LIMA WORLD LIBRARY

കേരളത്തില്‍ ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി

തിരുവനന്തപുരം ∙ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണു ലോക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം.

 

രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയെത്തിയ ശേഷം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണു വിദഗ്ധോപദേശം. എന്നാൽ, രോഗലക്ഷണങ്ങളുള്ളവർ മാത്രം പരിശോധനയ്ക്കു വരുന്നതിനാലാണു ടിപിആർ കൂടുന്നത് എന്നതിനാൽ ലോക്ഡൗണിൽ ഇളവുകൾ നൽകാമെന്ന നിർദേശവുമുയർന്നു. ജനജീവിതം സ്തംഭിച്ചതിനാൽ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുക എന്ന അഭിപ്രായവും ഉയർന്നിരുന്നു.

 ജൂൺ 12, 13 തിയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്‌ ഡൗൺ ആയിരിക്കുമെന്ന്‌ കോവിഡ്‌ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ ജൂൺ 16 വരെ പ്രവർത്തനാനുമതി നൽകും. ബാങ്കുകൾ നിലവിലുള്ളതുപോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.

സ്‌റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്‌റ്റിക്കൽസ്‌ തുടങ്ങിയ കടകൾക്ക്‌ ജൂൺ 11ന്‌ ഒരു ദവിസം മാത്രം രാവിലെ 7 മണിമുതൽ വൈകീട്ട്‌ 7 വരെ പ്രവർത്തനാനുമതി നൽകും.

സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീനുകൾ തുടങ്ങിയവ ജൂൺ 17 മുതൽ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കും.

സ്വകാര്യ ആശുപത്രികൾക്ക്‌ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക്‌ വേണ്ട സഹായം നൽകും. അതാത്‌ ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്‌സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി നിദ്ദേശിച്ചു.

വാഹനഷോറൂമുകൾ മെയിന്റനൻസ്‌ വർക്കുകൾക്ക്‌ മാത്രം ജൂൺ 11ന്‌ തുറക്കാവുന്നതാണ്‌.
മറ്റ്‌ പ്രവർത്തനങ്ങളും വിൽപനയും അനുവദിക്കില്ല.

ഹൈക്കോടതി നർദ്ദേശ പ്രകാരം അഭിഭാഷകരെയും  അവിടത്തെ മറ്റ്‌ ഉദ്യോഗസ്ഥർമാരെയും  വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽപ്പെടുത്തും. സ്വകാര്യ ബസ്‌ തൊഴിലാളികൾക്കും  മുൻഗണന നൽകും.

വയോജനങ്ങളുടെ വാക്‌സിനേഷൻ കാര്യത്തിൽ നല്ല പുരോഗതിയുണ്ട്‌. അവശേഷിക്കുന്നവർക്ക്‌ കൂടി ഉടൻ കൊടുത്തു തീർക്കും.

സി കാറ്റഗറി കോവിഡ്‌ രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളിൽ റസ്‌പിറേറ്ററി തെറാപ്പിസ്റ്റുകളെ നിയോഗിക്കേണ്ടതുണ്ടോ എന്ന്‌ പരിശോധിക്കാൻ വിദഗ്‌ദ്ധസമിതിയോടും  ആരോഗ്യവകുപ്പിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കുട്ടികളിലെ കോവിഡ്‌ ബാധയെപറ്റി ശാസ്ത്രീയമായി പരിശോധിക്കും.

വിദേശ രാജ്യങ്ങളിൽ കോവാക്‌സിന്‌ അംഗീകാരം ലഭ്യമല്ലാത്തതിനാൽ രണ്ട്‌ ഡോസ്‌ കോ വാക്‌സിൻ എടുത്തവർക്ക് വിദേശ യാത്ര ചെയ്യാൻ എന്ത്‌ ചെയ്യാനാകുമെന്ന്‌ പരിശോധിക്കും

നീറ്റ്‌ പരീക്ഷക്കാവശ്യമായ ചില സർട്ടിഫിക്കറ്റുകൾ റവന്യൂ ഓഫീസുകളിൽ പോയി വാങ്ങേണ്ടതുണ്ട്‌. സർട്ടിഫിക്കറ്റുകൾ  ഇ ഡിസ്‌ട്രിക്റ്റ്‌ പോർട്ടൽ വഴി ഓൺലൈനായി ലഭ്യമാക്കും. അടുത്ത അധ്യയന വർഷം മുതൽ പരീക്ഷകൾക്ക്‌ ശേഷം  സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയാൽ മതി.

 

എല്ലാ പരീക്ഷകളും ജൂൺ 16 ശേഷം മാത്രമേ ആരംഭിക്കൂ എന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം തരംഗത്തിൽ ടിപിആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനു ശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണു നിബന്ധനകൾ കർശനമാക്കിയത്. ഇതിലെ ആശയക്കുഴപ്പം കാരണം പലയിടത്തും പൊലീസും ജനങ്ങളും തമ്മിൽ തർക്കമുണ്ട്. നിയന്ത്രണം കർശനമാക്കിയ ഉത്തരവിലെ അവ്യക്തതയും ആശയക്കുഴപ്പവും നീക്കാൻ കാര്യമായ നടപടികൾ ഉണ്ടായില്ല.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px