നർമ്മകഥ
******
പൊക്കിപ്പറയൽ
*********
സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ
—————————————-
ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും ശ്രദ്ധേയമായ
സ്ഥാപനമാണ് വാവച്ചൻ ചേട്ടന്റെ പെട്ടിക്കട…
.മുറുക്കാൻ കച്ചവടത്തോടൊപ്പം മറ്റു വിവിധ വ്യാപാരങ്ങളും കൂടി അദ്ദേഹത്തിന്റെ ചെറിയ കടയിലുണ്ട്… രാവിലെയും വൈകിട്ടും നിലക്കടല വറത്തുള്ള കച്ചവടമാണ് പ്രധാനം.
മണ്ണെണ്ണ സ്റ്റൗവിൽ ചീനച്ചട്ടിയിൽ മണലുമിട്ടു വാവച്ചൻ ചേട്ടൻ കടല വറക്കുന്നതു കാണാൻ നല്ല രസമാണ്.കാരണം മണൽ ചൂടാകുമ്പോൾ നിലക്കടല വാരിയിട്ട് അത് വറുത്തെടുക്കുന്നതും ചട്ടുകംകൊണ്ടുള്ള താളം പിടുത്തവുമൊക്കെ ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. നിലക്കടല മണലിൽ കിടന്നു മൂക്കുമ്പോഴുള്ള ഒരു മണമുണ്ടല്ലോ… അത് ഇപ്പോഴും മനസ്സിൽ നിൽപ്പുണ്ട്…
ഇടയ്ക്കിടയ്ക്ക് ആൾക്കാരെ ആകർഷിക്കാൻ വേണ്ടി വാവചേട്ടൻ മാന്ത്രിക കൈകളാൽ സൈഡിൽ ചട്ടുകം കൊണ്ടുള്ള തട്ട് അതൊരു ഭയങ്കര തട്ടാണ് കേട്ടോ… കൊട്ടിന്റെ മേളപ്പദം കേട്ടാൽ ഇദ്ദേഹമാണെന്ന് തോന്നും പെരുവനത്തെയും മട്ടന്നൂരിനെയും ചെണ്ട കൊട്ട് പഠിച്ചത്… അത്രയ്ക്ക് താളക്രമത്തിലാണ് ചീനച്ചട്ടിയുടെ സൈഡിലെ താളം കൊട്ട്.ചിലപ്പോൾ കഥകളിക്ക് കേൾക്കുന്ന കേളി കൊട്ടുപോലെ തോന്നും. ചിലപ്പോൾ അമ്പലത്തിൽ പഞ്ചാരിമേളത്തിൽ കൊട്ടുന്നപോലെ കൊട്ടും. ചിലപ്പോൾ താലപ്പൊലിക്ക് കൊട്ടുന്ന മേളത്തിലായിരിക്കും. ആൾക്കാർ അടുത്തുവന്ന് കടല വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ താളത്തിന് വ്യത്യാസം വരും..ഭരതനാട്യത്തിലെ പാട്ടിനൊത്ത പക്കമേളം പോലെ അദ്ദേഹം വളരെ ഭാവാത്മകമായിട്ടായിരിക്കും താളം പിടുക്കുക….
ചിലപ്പോൾ താളം തെറ്റി കടല കരിഞ്ഞുപോയ അവസ്ഥയും ഉണ്ടായിട്ടുണ്ട്..
ആളുകളെ കാണാതെ വരികയും വരുന്നവർ അടുത്തേക്കു സാധനങ്ങൾ വാങ്ങാൻ വരാതിരിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ താളക്രമത്തിൽ വ്യത്യാസമുണ്ടാവും… ഒരു വക ധ്രുത താളമായിരിക്കും..
