എന്റെ അയൽക്കാരനെന്ന നല്ല ശമര്യാക്കാരൻ – ദീപു ആർ എസ് ചടയമംഗലം

Facebook
Twitter
WhatsApp
Email

എന്റെ അയൽക്കാരനെന്ന
നല്ല ശമര്യാക്കാരൻ
=====================

ചിലപ്പോഴൊക്കെ ചിന്തകളിലേക്ക് ചൂടുറവകൾ ഒഴുകി വരാറുണ്ട്..വല്ലാതെ
തണുത്ത ചില രാത്രികളിൽ ഞാനതിൽ കുളിക്കാറുണ്ട്. അങ്ങനെ കിട്ടുന്ന സുഖത്തിൽ നിന്നും കഥകളും കവിതകളും നോവലുകളുമൊക്കെ എന്നിൽ നിന്നും പിറക്കാറുണ്ട്.
അതൊക്കെ ആയിരുന്നല്ലോ നിങ്ങൾ ആനുകാലികങ്ങളിലൂടെ
വായിച്ചുകൊണ്ടിരു ന്നത്.

എന്നാൽ ഈയിടെയായി എഴുതാനിരിക്കുമ്പോൾ വല്ലാത്ത ഒരു പരവേശമാണ്.
പണ്ടത്തെ പോലെ ഒന്നും അങ്ങനെ അങ്ങോട്ട് വഴങ്ങി വരുന്നില്ല.

ഇന്നെന്തോ എന്തൊക്കെയോ എഴുതാൻ തോന്നുന്നു. വെറുതെ പേനയുമെടുത്ത് എഴുത്തു മുറിയിലേക്ക് ഞാൻ കയറി. ബസ്സിനു മുന്നിൽപ്പെട്ട വഴിയാത്രക്കാരനെപ്പോ ലെ ഇടനെഞ്ചിൽ ഇടതടവില്ലാത്ത പെടപെടപ്പ്മായി ഞാൻ എഴുതാനിരുന്നു.

മെല്ലെ എന്തൊക്കെയോ എന്നിൽ നിന്നും ചിറകു വച്ച് പറന്നു തുടങ്ങി.
ആകാശങ്ങളെ പേടിച്ച് ഭൂമിയിലേയ്ക്ക് ഇറങ്ങി വന്ന നക്ഷത്രങ്ങളെപ്പോലെ അക്ഷരങ്ങൾ മുമ്പിലേക്ക് ഓടിയെത്തിയെങ്കിലും വീണ്ടുമൊരാശങ്ക
എന്നെ തടഞ്ഞു

എസ്തപ്പാനെക്കുറിച്ച് എഴുതണോ, അതോ അന്ത്രൂനെക്കുറിച്ച് എഴുതണോ എന്നതായിരുന്നു കൺഫ്യൂഷൻ

എസ്തപ്പാനെ നിങ്ങളറിയും. അങ്ങേ വീട്ടിലെ ആ പഴയ മാക്കാൻ ചെക്കൻ തന്നെ.

ഇന്ന് എസ്തപ്പാൻ ആ പഴയ ആളേയല്ല.

ഗൾഫിലെ അൽ – അറബിയുടെ സ്വന്തം ആൾ ..വലിയ പ്രമാണി.

നാട്ടിലെ പുത്തൻ പണക്കാരുടെ ചങ്ക്

, ചെറുതെങ്കിലും മനോഹരമായ വീട് ,കാറ്,ഭാര്യ, കുസൃതികളായ രണ്ട് കുട്ടികൾ. അങ്ങനെ എല്ലാം കൊണ്ടും ഗംഭീരമാണ്. പക്ഷേ ചില സത്യങ്ങൾ ഇതിന്റെയെല്ലാം പിന്നിലുണ്ട് എന്നത് വേറെ കാര്യം.

അത്യാവശ്യം വെടി വട്ടം പറച്ചിൽ ,സ്ക്കോച്ചടി ഒക്കെയുള്ളത് കൊണ്ട് എസ്തപ്പാന്റെ കൂടെ എപ്പോഴും കുറേ എർത്തുകളുണ്ടാകും.

ആയതിനാൽ തന്നെ
താനെന്തോ വലിയ സംഭവമാണെന്നാണ് പുള്ളിയുടെ ഭാവം.

സൗദിയിലെ മണലാരണ്യത്തിൽ നിന്നും ലീവിന് നാട്ടിലേക്ക് വിമാനം കേറിയെന്ന് ഫോൺ വരുമ്പോൾ മുതൽ ഇവിടെ നാട്ടിൽ ആകെയൊരു
പുക്കാറാണ്.

ഷവർമയും ഷവർലേ ബീറ്റ് കാറുമാണ് പുള്ളീടെ വീക്നസെന്ന് ആകാശവാണിയിൽ വരെ പാട്ടാണല്ലോ.

നാട്ടിലെത്തിയാൽ കൂട്ടുകാരൻ അന്ത്രോയെ ഓടിക്കാൻ ഏൽപ്പിച്ചിരിക്കുന്ന ബീറ്റുമെടുത്ത്
,കുറേ കൂട്ടുകാര് :
“വാളി പയലുക”ളെയും ” കൂട്ടി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ആഘോഷമായി ഒരു കറക്കമാണ്.

ബാറുകൾ തോറും പറയെടുത്ത് പറയെടുത്ത്, ഷവർമയും ബിയറുമടിച്ച് ആ കറക്കത്തിനവസാനം

നാട്ടിലെത്തുമ്പോൾ കീശ മുക്കാലും കാലിയായിട്ടുണ്ടാകും.

