നാൽപതു പിന്നിട്ട പ്രണയം – വിനീത ബിജു ✍️

Facebook
Twitter
WhatsApp
Email

നാല്പത് കഴിഞ്ഞ ഒരുവന്റെ
പ്രണയനൗകയിൽ
ഒരുമിച്ചൊരു യാത്ര പോയിട്ടുണ്ടോ…?v

തളിർത്തും പൂത്തും കായ്ച്ചും
അറിയാതെ കടന്നുപോയ
വാസര ശിഖരങ്ങൾക്കുമേൽ
നഷ്ടമോഹങ്ങളാൽ
വിള്ളലുകൾ തീർത്ത
നെടുവീർപ്പിനെ അകത്തളങ്ങളിൽ കുടിയിരുത്തിയോരവർ…

പെങ്ങളെ അയച്ചതും
വീടുവെച്ചതും
പെങ്ങടെ കൊച്ചിന്റെ
നൂലുകെട്ടിയതും
ഒക്കെക്കഴിഞ്ഞു
ഒന്നും നോക്കാതെ
ഒന്നും കരുതാതെ
ആദ്യമായി കണ്ട ഒരുവളെ
കൈപിടിച്ചൊപ്പം കൂട്ടിയതും
നിസ്സഹായനായ ഒരുവന്റെ
വരച്ചിടാത്ത ജാതകപ്പിഴയായി
കരുതുന്നവരവർ….

കാലം പോകെ
പ്രാരാബ്ധച്ചുഴികളിലകപ്പെട്ടു
നിറം മങ്ങിയ യവ്വനം
തുഴഞ്ഞു നീന്തിക്കടന്നവന്റെ സ്വപ്നങ്ങളിലേക്ക്
പ്രണയം ഒലിച്ചിറങ്ങുമ്പോൾ
നാളിതുവരെ കാത്തുകെട്ടിവെച്ച
മോഹങ്ങളുടെ ഒരു വർഷകാലം
പെയ്തു തിമിർക്കും….

ഋതുഭേദങ്ങൾ തിരിച്ചറിയാതെ പോയവന്റെ ജീവനിൽ
വസന്തം നിറഞ്ഞുപൂക്കും
ശിശിരം തളിർക്കും
ഗ്രീഷ്മം ചൂടേകും …

ജീവിതമധ്യാഹ്ന വേളയിൽ
സ്വപ്നസുന്ദരിക്കരികിൽ
ഒരു മധുരപ്പത്തിനേഴുകാ
രനെന്നപ്പോലെ
പ്രണയം മരം ചുറ്റി നടക്കും …

നോട്ടംകൊണ്ടൊരു പൂക്കാലവും
വാക്കുകളാൽ ഒരു മണിമേടയും തീർക്കും…

സമയസൂചികൾ ഒളിമ്പിക്സിലേക്കും
മനസ് സാദാ അവളിലേക്കും പാഞ്ഞുകൊണ്ടിരിക്കും…

അവളുടെ മാത്രമായി
ജീവിക്കുവാൻ
വരും ജന്മങ്ങൾ മൊത്തമായി
കടം ചോദിക്കും…

നാൽപതു കഴിഞ്ഞവന്റെ പ്രണയം
ഒരായുഷ്ക്കാല മധ്യേ
പുഷ്പിക്കുന്ന മലർവാടിയാകുന്നു…

വിനീത ബിജു ✍️

About The Author

Leave a Reply

Your email address will not be published. Required fields are marked *