LIMA WORLD LIBRARY

പുനർജ്ജനികൾ – യു.ജി.രാജൻ.

നിറുത്തുക നരാധമാ
നിറുത്തുക നരബലി
പരക്കുന്നു നിണമണം,
വെറുപ്പിൻ്റെ കണങ്ങളും…!

നിൻ്റെ
ശപിക്കപ്പെട്ട
ആവനാഴിയിൽ
ഒടുങ്ങുന്നില്ലല്ലോ
പകയുടെ
പാഷാണബാണങ്ങൾ!

നിൻ്റെ
വിഷമുനകൾ
പ്രപഞ്ചത്തിൻ്റെ
പഞ്ചേന്ദ്രിയങ്ങളും
ചീന്തിയെറിയുന്നു!
പെരുമഴയായി പെയ്യുന്ന
തീയമ്പുകൾ
ഗാസയെ  ചുട്ടെടുക്കുന്നു:
ഒരു മാൻപേട ഘോരമായ
കാട്ടുതീയിൽ അകപ്പെട്ടിരിക്കുന്നു!
അതിൻ്റെ ദീനരോദനങ്ങൾ
ചാട്ടുളി പോലെ
നെഞ്ചകം തകർത്തെറിയുന്നു!

മനം തകർന്ന മാതാവിനെപ്പോൽ
കനം തൂങ്ങി നില്ക്കുന്നു മാനം:
രണ്ടു മക്കൾ കലഹിക്കെ
ആർക്കൊപ്പം നില്ക്കുവാ,നല്ലേ?!

ഇവിടെയുമുണ്ട് ,
നൊന്തുവെന്ത മനവുമായ്
ഒരമ്മ.
എവിടെ കലഹം നടന്നാലും
ഒരടിയെങ്കിലും അവൾക്കുള്ളതത്രെ!
ഓരോ ഗോലിയും
ആ മുറ്റത്തെ
ഒരു പൂവെങ്കിലും
കൊഴിക്കുന്നുവത്രെ !
വേടാ,
നിൻ്റെ അമ്പേറ്റ് ഇവിടെയിതാ
ഒരു പക്ഷി വീണിരിക്കുന്നു!

അനുസരണയുള്ള കുട്ടികളെപ്പോലെ
ഊഴം തെറ്റാതെ,
വരി നിന്നാണല്ലോ
പ്രളയവും
കൊടുങ്കാറ്റും മഹാമാരിയും
അവളുടെ ഹരിതാഭമായ മടിത്തട്ടിലേക്ക്
ഓടിയെത്തുന്നത് !

പക്ഷേ,
ഓരോ ദുരന്തവും
കൗതുകമുണർത്തി
ഇവിടെ പുനർജ്ജനിക്കുന്നു:
നിൻ്റെ ഘോരവിഷംതീണ്ടി വീണ
ഈ പക്ഷിയും
പുനർജ്ജനിച്ച്
അക്ഷരപ്പൂമരമാകും; പലവട്ടം!

എങ്കിലും നിഷാദാ,
ഒന്നോർക്കുക:
ഓരോ ജീവിതവും
ഒരുപാട് ജീവിതങ്ങളാണ്
ഓരോ നഷ്ടവും
ഒരുപാട് നഷ്ടങ്ങളാണ്.
നിൻ്റെ
ചോരക്കൊതിയൂറുന്ന
കറുത്ത ജിഹ്വകൾ
ഒപ്പിയെടുക്കുന്നത്
ഒരു ജീവനല്ല:
ഒരുപാട് ജീവനുകളാണ്!!
……….
(വ്യാധൻ്റെ അമ്പേറ്റ് വീണ സൗമ്യക്ക് പ്രണാമം)
യു.ജി.രാജൻ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px