തിരിച്ചു സൗദിയിലേക്ക് റിട്ടൻ ടിക്കറ്റ് ന് രഹസ്യമായി ഭാര്യയുടെയോ അമ്മൂമ്മയുടെയോ സ്വർണ്ണം അടിച്ചു മാറ്റി പണയം വയ്ക്കണം.അതാണ്‌ അവസ്ഥ.

ഇങ്ങനൊക്കെ ആണെങ്കിലും നാട്ടിൽ പലർക്കും അയാളൊരുപകാരിയാണ്.
അല്ലറ ചില്ലറ ചാരിറ്റി പ്രവർത്തനവും, സാംസ്‌കാരിക പരിപാടി തട്ടിക്കൂട്ടലുമൊക്കെ കൈയിലുള്ളത് കൊണ്ട് എല്ലാർക്കും പ്രത്യേകിച്ച് അന്ത്രൊയ്ക്ക് എസ്ത്തപ്പൻ നാട്ടിൽ വരുന്നത് പണ്ടേ വല്യ ഇഷ്ടമാണ്.

നമ്മുടെ അന്ത്രോ ഭൂലോക കോഴി പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയാണ്.

“എർത്തിങ്ങും, വെടിപ്പുര പമ്പിങ്ങും മാണ് പുള്ളീടെ മെയിൻ പണി ” എസ്തപ്പാൻ അയാൾക്ക് നല്ലൊരു ഇരയാണ്.

റിയാദ് ലേ ഏതോ അറബിക്കൊട്ടാരത്തിലെ മുതുക്കി തള്ളേന്റെ തള്ളക്ക് വിളിയും, മുണ്ടലക്കലും,വീട്ടു പണിയും, തോട്ടിപ്പണിയും കാറോടിക്കലുമൊക്കെയാണ് പുള്ളീടെ ഒർജിനൽ പണിയെന്ന് നാട്ടിൽ ആർക്കും അറിയില്ലല്ലോ..

അറിഞ്ഞിരുന്നെങ്കിൽ
ഏത് ജോലിക്കും അതിന്റേതായ അന്തസ്സുണ്ട് എന്ന തത്വം മനസ്സിലാക്കാൻ ക്ഷമതയില്ലാത്ത നാട്ടിലെ ആ പരിവ്രാജക വൃന്ദവും, കൂട്ടുകാരായ പുത്തൻ പണ ചാക്കുകളും എന്നേ അയാളെ ഉപേക്ഷിച്ചു പോയേനെ.

എന്റെ കാര്യം ഒന്ന് പറഞ്ഞോട്ടെ.

എനിക്ക് അയാളെ മനസ്സിനുള്ളിൽ വലിയ ഇഷ്ടമാണ്.

ചെയ്യുന്നത് അറബിയുടെ അടിമപ്പണിയാണെങ്കിലും ‘നാട്ടിലെ ഒഴിവ് ദിനങ്ങൾ കൂട്ടുകാർ തന്നെ “വഹിക്കുക”യാണെന്നറിഞ്ഞിട്ടും അവർക്കൊപ്പം സ്വയം മറന്നാഘോഷിച്ച്, എല്ലാ വേദനകളും മറക്കാൻ ശ്രമിക്കുകയല്ലേ അയാളെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്..

നാട്ടിൽ ലീവിന് വരുമ്പോൾ പത്രാസ് കാണിക്കാനാണെങ്കിൽ ക്കൂടി വില കൂടിയ പെർഫ്യൂമും , സോപ്പുമൊക്കെ മറ്റുള്ളവർക്ക് കൊടുക്കുന്ന കൂട്ടത്തിൽ എനിക്കുമയാളിൽ നിന്നും കിട്ടിയിട്ടുണ്ട്.

(വേണ്ടന്ന് പറഞ്ഞാലും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കും പിന്നെങ്ങിനെ വാങ്ങാതിരിക്കും )

.എസ്തപ്പനെപ്പറ്റിയുള്ള എല്ലാ സത്യങ്ങളും അയാൾ ജോലി ചെയ്യുന്ന അറബിയുടെ അതെ കമ്പനിയിൽ തന്നെയുള്ള എന്റെ പഴയ കോളേജ്മേറ്റ് നുജൂമാണ് എന്നോട് വെളിപ്പെടുത്തിയത്.

. ഇന്നീ നാട്ടിൽ എനിക്ക് മാത്രമാണ് അയാളുടെ ആ വലിയ രഹസ്യമറിയാവുന്നത്. അയാളുടെ അന്തസ്സിന്റെ താക്കോലായ ആ രഹസ്യം ഈ ചങ്കിൽ എന്നും സുരക്ഷിതവുമായിരിക്കും. ഈ കഥ ജനിക്കുന്ന നിമിഷം എസ്ത്തപ്പൻ ഗൾഫിലാണ്. കഴിഞ്ഞ വരവിന് നശിപ്പിച്ച വർഷങ്ങളുടെ സമ്പാദ്യവും,ഉണ്ടാക്കി വച്ച
കടങ്ങളും, ഭാര്യയുടെ കെട്ടു താലിയും തിരിച്ചെടുക്കാൻ അറബിയുടെ എച്ചിൽ കഴുകുകയാണ്.

പാവം എസ്ത്തപ്പാന് എന്നും നല്ലത് മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ ഞാൻ പേന താഴെ വച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *