LIMA WORLD LIBRARY

Singing After the Storm

ജിജി തോംസൺ, കറന്‍റ് ബുക്ക്സ്, കോട്ടയം

മരണത്തിന്‍റെ പടിവാതിൽക്കൽ വരെ എത്തിയിട്ട് ജീവിതത്തിലേയ്ക്ക് തിരികെ വന്നവർ ധാരാളമുണ്ടാകും. എന്നാൽ അതിനെ ഒരു താത്വിക ചിന്തയ്ക്കുള്ള പ്രേരണയായെടുക്കുന്നവർ വളരെ ചുരുക്കമായിരിക്കും. ഇത്തരത്തിലുള്ള അപൂർവം ചിലരിൽ ഒരാളാണ് ജിജി തോംസൺ. അദ്ദേഹം രചിച്ച ‘കൊടുങ്കാറ്റിന് ശേഷമുള്ള ഗാനാലാപനം’ (Singing After the Storm) എന്ന ചെറു കൃതി മരണത്തിലൂടെ കടന്നുപോയ ഒരാളിന്റെ അനുഭവ സാക്ഷ്യം എന്നതിലുപരി, ജീവിതത്തെയും വിശ്വാസത്തെയും സംബന്ധിച്ചുള്ള വിലപ്പെട്ട വിലയിരുത്തലായിട്ടാണ് മാറുന്നത്.

ഹൃദ്രോഗം മൂലം ആശുപത്രിയിലായ ദിവസത്തെക്കുറിച്ചുള്ള രസകരമായ വർണനയാണ് കേവലം 90 പേജ് മാത്രമുള്ള ഈ കൃതിയുടെ ആദ്യ ഭാഗം. ഒരു നല്ല സ്പോർട്സ് സംഘാടകൻ എന്ന് പേരെടുത്തിട്ടുള്ള ഗ്രന്ഥകാരൻ സ്പോർട്സുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്കായിട്ടാണ് അന്ന് കൊച്ചിയിൽ എത്തിയത്. സായാഹ്നത്തിലെ ഒരു ഒത്തുചേരലിനു ശേഷം ഹോട്ടൽ മുറിയിൽ തിരിച്ചെത്തുന്ന അദ്ദേഹം കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മറ്റൊരു മുറിയെടുക്കാൻ സമ്മതിയ്ക്കാതെ കൂടെ കൂട്ടുന്നു. ഇതിനെ അദ്ദേഹം വിശേഷിപ്പിയ്ക്കുന്നത് ദൈവനിയോഗമെന്നാണ്.

ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ നൽകപ്പെടുന്ന മരുന്നുകളിലൂടെ ഉറക്കത്തിലേക്കു വഴുതി വീഴുന്ന ഗ്രന്ഥകർത്താവ്, അത്ഭുതലോകത്തിലെ ആലീസിനെപ്പോലെ, ചെന്നെത്തുന്നത് ഒരു മായാലോകത്തിലാണ്. ആ മായാലോകത്തിൽ അദ്ദേഹത്തിനനുഭവപ്പെടുന്നത് താൻ കാശ്മീരിലെ ദാൽ തടാകക്കരയിലാണെന്നാണ്; അതിനുശേഷം, കൃസ്തുവിനെ അടക്കം ചെയ്തതെന്ന് ചിലരെങ്കിലും വിശ്വസിയ്ക്കുന്ന റോസ്‌ബെൽ ദേവാലയത്തിലും. റോസ്ബെൽ ദേവാലയത്തിനുമുന്പിലെ പ്രാർത്ഥനയിൽ നിന്നും പുറത്തുകടക്കുമ്പോൾ തനിയ്ക്ക് മുന്നിലായി അദ്ദേഹം കാണുന്നത് വെളുത്ത താടിയും നീണ്ട മുടിയും ഉള്ള ഒരു സന്യാസിയെയാണ് . കാവി വസ്ത്രധാരിയായ സന്യാസിയാകട്ടെ, ഹിമാലയ സാനുക്കളിൽ ധ്യാനത്തിനായി എത്തിച്ചേർന്ന ഒരു ക്രിസ്തീയ പുരോഹിതനും. അദ്ദേഹത്തിന്റെ തന്നെ നിർദേശത്തിൽ, ഗുരുജി എന്ന് അഭിസംബോധന ചെയ്യപ്പെടുന്ന പുരോഹിതനുമായി ഗ്രന്ഥകർത്താവ് ഏർപ്പെടുന്ന ഊഷ്മളമായ ചർച്ചയാണ് പിന്നീടുള്ളത്. ഈ ചെറു പുസ്തകത്തിനെ ശ്രദ്ധേയമാക്കുന്നതും ഈ ചർച്ചയാണ്. സോക്രടീസിന്റെ കാലത്തോളം പഴക്കമുള്ളതും , ഇന്ത്യയുടെ തർക്കശാസ്ത്രഭൂമികയുടെ അടിസ്ഥാനമെന്ന് അമർത്യ സെൻ വിശേഷിപ്പിയ്ക്കുന്നതുമായ ഈ രീതിയെ തികഞ്ഞ സാമർഥ്യത്തോടെയാണ് ഗ്രന്ഥകാരൻ ഉപയോഗിയ്ക്കുന്നത്.

