LIMA WORLD LIBRARY

ചായക്കടക്കാരും വീട്ടുകാരും വലിച്ചെറിയുന്ന മിൽമ പാൽ കവറുകൾ ദേ ഇവിടെ മനോഹര ഉൽപന്നങ്ങളാകുന്നു

അടൂർ • ചായക്കടക്കാരും വീട്ടുകാരും വലിച്ചെറിയുന്ന മിൽമ പാൽ കവറുകൾ ഉപയോഗിച്ച് അറുപത്തിയേഴുകാരി ലീലാമ്മ ഒരുക്കിയത് മനോഹരമായ ഹാൻഡ് ബാഗും പഴ്സും ചെരിപ്പും ബാസ്കറ്റും. അടൂർ വെള്ളക്കുളങ്ങര വാഴുവേലിൽ പുത്തൻവീട്ടിൽ (പുറംചുറ്റിൽ) കെ.ജി.മാത്യുവിന്റെ ഭാര്യ ലീലാമ്മ മാത്യുവാണ് ഈ പ്രായത്തിലും കരകൗശല നിർമാണത്തിൽ തന്റെ കഴിവു തെളിയിച്ചിരിക്കുന്നത്. മിൽമയുടെ പാൽ കവറുകൾ ശേഖരിച്ച് പാകത്തിനുള്ള അളവുകളിൽ മുറിച്ചെടുത്തു കൈകൊണ്ടു കൊരുത്താണ് ബാഗുകളും മറ്റും നിർമിക്കുന്നത്.

ഇതുവരെ വനിതകൾ ഉപയോഗിക്കുന്ന പഴ്സ്, ഹാൻഡ് ബാഗ്, വലിയ ബാഗുകൾ, വസ്ത്രങ്ങൾ ഇട്ടു വയ്ക്കാനായുള്ള ബാസ്കറ്റുകൾ, ചെരുപ്പുകൾ, പഴങ്ങൾ ഇട്ടുവയ്ക്കാൻ പറ്റുന്ന അടപ്പോടു കൂടിയ ചെറിയ കുട്ട തുടങ്ങിയവയാണു ലീലാമ്മ ഉണ്ടാക്കിയത്. 2 വർഷം മുൻപാണ് മിൽമ കവറിൽ വിവിധ കരകൗശല ഉൽപന്നങ്ങൾ നിർമിച്ചു തുടങ്ങിയത്. ആദ്യം പഴ്സാണ് നിർമിച്ചത്. പിന്നീട് മറ്റുള്ളവയും പരീക്ഷിച്ചു തുടങ്ങി.

പത്തിലേറെ ഉൽപന്നങ്ങൾ ഇതുവരെ നിർമിച്ചു കഴിഞ്ഞു. ഇപ്പോൾ ബാസ്കറ്റിന്റെ നിർമാണത്തിലാണ്. ഒരു ബാഗ് നിർമിക്കാൻ 2–3 ദിവസമെടുക്കും. ഇതിന് നൂറോളം കവറുകൾ വേണം. ആദ്യം വീട്ടിൽത്തന്നെ ഉപയോഗം കഴിയുന്ന കവറുകൾ കൊണ്ടായിരുന്നു നിർമാണം. ഇപ്പോൾ സമീപത്തുള്ള വീട്ടുകാരും ലീലാമ്മയ്ക്ക് കവറുകൾ എത്തിച്ചു കൊടുക്കും. മിൽമ കവർ കൂടാതെ വാഴനാര്, വലിയ കവറുകൾ പായ്ക്കു ചെയ്യുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക് വള്ളികൾ എന്നിവ കൊണ്ടും ഇവ നിർമിക്കുന്നു.

കുട്ടിക്കാലത്ത് സ്കൂളിൽ നിന്ന് ലഭിച്ച തയ്യൽ പരിശീലനത്തിൽ നിന്നാണ് ഇത്തരം കഴിവുകൾ വളർത്തിയെടുത്തതെന്നും മിൽമ കവറുകൾ ഗുണനിലവാരമുള്ള പ്ലാസ്റ്റിക്കായതിനാലാണ് ഉൽപന്നങ്ങൾ നിർമിക്കാൻ തിരഞ്ഞെടുത്തതെന്നും അവർ പറഞ്ഞു.സഹായത്തിന് ഭർത്താവ് മാത്യുവും മകൾ മീനു സുബിനും മരുമകൻ സുബിനും ഒപ്പമുണ്ട്. മീനു വിവിധ തരം കേക്കുകളും നിർമിക്കുന്നു. മകൻ ബിനോയ് മാത്യു വിദേശത്താണ്. മിൽമ കവറിൽ ഉൽപന്നങ്ങൾ നിർമിച്ച ലീലാമ്മയ്ക്ക് മിൽമയുടെ ആദരവും ലഭിച്ചു.

തിരുവനന്തപുരം യൂണിറ്റിന്റെ പുതിയ പാൽ ഉൽപന്നം വിപണിയിലിറക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണിയാണ് ആദരിച്ചത്. വലിച്ചെറിയുന്ന മിൽമ കവറുകൾ ഉപയോഗപ്പെടുത്തിയെടുക്കുന്നത് ബന്ധു വഴിയാണ് മിൽമ അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഇനിയും ഇത്തരത്തിലുള്ള പുതിയ ഉൽപന്നങ്ങൾ നിർമിക്കണമെന്നാണ് ലീലാമ്മയുടെ ആഗ്രഹം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px