പന്തുരുണ്ടു പോയീ,
അതിൻ പിറകിലുണ്ണിയും…
കളി മൈതാനം
ഉണ്ണിയുടുപ്പുകളിൽ
പടർന്നു കേറി…
പന്തിൻ പിറകേ,
കളിക്കൂട്ടുകാരൻ
ഗോൾ മുഖത്തെത്തും മുന്നേ,
ഉരുണ്ടു പോം
പന്തിനേയണച്ചു ചേർത്തിടേണം..
കളിവാശിയിൽ,
ലഹരിയിൽ,
മണ്ടിയും, കിതച്ചുമുരുണ്ടും,
കളിയുണ്ണികളോടു
കലഹിച്ചും,
കളി തീർന്നു കെട്ടിപ്പിടിച്ചും,
ഇരുൾ പുരണ്ട
വഴിയെ,
മൂളിപ്പാട്ടിനാൽ
വകഞ്ഞു മാറ്റിയും,
ഉണ്ണി മുറ്റത്തെത്തുന്ന നേരം…
ഉമ്മറ കടമ്പായയിൽ തന്നെ
വഴിക്കണ്ണുമായി
മുത്തശ്ശി…
ചെവി നോവുന്നു,
നുള്ളാതെ തന്നെ
ചേറിൽ പൊതിഞ്ഞുണ്ണിയെ
ഒത്തിരി പരിഹാസ്യത്താൽ,
ഇത്തിരി ശകാരത്താൽ,
പിന്നെ,
ചൂരലിൻ ഒച്ചയാൽ
വിരട്ടുന്നു മുത്തശ്ശി…
പള്ളിക്കൂടം വിട്ടു വരുമുണ്ണി
യിങ്ങനെ,
തൃസന്ധ്യയും കഴിഞ്ഞു,
ചേറുണ്ണിയായി
എത്തീടുമ്പോൾ,
ഇവനെ നേർവഴി
നയിക്കുമെന്നോരു
വാശി മുത്തശ്ശിയായി
അച്ഛമ്മ മാറീടുന്നു…
ഉണ്ണിയോ!
ഉണ്ണിക്കുറുമ്പനും തെല്ലു
പരിഭവം ഉള്ളിലൊതുക്കി,
ചുണ്ടു കൂർപ്പിച്ചന്ന്
രാത്രി പുലർത്തി.
ഉണ്ണിയെ കണ്ടുവോ!
എൻ്റെ
ചേറുണ്ണിയെ കണ്ടുവോ,
മണ്ടുന്നു മുത്തശ്ശി,
ഏട്ടനും, അമ്മയും,
നാട്ടുകാരും…
കറുപ്പണിഞ്ഞ കളി മൈതാനം,
ഇടവഴി,
കുളക്കര,
ആൽത്തറ,
ഒടുവിൽ
കണ്ണീരോടെ
മുറ്റത്തെ കിണറും…
നെഞ്ചു പൊട്ടുന്ന
അലർച്ചയോടെ
അമ്മ ഇറയത്ത് കുഴഞ്ഞിരുന്നു.
മുത്തശ്ശി
എപ്പോഴേ തളർന്നിരുന്നു.
പൊന്നുണ്ണീ,
നീയെങ്ങു പോയീ, ഇനിയൊരു
നാളു മുണ്ണിയെ
വേദനിപ്പിക്കില്ല,
വാക്കു കൊണ്ടപഹസിക്കില്ല,
ചൂരൽ തലപ്പിനാൽ
ഭയപ്പെടുത്തില്ല,
വെക്കനേ, വരികയെൻ
പൊന്നു മോനേ,
നീയില്ലാതെ ഇന്നന്തി
കനത്തു പോകുന്നു.
ഞങ്ങളും വിങ്ങിയണഞ്ഞു
പോകുന്നു.
പെട്ടെന്ന്
കണ്ണു തുറന്നുണ്ണി..
ചുറ്റിലുമിരുട്ടു കണ്ടു
ഇത്തിരി ഭയന്നുണ്ണി…
പതിയെ,
കണ്ണു തിരുമ്മി,
ഇമ ചിമ്മിയടച്ച് തുറന്നുണ്ണീ,
കൈയ്യെത്തും
ദൂരേയാകാശം..
മുത്തശ്ശി തൻ
മരക്കട്ടിലിനടി ഭാഗം പോലെ..
ആരും കാണാതെ
ഒളിച്ചിരുന്ന താനുറങ്ങി
പ്പോയ, ജാള്യത്താൽ,
മെല്ലെയിഴഞ്ഞു
പുറത്തിറങ്ങിയുണ്ണി…
വിശക്കുന്നു മുത്തശ്ശീ ,
യെന്നു സ്വകാര്യമായി
കണ്ണു തിരുമ്മി , തലകുനിച്ചു
നിന്നു അപ്പോഴും
വള്ളി നിക്കർ ചേറിൽ
കുതിർന്നു നിന്നു.
മാറോടണച്ച് മുത്തശ്ശി,
യവനെ, ചുംബനം കൊണ്ട്
മുഗ്ധമായിയാ സന്ധ്യയാകവെ..
നെയ്തൂവിയ ദോശ,
മുളകിട്ട ചമ്മന്തിയിൽ മുക്കി
അമ്മയൂട്ടവേ,
പ്ലാവിലക്കിരീടം ചൂടി,
മുത്തശ്ശി മടിയിലന്നവൻ
മന്നനെ പോലെ ചിരിച്ചു.
സുനിത ഗണേഷ്
##################











