സാന്ത്വനത്തി,
ന്നിളം കാറ്റായ്,
കനവിൻ മുകുളമായ്,
സൗഹൃദത്തിൻ
കുളിരായ്,
എതിർപ്പി,ന്നിളം
വെയിലായ്,
അച്ചടക്കത്തി,
ന്നാവർത്തന
നിയമത്തിൽനിന്നും,
കുതറിത്തെറിക്കും
ജൈവ സത്തയായ്,
സ്വത്വവും ശാശ്വത
സത്യവും തേടിയുള്ള
സാധനയായ്,
സിദ്ധിയിൽ
ഒട്ടു,മഹങ്കാരമില്ലാത്ത
സമർപ്പണമായ്,
അനുഭവങ്ങളുടെ
ദർപ്പണം,
സമൂഹത്തിലെ
സർപ്പസന്തതികൾക്കെതിരെ
ആയുധമാക്കി,
അലഞ്ഞു നടന്നു നീ…
‘പി’…
ഭാവനയുടെ
കൊടുങ്കാറ്റിനോപ്പം…
മുറിച്ചു കടന്നൂ നീ…
കവിതയുടെ
ബിംബ സമുദ്രത്തെ…
സമ്മാനിച്ചു നീ…
മാലോകർക്ക്…
കവിതകളുടെ,
യനേകം
പറുദീസകൾ!
നരകയാതനയിൽ
നട്ടംതിരിയും തലമുറക്ക്
വെട്ടമായി മാറി…
നിന്റെ
വാക്കുകൾ…
ബിംബങ്ങൾ!
ഒരു തലമുറയ്ക്കുള്ളത്
വരും തലമുറ
ഓർക്കുന്നതിന്റെ സുകൃതം!…
കാവ്യകേളിക്ക,
തമൃതായി മാറും!
നീയാകുന്നു…
നിന്റെ വഴിയും…
സത്യവും…
ജീവനും!…
നീ ‘പി’…
കുഞ്ഞുനാളിലെ
ഞങ്ങളുടെ
കവിതാ തറവാട്ടിലെ
ഒരേയൊരു കളിയച്ഛൻ!
ഞങ്ങൾ കവികൾ…
അന്നുമിന്നും
നിനക്കു മുൻപിൽ…
പേരക്കുട്ടികൾ!
ഇന്നും…
‘പേരെടുത്ത’വരിൽനിന്നും
നേരും നെറിവും…
പതിരുകൾ നീക്കി,
പാറ്റിയെടുക്കാനറിയാത്തവർ!
പുഴുവുള്ള,
വിഷം കലർന്ന,
വിഭങ്ങളുടെ,
യുള്ളറിയാതെ,
ആർത്തി മൂത്ത്,
സ്വാർത്ഥരായ്
‘കറുമുറാ’
തിന്നുന്നവർ!
ലോകത്തിന്റെ
പശിയടങ്ങിയിട്ടില്ലെങ്കിലും
യഥാർത്ഥ
വിപ്ലവക്കവിത
കണ്ടെത്താൻ…
‘മർമ്മ’മറിയാത്തവർ!…
വിരുന്നുണ്ടുള്ള,
യിടവേളകളിൽ,
മാമ്പഴ ജ്യൂസ്
നുണയുമ്പോൾ
“മാമ്പഴം”
എഴുതിയ
വൈലോപ്പിള്ളിയെ
വീണ്ടും വീണ്ടും…
നമിക്കുന്നവർ!
എങ്കിലും
പരാതികളടക്കി…
പരിഭവങ്ങളെ
സർഗ്ഗാത്മകതയുടെ പാൽപ്പായസമാക്കാൻ
പരിശ്രമിക്കുന്നവർ!
‘പി’ കവിതകൾക്കൊപ്പം…
ബഷീറിന്റെ
“ഭൂമിയുടെ അവകാശികൾ”
എന്ന കഥയും
തിരിച്ചറിഞ്ഞവർ!
ഞങ്ങൾ…
കെട്ട കാലത്തിന്റെ,
ഞെട്ടറ്റു വീഴാത്ത
ഭാവനയുടെ,
യവകാശികൾ!
‘പി’ യുടെ
പിൻഗാമികൾ!











