പട്‌ന∙ രണ്ടാം തരംഗത്തില്‍ കോവിഡ് മുക്തരായവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അസാധാരണമായ തരത്തില്‍ ഉയര്‍ന്നുവെന്ന് എയിംസ് പട്‌നയുടെ റിപ്പോര്‍ട്ട്.
കോവിഡ് മുക്തരായ മൂവായിരത്തോളം പേരെ ഫോണില്‍ വിളിച്ച് അവരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. തളര്‍ച്ചയും വിശപ്പില്ലായ്മയും ഉള്‍പ്പെടെ 11 തരം ആരോഗ്യപ്രശ്‌നങ്ങളാണ് ശ്രദ്ധയില്‍പെട്ടതെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ ഡോ. അനില്‍കുമാര്‍ പറഞ്ഞു.
രോഗമുക്തി നേടിയവര്‍ക്ക് ഭക്ഷണക്രമവും വ്യായാമവും നിര്‍ദേശിക്കുകയെന്ന ലക്ഷ്യവും സര്‍വേയ്ക്കുണ്ടായിരുന്നുവെന്നു ഡോക്ടര്‍ പറഞ്ഞു. മൂവായിരം പേരില്‍ 480 പേര്‍ക്കും കോവിഡ് മുക്തി നേടിയതിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 840 പേര്‍ക്ക് രോഗമുക്തി നേടിയ നാളുകള്‍ കഴിഞ്ഞിട്ടും ക്ഷീണം മാറാത്ത അവസ്ഥയാണുള്ളത്. ആകെ 636 പേരാണ് ക്ഷീണം റിപ്പോര്‍ട്ട് ചെയ്തത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്താനുള്ള നീക്കത്തിലാണ് ഡോക്ടര്‍മാര്‍.














