LIMA WORLD LIBRARY

ഇരയോട് – പ്രമിൽ കുമരകം

കരയരുതുപെണ്ണേ കരിങ്കോഴികൾ നിന്റെ
കരളുകൾ കൊത്തിക്കുടിച്ചിരിക്കാം
കരിന്തേളുകൾ നിന്റെപച്ച മാംസത്തിലാ
വിഷ മുള്ളുകുത്തി രമിച്ചിരിക്കാം
ക്യാമറക്കഴുകൾ നിന്റെ കണ്ണീർ മുഖം            ഒപ്പുവാൻ വട്ടമിട്ടാർത്തടുക്കും
മാദ്ധ്യമച്ചന്തയിൽ അന്തിക്കുവിൽക്കുവാൻ
കേവലം നീയൊരു വാർത്ത മാത്രം
അന്തിക്കു ചാനലിൽ ചർച്ചക്കുടുപ്പിട്ട്
സാമൂഹ്യ രക്ഷകർ  വന്നിരിക്കും
അന്യോന്യം കുറ്റം പറഞ്ഞു സഹതാപ
ക്കണ്ണീരൊഴുക്കി പ്രതികരിക്കും
എല്ലാമിരയ്ക്കുള്ള നീതിക്കുവേണ്ടിയീ
ചൂടുള്ള ചർച്ചകൾ എന്നു തോന്നും
മൊത്തം വ്യവസ്ഥയെ കുറ്റം പറഞ്ഞവർ          ചായ കുടിച്ചു പിരിഞ്ഞു പോകും
മുഖ്യകോളങ്ങൾ നിനക്കായൊഴിച്ചിട്ടു
മുത്തശ്ശിപ്പത്രങ്ങൾ കാത്തിരിക്കും
പുത്തൻപ്രഭാതത്തിൽ പത്രങ്ങൾ നിന്റെയാ
പൊയ്മുഖം വെച്ചൊരു വാർത്തയാക്കും
പ്രതികളെതേടുവാൻ തെളിവെടുപ്പെന്നോരാ
പ്രഹസനം  മാദ്ധ്യമഘോഷമാക്കും
കേട്ടതിലേറെയും കേൾക്കാത്തതും ചേർത്ത് എരിവുള്ള വാർത്തകൾ അച്ചടിക്കും
ഇരയെന്ന പേരിൽ നീ ഈലോകമാകെയും ഒരു ദൈന്യ ചിത്രമായ് നിന്നു പോകും
പ്രതികരണവേദികൾ പ്രഖ്യാപനത്തിലാ
പ്രതിഷേധമറിയിച്ചു പിൻമടങ്ങും
ഒരു നൂറു വാർത്തകൾക്കിടയിലൂടൊടുവിൽ       നീ അറിയാതെ വിസ്മൃതിയിലാണ്ടു പോകും
നീതി പീഠത്തിൻ വിചാരണക്കന്ത്യത്തി-           ലപഹാസ്യ പാത്രമായ് നിന്നു പോകും
അമ്മയായ് പെങ്ങളായ് ഭാര്യയായ് ജീവിതച്ച ക്രവ്യൂഹത്തിൽ കുടുങ്ങിക്കിടപ്പു നീ
കരയുവാൻപോലും കഴിയാതെ മാടു പോൽ വൃത്തത്തിനുള്ളിൽ കറങ്ങുന്നു ഇപ്പൊഴും
ഉപഭോഗ സംസ്കാരംഊറ്റിക്കുടിപ്പു നിൻ
അഴകാർന്ന മേനിതൻനിമ്നോന്നതങ്ങളെ
കാഴ്ചക്കുവെക്കുവാൻ കണി തേടിമാദ്ധ്യമ
പ്പരിഷകൾചുറ്റിലും മുരളുന്നു വണ്ടുപോൽ
അർദ്ധനഗ്നാങ്കിതചിത്രപ്പരസ്യങ്ങൾ
ആദ്യമേ വിറ്റവർ കാശു വാങ്ങി
നഗ്നയാക്കപ്പെട്ട നിന്റെയീക്കണ്ണുനീർ
വാർത്തയായ് വിറ്റിന്നു ലാഭമാക്കും
ഒരു കുഞ്ഞു പൂവിതൾ നുള്ളുന്ന പോലെ നിൻ പൂമേനി നുള്ളിപ്പറിച്ചു കീറി
മധുവുണ്ടകശ്മലർ മാന്യരായ് പിന്നെയും
മരുവുമീനാടിന്റെ മസ്തകത്തിൽ
മൊട്ടിടും കാലത്ത് ഇതളടർത്തിടുന്ന
കാട്ടാള ജന്മങ്ങൾ കാവുതീണ്ടുമ്പോൾ
ആർച്ചയായീടുകപെൺകുരുന്നേ നിന്റെ
മാനാഭിമാനങ്ങൾ കാക്കുവാനായ്
നിന്റെ നീതിക്കായി നീതന്നെയുണരുക
താരിളംകൈകളാൽ വാളെടുക്കൂ’
ഇടറാത്ത ചങ്കുമായ് നീരുദ്രയാവുക
വിഷമുള്ളരിഞ്ഞാടു താണ്ഡവങ്ങൾ
                  പ്രമിൽ കുമരകം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px