LIMA WORLD LIBRARY

വെണ്ണക്കള്ളി – സൂസൻ പാലാത്ര

“മോളെ ആ വെണ്ണയിങ്ങെടുത്തേ “.
“എവിടെയാമ്മേ ഞാങ്കണ്ടില്ലല്ലോ “
“ങാ നീ നോക്കിയാലെങ്ങും കാണുകേല “
” ആ അലമാരീടെ അടീലത്തെത്തട്ടിൽ ഒരു ഡവറയിൽ മൂടിവച്ചിട്ടൊണ്ടു് “.
ലിസ്സി അതെടുത്തു അതിൽ നിന്ന് ഒരു നെല്ലിക്ക വലിപ്പത്തിൽ അല്പം അകത്താക്കി. അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു അവൾ സ്വയം വിളിച്ചു; ‘വെണ്ണക്കള്ളി’.
അമ്മ അതിൽ നിന്ന് അമ്മയുടെ വലതുകയ്യുടെ ചൂണ്ടുവിരലുംനടുവിരലും ഉപയോഗിച്ച് കുറച്ചു തോണ്ടിയെടുത്തു പശുവിന്റെ അകിടിൽ തേച്ചു. അകിടൊന്നു മൃദുവാകാൻ. ഒപ്പം പശൂനു നോവാതിരിക്കാനും .
അമ്മ പതിവായി പശുവിനെ രാവിലെ തന്നെ കുളിപ്പിക്കും. ചകിരിയൊക്കെ ഉപയോഗിച്ച് തേച്ചുകുളിപ്പിക്കും. എന്നാലും പശൂനെ കറക്കാൻ ചെല്ലുമ്പോൾ ബക്കറ്റ് നിറയെ വെള്ളവുമായിച്ചെന്നു് പശൂന്റെ അകിടുകൾ നല്ലവണ്ണംകഴുകും. തുടച്ചിട്ട് ഒരൊറ്റ വിളിയാണ്;
 ” എടീ ലിസ്സിയേ”
അവൾ വിളി കാത്ത് അടുത്തുതന്നെയുണ്ടാവും.
ഇങ്ങനെ പതിവായി അമ്മയെ സഹായിക്കുന്നതു വഴി അവൾക്കും വെണ്ണ കഴിക്കാൻ ധാരാളം അവസരം കിട്ടിയിരുന്നു.
    അന്നൊക്കെ അമ്മ തൈരു കലക്കാൻ ഇരിക്കുന്നത് കാണുന്നത് ഒരു ഹരമായിരുന്നു അവൾക്ക്. ഒരു പൊക്കമുള്ള കുരണ്ടിയിൽ ഇരുന്ന് അമ്മ തൈരുങ്കലത്തിൽ അടപലകവച്ച് അതിന്റെ നടുവിലുള്ള വലിയ  ദ്വാരത്തിലൂടെ കടകോൽകടത്തി കലത്തിനു മുകളിൽ ചേർത്തുവച്ച് കടകോലിൽ ചുറ്റിയിരിക്കുന്ന മുടിക്കയറിന്റെ വള്ളിയിൽ നീട്ടി വലിച്ചുകൊണ്ടങ്ങനെ തൈരു കടഞ്ഞ് വെണ്ണയും മോരുമായി മാറ്റും. മുടിക്കയറിൽ നിന്ന് കയറിന്റെ ചെറുകഷണങ്ങൾ മോരിൽ വീഴാതിരിക്കാൻ അപ്പൻ മെഴുകിട്ട് തിരുമ്മി കയർ നന്നാക്കിക്കൊടുക്കും.
      അമ്മ വീണ്ടും വിളിക്കും; “ലിസ്സിയമ്മേ എന്റെ മോൾ ഒരു പിലാവില എടുത്തു കൊണ്ടു വാടാ”
അവൾ നല്ല മൂന്നുനാലു മുഴുത്ത പ്ലാവിലകൾ പെറുക്കി കഴുകിക്കൊടുക്കും. അമ്മ അതിൽ നിന്നു് നല്ലതുനോക്കി ഒന്നു രണ്ടെണ്ണം എടുത്ത് അതുപയോഗിച്ച് വെണ്ണ ചെറിയ പാത്രത്തിലേക്ക് മാറ്റും. അവൾക്കു് കൂലി വെണ്ണയായി അപ്പോൾ തന്നെ നല്കും. അമ്മയ്ക്ക് ഒരു കടവുമില്ല. അപ്പഴപ്പോൾ കൂലി കൊടുക്കും.  പ്ലാവിലയിൽ പറ്റിയിരിക്കുന്ന വെണ്ണയും അവൾ നക്കിത്തിന്നും.
        മോരു കലക്കി ഒരു ഗ്ലാസ്ഭരണി നിറച്ച് കറിവേപ്പിലയുമിട്ട് അവളുടെ കയ്യിൽ കൊടുത്തു വിടും
 ”  തറവാട്ടിൽ കൊണ്ടെ വല്യമ്മച്ചീടെ കയ്യിൽ കൊടുത്തിട്ടു പറ അപ്പച്ചനു കൊടുക്കാൻ. കൊടുത്തിട്ട് അവിടെ നോക്കി നിയ്ക്കരുത് ഓടി പോരണം, അല്ലേൽ അമ്മ നിന്നേക്കൊണ്ടു് പണി ചെയ്യിക്കും”
       വെണ്ണയുരുക്കി നെയ്യാക്കുമ്പോഴും അമ്മയ്ക്ക് ശിങ്കിടിയായി തന്നെ മാത്രം മതി.
