സൂസൻ പാലാത്ര
ഇസ്രായേലിന് മക്കൾ പന്ത്രണ്ട്. രൂബേൻ മുതൽ ബെന്യാമീൻ വരെ പന്ത്രണ്ടുപേർ. ഇവർ ആൺമക്കൾ. ഇനി ഒരു മകൾ കൂടിയുണ്ട് ദീനാ മോൾ. ദീനാമ്മാന്നു വിളിക്കും. അവളെ എല്ലാരും കൂടി ഒരു പാടങ്ങു ഓമനിച്ചു. എന്നാൽ ഇന്നെന്ന പോലെ അന്നും ആണിനേ വിലയുള്ളൂ, ആണേ കണക്കിൽപ്പെടൂ. പെണ്ണിനേ കണക്കിൽപ്പെടുത്തില്ല. അന്നും പെണ്ണിനെ ബലാത്സംഗം ചെയ്യും. പെണ്ണു നിമിത്തം ഏറെ കൊലപാതകങ്ങളും.
ഇസ്രായേൽ പണ്ട് യാക്കോബായിരുന്നു. യാക്കോബ് എന്നാൽ ഉപായി എന്നർത്ഥം. സ്വന്തം ജ്യേഷ്ഠനെ രണ്ടു പ്രാവശ്യം ഇഷ്ടൻ പറ്റിച്ചു കളഞ്ഞു. എന്നാൽ ജ്യേഷ്ഠനെപ്പോലെ താന്തോന്നിത്തം ഒന്നുമില്ല. അപ്പൻ്റെയും അമ്മയുടെയും ഇഷ്ടം നോക്കി വീടും നോക്കി അതീവ ദൈവഭക്തനായി ജീവിക്കുന്നു. ജ്യേഷ്ഠനാണെങ്കിൽ അമ്മയെ ഒരുവിലയുമില്ല. അപ്പൻ്റെ ഇഷ്ടം മാത്രം നോക്കും. ദൈവത്തിനും സ്ഥാനമില്ല. തോന്നിയതുപോലെ വീടിനു ചേരാത്ത വിവാഹമൊക്കെ കഴിച്ച് ജീവിച്ചു. അപ്പോൾപ്പിന്നെ അമ്മയ്ക്ക് വാശിയായി മൂത്തവന് ദൈവം കൊടുത്ത അനുഗ്രഹമായ ജ്യേഷ്ഠാവകാശം ഒരു കോപ്പ പായസത്തിനു തട്ടിയെടുത്തിട്ട്, അപ്പൻ മൂത്തവനു കൊടുക്കാനിരുന്ന അനുഗ്രഹം കൂടി അമ്മയുടെ ഒത്താശയോടെ ‘ഉപായി’ കവർന്നെടുത്തു.
ദൈവഭക്തനല്ലേ, ദൈവവും അനുഗ്രഹിക്കാതിരിക്കുമോ? ഉപായി എന്ന പേരു മാറ്റി ഇസ്രായേൽ എന്നു പേരിട്ട് നന്നായങ്ങനുഗ്രഹിച്ചു. ഇനി ആരേം പറ്റിക്കാതിരിയ്ക്കാൻ കാലിന് ഒരു ചട്ടും കൊടുത്തു. ദൈവദൂതനോട് മല്ലിട്ട് അനുഗ്രഹം വാങ്ങിയ വകയിൽ കിട്ടിയതാണ് ചട്ട്. ഒത്തിരി കുറ്റം പറയാൻ പറ്റത്തില്ല. മരിച്ചു ചെന്നാൽ എന്നെ ആ മടിയിൽ ഇരുത്താതെ വരും. എനിക്കവിടെത്തന്നെയിരിക്കണം.
കുറെ കഷ്ടങ്ങൾ ഒക്കെ അനുഭവിച്ച് ഒടുവിൽ മന്ത്രിയുടെ അപ്പനായി അതീവ ധനികനായി സുഖമായി ജീവിച്ചുവരവെയാണ് ഇസ്രായേലിന് തൻ്റെ മരണസമയം അടുത്തതായി ബോദ്ധ്യപ്പെട്ടത്. എന്നാൽപ്പിന്നെ ഒട്ടും വൈകിക്കണ്ട ഒരു കുടുംബയോഗം നടത്തിക്കളയാം എന്നങ്ങു തീരുമാനിച്ചു. കുടുംബയോഗമല്ലെ, മക്കളും കൊച്ചുമക്കളും ദാസീദാസന്മാരുമെല്ലാമുണ്ട്. ഈ മക്കൾ വെറും മക്കളല്ല ഗോത്രത്തലവന്മാരാണ്.
