സോ_കാൾഡ്_ധാരണകൾ – സുബൈയ്‌ന മുനീബ്

Facebook
Twitter
WhatsApp
Email
ബസ്സിലടുത്തിരുന്ന കൂട്ടുകാരിയോട്
“വിരാട് കോഹ്ലിലിയില്ലേ..
ആ ചെക്കനിന്നെന്ത് ഫോമിലായിരുന്നെടീ.. “
എന്നൊരു സിക്സറടിച്ച്
യാത്രയുടെ ഇന്നിങ്ങ്സ് തുടർന്നത്
പെണ്ണുങ്ങളെവിടെക്കണ്ടാലും
 പരസ്പരമുടുപ്പുകളെ
പുകഴ്ത്തിയൊരു ടെക്സ്റ്റയ്ൽസ്
വിലക്ക് വാങ്ങുമെന്ന
നിങ്ങടെ  ധാരണകളെ
 തിരുത്താനായിരുന്നില്ല….
സ്കൂൾ വിട്ടയൊരുവളുടെ
പേൻനുള്ളുമ്പോൾ
“നീ പോയി അമ്മയ്ക്കൊരു
പാഡ് വാങ്ങി പോരെടീ”
എന്ന്  ക്യാഷ് നീട്ടിയത്
പുറത്തേക്കിറങ്ങുമ്പോൾ
അവളിലേക്കൊളിക്കണ്ണെറിയുന്ന
മൂർച്ചകളെ നിങ്ങളോർമ്മിപ്പിച്ചത്
മറന്നിട്ടുമായിരുന്നില്ല…
സ്റ്റഡിടേബിളിലിരുന്ന പ്ലസ്ടുക്കാരനോട്
“പെൺകുട്ടികൾ  നോക്കാൻ മാത്രം
ചുള്ളനായല്ലോടാ നീ”
എന്ന് മൊഴിഞ്ഞെൻ്റെ
തലവേദന മറന്നത്
 വീട്ടിലൊരു ഡോക്ടറുണ്ടാവാൻ
നിങ്ങൾ പഠിപ്പിച്ച ഉപദേശങ്ങളുരുവിടാൻ
ബുദ്ധിമുട്ടിയിട്ടുമല്ല…
കട്ടിലിലവനോട് പറ്റിച്ചേർന്ന്
കിടക്കുമ്പോൾ
“നിങ്ങടെ പാർട്ടിക്കടുത്തെത്ര
സീറ്റ് കിട്ടുമെന്ന് കണ്ടറിയണമല്ലോ!”
എന്ന് വെല്ലുവിളിച്ച്
പിറ്റേന്നക്കുലർത്തിയിട്ട പച്ചരി മറന്നത്
വയറാണ് കണവൻ്റെ
 ഹൃദയത്തിലേക്കുള്ള  വഴിയെന്ന
നിങ്ങടെ  മൊഴിയിലെ
പൊരുളറിയാഞ്ഞിട്ടുമല്ല…
അതൊക്കെയങ്ങ്
 സംഭവിച്ചു പോയതാണ്.
 ”ഇങ്ങനെയൊക്കെയാവാൻ
പാടുണ്ടായിരുന്നോടീ”
എന്ന് പറയാൻ മാത്രം
 നിങ്ങൾക്കൊരവസരം തരുമ്പോൾ
ആകാശം ഇടിഞ്ഞ്
വീഴുമെന്നു കൂടി
പറഞ്ഞ് പേടിപ്പിക്കുന്നതെന്തിനാണ്??
ഇതൊക്കെയെപ്പോഴുമെവിടെയും
സംഭവിച്ചു പോയേക്കാവുന്നതാണ്.
             Subina Munib

About The Author

Leave a Reply

Your email address will not be published. Required fields are marked *