LIMA WORLD LIBRARY

കൊറോണ വൈറസ്; ഉണ്ടായതോ, ഉണ്ടാക്കിയതോ?

കോവിഡിനു കാരണമായ സാർസ്-കോവി-2 വൈറസ് ചൈനയിലെ പരീക്ഷണശാലയിൽനിന്ന് ചോർന്നതാണെന്ന സിദ്ധാന്തത്തിന് വീണ്ടും ജീവൻ വെച്ചിരിക്കുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും സംഘടനാംഗങ്ങളിൽ ചിലർതന്നെയും ആവശ്യപ്പെട്ടിരിക്കുന്നു. ഇക്കൊല്ലം ജനുവരിയിൽ ചൈന സന്ദർശിച്ച ഡബ്ല്യു.എച്ച്.ഒ. സംഘം അന്വേഷിച്ച് തള്ളിക്കളഞ്ഞതാണ് വൈറസ് മനുഷ്യനിർമിതിയാണെന്ന വാദം. ഇപ്പോൾ അതു വീണ്ടും പൊങ്ങിവരാനുള്ള കാരണമെന്താണ്?

 

വിവാദം തുറന്ന റിപ്പോർട്ട്

മേയ് 23-ന് ‘വോൾ സ്ട്രീറ്റ് ജേണൽ’ പഴയ ഒരു യു.എസ്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടു. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യു.ഐ.വി.) മൂന്നു ഗവേഷർ 2019 നവംബറിൽ ന്യൂമോണിയപോലുള്ള രോഗബാധയ്ക്ക് ആശുപത്രിയിൽ ചികിത്സതേടി എന്നതായിരുന്നു ആ റിപ്പോർട്ട്.

കോവിഡന്റെ ഉത്ഭവകേന്ദ്രമാണ് വുഹാൻ. ഇവിടത്തെ ഹ്വാനൻ സമുദ്രോത്പന്നച്ചന്തയിലാണ് വൈറസ് ആദ്യം പോട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്. ഇവിടെനിന്ന് 21 കിലോമീറ്റർ ദൂരമേയുള്ളൂ ഡബ്ല്യു.ഐ.വി.യിലേക്ക്. 2019 ഡിസംബർ 30-നാണ് അഞ്ജാത കാരണത്താലുള്ള ന്യൂമോണിയ വുഹാനിൽ പടരുന്നുവെന്ന വിവരം ചൈന പുറത്തുവിട്ടത്. ഈ ന്യുമോണിയയ്ക്കാണ് ലോകാരോഗ്യസംഘടന പിന്നീട് കോവിഡ്-19 എന്ന് പേരിട്ടത്.

മേയ് 13-ന് ഡേവിഡ് എ. റെൽമന്റെ നേതൃത്വത്തിൽ 18 ശാസ്ത്രജ്ഞർ (ഭൂരിപക്ഷവും അമേരിക്കക്കാർ) ‘സയൻസ്’ ജേണലിൽ ഒരു കത്ത് പ്രസിദ്ധീകരിച്ചു. കോവിഡ്-19 എങ്ങനെയുണ്ടായി എന്നുറപ്പിക്കാൻ കൂടുതൽ അന്വേഷണം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള രണ്ടു വാദങ്ങളും -ലാബിൽനിന്നു ചോർന്നതാണെന്നതും പ്രകൃത്യാ ഉത്ഭവിച്ചതാണെന്നതും- അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

പരീക്ഷണശാലയിലുണ്ടാക്കിയതാണ് സാർസ്-കോവി-2 (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം കോറോണ വൈറസ്-2) എന്ന വാദം 2020 ഫെബ്രുവരിയിൽ ‘ലാൻസെറ്റ്’ മെഡിക്കൽ ജേണലിലെ ലേഖനത്തിൽ പ്രമുഖ ശാസ്ത്രജ്ഞർ തള്ളിക്കളഞ്ഞിരുന്നു. അന്ന് ഇതിനെ അനുകൂലിച്ചവരും ‘സയൻസി’ൽ കത്തെഴുതിയവരുടെ കൂട്ടത്തിലുണ്ട്.

