2021 ജൂലൈ 18
(പുകസ
തൃശ്ശൂർ
WA ഗ്രൂപ്പ്
‘കാവ്യശിഖ’ യിൽ,
കവി ആരെന്നറിയാതെയുള്ള
ചർച്ചയിൽ, അവതരിപ്പിച്ചത്.
2021 ജൂലൈ 23)
✍️
“ചില മാതാപിതാക്കൾ,
രാവിലെ നൊട്ടിനുണയുന്നത്
ബെഡ്കോഫിയല്ല,
അസൂയ…പക…പരദൂഷണം
ഒക്കെയിട്ടു തിളപ്പിച്ച,
പ്രത്യേക ‘അധികാര തീർത്ഥം’!
അവരാണ് ജീവിതത്തിൽ,
ഏറ്റവും കൂടുതൽ തവണ,
‘അരുത്’ എന്ന വാക്ക് ആവർത്തി,ച്ചാജ്ഞാപിക്കുക!
എത്ര സഹൃദയത്വം കാണിച്ചാലും,
അവരുടെ സ്വപ്നങ്ങളിൽ,
ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കു,
മൊരു സുവർണ്ണസിംഹാസനം!
‘ഡെമോക്ലസ്സിന്റെ വാൾ’,
തലക്ക് മുകളിലുണ്ടെന്ന്,
അവർ മറക്കാൻ ശ്രമിക്കും!
അവരെ കണ്ടുപിടിക്കാനെളുപ്പം.
അവരുടെ ചുണ്ടുകൾമാത്രം
പുഞ്ചിരിച്ചുകൊണ്ടേയിരിക്കും!
കണ്ണുകൾ നിശ്ചലമായിരിക്കും!
കാരണം,
ആ ചിരിയവർ,കണ്ണാടിയിൽ,
പരിശീലിപ്പിച്ചെടുത്തതായിരിക്കും!
സത്യാനന്തരകാലത്തെ
സൗഹൃദങ്ങളിൽ,
ആ ചിരിയുള്ളവർ
ഭൂരിപക്ഷം വരും!
അവർ,സത്യം പറയുന്നവരെ,
ജനാധിപത്യത്തിനുവേണ്ടി,
വാദിക്കുന്നവരെ,
‘ഹിപ്പോക്രാറ്റ്’ എന്നു വിളിക്കും!
വേറെ ചിലരങ്ങിനെയല്ല…
അവരുടെ
ഏകാന്തതയുടെ ഭാവം,
വിഷാദമായിരിക്കും.
മൂന്ന് ഇഡ്ഡലികൾക്കുപകരം,
രണ്ടെണ്ണം തിരഞ്ഞെടുക്കും!
അതു കഴിക്കുമ്പോളോർക്കും:
ഏതോ തെരുവിൽ,
ഹോട്ടലിലെ ദോശക്കല്ലിൻ
മണം പിടിച്ച്,
തെരുവിന്റെ ‘പുന്നാര’ക്കിടാങ്ങൾ,
മണ്ണുമാന്തി തിന്നുകൊണ്ട്,
വാവിട്ടു കരയുന്നുണ്ടാവും!
അടുത്ത പിറന്നാളിന്,
ഏതെങ്കിലും അനാഥാലയത്തിൽ
ഉച്ചസദ്യയൊരുക്കണം…
രണ്ടാമത്തെ കൂട്ടർ,
വീട്ടിൽ ചർച്ച ചെയ്യും.
അവരൊരിക്കലും നിരാശരല്ല.
പുഞ്ചിരിവരുമ്പോൾ,
പുഞ്ചിരിക്കും.
കരയാൻ തോന്നിയാൽ കരയും.
കോപിക്കാൻ തോന്നിയാൽ,
കോപിക്കും.
അവർക്കഭിനയിക്കാനറിയില്ല!
പ്രകൃതിയിലെ തത്സമയ മാറ്റങ്ങൾ,
അപ്പപ്പോൾ ഉൾക്കൊണ്ടിരിക്കും!
രാവിലെ…ആനന്ദം,
ഉച്ചക്ക്…രൗദ്രം,
സന്ധ്യക്ക്…ശോകം,
രാത്രി…ശാന്തം!
ദു:സ്വപ്നങ്ങൾ,
അവരിൽനിന്നകന്നു നിൽക്കും!
കഷ്ടകാലത്തിന്,
രണ്ടാമത്തെ കൂട്ടർക്ക്,
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്!”-
വാട്സ്ആപ്പ് സന്ദേശം
പൂർത്തിയാക്കി,
100 ഗ്രൂപ്പുകളിലേക്കും,
FBയിലേക്കും
പങ്കുവെച്ചാസ്വദിച്ചു…
ഞാനും അതിൽ പെടുമോ?
അറിയാനുള്ള മാനദണ്ഡം?
ആരോടു ചോദിക്കും?
നാരായണഗുരുവിന്റെ
പ്രതിഷ്ഠയായ കണ്ണാടിയെ,
വിധികർത്താവാക്കാം.