മുഖത്തിലും ആ ദേഷ്യം കാണാം.കഥകളിയിലെ കത്തിവേഷം പോലെ. ഈനാം പേച്ചി മരപ്പട്ടിയെ കണ്ടപോലെ… എങ്കിലും അദ്ദേഹത്തിന്റെ മുഖം കാണാൻ അപ്പോഴും നല്ല രസമാണ്.കാരണം മനസ്സുകൊണ്ട് മാത്രമേ വാവ ചേട്ടൻ രൗദ്രഭാവം ഉള്ളൂ..മുഖത്തു നോക്കിയാൽ ഏതാണ്ട് ഗോഷ്ടി കാണിക്കുന്ന സർക്കസ്സിലെ ജോക്കറിനെപ്പോലെയെനമുക്കു തോന്നുകയുള്ളൂ…
ഒരു കാര്യം പറയാൻ വിട്ടുപോയി…
ഞങ്ങളുടെ നാട്ടിലെ ഒട്ടുമിക്കവരും ഒത്തുകൂടുന്നത് വാവച്ചൻ ചേട്ടന്റെ കടയിലാണ്..ശരിക്കും പറഞ്ഞാൽ അതൊരു വിശ്രമകേന്ദ്രവും കൂടിയാണ്… മാത്രമല്ല നാട്ടിലുള്ള പലരുടെയും കുറ്റവും പരദൂഷണവും വാവച്ചൻ ചേട്ടന്റെ കടയിലാണ് അരങ്ങേറുന്നത്…. അതുകൊണ്ടുതന്നെ മൂന്നു കാലിൽ നിൽക്കുന്ന രണ്ടു ബഞ്ചുകൾ,അതിന് ഒരിക്കലും വിശ്രമം ഉണ്ടാവില്ല….
വേറൊന്നും കൊണ്ടല്ല ബഞ്ചിന്റെ ഓരോ കാലുകൾ നഷ്ടപ്പെട്ടത്.ആൾക്കാർ ഇരുന്നിരുന്നു തട്ടിയും മുട്ടിയും ഓരോ കാലു വീതം പോയതാണ്….
വാവ ചേട്ടൻ ബഞ്ചിന്റെ കാലിനു പകരം ഈരണ്ട് വെട്ടുകല്ലു വച്ചാണ് അഡ്ജസ്റ്റ് ചെയ്തിരിക്കുന്നത്….
നാട്ടുകാർ വാവച്ചൻ ചേട്ടനു ചാർത്തിക്കൊടുത്ത ഒരു പേരും കൂടി ഉണ്ട്.. വാവച്ചൻ ചേട്ടന്റെ ആ പേര് കേട്ടാൽ ഒരുപക്ഷേ നിങ്ങൾക്ക് ചേട്ടന്റെ രീതിയും എന്താണെന്നു മനസ്സിലാകും… “വെടിവട്ടംവാവച്ചൻ” അതാണത്രേ അദ്ദേഹത്തിന്റെ അപരനാമം. നാട്ടുകാർ കൊടുത്തിരിക്കുന്ന ആ പേരിന്റെ കാരണം കൂടി പറയാം.എന്തുകാര്യവും അല്പം പൊടിപ്പും തൊങ്ങലും വെച്ച് ആലങ്കാരികമായേ വാവച്ചൻ ചേട്ടൻ സംസാരിക്കാറുള്ളൂ..
അതിൽ പലതും നുണയാണെങ്കിലും വാവച്ചൻ ചേട്ടൻ നമ്മൾ വിശ്വസിക്കുന്ന രീതിയിൽ സത്യസന്ധമാക്കി നമ്മുടെ മനസ്സിലേയ്ക്ക് കൊണ്ടുവരികയും ചെയ്യും..മുറുക്കാൻ കട യോടൊപ്പംതന്നെ അത്യാവശ്യം കപ്പ കച്ചവടം, പച്ചക്കറി, മീൻ കച്ചവടമൊക്കെയുണ്ട്…
ചിലപ്പോഴൊക്കെ വാവ ചേട്ടൻ വായിൽ നിന്നു വരുന്ന മറുപടി കേട്ടു കഴിഞ്ഞാൽ നമുക്ക് അത്ഭുതം തോന്നും..
ചിരിക്കാനും തോന്നും..
നിഷ്കളങ്കമായി വാവച്ചൻചേട്ടൻ പറയുന്നത് പലർക്കും ഒരുപാട് ചിരക്കു വക നൽകിയിട്ടുണ്ട്… അങ്ങനെ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്….
ഒരു ദിവസം വൈകുന്നേരം ഞങ്ങൾ ഞാനും എന്റെ കൂട്ടുകാരും പതിവുപോലെ വാവച്ചൻ ചേട്ടന്റെ കടയിലെത്തി കടല വാങ്ങി കൊറിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു ചേച്ചി വന്നത്.ഏതാനും പൊതി കടലുlകൾ വാങ്ങി.എന്നിട്ട് വാവച്ചൻ ചേട്ടനോടു പറഞ്ഞു
“ഇന്നലെത്തെ ചേട്ടന്റെ കടല (വേറൊരു നാടൻ പേരാണ് അവർ പറഞ്ഞത്.. അതു വിസ്താരഭയത്താൽ ഞാൻ ഇവിടെ പറയുന്നില്ല ) മൂപ്പ് കൂടുതലായിരുന്നുട്ടൊ ”
വാവച്ചൻ ചേട്ടൻ മറുപടിയും കൊടുത്തു..
