരയിറ്റുന്നു..
ഹസ്തദാനത്തിനു
നീട്ടിയ കയ്യിലെ
വിരലുകളറ്റിരിക്കുന്നു..
ഇനിവരും നാളുകൾ
പുഴുകുത്തി വിരിയുന്ന
പൂവിന്റെ ജീവിതം പോലെ..
കത്തുന്ന ഫ്ളാറ്റിലെ
കുട്ടിയാവുന്നു ഞാൻ
വറ്റുന്ന കൂട്ടിലെ മൽസ്യം…
നിൽക്കുവാൻ നേര-
മില്ലാർക്കുമേ, ജീവിതം
നെട്ടോട്ടമായ് കഴിയുമ്പോൾ
പൊട്ടിച്ചിരിക്കുന്നു
ഭൂമി, ‘ഞാനിപ്പോഴും-
പണ്ടത്തെ വേഗത്തിലല്ലോ!’
ഞാനൊന്നു കൂട്ടുകിൽ
അല്പം കുറയ്ക്കുകിൽ
സർവ്വതും നാശത്തിലല്ലോ !
________
രാജൻ കൈലാസ്
കടുവിനാൽ. പി.ഓ.
വള്ളികുന്നം..690501
ആലപ്പുഴ ജില്ല.












ജീവിതത്തിന്റെ അനിശ്ചിതത്വം എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്ന മനോഹരമായ കവിത.
ഏറെ സന്തോഷം.. നന്ദി..
Thank you si much..