ജറുസലം ∙ രാജ്യത്തു കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞതോടെ ഇസ്രയേൽ വിദേശ സഞ്ചാരികൾക്കുള്ള വിലക്കു പിൻവലിച്ചു. വിദേശ വിമാനക്കമ്പനികൾക്കു ടെൽ അവീവ് സർവീസിനും അനുമതിയായി.വാക്സിനേഷൻ നടത്തിയ സഞ്ചാരികളുടെ ചെറുസംഘങ്ങൾക്ക് അനുമതി നൽകുന്ന പ്രത്യേക പദ്ധതിയിലൂടെ ടൂറിസം പുനരുജ്ജീവിപ്പിക്കാനാണ് ഇസ്രയേൽ പദ്ധതി.
ഹോട്ടൽ ക്വാറന്റീൻകാരെ ‘തിരിച്ചറിയാം’; റെഡ് ലിസ്റ്റ് രാജ്യങ്ങൾക്കായി ഹീത്രുവിൽ പ്രത്യേക ടെർമിനൽ
നെഗറ്റീവ് പിസിആർ ടെസ്റ്റ് യാത്രയ്ക്കു മുൻപേ വേണം. ഇസ്രയേലിൽ എത്തിയാൽ കോവിഡ് പരിശോധനയുണ്ടാകും. 2019ൽ 45 ലക്ഷം സഞ്ചാരികളാണ് ഇസ്രയേൽ സന്ദർശിച്ചത്. 55% ജനങ്ങൾക്കും പൂർണ വാക്സിനേഷൻ നൽകിയതോടെയാണ് ഇസ്രയേലിൽ വ്യാപനം കുറഞ്ഞത്.
അതിനിടെ, ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ മൂന്നാം ദിവസം പിന്നിട്ടു. അധിനിവേശ കിഴക്കൻ ജറുസലമിലെ വിശുദ്ധ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ജൂത സന്ദർശകരെ ഇസ്രയേൽ പൊലീസ് അനുവദിച്ചു. എന്നാൽ അൽ അഖ്‌സ പള്ളിയിൽ 45 വയസ്സിൽ താഴെയുള്ളവരെ വിലക്കി. ഐഡി കാർഡ് പൊലീസിനെ ഏൽപിച്ചാൽ മാത്രമേ പള്ളിയിലേക്കു കടക്കാനാവൂ.
ഗാസ സിറ്റിയിൽ പുനരധിവാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾ രാജ്യാന്തര ഏജൻസികൾ സജീവമാക്കി. മരുന്നുകൾ അടക്കം ഈജിപ്തിൽ നിന്നുള്ള സഹായങ്ങളുമായി 130 ട്രക്കുകൾ ശനിയാഴ്ച എത്തി. വ്യോമാക്രമണങ്ങളിൽ ജലവിതരണ പൈപ്പുകൾ തകർന്നതിനാൽ ഗാസയിൽ 8 ലക്ഷം പേർക്കു ശുദ്ധജലം ലഭ്യമല്ലെന്ന് ഐക്യരാഷ്ട്ര സംഘടന ഏജൻസി അറിയിച്ചു.
യാത്രാവിലക്ക് നീക്കി ബംഗ്ലദേശ്
ഇസ്രയേലിലേക്കുള്ള യാത്രാവിലക്ക് ബംഗ്ലദേശ് പിൻവലിച്ചു. നയതന്ത്രബന്ധത്തിനു വാതിൽ തുറന്ന നടപടിയിൽ ഇസ്രയേൽ ആഹ്ളാദം പ്രകടിപ്പിച്ചു. ഇസ്രയേൽ ഒഴികെയുള്ള രാജ്യങ്ങളിൽ ബാധകം എന്ന ബംഗ്ലദേശ് പാസ്പോർട്ടിലെ വ്യവസ്ഥ നീക്കം ചെയ്യുമെന്ന് ബംഗ്ലദേശ് ആഭ്യന്തര മന്ത്രി അസ്സദുസമാൻ കമാൽ അറിയിച്ചു.
English Summary: Israel reopens borders to small groups of foreign tourists