“പ്രായമായില്ലേ മോളേ… അതാ… ഇനി ശ്രദ്ധിക്കാം ”
അവർ പൈസയും കൊടുത്തിട്ട് പോയി…
എല്ലാവരിലും അടക്കിപ്പിടിച്ച ഒരു ചിരി ബാക്കി നിന്നു….. അവർ പോയതിനു ശേഷം അവരുടെ ആ സംസാര ശൈലിയിലെ ദ്വയാർത്ഥ പ്രയോഗം പിന്നീട് അവിടെ നടന്ന ചർച്ചയിൽ വിഷയമായി വന്നത്. അതുകേട്ടു വാവച്ചൻ ചേട്ടൻ അറിയാതെ പൊട്ടിച്ചിരിച്ചു…
അപ്പോഴാണ് പലപ്പോഴും എനിക്കു സംശയം തോന്നിയ ഒരു കാര്യം ചേട്ടനോട് ചോദിക്കാൻ മനസ്സ് തയ്യാറായത്.
വാവച്ചൻ ചേട്ടന്റെ വായിൽ ഒരൊറ്റ പല്ലില്ല..
വർഷങ്ങളായിട്ട് അദ്ദേഹത്തിന്റെ പല്ലുപോയതാണത്രേ. പലപ്രാവശ്യം ചോദിക്കണമെന്നു കരുതിയതാണ്… എന്തായാലും ഇന്നു ചോദിച്ചിട്ടുതന്നെ കാര്യം.. ഞാൻ വാവച്ചൻ ചേട്ടനോടു ചോദിച്ചു.
“…അല്ല…ചേട്ടാ..ചേട്ടന്റെ പല്ല് മുഴുവൻ എങ്ങനെ പോയതാണ്..
..?ചിരിക്കുമ്പോൾ ഒരു വക മണിപ്പേഴ്സ് കീറിയപോലെയിരിക്കുന്നു.. അതുകൊണ്ട് ചോദിച്ചതാ”
എന്റെ ചോദ്യം കൂട്ടുകാരിലും ചിരിയുണർത്തി….
വാവച്ചൻ ചേട്ടൻ പറഞ്ഞു
” അതൊരു വലിയ കഥയാ മക്കളെ..
ഞാൻ പറയാം… നിങ്ങളെല്ലാവരും ഇങ്ങോട്ട് ചേർന്നിരിക്കു… കഥ വീണ്ടും ആവർത്തിപറയാൻ നേരമില്ല അതാ ”
വാവച്ചൻ ചേട്ടൻ കടല വറക്കുന്നതിനിടയ്ക്ക് ഞങ്ങളോട് കഥ പറയാൻ തുടങ്ങി. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു വലിയ വലിയ അപകടത്തിന്റെ ബാക്കിപത്രമാണത്രേ ഈ പല്ലില്ലാത്ത അവസ്ഥയ്ക്ക് കാരണമായാതത്രേ…
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നമുക്ക് പോകാം…
” എന്റെ മക്കളെ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ പല്ലുകൾ മുഴുവൻ പോകുന്ന ഒരു അനുഭവം ഉണ്ടായത്. എന്റെ തൊട്ടടുത്ത വീട്ടിലെ വേലു നായരുടെ മകൾ സുഗന്ധിയും ഞാനും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. ഒരു ദിവസം ഞങ്ങൾ പള്ളിക്കൂടത്തിലേക്ക് നടന്നുപോകുമ്പോൾ എതിരെ അവളുടെ അമ്മാവന്മാർ രണ്ടുപേർ വരുന്നുണ്ടായിരുന്നു…
വളരെക്കാലം കൂടി അവളുടെ വീട്ടിലേയ്ക്ക് വരുന്നതായിരുന്നു..