” എന്റെ ലിസ്സിക്കുട്ടി ചെന്ന് പര്യമ്പുറത്തു നിന്ന് ഇച്ചിരി ചൂട്ടുകാലും ഒരുകൊതുമ്പും രണ്ടുണക്കമടലും കൊണ്ടു വാ”
അതുകൊണ്ടു വരുമ്പോൾ അടുത്ത ജോലി “പര്യമ്പറത്തെ തിണ്ണേന്ന് തേച്ച്കമത്തി വച്ചിരിക്കുന്ന ആ ഇരുമ്പു ചീനച്ചട്ടി എടുത്തു കഴുകിക്കോണ്ടുവാ”
അമ്മ ചീനച്ചട്ടിയിൽ വെണ്ണയുരുക്കി നെയ്യാക്കുന്ന ആ ഗന്ധം  അവൾക്കേറെയിഷ്ടമാ
ണ്. നെയ്യുരുക്കിയാലുടൻ അമ്മ അത് അരിപ്പയുപയോഗിച്ച് അരിച്ചെടുക്കും. എന്നിട്ട് ആ ചീനച്ചട്ടിയിൽ കുറച്ചു ചോറിട്ട് കൊടുത്തിട്ടു പറയും; “ചൂടോടെയങ്ങു വാരിത്തിന്നോ” നല്ലതാ. പരിപ്പുകറിയോ അല്ലെങ്കിൽ വെന്തിരിക്കുന്ന ഏതെങ്കിലും അല്പം കറിയുംകൂട്ടി അവൾ കഴിക്കും.
   പള്ളിയിൽ കൊടുക്കാൻ നെയ്യ് എടുക്കുമ്പോഴും അവളാണ് സഹായി. പശു പ്രസവിച്ച് മുപ്പത്തിയാറോ നാല്പതോ ദിവസം പിന്നിട്ടു കഴിഞ്ഞാൽ പള്ളിവിളക്കിൽ കത്തിക്കാനുള്ള നെയ്യ് വളരെ ശുദ്ധവൃത്തിയോടെ എടുക്കും. ആദ്യമാദ്യം ചെറിയ പാളയിൽ, പിന്നീടു് ചെറിയ ഭരണിയിൽ.  ഭരണിയിൽ കൊടുക്കുമ്പോൾ ഭരണി  തിരിച്ചെടുക്കും. പിന്നീട് പരിഷ്ക്കാരമായി,  കുപ്പിയോടെയായി ആദ്യഫലനേർച്ച. പള്ളിക്കാർ അത് ലേലം വിളിക്കും.
     പശു പ്രസവിച്ച് കഴിഞ്ഞ് കിടാവ് ഇഷ്ടം പോലെ കുടിച്ച് ബാക്കിവരുന്ന പാൽ കറന്നെടുത്ത് വീടിനു പിന്നിലൂടൊഴുകുന്ന ചെറിയ കൈത്തോട്ടിൽ ആരും കാണാതെ മൂടിപ്പിടിച്ച് കൊണ്ടെ തോട്ടിലെ വെള്ളത്തിൽ ഒഴിക്കും. അഞ്ചു ദിവസം കഴിയുമ്പോൾ മുതൽ കറന്ന് ഉറയൊഴിച്ച് കാടൻ തൈരുണ്ടാക്കി പിള്ളേർക്കു് ഇഷ്ടം പോലെ കൊടുക്കും.  പതിനാറു രാത്രി വരെയുള്ള പാലു കൊണ്ട് കാടൻ തൈരുണ്ടാക്കി തറവാട്ടിലും, അയൽപക്കത്തുമൊക്കെ കൊടുക്കും.  കൊതിപറഞ്ഞ് ചിലർ കണ്ണുവച്ച് ദൃഷ്ടിദോഷം വരുത്തുമത്രേ. അമ്മയും അപ്പനും പതിനാറു രാത്രി കഴിഞ്ഞാലേ പാലും തൈരും കൂട്ടുകയുള്ളൂ. പതിനാറിനു മുമ്പു് പാൽ തിളപ്പിയ്ക്കരുതെന്നു് വല്യമ്മച്ചി പറയാറുണ്ടെങ്കിലും അമ്മ തിളപ്പിക്കും. തിളച്ച് അടുപ്പിൽ തൂവാതെ ശ്രദ്ധിക്കും. കാരണം, തിളച്ചു തൂവിയാൽ കിടാവിനു കേടാണത്രേ അതിന്റെ പൂടയെല്ലാം കൊഴിഞ്ഞു പോകും. പതിനാറു രാത്രി കഴിഞ്ഞാൽ കാടനൂട്ട് ഉണ്ടു്. പിന്നീട് പാൽ തിളപ്പിക്കാം.
         എത്ര രസകരമായ കാലമായിരുന്നു അത്. വിവാഹം ചെയ്തയച്ചിട്ട് ഒരു ദിവസം പോലും കാടൻ തൈരു കൂട്ടിയിട്ടില്ല, കണ്ടിട്ടുപോലുമില്ല. കണ്ടിച്ചാൽ മുറിയാത്ത ആ തൈരു കൂട്ടി അമ്മയുണ്ടാക്കിയ കപ്പപ്പുഴുക്കു കഴിക്കാൻ വല്ലാത്ത മോഹം.
         “പശൂം ചത്തു, മോരിലെ പുളീം പോയി ” എന്നു പറയുമ്പോലെ തന്റെ അമ്മയും അപ്പനും എല്ലാം മരിച്ചു. ആ ബാല്യം ഇങ്ങിനീം തിരിച്ചുവരില്ലായെന്ന സത്യം ലിസ്സിയെവല്ലാതെ നൊമ്പരപ്പെടുത്തി.
          …….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px