ബൈഡന്റെ ഉത്തരവ്

‘സയൻസി’ലെ കത്തിനും ‘വോൾ സ്ട്രീറ്റ് ജേണലി’ൽവന്ന റിപ്പോർട്ടിനും പിന്നാലെ മേയ് 26-ന്, വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ യു.എസ്. ഇന്റലിജൻസ് ഏജൻസികളോട് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ബൈഡന്റെ മെഡിക്കൽ ഉപദേഷ്ടാവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടറുമായ ഡോ. ആന്തണി ഫൗച്ചിയും പുനരന്വേഷണത്തിന് ഡബ്ല്യു.എച്ച്.ഒ.യോട് അഭ്യർഥിച്ചു. ലാബിൽനിന്ന് ചോർന്നതാണെന്ന സിദ്ധാന്തം അതുവരെ അംഗീകരിക്കാതിരുന്നയാളാണ് ഫൗച്ചി. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആർക്കും 100 ശതമാനം അറിവില്ലാത്തതിനാൽ പുനരന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഡബ്ല്യു.എച്ച്.ഒ. അന്വേഷണസംഘം തള്ളിക്കളഞ്ഞതാണ് ഈ സിദ്ധാന്തമെങ്കിലും കൂടുതൽ അന്വേഷണം വേണ്ടതുണ്ടെന്ന് സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രെയേസുസും പറഞ്ഞു. മുമ്പും ഇങ്ങനൊരാവശ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. ഒരിക്കൽക്കൂടി ചൈന സന്ദർശിച്ച് തെളിവെടുപ്പ് നടത്തണമെന്ന് ഡബ്ല്യു.എച്ച്.ഒ.യുടെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ഡച്ച് വൈറോളജിസ്റ്റ് മരിയൻ കൂപ്മാൻസും ആവശ്യപ്പെട്ടു. ജനുവരിയിലും ഫെബ്രുവരിയിലുമായി നാലാഴ്ച ചൈനയിൽ തങ്ങിയാണ് കൂപ്മാൻസ് അംഗമായ സംഘം വൈറസിന്റെ ഉത്ഭവസാദ്ധ്യതകൾ പഠിച്ചത്. ഡബ്ല്യു.ഐ.വി.യിലും ഹ്വാനൻ ചന്തയിലുമെല്ലാം കറങ്ങിയായിരുന്നു പഠനം. 17 ചൈനീസ് ശാസ്ത്രജ്ഞരും ഉൾപ്പെട്ട ഈ സംഘത്തിന്റെ റിപ്പോർട്ട് ഇക്കഴിഞ്ഞ മാർച്ചിൽ പുറത്തുവന്നിട്ടേയുള്ളൂ.

വൈറസ് വുഹാൻ ലബോറട്ടറിയിൽനിന്ന് ചോർന്നതാണെന്ന വാദം വിശ്വസിക്കാവുന്നതാണെന്ന് ഇപ്പോൾ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികളും കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ.യോട് ബ്രിട്ടീഷ് വാക്സിൻസ് മന്ത്രി നദീം സഹാവിയും ആവശ്യപ്പെട്ടുകഴിഞ്ഞു. വൈറസ് മനുഷ്യനുപിന്നാലെ എന്നപോലെ വൈറസിന്റെ ഉറവിടം തേടി ലോകവും പായുകയാണ്.

വൈറസുണ്ടാക്കൻ യു.എസ്. സഹായം?

