പഠിപ്പിലല്ലല്ലോ കാര്യം
പാഴ്മുളകള്‍ പിഴുതെറിയാനാകണം
നാരിമാര്‍ക്കീ ധരണിയിലപ്പൊഴേ
ജീവിതപ്പഠിപ്പ് പൂര്‍ണ്ണമായിടൂ
പതിതന്‍ പദവിയിലല്ലോ കാര്യം
പാതിതന്‍ മനമറിയാനാകണം
ഒരുവനാ കൈപിടിക്കുമ്പോഴപ്പൊഴേ
വരനൊരസ്സല്‍ നരനായിടൂ
ബന്ധുവാരെന്നതിലല്ലോ കാര്യം
ബന്ധനമില്ലാതെ കാണാനാകണം
വിളക്കുമായെത്തുന്നവളെയപ്പൊഴേ
ബന്ധങ്ങള്‍തന്‍ ഇഴയടുത്തിടു
കുലമേതെന്നതിലല്ലോ കാര്യം
കൂടൊരുക്കി കൂടെകൂട്ടാനാകണം
പരസ്പരം പങ്കുവെക്കണമപ്പൊഴേ
വീട്ടകമൊരു സ്വര്‍ഗ്ഗമായിടു
കേറിവന്നവളെന്നതിലല്ലല്ലോ കാര്യം
കേട്ട് അവളെയും മകളായ് കാണാനാകണം
അവള്‍ക്കുമൊരിടം നല്‍കണമപ്പൊഴേ
വന്നവളുമൊരു വീട്ടുകാരിയായ് മാറു
ചെന്ന് കേറേണ്ടവളെന്നതിലല്ലല്ലോ കാര്യം
ചെല്ലുന്നിടം വീടായ് കാണുവാനാകണം
ഹൃത്തടത്തിലേറ്റണമവരേയുമപ്പൊഴേ
ചെന്നിടത്തെല്ലാം ഇരിരിപ്പടമുണ്ടായിടൂ
ബലിയാടാകുന്നതിലല്ലല്ലോ കാര്യം
ബലിനല്‍കാനാകണം ഓര്‍മ്മകളെ
പൊരുതിക്കരേറണം മറുകരയപ്പൊഴേ
അബലയിന്നൊരു പ്രബലയായ് തീര്‍ന്നിടൂ.











