എനിക്കേറ്റം പ്രിയങ്കരമീ മഴ
പുതുമഴയുടെ സ്പർശത്തിൽ
ഉണരുന്ന പുതുമണ്ണിന്റെ
മണമെനിക്കിഷ്ടം
എന്നിലെ ഉറങ്ങിക്കിടക്കുന്ന
ആശയങ്ങൾക്ക്
ജീവൻ നൽകുന്ന മഴ
മഴവില്ലിന് ഏഴുനിറം സമ്മാനിച്ച മഴ
മയിലിനെ നൃത്തം അഭ്യസിപ്പിച്ച മഴ
എന്റെ ഓർമ്മകളിലെല്ലാം
നിറഞ്ഞു നിൽക്കുന്ന മഴ
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച മഴ
അരുവിയ്ക്കും പുഴക്കും വെള്ളച്ചാട്ടങ്ങൾക്കും
ആത്മവിശ്വാസം പകരുന്ന മഴ
ക്ലാസ് മുറികളെക്കാളും പാഠപുസ്തകങ്ങളെക്കാളും
എനിക്കിഷ്ടംമഴയായിരുന്നു
എന്റെ കണ്ണീർ തോർത്തിയ മഴ
മഴയത്ത് കരയാനും എനിക്കിഷ്ടം
എന്റെ കണ്ണീരിനും
ഒരു നല്ല മറയായിരുന്നു മഴ
മഴയുടെ സംഗീതം എനിക്കിഷ്ടം
ആ ഈണത്തിൽ ഗാനം മൂളാനും
ഉച്ചത്തിൽ സംസാരിക്കാനും
പിന്നീട് അസുഖം വന്ന് കിടക്കയിൽ വീഴാനും
എന്റെ എല്ലാ കുസൃതികൾക്കും
കൂട്ടുനിന്ന മഴ
മഴക്കാലം എനിക്കൊരാഘോഷം തന്നെ
മഴയിൽ കളിക്കാൻ
എനിക്കേറെ ഇഷ്ടം
ഒരിക്കൽ കൂടി ആ കുട്ടിക്കാലം തിരികെ
കിട്ടിയിരുന്നെങ്കിൽ
മഴ നനഞ്ഞ് മഴയിൽ കുതിർന്ന്
നടക്കാൻ കൊതിക്കുന്നു.
(അനു എബി സൂസൻ ആർക്കിടെക്റ്റാണ്. ചിത്രങ്ങൾ, ഛായാചിത്രങ്ങൾ, കാർട്ടൂണുകൾ വരയ്ക്കും. കവിതയും കഥയുമെഴുതും. പാട്ടുകൾ പാടും. കോട്ടയം തിരുവഞ്ചൂർ പാലാത്രയിൽ എബി പാലാത്രയുടേയും സൂസൻ പാലാത്രയുടെയും ഇളയ മകളാണ് )











