നാവടക്കി കണ്ണുകൊണ്ട്
മച്ചിയെന്ന് വിളിച്ചവരെനോക്കി
കണ്ണുനനയാതെ,
ശബ്ദമുയർത്താതെ,
ഉറക്കെ ഉറക്കെക്കരഞ്ഞ്
അവരെ തറപറ്റിച്ചവൾ
കുഞ്ഞിച്ചിരിയ്ക്ക്
മറുചിരിയേകാൻ
കരുത്തില്ലാഞ്ഞ്,
സ്നേഹത്തിരയാഞ്ഞടിച്ചിട്ടും
ആ മുഖംനോക്കിയൊന്ന്
ചിരിക്കാൻ ഭയന്നോടിയവൾ
ഒരുപാട് പറയാനുണ്ടായിട്ടും
എന്നും നിശബ്ദയായവൾ
ഒരുപാട് സ്നേഹം കൊതിച്ചിട്ടും
അത് ചോദിച്ചുവാങ്ങാൻ ഭയന്നവൾ
മയക്കത്തിൽ പലകുറി
അമ്മയായവൾ
നാളെയെ ഓർത്ത്
നെടുവീർപ്പൊഴിയാത്തവൾ
രാത്രിയിൽ നാദസ്വരം
ഉറക്കംകെടുത്തിയവൾ
തലയണയെയും,
അതീവരഹസ്യമായ്
കരയാൻ പഠിപ്പിച്ചവൾ
മച്ചിയെന്ന് പറയാതെ
പറഞ്ഞോരെ,
ചത്ത കണ്ണാൽ
മെല്ലെയുഴിഞ്ഞവൾ
മച്ചിയായതിൽപ്പിന്നെയാ
കള്ളച്ചിരി ചിരിക്കാൻ പഠിച്ചത്
ചിരിച്ചു നടന്നതോ,
കണ്ടോർക്ക് സഹിച്ചില്ല
“ഓക്ക് ന്തേലും
വിഷമോണ്ടോന്ന് നോക്ക്”
ശു ശു ശു ശു
എന്തെന്നറിയില്ല
കാതും കൊടുത്തില്ല
താൻ മച്ചിയായതെന്തെന്ന്
അറിയാത്തവളോട്
കാരണംതേടി നിരാശരായ നാട്ടാര്,
അവൾക്കറിയാത്തോണ്ടാകും;
അവർ തന്നൊരു
കാരണമങ്ങുണ്ടാക്കി.
അങ്ങനെയാണവളറിഞ്ഞത്
അവളെങ്ങനെ മച്ചിയായെന്ന്!
സവിതാദാസ് കൊല്ലം