നിർഭാഗ്യവശാൽ,
ഇന്നലത്തെ,
‘സ്ത്രീസ്വാതന്ത്ര്യ വിഷയം’
തർക്കച്ചൂടിൽ,
ഭാര്യ, കണ്ണാടി തകർത്തല്ലോ!
ഇനിയെന്തു ചെയ്യും?
നല്ല മൂഡിലാണെങ്കിൽ,
അവളോടു ചോദിക്കാം…
ഇന്നവൾ പുഞ്ചിരിതൂകി,
പ്രാതലിന് ഒപ്പമിരിക്കുന്നുണ്ട്.
ഞാൻ നിസ്സംഗനായി
അവളെ നോക്കി.
അവൾ പുഞ്ചിരിച്ചു…
ഞാൻ പുഞ്ചിരി അഭിനയിച്ചു!
എന്റെ പാത്രത്തിൽ
മൂന്ന് ഇഡ്ഡലികൾ.
അവളുടേതിൽ രണ്ടെണ്ണം!
എനിക്ക് പാൽചായ…
അവൾക്ക് പതിവു കട്ടൻ!
ചട്ടിണി മൂന്നുസ്പൂൺ-ഞാൻ.
രണ്ടുസ്പൂൺ-അവൾ!
അപ്പോൾ…ഞങ്ങൾ,
ഏതു ഗണത്തിൽ പെടും?
ആരോട് ചോദിക്കും?
അവളോടുതന്നെ ചോദിച്ചു.
ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞ്,
കുട്ടികൾ ബഹളം കൂട്ടി,
മേശക്കുചുറ്റും,
പതിവുപോലെ കറങ്ങി.
‘Don’t!’…
ഞാൻ കണ്ണുരുട്ടി!
അവർ നിശബ്ദരായി.
ഭാര്യ ചോദിച്ചു:
ഇനിയും…ഉത്തരം
പ്രതീക്ഷിക്കുന്നുണ്ടോ?
ഞാൻ തലകുനിച്ചിരുന്നു.
അവൾക്ക് പുറകെ,പിള്ളേരും,
പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു!
“FBയിൽ…പപ്പയുടെ,
‘ലോകപിതൃദിന സന്ദേശ’ത്തിന്,
പത്തു മിനിറ്റിൽ,
നൂറ് ലൈക്ക്!
മുപ്പത് ഷെയർ!
ഇരുപത് കമന്റ്!”
കുട്ടികൾ അഭിനന്ദിക്കുന്നു!
വേണ്ട…നന്ദി പറയേണ്ട!
ആ സമയം,
മൊബൈൽ സന്ദേശം വന്നു:
“ഈ വർഷത്തെ,
മാതൃകാ കുടുംബനാഥനുള്ള
അവാർഡ്, താങ്കൾക്കാണ്!
അഭിനന്ദനങ്ങൾ!”
അവാർഡ് വിഷയം
തൽക്കാലം ആരുമറിയണ്ട…
സത്യത്തിൽ,
എനിക്കെന്താണ് സംഭവിക്കുന്നത്?
ഇപ്പോൾ,
മഴവില്ല് കാണുമ്പോൾ
ഒട്ടും സന്തോഷം തോന്നുന്നില്ല!
തീന്മേശയിലെ,
പല വർണ്ണങ്ങളിലുള്ള
ഫലങ്ങൾക്ക്,
ഒരു നിമിഷം…ഒരേ നിറം!
എനിക്ക്
ശരിക്കും വിശപ്പുണ്ടോ?
ആരോട് ചോദിക്കും?
എങ്കിലും,
ഇഡ്ഡലിയിൽ ചട്ടിണിയൊഴിച്ചു…
ചുമ്മാ നോക്കിയിരുന്നു!
ഉണക്കാനിട്ടിരിക്കുന്ന
മാസ്‌ക്കുകൾ നോക്കി.
കപടപുഞ്ചിരി മറയ്ക്കുകയും,
ഉള്ളിലേക്ക് ആഴത്തിൽ
നോക്കുകയും വേണം!-
അവ എന്നെ പഠിപ്പിക്കുന്നുവോ?
കുട്ടികളുടെ ചോദ്യം
കേട്ടില്ലെന്നു നടിച്ചു…
“പപ്പാ,ഹിപ്പോക്രാറ്റിന്റെ അർത്ഥം?”
എന്റെ ‘ഗണ’ത്തെക്കുറിച്ച്,
ഇപ്പോളെനിക്ക്,
അൽപ്പം സംശയമുണ്ട്!
ഞാനായിരിക്കുമോ
യഥാർത്ഥ ‘ഹിപ്പോക്രാറ്റ് ‘?
💓✍️💓












മാഷിന്റെ കവിതകളിൽ ഒരുപാട് ഇഷ്ടമായ കവിത.ജീവിതത്തിന്റെ നേർകാഴ്ച്ചകളെ അനുഭവങ്ങളുടെ നൂല് കൊണ്ട് വരച്ചു കാട്ടിയിരിക്കുന്നു.ഹൃദ്യം.