LIMA WORLD LIBRARY

കേരളത്തിൽ 11 ജില്ലകളിൽ യെലോ അലർട്ട്; ശനിയാഴ്ച വരെ മഴ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് പരക്കെ മഴയും കടല്‍കയറ്റവും. 11 ജില്ലകളില്‍ യെലോ  അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റും കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യവുമാണു സംസ്ഥാനത്ത് മഴ കനക്കാന്‍ ഇടയാക്കിയത്. മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്. 

തിരുവനന്തപുരം

തിരുവനന്തപുരത്ത് കഴിഞ്ഞദിവസം രാത്രി ആരംഭിച്ച മഴ തുടരുകയാണ്. വിതുരയിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ മുകൾഭാഗം ഒലിച്ചുപോയി. മണലിയിൽ വാമനപുരം നദിക്കു കുറുകെ നിർമിച്ചുകൊണ്ടിരുന്ന പാലമാണ് തകർന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. വര്‍ക്കലയില്‍ ഒരു വീട് തകര്‍ന്നു. തീരത്ത് കടലാക്രമണവും കടല്‍കയറ്റവും രൂക്ഷമാണ്. ആറ്റിപ്രയിൽ ആൽമരം കടപുഴകി വീണ് കാര്യവട്ടം – അരശുംമൂട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകളും തകർന്നു. കൂറ്റൻ മരമായതിനാൽ ഫയർഫോഴ്സ് വന്നിട്ടും മുറിച്ചുനീക്കാനായില്ല.

ഇടുക്കി

കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു. മുതിരപ്പുഴയാറിന്‍റെയും പെരിയാറിന്‍റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. നെടുങ്കണ്ടം രാജാക്കാട് റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. പൊത്തക്കള്ളിക്ക് സമീപമാണ് മരം വീണത്. വൈദ്യുതി പോസ്റ്റുകളും റോഡിലേക്ക് പതിച്ചു. ഉടുമ്പൻചോല എംഎൽഎ എം.എം.മണിയുടെ വാഹനമുൾപ്പെടെ റോഡിൽ കുടുങ്ങി. മരം മുറിച്ച് മാറ്റാനുള്ള നടപടി പുരോഗമിക്കുന്നു.

പത്തനംതിട്ട

പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കുരുമ്പന്‍മൂഴി, അറയാഞ്ഞിലിമണ്‍ കോസ്​വേകളിലും പമ്പയിലും റാന്നി വലിയതോട്ടിലും ജലനിരപ്പ് ഉയര്‍ന്നു.

മറ്റു ജില്ലകൾ

കോട്ടയം, എറണാകുളം ജില്ലകളില്‍ ശക്തമായ മഴ കിട്ടി. തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ രാത്രിയില്‍ ശക്തമായ മഴ ലഭിച്ചു. കോട്ടയത്ത് മഴയും കാറ്റും ശക്തമാണ്. നഗരത്തിലെ തിരുവാതുക്കലില്‍ ഒരു ആല്‍മരം കാറ്റില്‍കടപുഴകി, മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px