മക്കളെ രൂബേനെ മുതൽ അനുഗ്രഹിക്കാൻ തുടങ്ങി. ലേവിയുടെ ഊഴം വന്നപ്പോൾ, ലേവിയെ മാത്രം ശപിച്ചുകളഞ്ഞു.
എനിക്കൊരു
ഉപദേശമുണ്ട്. ഒരു മാതാപിതാക്കളും എത്ര ദേഷ്യം വന്നാലും മറ്റു മക്കളെ അനുഗ്രഹിക്കുമ്പോൾ, അതും അന്ത്യമായി ദിവ്യാനുഗ്രഹങ്ങളും അവകാശങ്ങളും പങ്കുവയ്ക്കുമ്പോൾ എല്ലാവരേയും അനുഗ്രഹിക്കണം. ആരേയും ശപിക്കരുത്. അവരും നമ്മുടെ മക്കളല്ലെ. എൻ്റെ ‘ഒരിത്’ അതാണ്.
ലേവിക്ക് സങ്കടവും നാണക്കേടും സഹിക്കാനായില്ല. സകലരും കേൾക്കെയല്ലേ സർവ്വേതലമുറകൾ വരെയും നീളുന്ന ശാപം തന്നത്. കാരണം, ശപിച്ചത് ദൈവപുരുഷനായ ഇസ്രായേലാണ്. ദൈവദൂതനോട് മല്ലിട്ട് ജയിച്ചവൻ.
അന്നു മുതൽ ലേവിയുടെ ജീവിതത്തിൽ യാതൊരു ആഘേഷവുമില്ല. അപ്പൻ്റെ സ്വത്തിലും അവകാശമില്ലാത്തവൻ എല്ലാരും ഒന്നിക്കുമ്പോൾ അവൻ ഒറ്റയ്ക്കു പോയിരുന്നു കരയും. പക്ഷെ അവൻ്റെ കണ്ണീർ എല്ലാമറിയുന്നവൻ കാണുന്നുണ്ടായിരുന്നു.
കാലങ്ങൾ ഏറെ കഴിഞ്ഞു. ദൈവം മോശെ വഴി തനിക്കുവേണ്ടി നില്ക്കുവാൻ ഒരു പുരുഷനെ അന്വേഷിച്ചു. മോശെയുടെ സഹോദരനാണ് അഹരോൻ എങ്കിലും മോശെ ശുപാർശ ഒന്നും ചെയ്തില്ല.
പർവ്വതമുകളിൽ നിന്ന് ദൈവത്തോട് സംസാരിച്ചിട്ട് താഴെ സമഭൂമിയിൽ വന്ന് മോശെ ചോദിച്ചു. നിങ്ങളിൽ ആർ ദൈവത്തിനു വേണ്ടി നില്ക്കും. തയ്യാറുള്ളവർ എഴുന്നേറ്റു വരിക. അപ്പൻ്റെ അവകാശം കയ്യിൽ വച്ചനുഭവിക്കുന്ന പതിനൊന്നു പേരുടെയും മക്കളും കൊച്ചുമക്കളും കുഞ്ഞുകുട്ടിപരാധീനങ്ങളും അനങ്ങിയില്ല. ആദ്യ ചോദ്യത്തിൽത്തന്നെ ലേവി തയ്യാറായി, അതായത് ലേവി ഗോത്രം മുഴുവനും എഴുന്നേറ്റു ഞാൻ തയ്യാറാണ്. ഞാൻ ദൈവത്തിനു വേണ്ടി നില്ക്കാം എന്നു പറഞ്ഞു. എന്നിട്ട് മനസ്സിൽ പറഞ്ഞു, അപ്പനുവേണ്ടി നില്ക്കാൻ എൻ്റെ കയ്യിൽ ഒന്നുമില്ല, അങ്ങ് എല്ലാം അറിയുന്നവനല്ലേ, സർവ്വസമ്പന്നനല്ലേ, അങ്ങു നല്കിയതല്ലേ അപ്പൻ എനിക്കൊഴികെ എല്ലാർക്കും പങ്കിട്ടു കൊടുത്തത്. എനിക്ക് അങ്ങു മാത്രംമതി.
