LIMA WORLD LIBRARY

മൈക്രോസോഫ്റ്റ് മുന്നറിയിപ്പ്: യുഎസിൽ വീണ്ടും റഷ്യയുടെ വൻ സൈബർ ആക്രമണം

സാൻ ഫ്രാൻസിസ്കോ ∙ യുഎസിൽ വീണ്ടും റഷ്യൻ ഇന്റലിജൻസ് വൃത്തങ്ങളുടെ പിന്തുണയുള്ള ‘നൊബീലിയം’ എന്ന ഹാക്കിങ് കൂട്ടായ്മ വൻ സൈബർ ആക്രമണം നടത്തിയതായി മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം യുഎസിനെ ഞെട്ടിച്ച ‘സോളർ വിൻഡ്സ്’ എന്ന സൈബർ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരാണ് നൊബീലിയം.

വിദേശ സഹായം നൽകുന്നതിനായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ യുഎസ് എയ്ഡ് ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റിന്റെ ഇമെയിൽ സംവിധാനത്തിൽ കടന്നുകയറിയ ഹാക്കർമാർ അതിൽ നിന്നു 150 സ്ഥാപനങ്ങളിലെ മൂവായിരത്തിലധികം പേർക്ക് വൈറസ് ബന്ധിപ്പിച്ച ഇമെയിലുകൾ കഴിഞ്ഞ ചൊവ്വാഴ്ച അയച്ചു. സർക്കാർ, സന്നദ്ധസേവന, കൺസൽറ്റിങ്  മേഖലകളിലുള്ളവയാണ് ഈ സ്ഥാപനങ്ങൾ. ഇവയിൽ കൂടുതൽ യുഎസിലാണെങ്കിലും 24 രാജ്യങ്ങളിലെ വ്യക്തികൾക്കും മെയിലുകൾ പോയിട്ടുണ്ടെന്നു മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ടോം ബർട് പറഞ്ഞു.

കഴിഞ്ഞ ഇലക‍്ഷനിൽ തനിക്കെതിരെ അട്ടിമറി നടന്നതിന്റെ രേഖകൾ ഡോണൾഡ് ട്രംപ് പ്രസിദ്ധീകരിച്ചെന്ന വാർത്തയും ഇവ വായിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യാനുള്ള നിർദേശവും സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു.

മെയിലിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ, ഉപയോക്താവിന്റെ കംപ്യൂട്ടർ സംവിധാനത്തിലേക്കു വൈറസ് കടന്നുകയറുകയും കൂടുതൽ സൈബർ ആക്രമണത്തിനും ഡേറ്റ മോഷണത്തിനും വഴിയൊരുങ്ങുകയും ചെയ്യും.

യുഎസ് പ്രസി‍ഡന്റ് തിരഞ്ഞെടുപ്പിലെ സൈബർ അട്ടിമറി ശ്രമം, സോളർ വിൻഡ്സ് ഹാക്കിങ് ശ്രമം തുടങ്ങിയ സംഭവങ്ങളിൽ റഷ്യയ്ക്കെതിരെ യുഎസ് ഉപരോധമേർപ്പെടുത്തി ഒരു മാസം തികയും മുൻപാണു പുതിയ ആക്രമണം.

ചെറുത്തെന്ന് യുഎസ്

യുഎസ് ഏജൻസികൾ സൈബർ ആക്രമണം ഫലപ്രദമായി ചെറുത്തെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. മിക്ക ഇമെയിലുകളും സ്പാം വിഭാഗത്തിലേക്കു പോകാൻ സാധ്യതയുള്ളതിനാൽ വലിയ ഭീഷണിയില്ല. ജൂൺ 16നു യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ഉച്ചകോടി നടക്കുന്നതിനാൽ സംഭവത്തിനു വലിയ പ്രാധാന്യം കൊടുക്കാതെയായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.

സോളർ വിൻഡ്സ് ആക്രമണം

കഴിഞ്ഞ ഡിസംബറിലായിരുന്നു സോളർ വിൻഡ്സ് ആക്രമണം. സോളർ വിൻഡ്സ് എന്ന യുഎസ് ഐടി കമ്പനിയുടെ സംവിധാനത്തിൽ കടന്നു കയറിയ ഹാക്കർമാർ അവരുടെ സോഫ്റ്റ്‌വെയർ ഉൽപന്നമായ ഓറിയോണിൽ വൈറസ് സ്ഥാപിക്കുകയായിരുന്നു. ഇതെത്തുടർന്ന് ഈ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത എല്ലാ ഉപയോക്താക്കളുടെയും കംപ്യൂട്ടർ, നെറ്റ്‌വർക് സംവിധാനങ്ങളിൽ വൈറസ് കടന്നുകയറി. ഓറിയൺ ഉപയോഗിക്കുന്നവരിൽ യുഎസിലെ വൻ കമ്പനികൾ, പെന്റഗൺ, മറ്റ് പ്രതിരോധ ഏജൻസികൾ എന്നിവ ഉൾപ്പെട്ടിരുന്നത് ആക്രമണത്തിന്റെ ആഘാതം കൂട്ടി.

English Summary: USA, Cyber Attack

from – malayala manorama

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px