പക്ഷികളുടെ രാഷ്ട്രം – സച്ചിദാനന്ദൻ

Facebook
Twitter
WhatsApp
Email

പക്ഷികളുടെ രാഷ്ട്രത്തിന്
അതിര്‍ത്തികളില്ല. ഭരണഘടനയും.
പറക്കുന്നവരെല്ലാം അവിടത്തെ പൗരരാണ്
കവികള്‍ ഉള്‍പ്പെടെ.
ചിറകാണ് അതിന്റെ കൊടി.

മൈന കുയിലിനോട് ശബ്ദത്തിന്റെ
കാര്യം പറഞ്ഞു വഴക്കിടുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
അഥവാ കൊക്ക് കാക്കയെ
നിറത്തിന്റെ പേരില്‍ ആട്ടിയോടിക്കുന്നത്?
കൂമന്‍ മൂളുന്നത് മയിലിനോടുള്ള
അസൂയ കൊണ്ടല്ല തന്നെ.

ഒട്ടകപ്പക്ഷിയോ പെന്‍ഗ്വിനോ തങ്ങള്‍ക്കു
പറക്കാനാവില്ല എന്ന് എപ്പോഴെങ്കിലും
പരാതി പറഞ്ഞിട്ടുണ്ടോ?

പിറക്കുമ്പോഴേ അവര്‍ ആകാശവുമായി
സംസാരിച്ചു തുടങ്ങുന്നു
മേഘങ്ങളും മഴവില്ലുകളും ഇറങ്ങിവന്ന്
അവരെ തലോടുന്നു; ചിലപ്പോള്‍ അവര്‍
തങ്ങളുടെ നിറങ്ങള്‍ പക്ഷികള്‍ക്ക് കൊടുക്കുന്നു,
മേഘം പ്രാവിനോ മഴവില്ല്
പഞ്ചവര്‍ണ്ണക്കിളിക്കോ എന്ന പോലെ.

സൂര്യനും ചന്ദ്രനുമിടയിലിരുന്നാണ്
അവര്‍ സ്വപ്നം കാണുന്നത്. അപ്പോള്‍ ആകാശം
നക്ഷത്രങ്ങളും മാലാഖമാരും കൊണ്ടു നിറയുന്നു.

അവര്‍ ഇരുട്ടിലും കാണുന്നു, യക്ഷികളോടും
ഗന്ധര്‍വന്മാരോടും സല്ലപിക്കുന്നു.
ഭൂമിയിലേക്ക് അവര്‍ ഇറങ്ങിവരുന്നത്
പുല്ലുകളെ ആശ്വസിപ്പിക്കാനോ പൂവുകളെ
പാടി വിരിയിക്കാനോ മാത്രമാണ്.
അവര്‍ തിന്നുന്ന പഴങ്ങളും പുഴുക്കളും
അവരുടെ മുട്ടയില്‍ നിന്ന് കുഞ്ഞിച്ചിറകുകളുമായി
വിരിഞ്ഞിറങ്ങുന്നു.

ഞാന്‍ ഒരു ദിവസം പക്ഷിയായി ജീവിച്ചു നോക്കി.
എനിക്കു രാഷ്ട്രം നഷ്ടപ്പെട്ടു.

രാഷ്ട്രം ഒരു കൂടാണ്. അത് തീറ്റ തരുന്നു.
ആദ്യം നിങ്ങളുടെ പാട്ടിനുവേണ്ടി;
പാട്ട് അതിന്നു പിടിക്കാതാവുമ്പോള്‍
നിങ്ങളുടെ മാംസത്തിനു വേണ്ടി.

About The Author

One thought on “പക്ഷികളുടെ രാഷ്ട്രം – സച്ചിദാനന്ദൻ”
  1. കിടു. പക്ഷികളിലെ രഷ്ട്രീയം ആകാശത്തിനു കീഴിലെ സ്വാതന്ത്ര്യമാണ്.ചിറകാണ് കൊടി.പരസ്പരം കുറ്റപ്പെടുത്താത്ത സൂര്യനും ചന്ദ്രനും ഇടയിൽ മഴവില്ലിൻെയും മേഘവർണങ്ങളും ചൂടി ജാടയില്ലാതെ ആടി പാടി കൂകി കുറുകി അന്നന്നുള്ളതു കൊത്തിപ്പെറുക്കന്നവർക്കായി നക്ഷത്രമാലാഖകളിറങ്ങുന്നതും പുല്ലിനെ സാന്ത്വനിപ്പിക്കുന്നതും മൊട്ടുകളുടെ ഉണർത്തു പാട്ടാകുന്നതുമായ അനവദ്യസുന്ദരമായ അതിരുകളില്ലാത്ത ജീവിതം എത്ര ധന്യം.അനന്തമായ ബിംബഭംഗികൾ ആവിഷ്കരിച്ച് പൊരുത്തമില്ലാത്ത മനുഷ്യമനത്തെ സമത്വത്തിന്റെ ചിറകുകളണിഞ്ഞ മാലാഖമാരുടെ സദ്കർമ്മമാകാൻ കവി നടതുന്ന ആഹ്വാനത്തിലെ അവസാനവരികൾ സ്വാർഥതയുടെ തലകളെ തൂലികയുട സുവർണ്ണകൂടത്താൽ പ്രഹരിക്കുന്ന പ്രതിഷേധദുന്ദുഭി മാറത്തമനുഷ്യഹുങ്കാരങ്ങൾക്കു മുകളിലെ ഇടിത്തീയാണ്.

Leave a Reply

Your email address will not be published. Required fields are marked *