അരിസ്റ്റോട്ടിൽ മുതലുള്ള തത്വ ചിന്തകർ പല ഘട്ടങ്ങളിലായി ഉയർത്തിയിട്ടുള്ള ‘നീ എങ്ങനെ ജീവിയ്ക്കണം’ എന്ന അടിസ്ഥാന ചോദ്യമാണ് ഈ സാങ്കൽപ്പിക ചർച്ചയുടെയും അടിസ്ഥാനം. ഒരു തികഞ്ഞ ക്രിസ്തുമത വിശ്വാസിയായ ഗ്രന്ഥകർത്താവിനെ സംബന്ധിച്ചിടത്തോളം ഇതിന്റെ ഉത്തരം ദൈവവചനങ്ങളിലാണുള്ളത്. അതേസമയം, ചർച്ച ബൈബിളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല; മറ്റു മത ചിന്തകളിലേയ്ക്കും അത് കടന്നു ചെല്ലുന്നു. ക്രിസ്തുമത ചിന്തയും ഇന്ത്യൻ തത്വചിന്തയുമായി ഗ്രന്ഥകർത്താവ് നടത്തുന്ന താരതമ്യങ്ങൾ വളരെ ശ്രദ്ധയർഹിയ്ക്കുന്നു. അതേസമയം, ഇസ്‌ലാമിക ചിന്തയുമായുള്ള താരതമ്യം വളരെ ഉപരിപ്ലവമാണ് താനും. ഇസ്‌ലാമിക ഗ്രന്ഥങ്ങളുമായും പ്രാർത്ഥനാക്രമങ്ങളുമായുമുള്ള ഗ്രന്ഥകാരന്റെ പരിചയക്കുറവായിരിയ്ക്കാം ഇതിനു കാരണം.

ഗുരുജിയുമായുള്ള ചർച്ച അവസാനിയ്ക്കുന്നത് എന്തുകൊണ്ട് ക്രിസ്തുമതത്തിനു ഇന്ത്യയിൽ വേണ്ടത്ര വേരോട്ടം ലഭിച്ചില്ല എന്ന ചോദ്യത്തിനുത്തരം തേടിക്കൊണ്ടാണ്. ഒരു പക്ഷെ, ഈ ലഘു കൃതിയിലെ ഏറ്റവും ശുഷ്കമായ ഭാഗവും ഇതായിരിയ്ക്കാം. വളരെയധികം ഗവേഷണം ആവശ്യമായ ഈ വിഷയത്തിലുള്ള ചർച്ച ഒഴിവാക്കിയിരുന്നെങ്കിൽ ഏറെ നന്നായേനെ.

ഗ്രന്ഥകാരൻ ഉറക്കത്തിൽ നിന്നുണരുന്നതോടെ ഗുരുജിയുമായുള്ള ചർച്ചയും അവസാനിയ്ക്കുന്നു. സ്വന്തം ബോധതലത്തിലേയ്ക്ക് തിരികെ വരുന്ന ഗ്രന്ഥകർത്താവ് കാണുന്നത് സുഹൃത്തുക്കളെയും ബന്ധുക്കളെയുമാണ്. കേൾക്കുന്നതാകട്ടെ ജീവിതമെന്ന ഗാനത്തിന്റെ ശകലങ്ങളും.

മറ്റൊരു തരത്തിൽ അരസികമാകാമായിരുന്ന ഒരു പ്രമേയത്തെ തികച്ചും ആകർഷകമായി അവതരിപ്പിയ്ക്കാൻ കഴിഞ്ഞിരിയ്ക്കുന്നു എന്നതിൽ അദ്ദേഹത്തിന് തീർച്ചയായും അഭിമാനിയ്ക്കാം. ആംഗലേയ ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളതെങ്കിലും, ഭാഷയുടെ സുതാര്യത ആദ്യവസാനം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരിയ്ക്കുന്നു. ഭംഗിയും ശക്തിയുമുള്ള ചെറിയവാചകങ്ങൾ പ്രത്യേകം ശ്രദ്ധ യർഹിയ്ക്കുന്നുണ്ടുതാനും. തീർച്ചയായും , ഇന്ത്യൻ ഇംഗ്ലീഷ് ഗദ്യസാഹിത്യത്തിനു ഒരു മുതൽക്കൂട്ടാണ് ഈ കൃതി എന്നതിൽ അശേഷം സംശയമില്ല.

ഡോ . എം . കബീർ

കടപ്പാട് ദീപിക

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px