അവരെ കണ്ട ഉടനെ തന്നെ ഈ പെണ്ണ് എന്നോട് പറഞ്ഞു… “വാവച്ച…അവർ അടുത്തെത്തുമ്പോൾ എന്നെയൊന്നു പൊക്കി അവരോട് പറഞ്ഞേക്കണം മിടുക്കിയാണ് നന്നായിട്ട് പഠിക്കുന്ന സ്കൂളിലെ ഏറ്റവും മിടുക്കി ഞാനാണെന്ന് പറഞ്ഞേക്കണം…”
“എന്നിട്ടോ”
ഞങ്ങളുടെ എല്ലാവരുടെയും ശബ്ദം ഒന്നിച്ചു വാവച്ചനു നേരെ നീണ്ടു….
“ഇനിയാണ് മക്കളെ കഥ.ഞാനത് അവൾ പറഞ്ഞ അതേപടി തന്നെ ചെയ്തു… അതിനുള്ള ശിക്ഷയാണ് ഈ പല്ലു മുഴുവൻ പോയത്…”
” അതിന് അവളുടെ അമ്മാവന്മാരും വന്നതും വാവാച്ചന്റെ പല്ലുപോയതുമായി എന്താണ് ബന്ധം” എന്റെ ചോദ്യം…
നീ ഒന്ന് അടങ്ങിയിരിക്കെന്റെ ഹരി…ഞാൻ പറയുന്നത് മുഴുവനും കേൾക്കണം കേട്ടിട്ട് ബാക്കി പറ…”
” അതെ വാവച്ചൻ പറയട്ടെ കഥ… പറഞ്ഞതിനുശേഷം മറുപടി കൊടുത്താൽ പോരെ എന്താ പറയുന്നത് കേൾക്കുക ”
കൂടെയുള്ള എന്റെ കൂട്ടുകാരുടെ വാക്ക്.
“അപ്രകാരം ആയിക്കൊള്ളട്ടെ”
ഞാൻ മറുപടി കൊടുത്തു…
വാവച്ചൻ വീണ്ടും കഥ തുടർന്നു….
“എന്റെ..മക്കളെ അവർ അടുത്തെത്തിയപ്പോൾ അവൾ പറഞ്ഞതുപോലെ ഞാൻ ചെയ്തു…? അതിന്റെ ശിക്ഷ എത്ര നാൽ അനുഭവിച്ചെന്നറിയാമോ..?”
“ഹ… വാവച്ചൻചേട്ടൻ എപ്പിസോഡ് വലിച്ചു നീട്ടാതെ.. കാര്യം പറ..”എന്റെ ക്ഷമ കെട്ടു…
വാവച്ചൻ കടല കോരി പാത്രത്തിൽ ഇട്ടിട്ട്… ബാക്കി കഥ പറഞ്ഞു…
“അവർ അടുത്ത് എത്തിയപ്പോൾ എന്റെ പൊന്നു മക്കളെ ഞാൻ അവളെ വട്ടം എടുത്തു പൊക്കി പിടിച്ചിട്ട് അവളുടെ അമ്മാവൻമാരോട് പറഞ്ഞു..”ഇവൾ നന്നായിട്ട് പഠിക്കുന്ന കുട്ടിയാ..എന്റെ ക്ലാസ്സിലാണ്… മിടുക്കിയാണ്… നന്നായിട്ട് പാട്ടുപാടും “ഒക്കെ അവൾ
പറഞ്ഞപോലെ തന്നെ ഞാൻ ചെയ്തുവെന്റെ പൊന്നു മക്കളെ….
പെട്ടന്നാണ് എന്നെ വിടെന്ന് പറഞ്ഞ് അവളും ബഹളം ഉണ്ടാക്കിയത്..
അവസാനം എന്നെ കളരി ഗുരുക്കന്മാരായ അവളുടെ അമ്മാവൻമാർ രണ്ടുപേരും നിലത്തിട്ടു ചവിട്ടി കൂട്ടി…മുഖമടിച്ചു ടാറിട്ട റോഡിലേയ്ക്ക് വീണ മുഖം ചോരയിൽ കുളിച്ചിരുന്നു…റോട്ടിൽ നോക്കിയപ്പോൾ ഒരു വാളോം പല്ലുകൾ നിരന്നു കിടക്കുന്നു.. എന്റെ സ്വന്തം പല്ലുകൾ…
.. അങ്ങനെയാ മക്കളെ എന്റെ മുപ്പത്തിരണ്ടുപല്ലും പോയത് … അവസാനം ആരൊക്കെയോ കൂടി ആ മുതുകാലന്മാരെ പിടിച്ചുമാറ്റി എന്നെ ആശുപത്രിയിലാക്കി…”
“രണ്ടാഴ്ച അവിടെ കിടന്നു.. വായിൽ കൊള്ളാത്ത ചീത്തയും പറഞ്ഞുകൊണ്ട് അമ്മ അടുത്തുതന്നെ ഉണ്ടായിരുന്നു… “ആവശ്യമില്ലാതെ പെണ്ണുങ്ങളൊയൊക്കെ എടുത്തു പൊക്കിയിട്ട് ഇടി കൊള്ളാൻ പോയിരിക്കണു.. വൃത്തികെട്ടവൻ..”