പുതിയൊരു ആരോപണവും ഉയർന്നിട്ടുണ്ട്. അമേരിക്കയുടെ ധനസഹായത്തോടെയാണ് ചൈന ഈ വൈറസിനെ ഉണ്ടാക്കിയതെന്നാണ് ഈ ആരോപണം. സാർസ്-കോവി-2 ലാബിലുണ്ടാക്കാൻ ബൈഡന്റെ മെഡിക്കൽ ഉപദേഷ്ടാവ് ആന്തണി ഫൗച്ചി വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ പരോക്ഷമായി സഹായിച്ചു എന്ന ആരോപണമുയർത്തിയത് മറ്റാരുമല്ല. കെന്റക്കിയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോളാണ്. കോവിഡ് നിയന്ത്രണ നടപടികളെക്കുറിച്ച് മേയ് 11-ന് സെനറ്റിൽ നടന്ന തെളിവെടുപ്പിനിടെ അദ്ദേഹം ഫൗച്ചിയോട് നേരിട്ടുതന്നെ ഇക്കാര്യം ചോദിച്ചു.

വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ‘ഗെയ്ൻ ഓഫ് ഫങ്ഷൻ’ പരീക്ഷണത്തിന് ഫൗച്ചിയുടെ അറിവോടെ ധനസഹായം നൽകി എന്നാണ് ആരോപണം. ഇതിനൊരു പശ്ചാത്തലമുണ്ട്. എന്താണ് ‘ഗെയ്ൻ ഓഫ് ഫങ്ഷൻ’ പരീക്ഷണം എന്നറിഞ്ഞാലേ ആരോപണത്തിന്റെ ഗൗരവം പിടികിട്ടൂ. നിലവിലുള്ള ഏതെങ്കിലും വൈറസിനെ ലബോറട്ടറിയിൽവെച്ച് ജനിതകമാറ്റം വരുത്തി കൂടുതൽ മാരകമാക്കുക; എന്നിട്ട് അതുണ്ടാക്കാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കി പ്രതിരോധമാർഗം തേടുക; അങ്ങനെ ഭാവിയിലുണ്ടാകാനിടയുള്ള രോഗങ്ങളെ നേരിടാൻ ഇപ്പോഴേ തയ്യാറെടുക്കുക. ചുരുക്കത്തിൽ ഇതാണ് ഗെയ്ൻ ഓഫ് ഫങ്ഷൻ പരീക്ഷണം.

ഒരുകാലത്ത് ഈ പരീക്ഷണത്തിന്റെ വക്താവായിരുന്നു ഫൗച്ചി. 2014 മേയിൽ, ഫൗച്ചി ഡയറക്ടറായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇക്കോഹെൽത്ത് അലയൻസിന് 340 കോടി ഡോളർ സഹായം നൽകി. വൈറസുകളെയും അവയുടെ പകർച്ചാരീതികളെയും പറ്റി പഠിക്കുന്ന സ്ഥാപനമാണ് ഇക്കോഹെൽത്ത് അലയൻസ്. ഇവർക്ക് ചൈനയും വിയറ്റ്നാമും തായ്ലൻഡുമുൾപ്പെടെ 30 രാജ്യങ്ങളിൽ പ്രോജക്ടുകളുണ്ട്.

ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള വവ്വാലുകളിലെ കൊറോണവൈറസുകളുടെ ജനിതകവിശകലനം നടത്താൻ വുഹാൻ വൈറോളജി ലാബുമായി ഇക്കോഹെൽത്ത് അലയൻസ് ധാരണയുണ്ടാക്കി. കൊറോണ വൈറസ് ആദ്യം ഉത്ഭവിച്ചത് ചൈനയിലാണ് എന്നതിനാലാണ് ഈ പഠനം. ഇതിനായി അഞ്ചുകൊല്ലംകൊണ്ട് 598,500 ഡോളർ ഇക്കോഹെൽത്ത് അലയൻസ് വുഹാൻ ലാബിനു കൊടുത്തു. യു.എസ്. വിദേശകാര്യവകുപ്പിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെയും അംഗീകാരവും ലാബിനു കിട്ടി. ഈ പരീക്ഷണത്തിന്റ ഫലമാണ് സാർസ്-കോവി-2 എന്നാണ് റാൻഡ് പോളിന്റെയും സമാനവിശ്വാസക്കാരുടെയും ആരോപണം. അതായത് അമേരിക്കയുടെ പ്രോത്സാഹനമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു വൈറസ് ഉണ്ടാകില്ലായിരുന്നുവെന്ന്. എന്തായാലും, 2014 ഒക്ടോബറിൽ ഒബാമ സർക്കാർ ‘ഗെയ്ൻ ഓഫ് ഫങ്ഷൻ’ പരീക്ഷണത്തിനുള്ള ധനസഹായം നിർത്തി. സുരക്ഷാപ്രശ്നങ്ങളാണ് കാരണമായി പറഞ്ഞത്.

