അപിയ ∙ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന ഖ്യാതിയുമായി അധികാരമേൽക്കാനെത്തിയപ്പോൾ പാർലമെന്റ് മന്ദിരത്തിന്റെ വാതിലുകൾ കൊട്ടിയടച്ചു; ഒടുവിൽ പുറത്തൊരുക്കിയ പന്തലിൽ സത്യപ്രതിജ്ഞ! അധികാര വടംവലി രൂക്ഷമായ ദക്ഷിണ പസിഫിക് ദ്വീപു സമൂഹത്തിലെ കൊച്ചുരാജ്യം സമോവയിലാണു നാടകീയ രംഗങ്ങൾ.
തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ കക്ഷിയുടെ നേതാവായ ഫിയമി നയോമി മതാഫ(64)യാണ് സഹമന്ത്രിമാർക്കൊപ്പം പാർലമെന്റിനു പുറത്ത് അധികാരമേറ്റത്. 22 വർഷമായി ഭരണത്തിലിരുന്ന പ്രധാനമന്ത്രി ട്യുലേപ സൈലേലെ മലിയോലിഗോയ് (76) സ്ഥാനമൊഴിയാൻ വിസമ്മതിച്ചതാണു കാരണം.

ചൈനയുടെ കടുത്ത വിമർശകയാണ് ഫിയമി നയോമി. 51 സീറ്റിലേക്ക് ഏപ്രിൽ 9നു നടന്ന തിരഞ്ഞെടുപ്പിൽ ട്യുലേപയുടെ എച്ച്ആർപി പാർട്ടിയും നയോമിയുടെ ഫാസ്റ്റ് പാർട്ടിയും 25 സീറ്റു വീതം നേടി. ഏക സ്വതന്ത്ര സ്ഥാനാർഥി ഫാസ്റ്റ് പാർട്ടിയെ പിന്തുണച്ചതാണു വഴിത്തിരിവായത്. സുപ്രീം കോടതി ഫാസ്റ്റ് പാർട്ടിയുടെ ഭൂരിപക്ഷം അംഗീകരിച്ചെങ്കിലും ട്യുലേപ വഴങ്ങിയില്ല. തിങ്കളാഴ്ച ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിൽ നയോമി സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോൾ പാർലമെന്റ് മന്ദിരം പൂട്ടി. നയോമിയുടെ സത്യപ്രതിജ്ഞ രാജ്യദ്രോഹവും നിയമവിരുദ്ധവുമാണെന്നും ട്യുലേപ പറഞ്ഞു.
സമോവയിലെ ആദ്യ പ്രധാനമന്ത്രിയുടെ മകളായ നയോമിക്ക്, ട്യുലേപയ്ക്കു കീഴിൽ ഉപപ്രധാനമന്ത്രിയായി ഭരണ പരിചയവുമുണ്ട്. ന്യൂസീലൻഡിന്റെ അധീനതയിലായിരുന്ന സമോവ 1962 ലാണ് സ്വതന്ത്ര രാജ്യമായത്. നിയമപ്രകാരമുള്ള ഭരണകൂടത്തെ അംഗീകരിക്കുമെന്ന് ന്യൂസീലൻഡും ഓസ്ട്രേലിയയും വ്യക്തമാക്കി.
English Summary: Pacific Island Samoa swears in its first female prime minister in a tent after she is locked out of parliament
from – malayala manorama