എല്ലാം കേട്ടു… സഹിച്ചു..
അങ്ങനെ ഒരു ദിവസം അമ്മ,വീട്ടിലേയ്ക്ക് പോയ സമയത്താണ് അവളും രണ്ടുമൂന്ന് കൂട്ടുകാരും കൂടി എന്നെ കാണാൻ ആശുപത്രിയിൽ വന്നത്.
എന്നെ കണ്ടതും അവൾ പറഞ്ഞു.
എന്റെ പൊന്നു വാവച്ച… എന്തു കിടപ്പായിത്…നീയെന്ത് അബദ്ധമാ കാണിച്ചത്.. അമ്മാവൻമാരുടെ മുന്നിൽ എന്നെയൊന്നു പൊക്കി പറഞ്ഞേക്കാനല്ലേ പറഞ്ഞത്… അല്ലാതെ എന്നെ എടുത്ത് പൊക്കി പറയാൻ ഞാൻ നിന്നോട് പറഞ്ഞുവോ..എന്നെ ഉയർത്തി പറയാനാ പറഞ്ഞത്… നന്നായിട്ട് പഠിക്കും മിടുക്കിയാന്നൊക്കെ വർത്താനംകൊണ്ടു പൊക്കി പറയാനാ പറഞ്ഞത്… കഷ്ടം.. അല്ലാതെ എന്നെ എടുത്തു പൊക്കാനല്ല.
അമ്മമാർക്ക് സഹിച്ചില്ല അതാ തല്ലിയത്.. ഏതായാലും പോട്ടെ സാരമില്ല ഇതെല്ലാം ഭേദമായിട്ട് സ്കൂളിൽ വരണം കേട്ടോ… ഞാൻ തലകുലുക്കി… വർത്താനം എന്തെങ്കിലും പറയാം എന്നോർത്ത് വാ തുറന്നപ്പോഴാണ് ഒരു സത്യം അറിയുന്നത് എന്റെ മുപ്പത്തിരണ്ടു പല്ലും പോയിരിക്കുന്നു…അങ്ങനെയാണ് മക്കളെ ഈ ഗതി എനിക്ക് വന്നത്. പിന്നെ ഞാൻ പഠിക്കാനും പോയിട്ടില്ല… പിന്നെ പലരും പറഞ്ഞ് വയ്‌പ്പ് പല്ല് വയ്ക്കാൻ. പക്ഷേ അവളോടുള്ള വാശിയും സങ്കടവും സഹിക്കാൻ വയ്യാതെ ഞാൻ പിന്നെ ഒന്നും വെച്ചിട്ടില്ല… ഇപ്പോഴും കടല വറുക്കുമ്പോൾ കൊതി തോന്നും ചുമ്മാ കൊറിച്ചു തിന്നാൻ… കൊതിയുണ്ടെങ്കിലും കഴിക്കാൻ പറ്റില്ലല്ലോ…?ആരും കാണാതെ കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ച ഞാൻ വല്ലപ്പോഴും രണ്ടുമൂന്നു കടല തിന്നണത്… ”
പതിവുപോലെ വെടിവെട്ടം വാവച്ചന്റെ കഥ കേട്ടു കഴിഞ്ഞപ്പോൾ സമയം രാത്രിയായി… ഞങ്ങളെല്ലാം വീടുകളിലേക്ക് യാത്രയായി. എങ്കിലും ഞാൻ മനസ്സിലോർത്തു എന്നാലും വാവാച്ചന്റെ ഒരു “എടുത്തു പൊക്കി പറച്ചിൽ ” വരുത്തിയ വിന…
***********
About The Author
No related posts.