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

ഇതുവരെ കണ്ടെത്തിയ പല കൊറോണ വൈറസുകളിൽ ഒന്നുമാത്രമാണ് സാർസ്-കോവി-2. ഇതിനുമുമ്പ് മനുഷ്യനെ ബാധിച്ച ഗുരുതരമായ കൊറോണ വൈറസ് രോഗങ്ങൾ സാർസ്, മെർസ് എന്നിവയാണ്. ഇവയും ശ്വാസകോശ രോഗങ്ങൾതന്നെ. ഇവയ്ക്കു കാരണമായ വൈറസുകൾ വവ്വാലിൽനിന്ന് മറ്റൊരു ജീവിവഴിയാണ് മനുഷ്യനിലെത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ സാർസ്-കോവി-2വും പ്രകൃത്യാവന്നു എന്നാണ് ഭൂരിപക്ഷം ശാസ്ത്രജ്ഞരുടെയും നിഗമനം. സാർസ്-കോവി-2ന്റെയും അതിന്റെ മുൻഗാമി വൈറസുകളുടെയും ജനിതകഘടനയുൾപ്പെടെ വിശദമായി പഠിച്ചതിൽനിന്നാണ് ഇവർ ഈ നിഗമനത്തിലെത്തിയത്. അങ്ങനെയെങ്കിൽ ഇത് മനുഷ്യനിലെത്തിച്ച ഇടനില ജീവിയേത്? അതിന് ഇതുവരെ കൃത്യമായ ഉത്തരമില്ല. അത് കണ്ടെത്താത്തിടത്തോളം വൈറസ് പ്രകൃത്യാ ഉത്ഭവിച്ചതാണെന്ന വാദം നൂറുശതമാനം വിശ്വസനീയമാകില്ല.

ലാബിൽ ഉണ്ടാക്കിയതാണെന്നതിനും തെളിവില്ല. ഇന്നുവരെ അറിയപ്പെട്ടതിൽവെച്ച് സാർസ്-കോവി-2വിന്റെ ഏറ്റവും അടുത്തബന്ധു ആർ.എ.ടി.ജി.13 (RaTG13) എന്ന കൊറോണ വൈറസാണ്. യുനാൻ പ്രവിശ്യയിൽ വവ്വാൽക്കാട്ടം വൃത്തിയാക്കിയ ഖനിത്തൊഴിലാളികൾക്ക് ന്യുമോണിയ പിടിപെട്ടതിനെത്തുടർന്നണ്ടായ അന്വേഷണമാണ് ഈ വൈറസിലേക്കെത്തിച്ചത്. ആർ.എ.ടി.ജി.13 വൈറസിനെ വവ്വാലുകളിൽനിന്നു ശേഖരിച്ച് ഡബ്ല്യു.ഐ.വി. അതിന്റെ ജനിതകശ്രേണീകരണം നടത്തി. ഇതിന്റെ ജനിതകവുമായി 96 ശതമാനം അടുപ്പമുള്ളതാണ് സാർസ്-കോവി-2. ഈ വൈറസിലോ യൂനാനിൽനിന്നുശേഖരിച്ച മറ്റ് എട്ടിനം കൊറോണ വൈറസുകളിലോ നടത്തിയ ‘ഗെയ്ൻ ഓഫ് ഫങ്ഷൻ’ പരീക്ഷണത്തിനിടെ ഡബ്ല്യു.ഐ.വി.യിൽനിന്ന് ചോർന്നതാണ് സാർസ്-കോവി-2 എന്നാണ് ഈ സിദ്ധാന്തത്തിന്റെ വക്താക്കൾ ആരോപിക്കുന്നത്. അതുകൊണ്ടാണ് വുഹാനിലും പരിസരങ്ങളിലും ഇനിയും പഠനംവേണമെന്ന ആവശ്യമുയരുന്നത്.