ദൈവം തമ്പുരാൻ ലേവിയിൽ പ്രസാദിച്ചു. തന്നെ ശുശ്രൂഷിക്കാനും തനിക്കുവേണ്ടി നില്പാനും ലേവിയെ തിരഞ്ഞെടുത്തു. ദൈവം പ്രസാദിച്ചാൽപ്പിന്നെ പ്പറയാനുണ്ടോ. അത് ഒരു ഒന്നൊന്നര അനുഗ്രഹമായിമാറി.
ബാക്കി പതിനൊന്നു ഗോത്രങ്ങളോടും നീതിമാനായ ദൈവം പറഞ്ഞു. നിങ്ങളുടെ ദശാംശം ദൈവത്തിനുവേണ്ടി കൊണ്ടുവരിക. അത് ലേവിക്കുള്ളതാണ്. നിൻ്റെ കയ്യിൽ 100 ഉണ്ടെങ്കിൽ 90 നിനക്ക്, 10 ലേവിക്ക്. അങ്ങനെ പതിനൊന്നു ഗോത്രങ്ങളിലെയും മുഴുവൻ ദശാംശവും ലേവിക്കു ലഭിച്ചു. സ്വന്തഅപ്പൻ ഉപേക്ഷിച്ചാലും ഉപേക്ഷിയ്ക്കാത്ത അത്യുന്നതൻ ലേവിയെ അത്യധികം അനുഗ്രഹിച്ചു. ദൈവവേലയിലേയ്ക്ക് അവനെ ഒരുക്കിയെടുത്ത് അവനെ ഒരു അനുഗ്രഹമാക്കി മാറ്റി. മറ്റു പതിനൊന്നു ഗോത്രങ്ങളിലും സങ്കടങ്ങളും രോഗവും ദുഃഖവും ദുരിതവും വന്നപ്പോൾ ലേവിയുടെ അടുക്കൽ അവർ ആശ്വാസം തേടി. ലേവി ദൈവത്തിൻ്റെ പ്രതിപുരുഷനായി നിന്ന് അവരെ ന്യായം വിധിച്ചു. അവർക്ക് രോഗസൗഖ്യമാർഗ്ഗങ്ങൾ പറഞ്ഞുകൊടുത്തു. ലേവിയുടെ വാക്ക് അവർക്ക് വേദവാക്യം. ലേവിയുടെ ഭണ്ഡാരത്തിലേയ്ക്ക് കലർപ്പില്ലാതെ നിർമ്മലഹൃദയത്തോടെ ദശാംശം മുഴുവനും എത്തിച്ചേർന്നു. ലേവി തൻ്റെ സകല സഹോദരന്മാരേക്കാളും ധനാഢ്യനായി. പ്രഗത്ഭനായി. ദൈവം ഒന്നു പ്രസാദിച്ചാൽ അത് നിത്യമാണ്.
ഇനി നിങ്ങളൊന്നു പറ, ദൈവത്തിന് മറവിയുണ്ടോ? നിങ്ങൾ പറയാൻ പോകുന്ന ഉത്തരം ഞാനിവിടെ എഴുതുകയാണ്. ഇല്ല ദൈവത്തിന് ഒരു നാളും മറവിയില്ല. പക്ഷേ, ദൈവം തന്ന അനുഗ്രഹങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മനുഷ്യൻ ദൈവത്തെ മറക്കും, തള്ളിപ്പറയും. മനുഷ്യന് മറവിയുണ്ട്.
അതിൻ്റെ അനന്തരഫലമായിട്ടാണ്, ലേവിഗോത്രത്തിൽപ്പെട്ട അന്നാസും മരുമകൻ കയ്യാപ്പാവും ദൈവപുത്രനെ ക്രൂശിലേറ്റാൻ ജാഗരൂകരായത്. ദൈവം കൊടുത്ത അനുഗ്രഹങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കെ, അഹങ്കാരികളും അത്യാഗ്രഹികളും സ്ഥാനമോഹികളുമായിത്തീർന്നു.
……..











