LIMA WORLD LIBRARY

പ്രണയരാശി – ചാക്കോ ഡി അന്തിക്കാട്

ചാക്കോ ഡി അന്തിക്കാട്
2021 മെയ്‌ 31
(പ്രശസ്ത എഴുത്തുകാരി
മാധവിക്കുട്ടിയുടെ
-കമല സുറയ്യ-
പ്രണയകാവ്യസ്മരണകൾക്ക്
മുൻപിൽ സമർപ്പണം)

✍️
എനിക്ക്
നഷ്ടപ്പെട്ട പ്രണയം
മറ്റൊരാൾക്ക്‌ നേട്ടം!
എനിക്ക് നഷ്ടപ്പെട്ട
ഉദയാസ്തമയങ്ങൾ
പലർക്കും സ്വന്തം!

വയലുകളും
താഴ്വരകളും
സന്ദർശിച്ച
ഇണക്കുരുവികൾ,
കൊയ്ത്തുകാലപ്രണയം
പങ്കുവെക്കും…
പറന്നകലും!

കടലുകൾത്താണ്ടി,
പ്രണയസന്ദേശവുമായി
പറന്നകലുമ്പോൾ,
അവർ പറയും:
“കടൽത്തീരത്ത്
ഏറ്റവും കൂടുതൽ
നെടുവീർപ്പുകൾ
തിരകൾക്ക്
സമ്മാനിച്ചത്,
വിവാഹമോചനം
നേടിയവരായിരിക്കും!”

ഒരിക്കൽ,
പ്രണയം
കവിതയായൊഴുകിയ
പാതിരാത്രിയിൽ,
നിലാവിനോട്
ഞാൻ ചോദിച്ചു:
“നീ നക്ഷത്രങ്ങളെ
പ്രണയിച്ചിട്ടുണ്ടോ?”
അന്ന്
എവിടെയോ
ഒരു ദുരഭിമാനക്കൊല
നടന്നിരുന്നെന്ന്,
ഒരു വാനമ്പാടി,
വിലാപസ്വരത്തിൽ പാടി!
നിലാവിന്റെ
മുഖം വിളറിയത്,
ഞാൻ കണ്ടു!

ഇതേ ചോദ്യം ഞാൻ,
ഒരു മൺസൂൺക്കാലത്ത്,
നക്ഷത്രങ്ങളോടും ചോദിച്ചു.
അവർ
ഒന്നു കണ്ണുചിമ്മിയടച്ചു!
അതൊരു
സമ്മതപത്രം!
അന്നായിരുന്നു…
പ്രവേശനോത്സവം!

ആ കണ്ണുചിമ്മിയടയ്ക്കൽ,
സ്കൂളിൽ
പഠിക്കുമ്പോൾ,
എന്റെ സഹപാഠിയോട്
ഞാനാവർത്തിച്ചു.
അവൾ,
മുഖം തിരിച്ചു!

പിന്നീട് ഞാൻ,
വയലുകളേയും,
താഴ്‌വരകളേയും,
കടലിനേയും,
നിലാവിനേയും,
നക്ഷത്രങ്ങളേയും,
സ്വപ്നങ്ങളിലേക്ക്
ആവാഹിച്ചു!
സ്വപ്നത്തി,
ലപ്പോൾത്തെളിഞ്ഞ,
‘നഷ്ടകാമുകി’മാരുടെ
കണക്കെടുത്ത്,
എന്റെ
വിരലുകൾ കുഴഞ്ഞു!

അന്ത്യശ്വാസം
വലിക്കുമ്പോൾ,
ആ കുഴഞ്ഞ
വിരലുകൾക്കൊണ്ട്
എനിക്കെഴുതണം…
“ഞാനിപ്പോഴും
ഒരു
അജ്ഞാത
കാമുകിയെ
പ്രണയിക്കുന്നു!”

ഞാനറിയാത്ത,
എന്നാ,ലെന്നെയറിയുന്ന,
ഇതുവരെ
ലോകത്തിലെഴുതപ്പെട്ട,
പ്രണയകവിതകളെ
സ്നേഹിക്കുന്ന,
ഏതെങ്കിലും
രഹസ്യകാമുകി,
എന്റെ വാക്കുകൾ
‘മുഖപുസ്തക’ത്തിലെങ്കിലും
കുറിക്കുമായിരിക്കും!?

അവൾ,
കാമുകന്റെ
‘മാനസമൈനേ വരൂ…’
ഗാനം കേട്ടലഞ്ഞു നടന്ന,
തകഴിയുടെ
‘കറുത്തമ്മ’യെപ്പോലെ,
കടൽക്കാറ്റേറ്റു പരിക്കേറ്റ
മുഖമുള്ളവളായാൽ…
കൂടുതൽ മനോഹരം!
അന്നത്തെ
പ്രഭാതവും
പ്രസന്ധ്യയും
ധന്യം!

അന്ന്,
ഞാൻ കാണുന്ന
പകൽസ്വപ്നത്തിലെ
മഞ്ഞുമലയിൽ,
‘മതിലുക’ളിൽ
ബഷീർ,
നാരായണിക്ക്‌ കൊടുത്ത
റോസാപൂ വിരിയും!…

വിവാഹമോചനം,
‘മംഗളകര’മായി
നിർവ്വഹിച്ച,
അപരിചിതരായ
പ്രേമഭാജനങ്ങളെക്കാത്ത്,
ഒറ്റക്ക്…
ആ പനിനീർപ്പുഷ്പം,
കാലത്തെ അതിജീവിച്ച്,
തലയുയർത്തി നിൽക്കും!
എന്റെ
നഷ്ടപ്രണയങ്ങളുടെ
പ്രണയരാശി
കുറിക്കാനായ്!

അപ്പോൾ…
കരയിലേക്കാഞ്ഞടിക്കും
തിരമാലകൾ,
എല്ലാ നെടുവീർപ്പുകളേയു,
മേറ്റെടുത്തു,രൂപംമാറ്റി,
ഒരു പനിനീർപ്പൂങ്കാവനം
കൊണ്ടുവരും!
എന്റെ ബലികുടീരത്തിന്
സമർപ്പിക്കാൻ!…
💓✍️💓

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px