എന്നാൽ, ഈ പരീക്ഷണങ്ങൾ പുതിയ വൈറസിനെ സൃഷ്ടിച്ചു എന്നതിന് വ്യക്തമായ തെളിവില്ല. പക്ഷേ, വവ്വാലിൽനിന്നെടുത്ത വൈറസുകളെ ഉപയോഗിച്ച് വുഹാൻ ലാബിൽ ‘ഗെയ്ൻ ഓഫ് ഫങ്ഷൻ’ പരീക്ഷണം നടന്നിട്ടുണ്ടെന്നും അതിന് ഇക്കോഹെൽത്ത് അലയൻസ് ധനസഹായം നൽകിയിട്ടുണ്ടെന്നും ചില ശാസ്ത്രജ്ഞർ അമേരിക്കൻ വസ്തുതാന്വേഷണ വെബ്സൈറ്റായ ‘പൊളിറ്റിഫാക്ടി’നോട് സമ്മതിച്ചിട്ടുണ്ട്. വൈറസിന്റെ ഉത്ഭവം അന്വേഷിച്ച ഡബ്ല്യു.എച്ച്.ഒ. സംഘത്തിൽ ഇക്കോഹെൽത്ത് അലയൻസ് ഡയറക്ടർ ഡോ. പീറ്റർ ഡസാക്കും അംഗമായിരുന്നു.

കുലുങ്ങാതെ ചൈന

എന്തായാലും ഒരുവിധ അന്വേഷണത്തോടും സഹകരിക്കാൻ ചൈന തയ്യാറല്ല. കോവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കാനുള്ള ലോകനേതാക്കളുടെ ശ്രമമാണിതെന്നാണ് യൂറോപ്യൻ യൂണിയനും ജി-20 രാജ്യങ്ങളും മേയ് 21-നു നടത്തിയ ആഗോള ആരോഗ്യ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞത്. അന്വേഷണ ആവശ്യം അദ്ദേഹം നിരാകരിച്ചു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചൈനയിലെ അന്വേഷണം പൂർത്തിയായെന്നും മറ്റു രാജ്യങ്ങളിലാണ് ഇനി അന്വേഷിക്കേണ്ടതെന്നുമാണ് ചൈന പറയുന്നത്. ചൈനയുടെ മണ്ണിൽ ഇനിയൊരന്വേഷണത്തിന് ആരെയും അനുവദിക്കില്ലെന്നും വ്യക്തമാക്കിട്ടുമുണ്ട്.

പ്രയാസമുള്ള ശാസ്ത്രസമസ്യകൾ ഗൂഢാലോചനാസിദ്ധാന്തങ്ങളിൽ കലാശിക്കുന്നത് പുതിയകാര്യമല്ല. സമീപകാലത്ത് മനുഷ്യനെ ഏറ്റവും പേടിപ്പിച്ച രോഗങ്ങളിലൊന്നാണ് എയ്ഡ്സ്. അതിനു കാരണമായ ഹ്യൂമൻ ഇമ്യുണോഡെഫിഷ്യൻസി വൈറസ് (എച്ച്.ഐ.വി.) ചിമ്പാൻസികളിൽനിന്നാണ് മനുഷ്യരിലെത്തിയത് എന്നു കണ്ടെത്താൻ ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളാണെടുത്തത്. ആ ചരിത്രം നമുക്കു മുന്നിലുള്ളപ്പോൾ സാർസ്-കോവി-2ന്റെ ഉത്ഭവത്തെക്കുറിച്ച് ഉടൻ അറിയണമെന്ന് വാശിപിടിക്കുന്നതിനുപിന്നിൽ ലക്ഷ്യങ്ങൾ പലതുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px