LIMA WORLD LIBRARY

നിന്റെ വരവും കാത്ത് – ശുഭ ബിജുകുമാർ

നിന്നെയും കാത്ത് ഞാനീ-
ചാരുബെഞ്ചിനോരത്തിരുന്നു.

ഇന്നലെ പെയ്ത മഴയിൽ
ഇലകളിൽ ഒളിപ്പിച്ച
കുഞ്ഞുനീർത്തുള്ളികൾ
മെല്ലെ ഉതിർന്നു താഴേക്ക് വീഴവേ..
രണ്ടോമൽ തുള്ളികൾ
എന്നെയുണർത്തുവാൻ
മുടിയിലൂടൂർന്നുപോയ്.

മഞ്ഞിൽ പുതഞ്ഞൊരു
കുഞ്ഞിളം കാറ്റ്
പോകുവാൻ മടിച്ചെന്നെ
ചുറ്റി നടക്കുന്നു.

കാത്തിരിക്കുന്നൊരാൾ
വരാതെയെനിക്കു പോകുവാനാകില്ല കുസൃതിക്കാറ്റേ .
കാറ്റിനോടങ്ങനെ ചൊല്ലി ഞാൻ വീണ്ടുമാ-
ചാരുബെഞ്ചിലേക്കമർന്നിരുന്നു.

ജനനത്തിലും മരണത്തിലും തനിച്ചല്ലോ
ദ്വയങ്ങൾക്കിടയിലെ ജീവിതമദ്ധ്യേ
എന്തിനീ കലഹങ്ങൾ.
മനസ്സുകൾക്കുള്ളിൽ
എന്തിനീ മൗനങ്ങൾ.

ലാഭേച്ഛയേതുമില്ലാത്ത ബന്ധങ്ങൾ
തുടരുവാനാരും തുനിഞ്ഞതില്ല.
സ്നേഹബന്ധങ്ങളൊക്കെയുമിന്ന്
ഓട്ടപ്പാത്രങ്ങൾ പോൽ ശൂന്യമാകുന്നു.

പുറം മോടികളില്ലാതായ
തകരപാത്രമായ്
മേന്മയില്ലാതൊത്തിരി ജീവിതങ്ങളിന്നും
തുരുമ്പെടുക്കുന്നു.

ചോദ്യങ്ങളേറെ നിറഞ്ഞൊരു മനസ്സുമായി
പ്രപഞ്ചം പണിതൊരാ ശില്പിയെ നോക്കി
ഞാനീ വീഥിയിൽ കാത്തിരിക്കുന്നു .

ചമയങ്ങളില്ലാതെ
ഉത്തരവുമായെത്തും
പ്രപഞ്ചത്തിനദൃശ കലാകാരൻ……

✍️ശുഭ ബിജുകുമാർ
▪️▫️▪️▫️▪️▫️▪️

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px