കാവി വസ്ത്രമണിഞ്ഞ തമിഴ് കവി തിരുവള്ളുവറിന്റെ പോസ്റ്റര്‍ നീക്കം ചെയ്ത് നീക്കം ചെയ്ത് ഡിഎംകെ സര്‍ക്കാര്‍. കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററാണ് വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കൃഷി കാര്‍ഷിക ക്ഷേമ വകുപ്പ് മന്ത്രി എംആര്‍കെ പനീര്‍സെല്‍വം നീക്കം ചെയ്യിച്ചത്. കാവി വസ്ത്രത്തിന് പകരം വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ ചിത്രം പുനസ്ഥാപിക്കും. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കറുത്ത നീണ്ട മുടിയോടുകൂടി കാവി വസ്ത്രം ധരിച്ചുള്ള തിരുവുള്ളവറിന്റെ ചിത്രമാണ് ലൈബ്രറിയില്‍ നിന്നും മാറ്റിയത്. നീക്കിയ ചിത്രത്തിന് പകരം വെളുത്ത വസ്ത്രമണിഞ്ഞ സര്‍ക്കാര്‍ അംഗീകൃതമായ ചിത്രം പുനഃസ്ഥാപിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് ഇതിന് മുമ്പും കാവി വസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ പോസ്റ്ററുകള്‍ സംസ്ഥാനത്ത് പലയിടത്തും പ്രത്യക്ഷപ്പെടുകയും വിഷയത്തില്‍ വലിയ തോതില്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ടായിരുന്നു മന്ത്രി എംആര്‍കെ പനീര്‍സെല്‍വത്തിന്റെ ട്വീറ്റ്. 2017- 18 കാലത്താണ് കാവി വസ്ത്രമണിഞ്ഞ തിരുവള്ളുവറിന്റെ പോസ്റ്റര്‍ ലൈബ്രറിയില്‍ പതിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നെറ്റിയില്‍ മതപരമായ അടയാളങ്ങളോ ശരീരത്തില്‍ ആഭരണങ്ങളോ ഇല്ലാത്ത തിരുവള്ളുവരിനെ, കാവി വസ്ത്രം ധരിപ്പിച്ച് നെറ്റിയില്‍ ഭസ്മം പുരട്ടി രൂദ്രാക്ഷവുമണിയിച്ചുകൊണ്ടുള്ള സിബിഎസ്‌സി എട്ടാക്ലാസ് വിദ്യാര്‍ത്ഥികളുടെ ഹിന്ദി പാഠപുസ്തകത്തിലെ ചിത്രവും നേരത്തെ ഡിഎംകെ സര്‍ക്കാര്‍ നീക്കിയിരുന്നു. എഐഎഡിഎംകെ സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു.













